Image

രണ്ടരമണിക്കൂര്‍ ഉറക്കം; ഭക്തിയില്‍ മുഴുകുമ്പോള്‍ ഭക്ഷണം മറക്കും: തന്ത്രിയുടെയും മേല്‍ശാന്തിമാരുടെയും ദിനചര്യ

അനില്‍ പെണ്ണുക്കര Published on 21 December, 2017
രണ്ടരമണിക്കൂര്‍ ഉറക്കം; ഭക്തിയില്‍  മുഴുകുമ്പോള്‍ ഭക്ഷണം മറക്കും:  തന്ത്രിയുടെയും  മേല്‍ശാന്തിമാരുടെയും ദിനചര്യ
ശബരീശ സന്നിധിയില്‍ തന്ത്രിയുടെയും മേല്‍ശാന്തിയുടെയും മാളികപ്പുറത്ത് മേല്‍ശാന്തിയുടെയും ദിനചര്യകള്‍ വേറിട്ടതാണ്. സന്നിധാനത്തെ ശ്രീകോവിലിനു സമീപമാണ് തന്ത്രിയും ശബരിമല മേല്‍ശാന്തിയും താമസിക്കുന്നത്. മാളികപ്പുറം മേല്‍ശാന്തി മാളികപ്പുറംക്ഷേത്രത്തിനു സമീപവും. അവരുടെ ദിനചര്യകളിലേക്ക്.

വേറിട്ട ദിനചര്യകള്‍ ദിവസവും വെളുപ്പിന് മൂന്നുമുതല്‍ രാത്രി 11 വരെ പൂജകള്‍, കഷ്ടിച്ച് രണ്ടു മണിക്കൂര്‍ ഉറക്കം, ധ്യാനം, ലഘുഭക്ഷണം, വായന, പഠനം, മണിക്കൂറുകളോളം ഭക്തരുമായി കൂടിക്കാഴ്ച.

വായനയോടും ധ്യാനത്തോടും പ്രിയം;
സന്നിധാനത്ത് നിയമപഠനം

ശബരിമല താന്ത്രിക ചുമതലയുള്ള ഇരുപത്തിമൂന്നുകാരനായ തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ വെളുപ്പിന് 1.45ന് ഉറക്കമുണരും. പ്രഭാതകൃത്യങ്ങള്‍ക്കുശേഷം രണ്ടു മണിയോടെ സന്ധ്യാവന്ദനവും ജപവും നടത്തും. 2.55ന് മേല്‍ശാന്തിയെത്തും, ഇരുവരും നട തുറക്കുന്നതിനായി പുറപ്പെടും. മൂന്നിന് നടതുറന്നാല്‍ മൂന്നരമുതല്‍ ഗണപതി ഹോമം. 4.30ന് തിരികെ താമസസ്ഥലത്ത് എത്തി ഭക്തരെ കാണും, പ്രസാദം നല്‍കും. 4.30 മുതല്‍ ഒന്നര മണിക്കൂറോളം യോഗ അഭ്യസിക്കും. ഇത് വീട്ടിലും പതിവാണ്. ആറിന് കലശത്തിനുശേഷം ഏഴേകാലോടെ തിരികെയെത്തി വീണ്ടും ഭക്തരെ കാണും. എട്ടരയ്ക്ക് പ്രഭാതഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ പുസ്തകവായനയിലേക്കും പഠനത്തിലേക്കും കടക്കും. ചെന്നൈ ഭാരത് യൂണിവേഴ്സിറ്റിയില്‍ ഒന്നാംവര്‍ഷ നിയമബിരുദ വിദ്യാര്‍ഥിയായതിനാല്‍ പാഠപുസ്തകം വായനയും പതിവാണ്. 10.45ന് ദേഹശുദ്ധിവരുത്തിയശേഷം പന്ത്രണ്ടുമണിവരെ ധ്യാനത്തിലിരിക്കും. 12ന് ഉച്ചപൂജയും 25 കലശവും കളഭവും. 1.30ന് നടയടച്ച് തിരികെയെത്തിയാല്‍ നിവേദ്യച്ചോറാണ് ഉച്ചഭക്ഷണം. പകലുറക്കം പതിവില്ല. വായനയും ഭക്തരെ കാണലുമായി ആറുവരെ സമയം ചിലവഴിക്കും. ഏഴുവരെ സന്ധ്യാവന്ദനജപം. എട്ടരമുതല്‍ ഭക്തരെ കാണും. പത്തരയോടെ ഉറങ്ങാന്‍ കിടക്കും. മൂന്നുമണിക്കൂറോളമാണ് ഉറക്കം. ഇരു മേല്‍ശാന്തിമാര്‍ക്കും താന്ത്രിക ഉപദേശം നല്‍കുന്നത് തന്ത്രിയാണ്. താഴമണ്‍ മഠത്തിലെ അംഗങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ധാരണ അനുസരിച്ചാണ് ഓരോ വര്‍ഷവും ചിങ്ങം ഒന്നിന് അടുത്ത ഒരുവര്‍ഷത്തേക്കുള്ള തന്ത്രിയെ നിയോഗിക്കുന്നത്. ഒരോവര്‍ഷവും തന്ത്രിമാര്‍ മാറിവരും.

രണ്ടരമണിക്കൂര്‍ ഉറക്കം; ഭക്തിയില്‍
മുഴുകുമ്പോള്‍ ഭക്ഷണം മറക്കും

ശബരിമല മേല്‍ശാന്തിയായ ചാലക്കുടി മംഗലത്ത് അഴകത്ത് മനയില്‍ എ.വി. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ ഒരു ദിവസം വെളുപ്പിന് 2.15ന് ആരംഭിക്കും. പ്രഭാതകൃത്യങ്ങള്‍ക്കുശേഷം സന്ധ്യാവന്ദനം കഴിഞ്ഞ് 2.55ന് തന്ത്രിയെ സന്ദര്‍ശിച്ച് നടതുറക്കാനിറങ്ങും. മൂന്നിന് നടതുറക്കലും നിര്‍മാല്യ ദര്‍ശനവും. തുടര്‍ന്ന് അഭിഷേകം ആരംഭിക്കും. മൂന്നരയ്ക്ക് തന്ത്രിയോടൊപ്പം ഗണപതിഹോമത്തില്‍ പങ്കെടുക്കും. നാലുമുതല്‍ നെയ്യഭിഷേകം. 8.30ന് സന്നിധാനത്തെ മേല്‍ശാന്തിമാരുടെ താമസസ്ഥലത്ത് തിരിച്ചെത്തി ഭക്തരെ കാണും. ആകുലതകള്‍ അകറ്റാനായി ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കും. ഭക്തരുടെ തിരക്കിനിടയില്‍ ലഘുഭക്ഷണം കഴിക്കും. രണ്ട് ദോശയില്‍ കൂടുതല്‍ കഴിക്കാറില്ലെന്ന് മേല്‍ശാന്തി പറയുന്നു. ഉച്ചയ്ക്ക് 12ന് ഉച്ചപൂജ കഴിഞ്ഞാല്‍ 1.30ന് നടയടയ്ക്കും. കുറച്ചു കറികള്‍ ചേര്‍ത്ത് ഉച്ചയൂണ്. ഒരു മണിക്കൂര്‍ ഉച്ചയുറക്കം. 2.45ന് എഴുന്നേറ്റ് ദേഹശുദ്ധിവരുത്തും. 3.30ന് വീണ്ടും നടതുറക്കും. തുടര്‍ന്ന് പുഷ്പാഞ്ജലി. ഇടയ്ക്ക് താമസസ്ഥലത്തെത്തി ഭക്തരെ കാണും. 6.30ന് ദീപാരാധനയും തുടര്‍ന്ന് പുഷ്പാഭിഷേകവും. വീണ്ടും ഭക്തരുടെ ഇടയിലേക്ക്. രാത്രി 10.30ന് അത്താഴപൂജ, 11ന് ഹരിവരാസനം കഴിഞ്ഞ് നട അടയ്ക്കും. താമസസ്ഥലത്തെത്തി കുളിയും ഭക്ഷണവും മറ്റും കഴിഞ്ഞ് കിടക്കുമ്പോള്‍ പന്ത്രണ്ടു മണിയോടടുക്കും. ദിവസം വീണ്ടും ആവര്‍ത്തിക്കും.

ഭക്ഷണ-ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മക്കളായ വിഷ്ണുവും ആയുര്‍വേദ ഡോക്ടറായ വാസുദേവനും എപ്പോഴും അടുത്തുണ്ടെന്ന് അയ്യപ്പ അനുഗ്രഹത്താല്‍ ക്ഷീണം തോന്നാറേയില്ലെന്നും ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി പറയുന്നു. ഭഗവല്‍സേവയില്‍ കഴിയുന്ന അച്ഛന്‍ പലപ്പോഴും ഭക്ഷണകാര്യം പോലും മറന്നുപോകുന്നതായി വിഷ്ണു പറയുന്നു.

ഭാഷകള്‍ പഠിക്കാന്‍ മോഹം; ഭക്തരില്‍
അയ്യനെയും മാളികപ്പുറത്തമ്മയെയും കാണുന്നു

തൊഴാന്‍ വരുന്ന ഭക്തരിലൊരാള്‍ അയ്യപ്പനും ഒരാള്‍ മാളികപ്പുറവുമായിരിക്കും, അവരുടെ സന്തോഷമാവും നിനക്കുള്ള അനുഗ്രഹമെന്ന ഗുരുവിന്റെ ഉപദേശം ശിരസാവഹിച്ചാണ് വി.എന്‍. അനീഷ് നമ്പൂതിരി മാളികപ്പുറത്ത് മേല്‍ശാന്തിയായി പൂജകള്‍ നിര്‍വഹിക്കുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെ ഉറക്കമെണീറ്റ് ദേഹശുദ്ധിവരുത്തിക്കഴിഞ്ഞാല്‍ സന്ധ്യാവന്ദനത്തിലേക്ക് കടക്കും. 2.55ന് വാര്യര്‍ വിളക്കുമായി വന്ന് നടതുറക്കാന്‍ പുറപ്പെടും. മൂന്നിന് നടതുറന്നാല്‍ അഭിഷേകവും മലര്‍ നിവേദ്യവും. 3.30ന് ഗണപതി ഹോമം. തുടര്‍ന്ന് രാവിലെ ഏഴുവരെ ഭക്തരെ കാണും. ഇടയ്ക്ക് ദോശയോ ഇഡ്ഡലിയോ കഴിക്കും. ഏഴിന് ഉഷപൂജ കഴിഞ്ഞാല്‍ വീണ്ടും ഭക്തരുടെ ഇടയിലേക്ക്. ഇത് 11 ന് ഉച്ചപൂജ വരെ നീളും. 1.30ന് നടയടച്ച ശേഷം ഊണ് കഴിക്കും. ഊണ് താമസസ്ഥലത്ത് തന്നെ തയാറാക്കും. രണ്ടേകാലോടെ ദേഹശുദ്ധിവരുത്തും. ഉച്ചയുറക്കമില്ല. ഉച്ചകഴിഞ്ഞ് 3.30ന് നടതുറക്കും. തുടര്‍ന്ന് 6.30ന് ദീപാരാധനയ്ക്കു മുമ്പുവരെ ഭക്തരെ കാണും. വൈകിട്ട് ഏഴിന് ഭഗവതി സേവ. എട്ടിന് സന്നിധാനത്ത് ശ്രീകോവിലിലെത്തി ശബരീശ സന്നിധിയിലെ തൃപ്പടിയില്‍ മേല്‍ശാന്തിക്ക് പണക്കിഴി സമര്‍പ്പിക്കും. തുടര്‍ന്ന് തന്ത്രിക്ക് ഭഗവതിസേവ പ്രസാദം നല്‍കും. ദിവസ പൂജാവിശേഷങ്ങള്‍ തന്ത്രിയെ ധരിപ്പിക്കും. അടുത്ത ദിവസത്തെ പൂജാവിവരങ്ങള്‍ പറയും. തന്ത്രിയില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് നമസ്‌ക്കരിക്കും. തുടര്‍ന്ന് ശബരിമല മേല്‍ശാന്തിയെ കണ്ട് പ്രസാദം നല്‍കി കുശലാന്വേഷണം നടത്തും. രാത്രി ഒമ്പതിന് അത്താഴപൂജ. രാത്രി 11ന് നടയടയ്ക്കും. പന്ത്രണ്ടുമണിയോടെയാണ് ഉറക്കം. മുപ്പത്തിയെട്ടാംവയസില്‍ മാളികപ്പുറത്തമ്മയെ സേവിക്കാന്‍ നിയോഗം ലഭിച്ചതിന്റെ സന്തോഷം അദ്ദേഹം മറച്ചുവച്ചില്ല. പുതിയകാവ് അമൃതവിദ്യാലയത്തിലെ രണ്ടാംക്ലാസുകാരനായ മകന്‍ അഭിഷേക് അമ്മൂമ്മയോടൊപ്പം മാളികപ്പുറത്തെത്തി പ്രസാദം ഏറ്റുവാങ്ങിയത് സന്തോഷത്തോടെ വെളിപ്പെടുത്തി. ഒരുവര്‍ഷത്തെ ധ്യാനനിരതമായ ജീവിതത്തിനിടയില്‍ ഇംഗ്ളീഷ് അടക്കമുള്ള മറ്റു ഭാഷകള്‍ സ്വായത്തമാക്കാനും പൂജാ-ജ്യോതിഷ പഠനം വിപുലപ്പെടുത്താനും സാധിക്കുമെന്നും ഇതിന് ശബരീശനും മാളികപ്പുറത്തമ്മയും അനുഗ്രഹിക്കുമെന്നും അനീഷ് നമ്പൂതിരി പറയുന്നു.

ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാര്‍ പുറപ്പെടാ ശാന്തിമാരാണ്. മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മലകയറി ശബരീശ സന്നിധിയിലെത്തിയാല്‍ പിന്നെ ഇവര്‍ ഒരു വര്‍ഷത്തേക്ക് മലയിറങ്ങില്ല. എല്ലാ മലയാള മാസവും ആദ്യ അഞ്ചുദിവസം മാസപൂജയ്ക്ക് നട തുറക്കും. വിഷുവിനും ഓണത്തിനും വിശേഷാല്‍ പൂജയും നടക്കും. മറ്റു ദിവസങ്ങളില്‍ പൂജാ പഠനങ്ങളിലും ധ്യാനത്തിലും മുഴുകും. ഗുരുക്കന്മാര്‍ സന്നിധാനത്തെത്തി പഠനമൊരുക്കും. 
രണ്ടരമണിക്കൂര്‍ ഉറക്കം; ഭക്തിയില്‍  മുഴുകുമ്പോള്‍ ഭക്ഷണം മറക്കും:  തന്ത്രിയുടെയും  മേല്‍ശാന്തിമാരുടെയും ദിനചര്യരണ്ടരമണിക്കൂര്‍ ഉറക്കം; ഭക്തിയില്‍  മുഴുകുമ്പോള്‍ ഭക്ഷണം മറക്കും:  തന്ത്രിയുടെയും  മേല്‍ശാന്തിമാരുടെയും ദിനചര്യരണ്ടരമണിക്കൂര്‍ ഉറക്കം; ഭക്തിയില്‍  മുഴുകുമ്പോള്‍ ഭക്ഷണം മറക്കും:  തന്ത്രിയുടെയും  മേല്‍ശാന്തിമാരുടെയും ദിനചര്യരണ്ടരമണിക്കൂര്‍ ഉറക്കം; ഭക്തിയില്‍  മുഴുകുമ്പോള്‍ ഭക്ഷണം മറക്കും:  തന്ത്രിയുടെയും  മേല്‍ശാന്തിമാരുടെയും ദിനചര്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക