Image

യഥാര്‍ത്ഥ ക്രിസ്മസ് സന്ദേശവും, സാധ്യതകളും? (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 21 December, 2017
യഥാര്‍ത്ഥ ക്രിസ്മസ് സന്ദേശവും, സാധ്യതകളും? (ലേഖനം: ജയന്‍ വര്‍ഗീസ്)
ഇരുട്ടില്‍ സഞ്ചരിച്ച ജനം വലിയൊരു വെളിച്ചം കണ്ടതിന്റെ ഉത്സവമാണ് ക്രിസ്മസ്. അദ്ധ്വാനിക്കുന്നവന്റെയും, ഭാരം ചുമക്കുന്നവന്റെയും വളഞ്ഞു പോയ മുതുകിന് സ്വാന്തനത്തിന്റെ ഒരു തടവല്‍. ചുങ്കക്കാരെയും, പാപികളെയു, ദരിദ്രരെയും, പീഡിതരെയും പരീശന്മാര്‍ക്കും, ശാസ്ത്രിമാര്‍ക്കുമൊപ്പം പരിഗണിക്കപ്പെട്ട മഹനീയത! വേശ്യകളും, കുഷ്ഠരോഗികളും കൈക്കൊള്ളപ്പെട്ട മഹാ വിപ്ലവം! രണ്ടായിരം സംവത്സരങ്ങളുടെ വിശാല കാന്‍വാസില്‍ വിരചിക്കപ്പെട്ട ഈ മനോഹര സന്ദേശം, ആധുനികതയുടെ ഇന്നുകളില്‍ പോലും സുതാര്യവും, അനിവാര്യവുമായി നില കൊള്ളുന്നു.

ലോക ജന സംഖ്യയിലെ മഹാ ഭൂരിപക്ഷവും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ െ്രെകസ്തവ സന്ദേശങ്ങളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ക്രിസ്തുവിന്റെ പേരില്‍ സംസ്ഥാപിതമായിരിക്കുന്ന ആയിരക്കണക്കിന് സഭകളില്‍ പ്രചരിപ്പിക്കപ്പെടുന്നത് ക്രിസ്തീയതയാണെന്ന് പ്രസ്തുത സഭകള്‍ തന്നെ പ്രഖ്യാപിക്കുന്നുണ്ടങ്കിലും, യഥാര്‍ത്ഥ ക്രിസ്തീയതയുടെ ആഴവും, അന്തസത്തയും ഉള്‍ക്കൊള്ളുന്ന ഒരു സഭയെങ്കിലും ഇക്കൂട്ടത്തിലുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു?

ശതാനുശതം പേജുകളിലായി നീണ്ടുപരന്നു കിടക്കുന്ന ബൈബിള്‍ പ്രഖ്യാപനങ്ങളുടെ കൂട്ടലും, കുറക്കലും, ഹരിക്കലും, ഗുണിക്കലും നിര്‍വഹിച്ചു കൊണ്ട് വളര്‍ന്നു വന്ന ശാസ്ത്ര ശാഖയാണ് തിയോളജി.ഈ ഓളജി നമുക്ക് മാസ്‌റ്റേഴ്‌സിനേയും , ഡോക്ടേഴ്‌സിനെയും സമ്മാനിച്ചു.കവലകളില്‍ തമ്പേറടിച്ചു ഘോഷിക്കുന്ന പെന്തക്കോസ്ത്ത് സഹോദരന്മാര്‍ മുതല്‍, അന്താരാഷ്ട്ര കണ്‍വന്‍ഷനുകളില്‍ പറന്നെത്തി സുവിശേഷിക്കുന്ന സൂപ്പര്‍ സുവിശേഷകരെ വരെ നാം കണ്ടു. കേവലം 33 വര്‍ഷത്തെ ഹൃസ്വ ജീവിതം കൊണ്ട് യഹൂദയിലെ ആ ദരിദ്ര യുവാവ് കൊളുത്തി വച്ച തിരിനാളത്തില്‍ നിന്നുള്ള വെളിച്ചം വ്യാഖ്യാനിച്ചു കൊടുക്കുന്നതിനുള്ള സംസ്ഥാപിത സഭകളുടെ തീവ്ര ശ്രമങ്ങളാണ് ഇതിനെല്ലാം പിന്നിലുള്ളതെന്ന് തിരിച്ചറിയുന്നതോടൊപ്പം, ഈ പ്രസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ ഇരകളെ കുടുക്കിയിടുന്നതിനുള്ള ഒരൊളിഞ്ഞ ശ്രമവും ഇതിലുണ്ടെന്നു കണ്ടെത്താവുന്നതാണ്.

യാതൊരു തീയോളജിയുടെയും സഹായമില്ലാതെ ഏതൊരു പാമരനും മനസിലാക്കാവുന്നതും,വളരെ ലളിതമായ രണ്ടേ രണ്ടു വാചകങ്ങളില്‍ സംഗ്രഹിക്കാവുന്നതുമായ സുവിശേഷമാണ് യേശുവിന്റേത്. അതിതാണ്: ഒന്ന്: ദൈവത്തെ സ്‌നേഹിക്കുക, രണ്ട് : മനുഷ്യനെ സ്‌നേഹിക്കുക. ദൈവത്തെ സ്‌നേഹിക്കുന്നതിലൂടെ ആല്‍മ സാക്ഷാല്‍ക്കാരവും, മനുഷ്യനെ സ്‌നേഹിക്കുന്നതിലൂടെ ജീവിത സാക്ഷാല്‍ക്കാരവും വ്യക്തിക്ക് അനുഭവേദ്യമായിത്തീരുന്നു. ആത്മാവിനെയും, ശരീരത്തെയും സ്വപ്രയത്‌നത്തിലൂടെ സാക്ഷാല്‍ക്കാരത്തിലേക്ക് നയിക്കുന്ന വ്യക്തി, താന്‍ നിയോഗിക്കപ്പെട്ട കാലഘട്ടത്തിനു വെളിച്ചം പകര്‍ന്നു കൊണ്ട്, നിര്‍വാണത്തിന്റെ നിസീമ മേഖലകളില്‍ മോക്ഷം എന്ന സ്വര്‍ഗ്ഗം പ്രാപിക്കുന്നു. ഇതേ യേശു പറങ്ങുള്ളൂ. ദൈവത്തെ അദ്ദേഹം പിതാവേ എന്ന് ധൈര്യപൂര്‍വം വിളിച്ചു.മനുഷ്യനെ അവിടുന്ന് അയല്‍ക്കാരന്‍ എന്ന് വിളിച്ചു.

വ്യവസ്ഥാപിത സഭകളുടെ വീക്ഷണത്തില്‍ അയല്‍ക്കാരന്‍ എന്നാല്‍ അടുത്ത വീട്ടിലെ ആള്‍ എന്നാണ് പഠിപ്പിക്കല്‍. യേശു പറഞ്ഞ അയല്‍ക്കാരനാവട്ടെ, ഞാനൊഴികെയുള്ള എന്റെ ലോകത്തിലെ എഴുന്നൂറ്റി അന്‍പതു കോടി വരുന്ന മുഴുവന്‍ മനുഷ്യരുമാണ്.മരങ്ങളും, ചെടികളും, പൂക്കളും, പുഴുക്കളും, ഞാഞ്ഞൂലുകളും എന്റെ അയല്‍ക്കാരാണ്. അവരെ ഞാന്‍ എന്നെപ്പോലെ സ്‌നേഹിക്കേണം എന്നാണ് യേശു പറഞ്ഞത്. സ്‌നേഹിക്കണം എന്ന് പറഞ്ഞാല്‍, ' ഹലോ, ഹൌ ഡു യു ഡു ' എന്ന് പറഞ്ഞു കൊണ്ടുള്ള ഒരു പെര്‍ഫോമന്‍സ് മാത്രമല്ല അര്‍ത്ഥമാക്കുന്നത്. ആകാശത്തിനു കീഴില്‍ എനിക്കുള്ള സര്‍വ റൈറ്റുകളും അവനും ഉണ്ടന്ന് അംഗീകരിക്കുകയാണ്. എന്റെ ജീവനെ ഞാന്‍ കരുതുന്നത് പോലെ, അവന്റെ ജീവനെ കരുതുന്നതുനുള്ള ചുമതലയും എനിക്കുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, സ്‌നേഹിക്കുക എന്ന യേശുവിന്റെ വാക്ക് യേശു ഉദ്ദേശിച്ച അതേ അര്‍ത്ഥത്തിലെടുക്കുന്‌പോള്‍ 'കരുതുക ' എന്നായി രൂപം മാറുന്നത് കാണാം. അപ്പോള്‍ സ്‌നേഹം എന്നാല്‍ കരുതല്‍ എന്നായിത്തീരുന്നു. നാം കരുതേണ്ടിയിരിക്കുന്നു.നമ്മുടെ അയല്‍ക്കാരന് വേണ്ടി, അയല്‍ക്കാരന്‍ എന്ന മുഴുവന്‍ ലോകത്തിന് വണ്ടി നാം കരുതേണ്ടിയിരിക്കുന്നു. ഇതാണ് യേശുവിന്റെ സുവ്യക്തമായ സുവിശേഷം.

ലോകത്താകമാനമുള്ള ദരിദ്ര മേഖലകളില്‍ ഹെലികോപ്റ്ററില്‍ പറന്നെത്തി നാം റൊട്ടി താഴോട്ടിടുന്നുണ്ട്.ചളിവെള്ളക്കുളങ്ങള്‍ക്കരികില്‍ എല്ലുന്തി കണ്ണൊട്ടി കാത്തിരിക്കുന്ന കുരുന്നുകള്‍ അതെടുത്ത് തിന്നുന്നുമുണ്ട്. ഡോക്ടറേറ്റ് നേടിയ തീയോളജിയന്‍സ് ഇതും ചൂണ്ടി സുവിശേഷിക്കുന്നുമുണ്ട്. പക്ഷെ, ഇതല്ലാ ക്രിസ്തുവിന്റെ സുവിശേഷം. നമ്മുടെ മേശക്കടിയില്‍ വീഴുന്ന അപ്പത്തിന്റെ മുറിക്കഷണങ്ങള്‍ ഹെലികോപ്റ്ററില്‍ നിന്ന് വലിച്ചെറിയുന്നതല്ല സുവിശേഷം. അവരുടെ അവകാശങ്ങളിന്മേല്‍ നാം കൈവച്ചതു കൊണ്ടാണ് അവര്‍ക്കില്ലാതെ പോയത് എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. ലോകത്താകമാനമുള്ള മനുഷ്യന് വേണ്ടതെല്ലാം ഇവിടെ ഉണ്ടാവുന്നുണ്ട്. പഞ്ച ഭൂതങ്ങളുടെ സംയോഗമായ മനുഷ്യന് നിലനില്‍ക്കാനാവശ്യം പഞ്ചഭൂതങ്ങള്‍ തന്നെയാണ്. ആകാശവും, അഗ്‌നിയും, വായുവും, ജലവും, പൃഥ്വിയും ഇവിടെ സമൃദ്ധമാണ്.

അവ പങ്കു വയ്ക്കുന്നതില്‍ ദയനീയമായി നാം പരാജയപ്പെട്ടു. ദൈവത്തിന്റെ ഭൂമിക്കു മേല്‍ അതിരുകള്‍ വരച്ചു കൊണ്ട് നാം രാഷ്ടീകരിക്കപ്പെട്ടു. മനുഷ്യന്റെ നെറ്റിയില്‍ ലേബലുകള്‍ ഒട്ടിച്ചു കൊണ്ട് നാം വംശീകരിക്കപ്പെട്ടു. അതിരുകളില്ലാത്ത ലോകവും, ലേബലുകളില്ലാത്ത മനുഷ്യനും എന്ന ദൈവത്തിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുവാന്‍ നാം സമ്മതിച്ചില്ല. ഒന്ന് മറ്റൊന്നിനെ അടിമയാക്കുകയും, അതിന്റെ മേല്‍ അധീശത്വം നേടിനേടുകയും ചെയ്തതാണ് നമ്മുടെ സംസ്കാരം. ഇത് മുന്നേറ്റമാണെന്നാണ് നമ്മുടെ പുത്തന്‍ വാദം. ഈ വാദം ക്രിസ്തീയതയല്ല. നമുക്ക് വേണ്ടി ദൈവം തന്ന വിഭവങ്ങള്‍ പങ്കുവയ്ക്കണം എന്നാണ് യേശു പറഞ്ഞത്.വ്യക്തികളെയും, സമൂഹങ്ങളായും, രാജ്യങ്ങളെയും നാമിതു നിരാകരിച്ചു.

നൂറു മഞ്ചാടിക്കുരുക്കളും, നൂറു കുട്ടികളുമുണ്ടന്ന് കരുതുക. ഒരു കുട്ടി ഒന്ന് വീതം എടുക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും മഞ്ചാടി കിട്ടുന്നു. ആകാശം എന്ന വലിയ മേല്‍ക്കൂരക്കടിയില്‍ മനുഷ്യവര്‍ഗം ഈ കുട്ടികളെപ്പോലെയാണ്. വിഭവങ്ങള്‍ എന്ന മഞ്ചാടിക്കുരുക്കളില്‍ ഒന്നിനേ എനിക്കവകാശമുള്ളു. എനിക്കവകാശപെട്ട ഒന്നേ ഞാനെടുക്കുന്നുവെങ്കില്‍ പ്രശ്‌നമില്ല. ഒന്നിലും, രണ്ടിലുമല്ല, അഞ്ചിലും, പത്തിലും ഞാന്‍ തൃപ്തനാവുന്നില്ല. ഇവിടെ പ്രശ്‌നമുണ്ടാവുന്നു. ഇതേ അനുപാതത്തില്‍ പലരുടെയും കൈയില്‍ ഒന്നും എത്തിപ്പെടാതെ പോകുന്നു. എല്ലാവര്ക്കും എല്ലാം കിട്ടുന്ന സംവിധാനമാണ് യേശുവിന്റെ സുവിശേഷം. ഇത് നടപ്പിലാവുന്നതിനായി അവിടുന്ന് മുന്നോട്ടു വച്ച പ്രായോഗിക പരിപാടിയാണ് സ്‌നേഹം എന്ന ' കരുതല്‍ '.

ആദിമ െ്രെകസ്തവ സഭ ഈ സംവിധാനത്തില്‍ ആണ് ചിട്ടപ്പെടുത്തിയിരുന്നത്. ഓരോരുത്തരും തങ്ങളുടെ ആസ്തികള്‍ പൊതുവായി വച്ചു. അതില്‍ നിന്നും അവനവന് ആവശ്യമുള്ളതും, അവകാശപ്പെട്ടതും മാത്രം സ്വീകരിച്ചു. ഏവരും അയല്‍ക്കാരായി വര്‍ത്തിച്ച ആ സംവിധാനവും പൊളിക്കാന്‍ ആളുണ്ടായി. അനന്യാസും, സഫീറയും. പൊതുവില്‍ നിന്ന് കുറച്ചെടുത്ത് അവര്‍ സ്വന്തമാക്കി വച്ചു. കഠിനമായ ദൈവ കോപത്തിന് മുന്നില്‍ അവര്‍ വിറച്ചു മരിച്ചു വീണു!

ഓരോ ക്രിസ്ത്യാനിയും ഈ പാഠം ഉള്‍ക്കൊള്ളേണ്ടതാണ്. ഓരോ ക്രിസ്മസും നിന്നെ ഓര്‍മ്മിപ്പിക്കുകയാണ് തിരിച്ചു നടക്കുവാന്‍. നീയൊഴികെയുള്ള നിന്റെ ലോകമാകുന്ന അയല്‍ക്കാരനെ സ്വയം നഷ്ടപ്പട്ടു കൊണ്ടും കരുതുവാന്‍!

ഇന്ന് നാം വളരെ വൈകി. എങ്കിലും സജീവമായി യേശു എന്ന രക്ഷയുടെ കിളിവാതില്‍ നമുക്ക് മുന്നിലുണ്ട്. തികഞ്ഞ സത്യസന്ധതയോടെ നാം അതിലൂടെ കടക്കണമെന്ന് മാത്രം?. ഈമാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓരോ മനുഷ്യനും സ്വതം ജീവിതത്തില്‍ സ്വര്‍ഗം അനുഭവേദ്യയിത്തടങ്ങും.ജീവിതവും, മരണവും ഒരേ ഫീലിംഗ്‌സ് പ്രദാനം ചെയ്യും. മരണം മധുരോദാരമായ ഒരനുഭൂതിയായി മാറും!

ലോകത്താകമാനമുള്ള മനുഷ്യാവസ്ഥകളില്‍ ഇത് വന്പിച്ച പരിവര്‍ത്തനങ്ങള്‍ ഉളവാക്കും.ഇറാക്കിലെ പിഞ്ചു കുട്ടികള്‍ക്കും, അവരുടെ മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി നാം കൊടുത്തയാക്കുന്നത്, ക്രൂയിസ് മിസ്സൈലുകളില്‍ ഘടിപ്പിക്കപ്പെടുന്ന ' നാപാം ' ബോംബുകളായിരിക്കുകയില്ല, വര്‍ണ്ണക്കടലാസുകളില്‍ പൊതിഞ്ഞു വച്ച ബേബി ഫുഡും, പോഷകാഹാരവുമായിരിക്കും!

കരയിലും, കടലിലും, ആകാശത്തിലുമായി നാം ഒളിപ്പിച്ചു വച്ച ആണവത്തലപ്പുകളുള്ള മിസൈലുകള്‍ പുരാവസ്തു ഗവേഷണ ശാലകളിലേക്കു മാറും. നിര്‍വീര്യമാക്കപ്പെട്ട ന്യൂക്ലിയര്‍ ബോംബുകള്‍ കൊണ്ട് കുട്ടികള്‍ വഴിയോരങ്ങളില്‍ കളിപ്പന്തുകള്‍ തീര്‍ക്കും. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് അതിരുകള്‍ അപ്രത്യക്ഷമാവും. മനുഷ്യരുടെ നെറ്റികളില്‍ നിന്ന് ലേബലുകള്‍ പറിച്ചെറിയപ്പെടും. മനുഷ്യനും, മനുഷ്യനും തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഒരു മഹനീയ ലോകം സംജാതമാകും, പുതിയ ആകാശവും, പുതിയ ഭൂമിയും ഉണ്ടാവും, ബാല സിംഹങ്ങളുടെ അണപ്പല്ലുകളില്‍ കുട്ടികള്‍ എണ്ണം പഠിക്കും, അണലികളുടെ മാളങ്ങളില്‍ നിന്ന് ശിശുക്കള്‍ക്ക് ചുംബനമേല്‍ക്കും, ഓരോ ക്രിസ്മസിലും യേശു വരും, ഇരുട്ടില്‍ സഞ്ചരിക്കുന്ന ജനം വലിയൊരു വെളിച്ചം ഏറ്റു വാങ്ങും, ദൈവരാജ്യം ഭൂമിയിലേക്കിറങ്ങി വരും, ഭൂമി സ്വര്‍ഗ്ഗമായി മാറും!,

പ്രതീക്ഷകളും, സ്വപ്നങ്ങളും പേറി വീണ്ടും ക്രിസ്മസ് വരികയാണ്, ആശംസകള്‍!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക