Image

ക്രിസ്തുമസ് എന്നെ പഠിപ്പിച്ചത് (രാജു മൈലപ്ര)

Published on 21 December, 2017
ക്രിസ്തുമസ് എന്നെ പഠിപ്പിച്ചത് (രാജു മൈലപ്ര)
ആഘോഷവേളകളിലാണല്ലോ മനസ്സില്‍ മാറാലപിടിച്ചു കിടക്കുന്ന ബാല്യകാല സ്മരണകള്‍ വീണ്ടും ഒന്നു മിനുക്കിയെടുക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും തിളക്കമുള്ളതാണ് ക്രിസ്തുമസ് ആഘോഷ ഓര്‍മ്മകള്‍!

മനസ്സില്‍ ഇന്നും പ്രകാശം പരത്തി നില്‍ക്കുന്നു, അക്കാലത്ത് ഈറയും മുളയും വെട്ടിയെടുത്ത് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞുണ്ടാക്കുന്ന നക്ഷത്രവിളക്കുകള്‍. നക്ഷത്രത്തിനുള്ളില്‍ മെഴുകുതിരി കത്തിച്ചുവച്ചാണ് പ്രകാശം പരത്തുന്നത്. കാറ്റില്‍ മെഴുകുതിരി കെടാതെയും വര്‍ണ്ണകടലാസിനു തീപിടിക്കാതെയും നോക്കണം. മെഴുകുതിരി കത്തിച്ചുവച്ചിരിക്കുന്ന ചിരട്ടയെങ്ങാനും കമഴ്ന്നു പോയാല്‍ എല്ലാം "ധിം ധരികിട ധോം'! ഈവക പരിപാടികള്‍ക്കൊന്നും വീട്ടില്‍ നിന്നും പ്രത്യേക വായ്പാ പദ്ധതിയൊന്നും അനുവദിച്ചിരുന്നില്ല.

നക്ഷത്ര വിളക്കുകള്‍ കൈയ്യിലേന്തിയും, ചേങ്ങലയടിച്ചും, തമ്പേറുകൊട്ടിയും
"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം,
ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്ക് സമാധാനം'
എന്ന ദൂതുമറിയിച്ചുകൊണ്ട് മിക്കവാറും എല്ലാ പള്ളികളില്‍ നിന്നും ആട്ടിടയര്‍ വീടുവീടാന്തരം കയറിയിറങ്ങും.  ഇന്നത്തെപോലെ അന്നും പിരിവു തന്നെ പ്രധാനം.

അലങ്കാര വിളക്കുകളുടെ കൂട്ടത്തില്‍ പെട്ടിവിളക്കിനായിരുന്നു താരപരിവേഷം. അതില്‍ Merry X mas & Happy New Year എന്ന് ആലേഖനം ചെയ്തിട്ടുണ്ടാകും. കുന്നും കുണ്ടും കുഴിയും നിറഞ്ഞ വഴികളില്‍ക്കൂടി അതും തലയിലേന്തി നടക്കാന്‍ ഒരു പ്രത്യേക ബാലന്‍സ് വേണം. ഒരിക്കല്‍ അതും തലയിലേന്തി വീടുവീടാന്തരം കയറിയിറങ്ങി ഒന്നു ഷൈന്‍ ചെയ്യണമെന്നുള്ളത് എന്റെ ബാല്യകാല മോഹങ്ങളിലൊന്നായിരുന്നു. - ഒരിക്കല്‍ എങ്ങനെയോ എനിക്കു നറുക്കുവീണു- പെട്ടി എന്റെ തലയില്‍!

കഷ്ടകാലമെന്നല്ലാതെ എന്തു പറയാന്‍- പ്ലാമൂട്ടിലെ അവറാച്ചന്റെ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍, കല്ലില്‍ തട്ടി; കാലു തെന്നി ഞാനും പെട്ടിവിളക്കും ചാണകക്കുഴിയില്‍- എന്റെ മോഹങ്ങളോടൊപ്പം പെട്ടിവിളക്കും കത്തി ചാമ്പലായി.

"എതവനാടാ, ഈ ചാവാലി ചെക്കന്റെ കൈയ്യില്‍ വിളക്കു കൊടുത്തത്? വിസിലൂതാന്‍ അധികാരമുള്ള കൂട്ടത്തില്‍ മുതിര്‍ന്നവനായ മാത്തായി സാറാണ് എന്റെ ചങ്കു തകര്‍ത്ത ആ ചോദ്യം ചോദിച്ചത്.

കാലചക്രം ഉരുണ്ടു കൊണ്ടേയിരുന്നു. പള്ളിക്കാരുടെ പിരിവ് പരിപാടിയും തുടര്‍ന്നുപോന്നു. പെട്ടി വിളക്ക് ചുമക്കുന്നതില്‍ നിന്നും അടുത്ത സ്റ്റേജിലേക്ക് ഞങ്ങള്‍ കടന്നു.

മുറി ബീഡി വലിച്ചിട്ടുണ്ടായിരുന്നെങ്കില്‍ തന്നെയും ഒരു സിഗരറ്റ് വലിക്കുവാന്‍ സാധിച്ചിരുന്നില്ല.

ഞാനും, അനിയന്‍ ബാബുവും കൂട്ടുകാരായ പൊടിമോനും, ജോസും ചേര്‍ന്ന് ഒരു പായ്ക്കറ്റ് സിഗരറ്റ് വാങ്ങാനുള്ള പൈസ സംഘടിപ്പിച്ചു. കൊച്ചു കുട്ടികള്‍ക്കു വരെ, യാതൊരു കുറ്റബോധവുമില്ലാതെ ബീഡിയും സിഗരറ്റും  വിറ്റിരുന്ന പുളിക്കലെ ഉണ്ണിച്ചായന്റെ കടയില്‍ നിന്നും അക്കാലത്തെ ഏറ്റവും വിലകുറഞ്ഞ സിഗരറ്റായ "PASSING SHOW ' ഒരു പായ്ക്കറ്റ് വാങ്ങി. കരോള്‍ സംഘം പര്‍ത്തലപ്പാടിയില്‍ പാട്ടു പാടാന്‍ കയറിയപ്പോള്‍, ഇടത്തോട്ടിലിരുന്ന് ആ സിഗരറ്റുകള്‍ മുഴുവന്‍ ഒന്നിനു പുറകെ ഒന്നായി ഞങ്ങള്‍ വലിച്ചു തീര്‍ത്തു. ആരുമറിയാതെ ഒരു വലിയ കുറ്റം ചെയ്ത സംതൃപ്തി- അങ്ങനെ മഞ്ഞു പെയ്യുന്ന ഒരു ക്രിസ്തുമസ് രാത്രിയില്‍ "സിഗരറ്റ് വലി' എന്ന ശീലം കൈവശമാക്കി.

ഗായകസംഘത്തിന്റെ സ്വരമാധുരി ചോര്‍ന്നു പോകാതിരിക്കുവാന്‍ വേണ്ടി, നല്ലവരായ ചില വീട്ടുകാര്‍ ചുക്കു കാപ്പി സപ്ലെ ചെയ്തിരുന്നു.

പാലത്തിനടിയിലൂടെ വെള്ളം പലതവണ ഒഴുകി. - ഞങ്ങള്‍ കൗമാരത്തിലേക്കു കാലു കുത്തുന്ന സമയം- ശീലങ്ങള്‍ക്ക് മാറ്റം വരുത്തിയേ പറ്റൂ. 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്നാണല്ലോ പ്രമാണം.

കാരളിംഗിനു മുമ്പായി ഒന്നു മിന്നിക്കുവാനുള്ള സാധനം കൊച്ചുവീട്ടിലെ കുഞ്ഞുമോന്റെ കടയിലുണ്ടായിരുന്നു. ഒരു പൊടിക്കുപ്പിയും താറാവുമുട്ട പുഴുങ്ങിയതും അകത്തു ചെന്നാല്‍ പിന്നെ "ഈ ലോകം ഭൂലോകം.' അന്ന് എരിഞ്ഞിറങ്ങിയ ആ ചാരായത്തിന്റെ ചൂട് ഇന്നും അന്നനാളത്തില്‍ എവിടെ നിന്നോ തികട്ടിവരും.

ക്രിസ്തുമസ് ഉണ്ടോ? കരോള്‍ ഉണ്ടാകും. കൂടെ പഠിക്കുന്ന സുന്ദരികളായ 
പെണ്‍കുട്ടികളുടെ വീട്ടില്‍ പാടാന്‍ എല്ലാവര്‍ക്കും വലിയ ഉത്സാഹം (ആ പ്രായത്തില്‍ ഏതു പെണ്‍കുട്ടിയെ കണ്ടാലും ഐശ്വര്യാ റായ് ആണെന്നു തോന്നി)

എന്റെ കൂട്ടുകാരന്‍ ജോസുകുട്ടിയും ഈട്ടിമൂട്ടിലെ ചിന്നക്കുട്ടിയും തമ്മില്‍ ഒരു "ഇതു'ണ്ടായിരുന്നു. നോട്ടത്തിലും ഭാവത്തിലും മാത്രം ഒതുങ്ങി നിന്ന ഒരു നിശബ്ദ പ്രേമം! ഇത് അടുത്ത ലെവലിലേക്ക് എത്തിക്കുവാന്‍ ജോസുകുട്ടിക്കൊരു പൂതി. തന്റെ പ്രേമം അവളെ അറിയിക്കണം. അവന്‍ ഒരു പ്രേമലേഖനത്തിലൂടെ അവന്റെ ഉള്ളുതുറന്നു. ഗായകസംഘം ചിന്നക്കുട്ടിയുടെ വീട്ടിലെത്തുമ്പോള്‍ ആള്‍ക്കാരുടെ കണ്ണുവെട്ടിച്ച് ആ കത്ത് അവളെ ഏല്‍പിക്കണം. അല്‍പം റിസ്കുള്ള ഏര്‍പ്പാടായിരുന്നുവെങ്കിലും ഹംസത്തിന്റെ പണി ഞാന്‍ ഏറ്റെടുത്തു. പണി പാളിയെന്നു പറഞ്ഞാല്‍ മതിയെല്ലോ? തൊണ്ടി സഹിതം ഞാന്‍ പിടിക്കപ്പെട്ടു. ആ കാലമാടന്‍ കാലുമാറിക്കളഞ്ഞു. അതോടുകൂടി എന്റെ ഗാനാലാപനത്തിനു വീട്ടില്‍ നിന്നും വിലക്കുണ്ടായി.

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം അമേരിക്കയില്‍ എത്തിയതിനു ശേഷമാണ് 'കാരളിംഗ്' എന്ന നാണംകെട്ട പണപ്പിരിവിനു ഞാന്‍ വീണ്ടും പങ്കെടുത്ത് തുടങ്ങിയത്.
Join WhatsApp News
observer 2017-12-21 10:53:26
മൈലപ്രയുടെ ക്രിസ്മസ് ലേഖനം കലക്കിയിട്ടുണ്ട്.
Teacher 2017-12-21 10:58:38
ഇതുപോലെയുള്ള കുറച്ചു ഓർമ്മകൾ ഉണ്ട്. കപ്പ പിഴുതു കളയുക, തൊട്ടി കയറുൾപ്പെടെ കിണറ്റിൽ ഇടുക, ഉണക്കാനിട്ടിരിക്കുന്ന റബ്ബർ ഷീറ്റ് മോഷ്ട്ടിക്കുക, അങ്ങിനെ പലതും.
Reader 2017-12-21 11:03:35
ഇതുവരെ വായിച്ചതിൽ ഏറ്റവും നല്ല ക്രിസ്മസ് സന്ദേശം. ക്രിസ്മസ് സ്പിരിറ്റ് ഉൾകൊണ്ട രാജുവിന് അഭിനന്ദനങ്ങൾ.
Concerned 2017-12-21 11:21:37
Thank God, our children do not read malayalam or malayalam publications.  Otherwise, irresponsible articles like this will give the wrong ideas about Christmas.
Mathew V. Zacharia, NEW YORK 2017-12-21 12:34:34
Raju Myelapra: For a moment I thought you were writing about my Christmas Carolling in Edathua. Thanks for the memories of my childhood adventures. Merry Christmas and many blessed years for you and family Mathew V. Zacharia, New Yorker
Curious 2017-12-21 12:36:15
അവസാന വാചകം കലക്കി. പള്ളിക്കാർ ഈ നാണം കെട്ട പിരിവു പരിപാടി നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
JOHNY KUTTY 2017-12-21 13:41:49
എഴുപത്തിനും എൺപത്തിനും ഇടയിലുള്ള തിരുവിതാംകൂറിലെ ക്രിസ്തുമസ് നന്നായി വിവരിച്ചിരിക്കുന്നു.  Carol  എന്ന വാക്കു സാദാരണ കേൾക്കാറില്ലായിരുന്നു എന്ന് തോന്നുന്നു. ക്രിസ്തുമസ് കാര് വരുന്നു, ക്രിസ്തുമസ് ഇറങ്ങി, ക്രിസ്തുമസ് കാര് പനയിൽ (തെങ്ങിൽ) നിന്ന് കള്ളു ഇറക്കി കുടിച്ചു, മാട്ടം (കുടം) അവമ്മാര് പൊട്ടിച്ചു കളഞ്ഞില്ല ഭാഗ്യം. ലക്ഷം വീട് കോളനി കഴിഞ്ഞപ്പോ തമ്പേറ് കൊട്ടുന്ന ചേട്ടനെ കണ്ടില്ല എന്നൊക്കെയാണ് നാട്ടിൻ പുറത്തു കാരുടെ ഒരു രീതി.  അവസാനത്തെ വാചകം ആണ് ഇതിന്റെ ഹൈ ലൈറ്റ് "കരോളിംഗ്  എന്ന നാണം കെട്ട പണപ്പിരിവ്" അഭിനന്ദനങ്ങൾ രാജു.      
Santa 2017-12-21 15:07:46
രാജുവിന്റെ ലേഖനം കൊള്ളാം. ഒരു അമ്പതു കഴിഞ്ഞ അച്ചായന്മാർക് മനസ്സിലാവും, ഒന്നും കളയാനില്ല. ചില കമന്റ് കളും കലക്കി. കരോൾ എന്ന നാണം കെട്ട പിരിവും നാണം കെട്ട വെള്ളമടിയും ആണ് അമേരിക്കയിൽ കാണുന്നത്. മദ്യപിക്കുന്നതിനും ഒരു അന്തസ്സൊക്കെ വേണം.  ഗ്രഹിണി പിടിച്ച കുട്ടികൾ ചക്ക കൂട്ടാൻ കിട്ടിയപോലെ ആണ് കരോൾ പാടി വരുന്ന ചിലരുടെ പ്രവൃത്തി. നാട്ടിലെ കള്ളു കുടിച്ചു കാനയിൽ കിടക്കുന്നവർ പോലും നാണിച്ചു പോകും. കരോളിന്‌ വെള്ളമടിച്ചാൽ അച്ചന്മാർക്കും പെണ്ണുംപിള്ള മാർക്കും പരാതിയും ഇല്ല എന്നതും ഓസിനു കിട്ടിയാൽ പാഷാണവും തിന്നും എന്ന മലയാളി സംസ്കാരവും കാണണമെങ്കിൽ അമേരിക്കയിലെ കരോൾ തന്നെ കാണണം.
Shaji 2017-12-21 16:08:35
രാജു സർ ഇത് കലക്കി . അതിന്റെ കൂട്ടത്തിൽ ഇത്തിരി കൽക്കണ്ടവും അതിമധുരവും കൂടി ചേർത്തുള്ള ആ തൊണ്ട റിഫ്രഷിങ് കൂടിയാൽ നന്ന്. പിന്നെ  ചെണ്ടമുറിയനും, ചേമ്പും, കാച്ചിലും ചേർത്തുള്ള പുഴുക്കും ചാകരകാപ്പിയുടെ കൂട്ടത്തിൽ . എന്തായാലും ഓർമ്മകൾ ഒരിക്കൽക്കൂടി മിനുക്കിയെടുക്കാൻ സാധിച്ചു . നന്ദി രാജൂ സർ .
vincent emmanuel 2017-12-21 16:23:11
I am glad that , you can write such articles relating to most of the older people here. It brings nice memories and some sort of "nostalgic feeling". I do agree, caroling in USA is about collecting money. Recently our ward leader(SYRO MALABAR) not CPI(M) send a group text saying that all houses are done and with that ,how much money was collected. I guess, the  more you have, more you want. This goes for churches also. I never heard anybody from the church asking me " when was the last time , your house was blessed". 
Judge 2017-12-22 00:03:06
ഇത്തവണ ഇ-മലയാളീ പ്രസിദ്ധികരിച്ച ക്രിസ്മസ്
കൃതികളിൽ എന്റെ സ്റ്റാർ രാജു മൈലപ്രയിക്ക്.
J.Mathew 2017-12-22 10:33:10
കരോളിംഗ് നാണം കേട്ട പണപ്പിരിവ് ആണെങ്കിൽ എന്തിന് അതിൽ പങ്കെടുക്കുന്നു?ആരെങ്കിലും നിർബന്ധിച്ചോ?ആബാലവൃദ്ധം ജനങ്ങളും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്കരോളിംഗ്.അത് പള്ളിയുടെ ഒരു വരുമാന മാർഗം കൂടിയാണ്.ആരുടെയെങ്കിലും വീട്ടിൽ കരോളിന്‌ ചെല്ലേണ്ട എന്നുണ്ടെങ്കിൽ അറിയിക്കണം എന്ന് പള്ളിയിൽ അന്നൗൻസ് ചെയ്യാറുണ്ട്.അതനുസരിച്ചാണ് വീടുകളിൽ പോകുന്നത്.ആരെയും നിർബന്ധിച്ചു കൊണ്ടുപോകാറുമില്ല.പിന്നെ ആർക്കാണ് പ്രശ്‍നം.നിങ്ങള്ക്ക് വേണ്ട എങ്കിൽ പോകേണ്ട.നിങ്ങളുടെ വീട്ടിൽ വരേണ്ട എന്നുണ്ടെങ്കിൽ വരില്ല.കരോളിന്‌ പോകണമെന്നുള്ളവർ പോകട്ടെ.അത് അവരുടെ സ്വാതന്ദ്ര്യം.കാരോളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നുമാണ് മിക്ക ഇടവകളിലും സൺ‌ഡേ സ്കൂളുകൾ പ്രവർത്തിക്കുന്നത്.ഇതൊന്നും അറിയാതെയാണ് ചിലർ വിമർശിക്കുന്നത്.ചുരുക്കം ചില മദ്യപാനികൾ കരോളിന്‌ പേരുദോഷം വരുത്തുന്നുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല.     
Born again Abraham 2017-12-22 07:22:26
I was in orthodox church. Every year there was huge collection. Back wall, front of the church, Madbaha, parish hall, copper kodimaram, wall around church property. brick/ tile around the church and courtyard, i slipped and fell
 that is it, i left orthodox church, now i don't give thousands every year. Now i make it.
American Malayalee 2017-12-24 10:10:34
ഇന്നും പള്ളിലച്ചൻ കല്പന വായിച്ചതു പിരിവിനെപ്പറ്റി തന്നെ. "ഓക്കി" ദുരന്തന്തിന് പണം പിരിക്കണം പോൽ. കേരള സർക്കാരും, കേന്ദ്ര സർക്കാരും മുപ്പതു ലക്ഷത്തോളം ഓരോ കുടുംബത്തിനും നല്കുന്നുട്ണ്. സഭ പിരിക്കുന്നത് ആർക്കു വേണ്ടിയാ? ബോംബെ ഭൂകമ്പത്തിനേറ്റയേം, സുനാമിയുടെയും കണക്കു എവിടെ പോയി. ആരെൻകിലും ഓഡിറ്റ് ചെയ്ത കണക്കു കാണിക്കാമോ? ഓരോ ദുരന്തങ്ങൾ. മെത്രാന്മാർക്കും സില്ബത്തികൾക്കും കീശ വീർപ്പിക്കാൻ. കഷ്ടം.
Truth seeker 2017-12-24 20:52:39
നിലംപൊത്തിയ കാലുകൾകൊണ്ട് സന്ന്യാസമഠങ്ങളും ആശ്രമങ്ങളും ഉണ്ടാക്കാൻ അത്യുന്നതമായ പ്രകാശഗോപുരത്തിന്റെ മുകളിൽനിന്നും താഴോട്ടിറങ്ങിവന്നവനല്ല യേശു. പുരോഹിതന്മാരും പാതിരിമാരുമാക്കി നേതൃത്വത്തിൽ അവരോധിക്കാനായി കരുത്തന്മാരായ പുരുഷന്മാരെ അദ്ദേഹം തന്നിലേക്കാർഷിക്കാൻ ശ്രമിച്ചിട്ടില്ല. മറിച്ചു, തലയോട്ടികളിൽ പടുത്തുയർത്തിയ സിംഹാസനങ്ങളുടെ അടിവേരറുക്കാനും കുഴിമാടങ്ങൾക്കു മുകളിൽ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളെ പൊളിച്ചുമാറ്റുവാനും ദുർബലരായ പാവങ്ങളുടെ ശരീരത്തിനുമീതേ നാട്ടിയ ബിംബങ്ങളെ തച്ചുടക്കാനും ശേഷിയുള്ള ശക്തമായ ഒരു പുതുജീവൻ ഈ ലോകത്തിന്റെ വിഹായസ്സിലേക്കു പ്രക്ഷേപണം ചെയ്യാനാണ് യഥാർത്ഥത്തിൽ യേശു സമാഗതനായത്." : ഖലീൽ ജിബ്രാൻ.
Naradan 2017-12-25 07:02:09
Raju, 
You should do some research on the WISE MEN.  There is no one so smart like Malayalees, so the wise men must be from Kerala. Especially getting into the wrong house, getting so many kids killed, then make the holy family run for life, making the angel confused.then angel losing his way- only Malayalee can do it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക