Image

ജര്‍മനിയില്‍ വീടില്ലാത്തവരുടെ എണ്ണം കൂടുന്നു

Published on 22 December, 2017
ജര്‍മനിയില്‍ വീടില്ലാത്തവരുടെ എണ്ണം കൂടുന്നു

ബര്‍ലിന്‍: വീട്ടുവാടക കൂടുന്നതും സോഷ്യല്‍ ഹൗസിംഗ് പദ്ധതികളുടെ അപര്യാപ്തതയും കാരണം ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിന്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ വീടില്ലാതെ കഴിയുന്നവരുടെ എണ്ണം പെരുകുന്നു.

നഗരത്തിരക്കുകള്‍ക്കിടയില്‍ ഇവരുടെ കഷ്ടപ്പാടുകള്‍ അധികമാരും തിരിച്ചറിയുന്നുമില്ല. അത്യാവശ്യം സ്വകാര്യ വസ്തുക്കള്‍ പകല്‍ ഏതെങ്കിലും കുഴിയിലോ കുറ്റിക്കാട്ടിലോ ഒളിപ്പിച്ചു വയ്ക്കുകയും രാത്രി ഇരുട്ടിന്റെ മറവില്‍ ഉറങ്ങുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനു വലിയ തലവേദനയാകുകയാണ്.

കുപ്പികള്‍ ശേഖരിച്ചു വിറ്റും മറ്റും കഴിയുന്നവരാണ് പലരും. രണ്ട് കുപ്പി വിറ്റാല്‍ ഒരു ബ്രെഡ് റോളിനുള്ള പണം കിട്ടും. ശീതകാലം വരുന്നതോടെയാണ് ഇവരുടെ ശരിക്കുള്ള കഷ്ടകാലവും തുടങ്ങുക. ഇപ്പോള്‍ എണ്ണായിരത്തിനും പതിനായിരത്തിനുമിടയില്‍ ആളുകളാണ് ബര്‍ലിനില്‍ മാത്രം വീടില്ലാതെ തെരുവില്‍ കഴിയുന്നതെന്നാണ് ഏകദേശ കണക്ക്.

ഇവര്‍ക്കായി ഒഴിഞ്ഞ സ്ഥലങ്ങളില്‍ ടെന്റുകളടിച്ച ക്യാന്പുകള്‍ ഉയര്‍ന്നു തുടങ്ങി. മറ്റു രാജ്യങ്ങളില്‍നിന്നു വന്നു താമസിക്കുന്നവര്‍ ഒട്ടനവധിയാണ്. ഇവരെ തിരിച്ചയയ്ക്കാനും ചില ജില്ലാ അധികൃതര്‍ നടപടി സ്വീകരിക്കുന്നു. ഇവിടെ തന്നെ തങ്ങുന്നവര്‍ക്ക് സൂപ്പ് കിച്ചനുകളും നൈറ്റ് കഫേകളും മെഡിക്കല്‍ കെയര്‍ സെന്ററുകളും മൊബൈല്‍ വാമപ്പ് ബസുകളും മറ്റുമാണ് തണുപ്പുകാലങ്ങളില്‍ ആശ്രയം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക