Image

മണ്ഡലപൂജയും നടയടയ്ക്കലും 26ന്; മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും

അനില്‍ പെണ്ണുക്കര Published on 21 December, 2017
മണ്ഡലപൂജയും നടയടയ്ക്കലും 26ന്; മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും
ശബരിമല: മണ്ഡലപൂജ ഡിസംബര്‍ 26ന് നടക്കും. അന്നു രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41 ദിവസത്തെ മണ്ഡലകാലത്തിനു സമാപനമാകും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30ന് നട തുറക്കും. ജനുവരി 20ന് രാവിലെ ഏഴിന് നട അടയ്ക്കുന്നതോടെ രണ്ടുമാസം നീണ്ടുനിന്ന ശബരിമല തീര്‍ഥാടന മഹോല്‍സവത്തിന് തിരശീല വീഴും.

തങ്കഅങ്കി ഘോഷയാത്ര ഡിസംബര്‍ 25ന് ഉച്ചയ്ക്ക് പമ്പയിലെത്തും. ഭഗവാന് ചാര്‍ത്താനുള്ള തങ്കഅങ്കി മൂന്ന് പേടകത്തിലാക്കി അയ്യപ്പസേവാസംഘം അധികാരികള്‍ പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് തിരിക്കും. ഘോഷയാത്ര ശരംകുത്തിയില്‍ എത്തുമ്പോള്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്വീകരിച്ച് സന്നിധാനത്തിലേയ്ക്ക് ആനയിക്കും. കൊടിമര ചുവട്ടിലെത്തുന്ന തങ്കഅങ്കി പേടകത്തെ ദേവസ്വംബോര്‍ഡ് പ്രഡിഡന്റ് എ. പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്‍, കെ.പി. ശങ്കരദാസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

സോപാനത്തെത്തുന്ന തങ്കഅങ്കി പേടകത്തെ ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് സ്വീകരിച്ച് വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും.

തങ്കഅങ്കി ഘോഷയാത്ര ഇന്ന് ആരംഭിക്കും

മണ്ഡലപൂജ മഹോല്‍സവനാളില്‍ ശബരിമല അയ്യപ്പസ്വാമിയ്ക്ക് ചാര്‍ത്താനായി തിരുവിതാംകൂറിലെ അവസാനത്തെ നാടുവാഴിയായിരുന്ന ചിത്തിരതിരുനാള്‍ ബാലമാര്‍ത്താണ്ഡവര്‍മ മഹാരാജാവ് നടയ്ക്കുവച്ച തങ്കഅങ്കിയും കൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് (ഡിസംബര്‍ 22 വെള്ളി) രാവിലെ ഏഴിന് ആന്മുള പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍നിന്നു യാത്ര തിരിക്കും.

ഘോഷയാത്ര കോഴഞ്ചേരി ടൗണ്‍ വഴി ഇലന്തൂര്‍, മെഴുവേലി, ഇലവന്തിട്ട, പ്രക്കാനം വഴി രാത്രി എട്ടിന് ഓമല്ലൂര്‍ രക്തകണ്ഡ സ്വാമിക്ഷേത്രത്തിലെത്തില്‍ സമാപിക്കും. ഡിസംബര്‍ 23ന് രാവിലെ എട്ടിന് ഓമല്ലൂരില്‍ നിന്ന് പുറപ്പെട്ട് പത്തനംതിട്ട, മൈലപ്ര, കുമ്പഴ, വെട്ടൂര്‍ എന്നിവിടങ്ങളിലൂടെ രാത്രി 8.30ന് പെരുനാട് ക്ഷേത്രത്തിലെത്തി വിശ്രമിക്കും. ഡിസംബര്‍ 24ന് 7.30ന് കോന്നിയില്‍ നിന്നാരംഭിച്ച് ചിറ്റൂര്‍, മലയാലപ്പുഴ, വടശ്ശേരിക്കര വഴി പെരുനാട് ശാസ്താക്ഷേത്രത്തില്‍ വിശ്രമിക്കും. നിലയ്ക്കല്‍, ളാഹ, ചാലക്കയം വഴി തങ്കഅങ്കി ഘോഷയാത്ര ഡിസംബര്‍ 25ന് ഉച്ചയ്ക്ക് പമ്പയിലെത്തും.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ തങ്കഅങ്കി ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കും. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്‍, കെ.പി. ശങ്കരദാസ്, എന്നിവരും ദേവസ്വം ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം അധികൃതരും സന്നിഹിതരാകും. ഇന്നു രാവിലെ അഞ്ചുമുതല്‍ ഏഴുവരെ ആറന്മുളയില്‍ അയ്യപ്പഭക്തന്മാര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള സൗകര്യമുണ്ട്
മണ്ഡലപൂജയും നടയടയ്ക്കലും 26ന്; മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക