Image

തണുപ്പുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ (ഡോക്ടര്‍(മേജര്‍)നളിനി ജനാര്‍ദ്ദനന്‍)

ഡോക്ടര്‍(മേജര്‍)നളിനി ജനാര്‍ദ്ദനന്‍ Published on 21 December, 2017
തണുപ്പുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ (ഡോക്ടര്‍(മേജര്‍)നളിനി ജനാര്‍ദ്ദനന്‍)
അന്തരീക്ഷ താപനില വളരെയധികം കുറയുമ്പോള്‍ വര്‍ദ്ധിച്ച തണുപ്പുകൊണ്ട് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ച് നമുക്ക് അറിയാന്‍ ശ്രമിക്കാം.

ഹൈപ്പോതെര്‍മിയ(Hypothermia)
ശരീരതാപനില 95ഡിഗ്രി F കുറയുമ്പോഴാണ് ഹൈപ്പോതെര്‍മിയ ഉണ്ടാവുന്നത്. തണുത്ത വെള്ളത്തില്‍ മുങ്ങിപ്പോവുക, വേണ്ടത്ര കമ്പിളിവസ്ത്രം ധരിക്കാതെ വീട്ടിനു പുറത്ത് തണുപ്പില്‍ കഴിയേണ്ടി വരിക എന്നിവയെല്ലാം ഇതിനു കാരണമാവാം. ചെറിയ കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും ഹൈപ്പോതെര്‍മിയ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.

ലക്ഷ്ണങ്ങള്‍: തണുത്തു വിറയ്ക്കുക, ഉഴറിക്കൊണ്ടുള്ള സംസാരം, ഉറക്കം തൂങ്ങുക, ചര്‍മ്മം തണുത്തതും വരണ്ടതും വിളര്‍ച്ചയുള്ളതുമാവുക, ബോധം നശിച്ചുകൊണ്ടിരിക്കുക, നാഡിമിടിപ്പും ശ്വാസോച്ഛാസവും ശക്തികുറഞ്ഞ് മെല്ലെയായിത്തീരുക.

പ്രഥമശുശ്രൂഷ
-രോഗിയെ സമാധാനിപ്പിച്ചു കിടത്തുക. ചെരിച്ചുകിടത്തുന്നതാണു നല്ലത്.
-വീട്ടിനു പുറത്താണെങ്കില്‍ തണുപ്പു കുറഞ്ഞ ഏതെങ്കിലും സ്ഥലത്തേക്കു മാറ്റുക.
-കമ്പിളിയോ കട്ടിയുള്ള ഷീറ്റോ സ്ലീപ്പിംഗ് ബാഗോ കൊണ്ട് പുതപ്പിക്കുക.
-വീട്ടിനകത്താണെങ്കില്‍ മുറി ചൂടുള്ളതാക്കുക.(റൂം ഹീറ്ററോ ബ്ലോവറോ ഉപയോഗിക്കാം)
-വസ്ത്രങ്ങള്‍ നനഞ്ഞിട്ടുണ്ടെങ്കില്‍ അവ മാറ്റി പുതിയതു ധരിപ്പിക്കുക.
-ബോധമുണ്ടെങ്കില്‍ കുടിക്കാന്‍ ചൂടുള്ള പാനീയങ്ങള്‍ നല്‍കാം.
-അടിയന്തിരചികിത്സയ്ക്കായി ഡോക്ടറെയും ആംബുലന്‍സിനെയും വിവരമറിയിക്കുക.
-രോഗിയുടെ ശ്വാസോച്ഛാസം, നാഡിമിടിപ്പ്, ബോധനില എന്നിവ നിരീക്ഷിച്ചുകൊണ്ട് കൂടെയിരിക്കുക.
-ആവശ്യമെങ്കില്‍ പുനരുജ്ജീവനം നല്‍കുക.
-രോഗിയെ സ്ട്രക്ച്ചറില്‍ കിടത്തിക്കൊണ്ട് മാത്രം ആസ്പത്രിയിലേക്കും ആംബുലന്‍സിലേക്കും മാറ്റുക.

കുട്ടികള്‍: വീട്ടിനു പുറത്താണെങ്കില്‍ കുട്ടിയെ സുരക്ഷിതസ്ഥാനത്ത് എത്തിക്കുക. കമ്പിളിയോ കോട്ടോ കൊണ്ട് പുതപ്പിക്കുക. കുട്ടിയെ മടിയിലിരുത്തി കെട്ടിപ്പിടിക്കുകയോ കൂടെക്കിടക്കുകയോ ചെയ്ത ചൂടുനല്‍കുക. വീട്ടിനകത്താണെങ്കില്‍ മേല്പറഞ്ഞതു പോലെ പ്രഥമ ശുശ്രൂഷ നല്‍കുക.

ഫ്രോസ്റ്റ്‌ബൈറ്റ്(Frostbite)
പര്‍വ്വത പ്രദേശങ്ങളിലും മറ്റും 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ അന്തരീക്ഷ താപനില കുറയാറുണ്ട്. മഞ്ഞുവീഴാന്‍ തുടങ്ങിയാല്‍ അതിനേക്കാള്‍ കുറവായിരിക്കും അന്തരീക്ഷത്തിന്റെ താപനില. ഈ കൊടുംതണുപ്പുകൊണ്ട് ശരീരത്തിലെ രക്തക്കുഴലുകള്‍ സങ്കോചിക്കുന്നതിനാല്‍ കോശങ്ങള്‍ നശിച്ചുപോവുകയും ചിലപ്പോള്‍ വിരലുകള്‍ ദ്രവിച്ചു വീണുപോവുകയും ചെയ്യാന്‍ സാദ്ധ്യതയുണ്ട്. മഞ്ഞുവീണ സ്ഥലത്തോ മഞ്ഞുരുകിയൊഴുകുന്ന സ്ഥലത്തോ പെട്ടുപോയാല്‍ ഫ്രോസ്റ്റ്‌ബൈറ്റ് ഉണ്ടാവാം.

ലക്ഷണങ്ങള്‍
ഏറ്റവുമധികം തണുപ്പു തട്ടുന്നതും വസ്ത്രങ്ങള്‍ കൊണ്ട് സാധാരണയായി മൂടാത്തതുമായ ശരീരഭാഗങ്ങളാണ് കൂടുതല്‍ ബാധിക്കപ്പെടുന്നത്(ഉദാ: മൂക്ക്, ചെവി, കാല്‍വിരലുകള്‍, കൈവിരലുകള്‍), ചര്‍മ്മം തൂങ്ങിക്കിടക്കുക, ചര്‍മ്മത്തിനു നിറവ്യത്യാസം, നീറ്റല്‍, സൂചികുത്തുന്നതുപോലെ തോന്നുക, മരവിപ്പ് എന്നിവയെല്ലാം കാണപ്പെടുന്നു. വളരെ കൂടുതലാവുമ്പോള്‍ വിരലുകളിലേക്കുള്ള രക്തപ്രവാഹം പൂര്‍ണ്ണമായി നില്‍ക്കുകയും ദ്രവിച്ചുപോവുന്ന അവസ്ഥ(Gangrere) ഉണ്ടാവുകയും ചെയ്യും. അപ്പോള്‍ ആ ഭാഗം സ്വയം മുറിഞ്ഞുവീണുപോവുകയോ മുറിച്ചുകളയേണ്ടിവരികയോ ചെയ്യും.

പ്രഥമശുശ്രൂഷ
-അടിയന്തിര വൈദ്യസഹായം വേണ്ടിവരും. ഉടനെത്തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കുകയോ ആംബുലന്‍സ് വരുത്താന്‍ സന്ദേശം കൊടുക്കുകയോ ചെയ്യുക.
-രോഗിയെ ചൂടുള്ള സ്ഥലത്തേക്കുമാറ്റുക.
-നനഞ്ഞ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി പുതിയവ ധരിപ്പിക്കുക.
-കമ്പിളിയോ സ്ലീപ്പിംഗ് ബാഗോ കൊണ്ടു മൂടുക.
-തണുപ്പു ബാധിച്ച ശരീരഭാഗങ്ങള്‍ക്കടുത്ത് ഇറുക്കമുണ്ടാക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍(ഉദാ: വാച്ച്, മോതിരം, വള) അവ മാറ്റുകയും ആ ഭാഗം വൃത്തിയുള്ള ഒരു തുണികൊണ്ട് പൊതിയുകയും ചെയ്യുക.
-തണുപ്പു ബാധിച്ച ഭാഗം ഉയര്‍ത്തിവെക്കുക. ഇളം ചൂടുവെള്ളത്തില്‍ കുറച്ചുനേരം മുക്കിവെക്കുക. അതിനുശേഷം തുടച്ചുണക്കി ഉണങ്ങിയ തുണികൊണ്ട് പൊതിഞ്ഞുകെട്ടാം.
-ചൂടുള്ള പാനീയങ്ങള്‍ കുടിക്കാനായി നല്‍കുക.
-രോഗിയുടെ ബോധനില, നാഡിമിടിപ്പ്, ശ്വാസോച്ഛാസം എന്നിവ നിരീക്ഷിച്ചുകൊണ്ട് കൂടെയിരിക്കുക.
-ആവശ്യമെങ്കില്‍ പുനരുജ്ജീവനം നല്‍കുക.
ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
-തണുപ്പു ബാധിച്ച ശരീരഭാഗം തിരുമ്മുകയോ അമര്‍ത്തിതടവുകയോ ചെയ്യരുത്.
-ചൂടുവെള്ളം, തീ, ചൂടുവെള്ളം നിറച്ച കുപ്പികള്‍ എന്നിവ ഉപയോഗിച്ച് പെട്ടെന്നു ചൂടാക്കാന്‍ ശ്രമിക്കരുത്.
-രോഗി വീണ്ടും തണുപ്പിലേക്ക് പോകാനിടയുണ്ടെങ്കിലും ആംബുലന്‍സിലേക്ക് കയറ്റാന്‍ കൊണ്ടുപോകുമ്പോള്‍ തണുപ്പുതട്ടാനിടയുണ്ടെങ്കിലും മേല്‍പറഞ്ഞതുപോലെ ഇളംചൂടുവെള്ളത്തില്‍ ശരീരഭാഗങ്ങള്‍ മുക്കിവെക്കരുത്. കാരണം രക്തക്കുഴലുകള്‍ ചൂടുകൊണ്ട് വികസിച്ചശേഷം വീണ്ടും തണുപ്പുകൊണ്ട് മരവിക്കുമ്പോള്‍ കോശങ്ങള്‍ നശിച്ചുപോകാനിടയുണ്ട്.

ഡോ(മേജര്‍)നളിനി ജനാര്‍ദ്ദനന്‍

തണുപ്പുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ (ഡോക്ടര്‍(മേജര്‍)നളിനി ജനാര്‍ദ്ദനന്‍)
Join WhatsApp News
Simon 2017-12-23 09:03:31
ഡോക്ടർ നളിനിയുടെ ഈ ലേഖനം വളരെ പ്രയോജനപ്പെടുന്നതാണ്. അമേരിക്കയിൽ രോഗങ്ങളുമായി കഴിയുന്ന നല്ലൊരു ശതമാനം വൃദ്ധന്മാരുടെ ഒരു മലയാളി തലമുറയുണ്ട്. ഈ ലേഖനം അവർക്കെല്ലാം പ്രയോജനപ്പെടും. കൂടുതൽ ഡോക്ടർമാരുടെ ഇത്തരം ലേഖന പരമ്പരകളും പ്രതീക്ഷിക്കുന്നു. വായനക്കാർ കൂടുതലും ഇഷ്ടപ്പെടുന്നത് ദിലീപ് വാർത്തകളും മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങളെപ്പറ്റിയുമാണ്. കരിഷ്മാറ്റിക്ക് തട്ടിപ്പുകളും വിശ്വസിക്കുന്നു. അതുകൊണ്ടു രോഗങ്ങൾ വരുമ്പോൾ പലരും അജ്ഞരാകുന്നു. രോഗികളും രോഗത്തെപ്പറ്റി ബോധവാന്മാർ ആണെങ്കിൽ പല അസുഖങ്ങളും മുളയിലേ നുള്ളിക്കളയാൻ കഴിയും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക