Image

അച്ഛനെക്കാത്ത് : ഇനിയും പെയ്തു തോരാത്ത ഓര്‍മ്മത്തുള്ളികളില്‍ നിന്നെടുത്ത ഒരു കഥ (രാജീവ് പഴുവില്‍)

Published on 22 December, 2017
അച്ഛനെക്കാത്ത് : ഇനിയും പെയ്തു തോരാത്ത ഓര്‍മ്മത്തുള്ളികളില്‍ നിന്നെടുത്ത ഒരു കഥ (രാജീവ് പഴുവില്‍)
രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയത്താണ്.

കാലവര്‍ഷം!

ഇടതടവില്ലാതെ നിന്ന് പെയ്ത മഴ, അടുത്തു പുറത്തുള്ള തോടുകളിലും, പുഴയിലും പാടത്തും ഒക്കെ ജലനിരപ്പുയര്‍ത്തി. ചിലയിടങ്ങളില്‍ റോഡുകള്‍ വെള്ളം കേറി തോടുകളായി.

എന്നാല്‍ കഴിഞ്ഞ രണ്ട് വസങ്ങള്‍ മഴ പെയ്തതേയില്ല . പിടിച്ചിട്ട പോലെ നിന്നു..
നല്ല വെയില്‍.

ശരിക്കും വേനല്‍ തിരിച്ചെത്തിയ പോലെ.

മാനത്തു നല്ല തെളിച്ചം.

പടിഞ്ഞാറോട്ടു മുഖമുള്ള വീടിന്റെ ഉമ്മറത്തിരുന്നു ചവിട്ടു പടിയിലേക്ക് കാലും ഇറക്കി വെച്ച് ഏതോ പുസ്തകം വായിക്കുകയായിരുന്നു ഞാന്‍.

അനിയന്‍ കുറച്ചു പിന്നിലായി, ഉമ്മറത്തുനിന്നും അകത്തേക്കുള്ള വാതിലിനരികില്‍ ഇരുന്നു തറയില്‍ എന്തോ ഓടിച്ചു കളിക്കുകയാണ്. അനിയത്തി കിഴക്കെപുറത്തെവിടെയെങ്കിലും ആയിരിക്കും.
ചേട്ടന്‍ വീട്ടില്‍ ഇല്ല, അമ്മയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്.

സമയം രാവിലെ ഒരു പത്തു മണി ആയിക്കാണണം.
കിഴക്കു നിന്നുള്ള സൂര്യന്റെ പ്രകാശം മേല്‍ക്കൂരയുടെ നിഴല്‍ മുറ്റത്തു വരച്ചിടും. അത് നോക്കി സമയം ഊഹിക്കാന്‍ ഞങ്ങള്ക്കറിയാം. അച്ഛന്‍ വീട്ടില്‍ ഇരുന്നു പണിയുമ്പോള്‍ കൂടെയുള്ള പണിക്കാര്‍ ചായ കുടിക്കാനും, ഊണ് കഴിക്കാനുമുള്ള സമയം നോക്കുന്നതങ്ങിനെയാണ്. അത് ഞങ്ങള്‍ കണ്ട് പഠിച്ചു.

മുറ്റത്തിനപ്പുറം തെക്കു വടക്കായി രണ്ട് ഭാഗത്തേക്കും ചരിഞ്ഞിറങ്ങുന്ന വഴി. അവിടവിടെ കുണ്ടും കുഴിയും പാറക്കല്ലുകളും ഉള്ള ഒരു ചെമ്മണ്‍ പാത. ഒരു കാര്‍ കടന്നു പോകാനുള്ള വീതിയുണ്ട്.

വടക്കോട്ടു കുറച്ചു ദൂരം നടന്നാല്‍ താഴെ മെയിന്‍ റോഡില്‍ ചെന്ന് ചേരുന്നു. തെക്കോട്ടേക്കുള്ള ഇറക്കം വീതി കുറഞ്ഞു കുറഞ്ഞു ചെറിയ കൈവഴിയായി പാടത്തു ചെന്ന് അവസാനിക്കുന്നു.

വൈദ്യുതി ഇനിയും ആ ഭാഗത്തേക്കെത്തിയിട്ടില്ല.

രാത്രി വഴി നടക്കാന്‍ പക്ഷെ ഞങ്ങള്‍ക്ക് ടോര്‍ച്ചിന്റെയോ ചൂട്ടിന്റെയോ ആവശ്യമില്ല. ഓരോ കല്ലും കുഴിയും എവിടെയെന്നു ചിരപരിചയം കൊണ്ട് വ്യക്തമായി കാലുകള്‍ക്കറിയാം. ഇരുട്ടിയാല്‍, മിക്കവാറും പേടി മൂലം ഒരോട്ടം വെച്ച് കൊടുക്കാറാണ് പതിവ്. നാളിതുവരെ ഒന്ന് ഇടറി വീഴുകയോ , പോറുകയോ ഉണ്ടായിട്ടില്ല.

അച്ഛന്‍ ഒരു ഒമ്പതു മണിയോടെ പുറത്തെവിടെയോ പോയിരിക്കുന്നു. സന്തത സഹചാരിയായ സൈക്കിള്‍ വീട്ടില്‍ വെച്ചിട്ടാണ് പോയിരിക്കുന്നത്. എന്ന് വച്ചാല്‍ കുറച്ചു ദൂരെ എവിടേക്കോ ആയിരിക്കണം.

അമ്മ ഒരു കയ്യില്‍ പായയും മറ്റേ കയ്യില്‍ ഒരു സഞ്ചിയും ആയി മുറ്റത്തേക്കിറങ്ങി.മഴക്കാലത്ത് പലചരക്കു സാധനങ്ങളെല്ലാം ഈര്‍പ്പം കേറി ആകെ തണുത്തിരിക്കും. അതില്‍ ചിലതു ഉണക്കിയെടുക്കാനുള്ള എടുക്കാനുള്ള ശ്രമം ആണ്.

'നോക്കണം ട്ടാ' , പായ വിരിച്ചിട്ടു സഞ്ചിയില്‍ നിന്ന് പല പൊതികള്‍ തുറന്ന് ഓരോന്നായി കുടഞ്ഞു പരത്തിയിട്ടു തിരിച്ചു ഇറയത്തേക്കു കേറവേ അമ്മ പറഞ്ഞു.

ആളൊന്ന് മാറുമ്പോഴേക്കും പരിസരത്തുള്ള,കോഴികളും, ചിലപ്പോള്‍ കാക്കകളും കാര്യം അന്വേഷിക്കാനെത്തും. എല്ലാം ചിക്കി പരത്തും,.കൊത്തി തിന്നും. അവറ്റകളെ ഓടിക്കല്‍ ഇനി എന്റെയും അനിയന്റെയും ചുമതലയാണ്,

എതിര്‍വീട്ടില്‍ താമസിക്കുന്ന മമ്മതാലിക്ക വഴിയിലേക്കിറങ്ങി വന്നു, പടിക്കല്‍ നിന്ന് അച്ഛനെ അന്വേഷിച്ചു.
' വാര്യത്തേക്കു പോയിരിക്കാ. അവടന്ന് നേരെ തൃശ്ശൂര്‍ക്ക് പോകും. തീരിച്ചു വരാന്‍ വൈകും ' അമ്മ പറഞ്ഞു.
'ആ... വന്നിട്ട് ഒരാവശ്യംണ്ട് , ഞാന്‍ ഇപ്പൊ റോട്ടിലോട്ടു ഒന്ന് പുവ്വാ' ഇക്ക പറഞ്ഞു. പിന്നെ വടക്കോട്ടു നടന്നു.

അമ്മ അകത്തേക്കു കയറി.

മുറ്റത്തു കുറച്ചു തെക്കു പടിഞ്ഞാറ് മാറി ഒരു ഗന്ധരാജന്‍ ചെടി. ( ചക്ക മുല്ല എന്നും പറയും) പൂത്തുലഞ്ഞു നില്‍ക്കുന്ന സമയത്തു പരിസരത്തു സുഗന്ധം പരത്തും..
വെളുത്ത ഇതളുകള്‍ ഉള്ള വലിയ പൂക്കള്‍. ചക്ക മുല്ല എന്നാണ് പേരെങ്കിലും മുല്ലപ്പൂവുമായി നിറം കൊണ്ടാണ് സാമ്യം, ആകൃതിയും ഗന്ധവും വേറെയാണ്.
എന്ത് കൊണ്ടോ സമീപത്തുള്ള വീടുകളില്‍ ഒന്നും ഈ ചെടി വളര്‍ന്നില്ല. അത് കൊണ്ട് പൂക്കാലം വന്നാല്‍ എല്ലാവരും പൂവിനായി ഇങ്ങോട്ടു വരും.

തൊട്ടപ്പുറത്തു ഒരു മുള്ളന്‍കൈനി. അതിന്മേല്‍ ഒരു കോളാമ്പി ചെടി വള്ളിപോലെ പടര്‍ന്നു ചുറ്റി യിരിക്കുന്നു. വസന്തത്തില്‍ , മഞ്ഞ നിറത്തില്‍ കോളാമ്പിയുടെ ആകൃതിയില്‍ ഉള്ള പൂക്കള്‍ കടും പച്ച നിറത്തിലുള്ള ഇലകള്‍ക്കിടക്കു വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ നല്ല ചേലാണ്.

അതിനുo കുറച്ചു പിന്നില്‍ ഒരു ചെറിയ അശോക മരം.

'അച്ഛന്റെ പേരില്‍ ഒരു മരം'' എന്ന് ഞങ്ങള്‍ കൗതുകം കൂറാറുണ്ട്.

അത് പുരയുടെ ഒപ്പം ഉയരം എത്തിയാല്‍ നല്ലതല്ല എന്ന് ആരോ പറഞ്ഞു കേട്ടതില്‍പ്പിന്നെ ഇടയ്ക്കിടക്ക് അതിന്റെ തലപ്പത്തേക്കു നോക്കി. ''ഏയ്..ഇല്ല, അത്രേം ഉയരമെത്താന്‍ ഇനിയും കൊല്ലങ്ങളെടുക്കും'' എന്ന് ഉറപ്പു വരുത്താറുണ്ട്.

അറിയാതെ കണ്ണുകള്‍ അശോകമരത്തിലേക്കെത്തി.
ഒരു അണ്ണാന്‍ പകുതിയോളം ഉയരത്തില്‍ തടിയില്‍ തലകീഴായി ഇരുന്നു എന്തോ കൊറിക്കുന്നു.
നോക്കിയിരിക്കെ അത് സാവകാശം താഴോട്ടിറങ്ങി മുറ്റത്തുകൂടെ റോഡിലേക്കോടി. അവിടെ എത്തിയതും രണ്ട് കാലില്‍ ഇരുന്നു വടക്കോട്ടൊന്ന് നോക്കി അത്യുച്ചത്തില്‍ ചിലച്ചു ബഹളം വെച്ച് തിരിച്ചോടി മരത്തില്‍ പാഞ്ഞു കയറി. തടിക്ക് ചുറ്റും വട്ടമിട്ടു ചിലച്ചു കൊണ്ട് ഇരുന്നു.

വടക്കുനിന്നും ആരോ സൈക്കിള്‍ ചവിട്ടി വന്നതാണ്.
കയറ്റം കയറി വീടിനടുത്തെത്തുമ്പോള്‍ ഒരു മാതിരി ആരും കിതച്ചു പോകും.

എന്തോ കൂവി വിളിച്ചു കൊണ്ടാണ് വരവ്. പടിക്കലെത്തിയതും കിതപ്പ് മാറാന്‍ നില്‍ക്കാതെ അടുത്ത് പുറത്തുള്ളോരൊക്കെ കേള്‍ക്കും വിധം വീണ്ടും ഉറക്കെ പറഞ്ഞു.
'കുറച്ചു മുന്‍പ് തൃശ്ശൂര്‍ക്ക് പോയ ഒരു ബസ് കനാലില്‍ മറിഞ്ഞു....കുറച്ചാള്‍ക്കാര്‍ മരിച്ചൂന്നാ കേക്കണത്.. ആരൊക്കെ ആണോ ദൈവേ'....

അടുക്കളയില്‍ ആയിരുന്ന അമ്മ അത് കേട്ടു പരിഭ്രമത്തോടെ പുറത്തേക്കു പാഞ്ഞു വന്നു.

അയ്യോ... ഇവിടത്തെ ആള്‍ തൃശ്ശൂര്‍ക്ക് പോയിട്ടുണ്ടല്ലോ ഈശ്വരാ..നിങ്ങള് ആരെങ്കിലും ആളെ കണ്ടോ ?

' ഓ അശോകേട്ടന്‍ പോയിട്ടുണ്ടാ... ഞാന്‍ കണ്ടില്ല ചേച്ചി. പോയി നോക്കീട്ടു വരാം ' സൈക്കിള്‍ കാരന്‍ പറഞ്ഞു. അച്ഛനെ അറിയാത്തവര്‍ ആ നാട്ടില്‍ ചുരുക്കമാണ്. പ്രശസ്തിയാര്ജിച്ചു വരുന്ന വാസ്തു വിദഗ്ദ്ധന്‍.

ഈ സൈക്കിള്‍ കാരനെ ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്. തെക്കു ഭാഗത്തു പുതിയതായി താമസത്തിനു വന്നതായിരിക്കും.

പറഞ്ഞു തീരുമ്പോഴേക്കും റോഡിലേക്ക് പോയ മമ്മതാലിക്ക ഓടി മുറ്റത്തെത്തി.

'അവിടെ സുലൈമാന്റെ ചായക്കടേന്ന് കേട്ടപ്പോ ഓടി വന്നതാ. ആള്‍ക്കാര്‍ പലതും പറയ്ണ്ട്.നിങ്ങള് വിഷമിക്കണ്ട ..മൂപ്പര്‍ ആ വണ്ടീല്‍ കേറീട്ടുണ്ടാവില്ല'.

ഞങ്ങളെ ആശ്വസിപ്പിക്കാന്‍ ഓടി വന്നതാണ്.
ആ സൈക്കിള്‍ എവ്‌ടെ ? കനാല്‍ വരെ ഒന്ന് പോയി അന്വേഷിച്ചിട്ടു വരാം. വാര്യേത്തക്കും ആരെങ്കിലും വിടാം. കക്ഷി ചിലപ്പോ അവിടെ തന്നെണ്ടാവും..തൃശ്ശൂര്‍ക്ക് പുറപ്പെട്ടിട്ട്ണ്ടാവില്യ'

എനിക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി വരുന്നതേ ഉള്ളു.

മമ്മതാലിക്ക സൈക്കിള്‍ എടുത്തു, പോകാന്‍ തുടങ്ങിയതും ഭാര്യ സെബിയാത്ത കാര്യം അറിഞ്ഞെത്തി. അപ്പോഴേക്കും തൊട്ടപ്പുറത്തുള്ള വീടുകളില്‍ നിന്നും മറിയുമ്മത്തയും, രമണിയേടത്തിയും രാധേച്ചിയും ജയേട്ടനും എല്ലാം മുറ്റത്തെത്തി.

വീടുകള്‍ തൊട്ടടുത്താണ്. പേരിനു ഓരോ വേലികള്‍ ഉണ്ടെന്നേ ഉള്ളൂ.
ഇവിടെന്നൊന്നു ഉച്ചത്തില്‍ വിളിച്ചാല് നാലു വീട്ടിലും കേക്കും.
'നീ വിഷമിക്കേണ്ടെടീ , അശോകര് അതില് ണ്ടാവില്ല. ആ ബസ് മാത്രല്ലല്ലോ തൃശ്ശൂര്‍ക്ക് '.

അത് കേള്‍ക്കെ ചെറിയ പേടി എന്നെ ഗ്രസിച്ചു.

നാട്ടുകാര്‍ക്കു വളരെ പ്രിയപ്പെട്ട ആളാണ് അച്ഛന്‍.
എന്ത് കാര്യത്തിനും അച്ഛന്റെ അടുത്താണ്. ആദ്യം വരുന്നത്. കൂട്ടത്തില്‍ ഏറ്റവും അറിവും വിവേകവും ഉള്ളയാള്‍. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചിട്ടും, മൂന്നാം ക്ലാസ്സില്‍ പഠനം നിറുത്തേണ്ടി വന്നിട്ടും സ്വപ്രയത്‌നം കൊണ്ട് കണക്കും , സംസ്‌കൃത ഭാഷയും വാസ്തു വിദ്യയും സ്വായത്തമാക്കിയവന്‍ .മലയാള സാഹിത്യത്തിലും, ഇംഗ്ലീഷിലും ആവശ്യത്തിനു പരിജ്ഞാനം. കലാസംഘടനയുടെ സെക്രട്ടറി. സ്വന്തമായി ഒരു കയ്യെഴുത്തു മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്.
ഇതിനൊക്കെ പുറമെ, പരോപകാരി.

അങ്ങനെ ഉള്ള ആള്‍ക്ക്..
' ഏയ് , ഒന്നുണ്ടാവുല്ല, അച്ഛനൊന്നും പറ്റില്ല'. ഞാന്‍ ആശ്വസിച്ചു.

വീട്ടുമുറ്റത്തു ആള്‍ക്കാരുടെ എണ്ണം അടിക്കടി കൂടി വന്നു.
രണ്ട് മൂന്ന് വീടപ്പുറത്തു നിന്ന് ചെറിയമ്മ വിവരം കേട്ടോടിയെത്തി. പിന്നെ അമ്മക്ക് കരച്ചില്‍ പിടിച്ചു നിര്‍ത്താന്‍ പറ്റിയില്ല.
ഉമ്മറത്തു ഒരു കസേരയിലിരുന്നു അമ്മ വിങ്ങിപ്പൊട്ടി തുടങ്ങി. ആശ്വാസ വാക്കുകള്‍ പറയുന്നതിനിടക്ക് ചെറിയമ്മക്കും കരച്ചില്‍ വന്നു.

ഞങ്ങള്‍ മക്കള്‍ എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങി നില്‍ക്കുകയാണ്.

മിനിറ്റുകള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം.

ഉദ്ദേശം അര മണിക്കൂര്‍ ആയപ്പോള്‍ , വാര്യത്തേക്കു അന്വേഷിച്ചു പോയ ആള്‍ തിരിച്ചെത്തി. അച്ഛന്‍ അവിടെ നിന്നും തൃശ്ശൂര്‍ക്ക് പോകാന്‍ കുറച്ചു നേരം മുന്‍പ് ഇറങ്ങിയിട്ടുണ്ടായിരുന്നു എന്ന് ആള്‍ മടിച്ചു മടിച്ചു പറഞ്ഞു.

അത് കേട്ടപ്പോള്‍ ഞങ്ങള്‍ എല്ലാവരുടെയും സങ്കടം കൂടി.
റോഡില്‍ നിന്ന് ഇടയ്ക്കിടെ ഓരോരുത്തര്‍ വരുന്നുണ്ട്. അച്ഛന്‍ ബസ് കാത്തു നില്‍ക്കുന്നത് കണ്ടവരുണ്ട് എന്ന് ചിലര്‍ അടക്കം പറഞ്ഞു.

അവര്‍ക്കറിയാവുന്നതു വെച്ച് മറിഞ്ഞു കിടന്ന ബസില്‍ നിന്നും കുറച്ചു പേര്‍ നീന്തി കരക്ക് കയറിയിട്ടുണ്ട്.. കനാല്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്നതിനാല്‍ ശക്തിയായ കുത്തൊഴുക്കാണ്. ചിലര്‍ ഒഴുകിപ്പോയിട്ടുണ്ടെന്നു സംശയമുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുകയാണ്. ഇനിയും കുറച്ചു പേര് ബസിനുള്ളില്‍ കുടുങ്ങി കിടക്കുന്നു എന്നാണറിവ്.

അമ്മ കരഞ്ഞു തളര്‍ന്നു.
ഇപ്പോള്‍ കൂടെ നിന്നിരുന്ന സ്ത്രീകളും കുറേശ്ശേ ഏങ്ങലടിക്കാന്‍ തുടങ്ങി.

സഹതാപം നിറഞ്ഞ പല കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ക്ക് മേല്‍ പതിയുന്നുണ്ട്.

അച്ഛന് നീന്തല്‍ അറിയുമോ എന്നാലോചിച്ചു.
എല്ലാം അറിയുന്ന ആള്‍ക്ക് അതും അറിയാതിരിക്കില്ല.
' കൃഷ്ണാ, കാത്തോളണേ', മനസ്സില്‍ പ്രാര്‍ത്ഥിച്ചു. അച്ഛന്റെ ഇഷ്ട ദൈവം കൃഷ്ണനാണ്.

സമയം ഉച്ച കഴിഞ്ഞു.
കാത്തിരിപ്പു തുടങ്ങിയിട്ട് രണ്ട് മണിക്കൂറോളമായി.

സൂര്യന്‍ തലയ്ക്കു നേരെ മുകളില്‍ എത്തിയതും മേല്‍ക്കൂരയുടെ നിഴല്‍ ഇല്ലാതായതും, ഉച്ചച്ചൂടിന്റെ കാഠിന്യവും ഒന്നും..ഒന്നും ഞങ്ങള്‍ അറിഞ്ഞില്ല.

പേരിനു പോലും ഒരു ചെറു കാറ്റ് ആ വഴി വന്നില്ല. ഇടയ്ക്കിടയ്ക്ക് മര്‍മരം ഉതിര്‍ക്കാറുള്ള അശോകമരത്തിന്റെ ഇലകള്‍ നിശ്ചലമായി നിന്നു.

അണ്ണാന്റെ ശബ്ദവും കേള്‍ക്കാനില്ല.

കാത്തു നിന്നവരില്‍ പലരും പോയി, മറ്റു പലര്‍ വന്നു.

അമ്മ കുഴഞ്ഞു തളര്‍ന്നു ഉമ്മറത്ത് കിടന്നു.

ഒന്നുമറിയാതെ ഉള്ള ഈ കാത്തിരിപ്പിനൊരവസാനമില്ലേ ?
സഹിക്കാന്‍ പറ്റാത്ത നൊമ്പരത്തില്‍ മനസ്സ് പിടഞ്ഞു , ഗദ്ഗദം തൊണ്ടയില്‍ കുരുങ്ങി. ഉള്ളില്‍ കൊളുത്തി വലിക്കുന്ന വേദന.

പെട്ടെന്ന് ....

ആള്‍ക്കൂട്ടത്തില്‍ പിറു പിറുപ്പു കേട്ടു.
മമ്മതാലിക്ക തിരിച്ചെത്തിയിരിക്കുന്നു. വിവരം അറിഞ്ഞു കൂടെപ്പോയ പാപ്പനും ഉണ്ട്.

എല്ലാവരുടെയും കണ്ണുകള്‍ പ്രതീക്ഷയോടെ അവരിലേക്ക് ചെന്നു.

'' രക്ഷാ പ്രവര്‍ത്തനo ഒരുമാതിരി അവസാനിച്ചു. ബസ് കുറേശ്ശേ പൊക്കി കനാലിന്റെ സൈഡ്-ലേക്ക് നീക്കിയിട്ടുണ്ട്. അവിടെ അരിച്ചു പെറുക്കി നോക്കി പക്ഷെ ആളെ അവിടെയൊന്നും .....''
മടിച്ചു മടിച്ചു പറഞ്ഞു ആള്‍ തല കുനിച്ചു നിന്നു.

ആ പ്രതീക്ഷയും കൈ വിട്ടുവോ ?

'അമ്മ ഉറക്കെ കരഞ്ഞു. അടുത്ത് നിന്നിരുന്ന അനിയത്തിയും.
' എനിക്കും എന്റെ കുട്ട്യോള്‍ക്കും ഇനി ആരും ഇല്ല്യല്ലോ ന്റെ ഈശ്വരാ'..
ഞാന്‍ അനിയനേം കൂട്ടി അമ്മക്കടുത്തേക്കു ചെന്നതും 'മക്കളേ' എന്ന് വിളിച്ചു കെട്ടിപ്പിടിച്ചു വീണ്ടും കരച്ചിലായി. പിന്നെ പതിയെ ബോധം മറഞ്ഞ പോലെ നിലത്തു വീണു. അത് കണ്ട് ഞങ്ങളും കരച്ചിലായി.

കണ്ട് നിന്നവരില്‍ ചിലര്‍ കണ്ണുകള്‍ തുടച്ചു.

എന്റെ കണ്ണുകള്‍ അശോക മരത്തിലേക്ക് അറിയാതെ വീണ്ടും..

പെട്ടെന്ന്...

ആ ഇലകള്‍ ഒന്നനങ്ങിയൊ?

അതെ... ഒരു ചെറിയ കാറ്റില്‍ ഇലകള്‍ വീണ്ടും മര്‍മരം ഉതിര്‍ക്കുന്നുവോ?

മുള്ളന്‍കൈനിയില്‍ നിന്ന് ഒരു കാക്ക ചിറകടിച്ചു 'കാ' 'കാ' എന്ന് ശബ്ദിച്ചു പടിഞ്ഞാറേ വേലിയില്‍ ചെന്നിരുന്നു തല ചെരിച്ചു നോക്കി.

അപ്പോള്‍ .. !

വഴിയരികിലെ ഞാവല്‍ മരത്തില്‍ അണ്ണാന്റെ ചിലച്ചില്‍...നിറുത്താതെ ഉച്ചത്തില്‍ ...

വടക്കോട്ടു നോക്കി ഒരാള്‍ ഉറക്കെ പറഞ്ഞു ..

''ആരോ ഓടി വരുന്നുണ്ടല്ലോ... ആരാണെന്നു മുഴുവന്‍ മനസ്സിലാവുന്നില്ല ...ഇനി...''

ഇവിടുന്നു നോക്കിയാല്‍ വഴിയുടെ അങ്ങേ അറ്റത്തു ഒരു പൊട്ടു പോലെയേ കാണൂ..
പിന്നെ ഒരു ഇറക്കവും വീണ്ടും കയറ്റവുമാണ്..
ഇറക്കത്തില്‍ ആളുടെ തല മാത്രമേ കാണൂ...കയറ്റത്തിലോട്ടെത്തുമ്പോഴാണ് വീണ്ടും ഉടല്‍ മുഴുവനായി പ്രത്യക്ഷപ്പെടുക..

മുറ്റത്തു നിന്നിരുന്ന ജനക്കൂട്ടം വഴിയിലോട്ടു പാഞ്ഞു. ആകെ ഒരാരവം..

ഞാന്‍ രണ്ട് ചാട്ടത്തിനു വഴിയില്‍ എത്തി.. വടക്കോട്ടു പാഞ്ഞു.

എനിക്ക് മുന്നേ പലരും വടക്കോട്ടോടിയിരുന്നു.
അപ്പോഴേക്കും കയറ്റം കയറി വരുന്ന ഉടല്‍ തെളിഞ്ഞു കാണായി...

''അശോകേട്ടന്‍...അത് അശോകേട്ടനാണ്'' ..
ആരോ വിളിച്ചു കൂവി..

''അതെ അച്ഛന്‍.''.. ആഹ്‌ളാദത്തള്ളലില്‍ ഞാനും അലറി വിളിച്ചു...

അപ്പോഴേക്കും പിന്നില്‍ ഒരാക്രോശം കേട്ടു... മയങ്ങി കിടന്നിരുന്ന 'അമ്മ നിലവിളിയോടെ തൊട്ടു പിന്നില്‍ ..

അഴിഞ്ഞുലഞ്ഞ മുടിയും കണ്ണീരില്‍ നനഞ്ഞു കുതിര്‍ന്നു അലങ്കോലമായ വസ്ത്രങ്ങളും വകവെക്കാതെ 'അമ്മ മുന്നോട്ടു കുതിച്ചു...

' എന്റെ പൊന്നെ... നിങ്ങളിതെവിടെ പ്പോയി കിടക്കുവായിരുന്നു..ബാക്കിയുള്ളവരെ തീ തീറ്റിച്ചിട്ടു നിങള്‍ എവിടെ..' മുഴുമിക്കാന്‍ നില്കാതെ 'അമ്മ അച്ഛനെ ചുറ്റിപ്പിടിച്ചു വാവിട്ടു കരഞ്ഞു.. കവിളത്തും കഴുത്തിലും മാറി മാറി ഉമ്മ വെച്ചു..വലതു കയ്യാല്‍ അച്ഛന്റെ മാറത്തിടിച്ചു ..

എന്നിട്ടും കണ്ണീര്‍ തോരാതെ ഓരോന്ന് പുലമ്പി കൊണ്ടിരുന്നു.

അമ്മയുടെ മാനസികാവസ്ഥ പൂര്‍ണമായി മനസ്സിലാക്കി അച്ഛന്‍ ഒരു കൈ കൊണ്ട് അമ്മയെ ചേര്‍ത്ത് പിടിച്ചു ....ഇനിയും കിതപ്പ് മാറാതെ ... ഒന്നും പറയാനാകാതെ , സ്വതസിദ്ധമായ ആ പുഞ്ചിരിയുമായി ..അങ്ങനെ നിന്നു.

ഒരിക്കലും നനഞ്ഞു കണ്ടിട്ടില്ലാത്ത ആ കണ്ണില്‍ രണ്ട് നീര്മണികള്‍ പൊഴിഞ്ഞുവോ ?

ഒരു സിനിമയിലെ ദൃശ്യമാണൊ എന്ന് സംശയം ജനിപ്പിച്ച ഈ നിമിഷങ്ങള്‍ കണ്ട് വിസ്മയിച്ചു നിന്ന ഞങ്ങള്‍ എല്ലാവരിലും രണ്ട് തുള്ളി കണ്ണ് നീര്‍ പടര്‍ന്നു..
ആനന്ദക്കണ്ണീര്‍ !

ജീവിതത്തില്‍ ഏറ്റവും അമൂല്യമായതു നഷ്ടപ്പെട്ടിട്ടു തിരിച്ചു കിട്ടുമ്പോള്‍ ..
അഥവാ നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതം തന്നെ തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷ ക്കണ്ണീര്‍ !

അതിനെ വിവരിക്കാന്‍ വാക്കുകള്‍ക്കെവിടെ ശക്തി ?
ഈശ്വരനുണ്ടെന്ന് തോന്നിപ്പോകുന്ന ചില നിമിഷങ്ങള്‍ !
അമ്മയിപ്പോള്‍ പുലമ്പല്‍ നിറുത്തി പരിസരബോധം വീണ്ടെടുത്തു ..
കുറച്ചു ലജ്ജയോടെ ചുറ്റും നോക്കി ..

ഞങ്ങളെക്കണ്ടപ്പോള്‍ ഒരു കൈ കൊണ്ട് ഞങ്ങളെയും അച്ഛനോട് ചേര്‍ത്ത് നിറുത്തി..

പിന്നെ ...ആനന്ദാശ്രുക്കള്‍ തുടച്ചു പുഞ്ചിരിച്ചു കൊണ്ട് പതിയെ എല്ലാവരും വീട്ടിലേക്കു നടന്നു....

ചുറ്റും നിന്നവരും സന്തോഷാശ്രു പൊഴിച്ച് ഞങ്ങളെ അനുഗമിച്ചു.

നടക്കുന്നതിനിടയില്‍ , ചുറ്റുമുള്ളവരുടെ കണ്ണുകളില്‍ ബാക്കി നില്‍ക്കുന്ന ചോദ്യങ്ങള്‍ വായിച്ചെടുത്ത അച്ഛന്‍ എല്ലാവരോടുമായി പറഞ്ഞു.

'മറിഞ്ഞ ബസ്സില്‍ അച്ഛന്‍ ഇല്ലായിരുന്നു. അതിനു തൊട്ടു മുന്‍പിലത്തെ ബസില്‍ ആള്‍ സ്ഥലം വിട്ടിരുന്നു.. തൃശൂര്‍ എത്തി കാര്യങ്ങള്‍ എല്ലാം നടത്തി തിരിച്ചു ബസില്‍ കയറി ഇരുന്നപ്പോഴാണ് ആരോ പറഞ്ഞു വിവരം അറിഞ്ഞത്.. വഴി
അത് വരെ ബ്ലോക്ക് ആയിരുന്നെന്നും ഇപ്പോള്‍ ക്ലിയര്‍ ആയെന്നും കണ്ടക്ടര്‍ പറഞ്ഞു . കനാലില്‍ മറിഞ്ഞു കിടക്കുന്ന ബസ് വഴിമധ്യേ ബസില്‍ ഇരുന്നു കണ്ടു... പഞ്ചായത്തു പടിക്കല്‍ ബസ് ഇറങ്ങിയതും ചുറ്റും ഓടിക്കൂടിയവരോട് ഒന്നും പറയാന്‍ നില്‍ക്കാതെ തന്നെ കാര്യത്തിന്റെ ഗൗരവം മനസ്സിലായി ഓടി വരികയായിരുന്നു ...പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല ', അച്ഛന്‍ പറഞ്ഞു നിറുത്തി.

'ഈശ്വരന്റെ ഓരോ കളികള്‍ ...അല്ലാണ്ടെന്തു പറയാനാ''.. കൂട്ടത്തിലാരോ പറഞ്ഞു.

''എന്നാലും ഒരു നാട് മുഴുവന്‍ നീ തീ തീറ്റിച്ചല്ലോ ഭഗവാനെ...ന്നാലും സാരല്യ ..ല്ലാം നല്ല രീതിയില്‍ കലാശിച്ചല്ലോ...ഈശ്വരാധീനം''...
മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.

**************************************
അടിക്കുറിപ്പ് : സംഭവകഥ ഇങ്ങനെ അവസാനിച്ചപ്പോള്‍
എന്റെ മനസ്സില്‍ മറ്റു ചില ചോദ്യങ്ങളായിരുന്നു.
അച്ഛനും അമ്മയും സ്‌നേഹത്തോടെ സംസാരിക്കുന്നതോ ഒന്നിച്ചിരിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല, അഥവാ ഉണ്ടെങ്കില്‍ കഷ്ടിച്ച് ഒന്നോ രണ്ടോ തവണ മാത്രം. ഇത്ര മാത്രം സ്‌നേഹം അവരുടെ ഉള്ളില്‍ അണ കെട്ടിക്കിടന്നിരുന്നോ ? നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ അല്ലെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ മാത്രം മറ നീക്കി പുറത്തെടുക്കാനുള്ളതാണോ സ്‌നേഹപ്രകടനങ്ങളും നല്ല വാക്കുകളും ?

(ആ തലമുറയില്‍ മിക്കവാറും ഒരു പക്ഷെ എല്ലാവരും അങ്ങനെ ആയിരുന്നിരിക്കാം. )

ജീവിതത്തില്‍ ഇതിനു ശേഷവും സന്തോഷം പകരുന്ന നല്ല നിമിഷങ്ങള്‍ പലതും പെയ്തു തോരാത്ത ഓര്‍മ്മത്തുള്ളികളായി ഇനിയും മനസ്സിലുണ്ട്. ..
പക്ഷേ നഷ്ടപ്പെടലിന്റെ അങ്ങേയറ്റം വരെ എത്തിയിട്ട്, അച്ഛനെ തിരിച്ചു കിട്ടിയ ഈയൊരു ആനന്ദത്തിന്റെ തീവ്രത പക്ഷെ അവക്കൊന്നും ഉണ്ടായിട്ടില്ല തന്നെ.!

പ്രിയപ്പെട്ടവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാതെ അകത്തു കൊണ്ട് നടക്കുന്നവര്‍ ഇപ്പോഴും ഉണ്ട്.

സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്.

അതിന്റെ ഊഷ്മളത പുറത്തു കൊണ്ട് വരാന്‍ മേല്പറഞ്ഞ സംഭവങ്ങള്‍ പോലെയുള്ള അവസരങ്ങള്‍ക്കു കാത്തിരിക്കണമെന്നില്ല.

വീട്ടിലുള്ളവരെ നല്ലതു പറഞ്ഞു സന്തോഷിപ്പിക്കാനും, ചിരിക്കാനും, ഇടക്കൊക്കെ ഒന്ന് കെട്ടിപ്പിടിക്കാനുമൊക്കെ നമുക്ക് സമയം കണ്ടെത്താം.

കുറവുകള്‍ ചൂണ്ടിക്കാണിക്കാനും, തെറ്റുകള്‍ പറഞ്ഞു കൊടുക്കാനുമുള്ള അതെ വ്യഗ്രത നമുക്ക്, അവര്‍ നല്ലതു ചെയ്യുമ്പോള്‍ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കാണിക്കാം.

സുഖ:ദുഃഖ സമ്മിശ്രമായ ജീവിതത്തില്‍ കുറച്ചു സുഖ നിമിഷങ്ങള്‍ നമുക്ക് സ്വയം സൃഷ്ടിച്ചെടുക്കാം !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക