Image

മന്ത്രി ഇ.അഹമ്മദ്‌ ഹജ്ജ്‌ കരാര്‍ ഒപ്പുവെക്കുന്നതിന്‌ ജിദ്ദയിലെത്തി

Published on 13 March, 2012
മന്ത്രി ഇ.അഹമ്മദ്‌ ഹജ്ജ്‌ കരാര്‍ ഒപ്പുവെക്കുന്നതിന്‌ ജിദ്ദയിലെത്തി
ജിദ്ദ: വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്‌ സൗദി എയര്‍ലൈന്‍സ്‌ വിമാനത്തില്‍ ജിദ്ദയിലെത്തി. ബുധനാഴ്‌ച ഈ വര്‍ഷത്തെ ഹജ്ജ്‌ കരാര്‍ ഒപ്പുവെക്കുന്നതിനാണ്‌ മന്ത്രിയുടെ സന്ദര്‍ശനം. രണ്ടുവര്‍ഷത്തെ ഇടവേളക്ക്‌ ശേഷമാണ്‌ മുസ്ലിം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്‍റ്‌ ഹജ്ജ്‌ കരാര്‍ ഒപ്പുവെക്കുന്നത്‌്‌. കഴിഞ്ഞവര്‍ഷം വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്‌ണയായിരുന്നു കരാറിലൊപ്പിട്ടത്‌. 2010ല്‍ അന്നത്തെ വിദേശകാര്യ സഹമന്ത്രിയായിരുന്ന ശശി തരൂരും.

നാളെ രാവിലെ സൗദി ഹജ്ജ്‌ മന്ത്രാല ആസ്ഥാനത്താണ്‌ കരാര്‍ ഒപ്പിടല്‍ ചടങ്ങ്‌. ഇ.അഹമ്മദിനെ കൂടാതെ, കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുഹ്‌സിന കിദ്വായി, ഹജ്ജ്‌ കമ്മിറ്റി സി.ഇ.ഒ ഡോ. സാക്കിര്‍ ഹുസൈന്‍, ഹജ്ജിന്‍െറ ചുമതലയുള്ള വിദേശകാര്യ ജോ.സെക്രട്ടറി ഗണശ്യാം, ഹജ്ജ്‌ വകുപ്പ്‌ അണ്ടര്‍ സെക്രട്ടറി വിവേക്‌ ്‌ജെഫ്‌,സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു, കോണ്‍സല്‍ ജനറല്‍ ഫെയ്‌സ്‌ അഹ്മദ്‌ കിദ്വായി, ഹജ്ജ്‌ കോണ്‍സല്‍ ബി.എസ്‌ മുബാറക്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടും കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഹജ്ജ്‌ ക്വോട്ടയില്‍ വര്‍ധനയുണ്ടായിട്ടില്ല. 2009ല്‍ ഇ.അഹമ്മദ്‌ കരാര്‍ ഒപ്പവെച്ച സന്ദര്‍ഭത്തില്‍ കൂടുതല്‍ ക്വോട്ട ചോദിച്ചുവാങ്ങിയിരുന്നു. ഇന്ത്യയില്‍ ഹജ്ജ്‌ അപേക്ഷകരുടെ വലിയൊരു ശതമാനം തീര്‍ഥാടനത്തിന്‌ അവസരം കിട്ടാതെ നിരാശപ്പെട്ടു കഴിയുന്ന സാഹചര്യത്തില്‍ ഇത്തവണ ക്വോട്ട വര്‍ധിപ്പിച്ചുകിട്ടാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമമുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഇന്നലെ വൈകീട്ട്‌ ജിദ്ദയിലെത്തിയ മന്ത്രി ഇന്ത്യന്‍ മിഷന്‍ പ്രതിനിധികളുമായി ട്രിഡന്‍റ്‌ ഹോട്ടലില്‍ ചര്‍ച്ച നടത്തി. മന്ത്രിയെ സ്വീകരിക്കാന്‍ കോണ്‍സല്‍ ജനറല്‍ ഫെയ്‌സ്‌ അഹ്മദ്‌ കിദ്വായി, ഹജ്ജ്‌ കോണ്‍സല്‍ ബി.എസ്‌ മുബാറക്ക്‌, കെ.എം.സി.സി നേതാക്കളായ അഹമ്മദ്‌ പാളയാട്ട്‌, പി.ടി മുഹമ്മദ്‌, കുഞ്ഞിമുഹമ്മദ്‌ പട്ടാമ്പി, അബൂബക്കര്‍ അരിമ്പ്ര, വി.പി മുസ്‌തഫ, പി.എം.എ ജലീല്‍, കെ.വി ഗഫൂര്‍, മജീദ്‌ പുകയൂര്‍, കാവുങ്ങല്‍ മുഹമ്മദ്‌, സി.സി കരീം, സി.കെ ഷാക്കിര്‍, ജാഫര്‍ കുറ്റൂര്‍ തുടങ്ങിവര്‍ ജിദ്ദ വിമാനത്താവളത്തിലെത്തിയിരുന്നു.
മന്ത്രി ഇ.അഹമ്മദ്‌ ഹജ്ജ്‌ കരാര്‍ ഒപ്പുവെക്കുന്നതിന്‌ ജിദ്ദയിലെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക