Image

നിറമുള്ള ഫ്ലാഷ് ബാക്ക് (ബാബുരാജ്)

Published on 22 December, 2017
നിറമുള്ള ഫ്ലാഷ് ബാക്ക് (ബാബുരാജ്)
എന്റെ മനസ്സിലെ വികാരങ്ങൾ അതേ തീവ്രതയോടെ ഉൾക്കൊള്ളാൻ കഴിയുന്ന ബന്ധമായിട്ടാണ് സൗഹൃദത്തെ  ഞാൻ കാണുന്നത്. പറയുന്ന കാര്യങ്ങളിൽ ചിരിക്കാനുള്ളതുണ്ടെങ്കിൽ ചിരിക്കുകയും സങ്കടങ്ങളിൽ പങ്കുകൊള്ളുകയും ആശ്വസിപ്പിക്കുകയും തെറ്റെന്നു തോന്നിയാൽ ഉപദേശിക്കുകയും ചെയ്യുന്നവരാകണം സുഹൃത്തുക്കൾ. സിനിമയിൽ നിൽക്കുന്ന ബാബുരാജിനെ മാത്രം അറിയുന്നവർക്ക് അങ്ങനൊരു ആത്മബന്ധം ഉണ്ടാക്കിയെടുക്കാൻ പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ എന്നെ അടുത്തറിഞ്ഞ പഴയ സുഹൃത്തുക്കൾക്കാണെപ്പോഴും  ജീവിതത്തിൽ പ്രഥമ സ്ഥാനം.

മുഖചിത്രം ഉൾപ്പെടെ അനവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ജെ.പള്ളാശ്ശേരിയുടെ അനിയൻ ജീവനുമായുള്ള എന്റെ സൗഹൃദം പത്താം വയസ്സിൽ തുടങ്ങിയതാണ്. കലാകാരന്മാരുടെ കുടുംബമായതുകൊണ്ട് സ്കൂൾ നാടകങ്ങളിൽ സജീവമായിരുന്ന അവന് ഐസുമിഠായി വാങ്ങിക്കൊടുത്ത്  ഭൃത്യന്റെയും          കാര്യസ്ഥന്റെയുമൊക്കെ റോളുകൾ ഞാൻ തരപ്പെടുത്തുമായിരുന്നു. അന്നത്തെ നാടകങ്ങളിൽ കഥാഗതി തിരിച്ചുവിടുന്ന നിർണായക റോൾ മിക്കവാറും പോസ്റ്റമാന് ആയിരുന്നതിനാൽ ആ വേഷം  ചോദിച്ചുവാങ്ങും. അതൊക്കെ  കലാരംഗത്തേയ്ക്ക് വരാൻ ആഗ്രഹം ജനിപ്പിച്ച ഘടകമാണ്.

ഞാൻ എട്ടിൽ പഠിക്കുമ്പോൾ ട്യൂഷൻ ക്ലാസിലെ പെൺകുട്ടിയോടൊരു ഇഷ്ടം തോന്നി. വീട്ടുകാർ രാജകുമാരിയെപ്പോലെ കൊണ്ടുനടന്ന പെൺകൊച്ചാണ്. പോരാത്തതിന് ഞങ്ങളുടെ നാടായ ആലുവയിലെ അറിയപ്പെടുന്ന ദാദാമാരായ നാലാങ്ങളമാരുടെ ഒറ്റപ്പെങ്ങൾ. പ്രത്യാഘാതങ്ങൾ മുന്നിൽ കണ്ടുകൊണ്ടുതന്നെ ഞങ്ങൾ അടുത്തു . ഞങ്ങളുടെ ഇഷ്ടം അവളുടെ ചേട്ടൻമാരറിഞ്ഞ് ആകെ പുകിലായി. ഒരുവശത്ത് എന്നോടൊപ്പം നാടുവിടാൻ തയ്യാറായി ആ പെൺകുട്ടി നിൽക്കുമ്പോൾ മറുവശത്ത് എന്നെ വെട്ടിക്കൂട്ടി സെപ്‌റ്റിക്‌ ടാങ്കിൽ എറിയുമെന്ന് പറഞ്ഞ് അവളുടെ ആങ്ങളമാരും. അന്ന് എല്ലാവീട്ടിലുമൊന്നും  സെപ്‌റ്റിക്‌ ടാങ്ക് ഇല്ലാതിരുന്നതുകൊണ്ടു പേടിയേക്കാൾ ഇതെന്താ സംഭവമെന്ന കൗതുകമാണ് തോന്നിയത്.

എന്റെ കൂടെ നടന്നാൽ അവർക്കും തല്ലുകിട്ടുമോ എന്നുഭയന്ന് സഹപാഠികൾ ഒറ്റപ്പെടുത്തിയപ്പോഴും ഒപ്പം നിന്നത് ജീവൻ മാത്രമാണ്. ആ ബന്ധം ഇന്നും നിറം മങ്ങാതെ തുടരുന്നു.

പ്രീഡിഗ്രി കാലം തൊട്ട് എന്റെ കൂടെക്കൂടിയ  പ്രതാപനെക്കുറിച്ചുകൂടി പറയാതെ എന്റെ സൗഹൃദഗാഥ പൂർത്തിയാകില്ല. മലയാളി ആണെങ്കിലും നാഗാലാൻഡിൽ ജനിച്ചുവളർന്ന അവനെ തെറിയടക്കമുള്ള  മലയാളം പഠിപ്പിച്ചതിന്റെ ക്രെഡിറ്റ് എനിക്കാണ്. കൂടെ നടന്ന് എന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ നടത്തിയ ശ്രമം വിജയിച്ചില്ലെന്നത് വേറെ കാര്യം.

ഒരു വെക്കേഷൻ വന്നാൽപ്പോലും ഞാൻ പോയി നിന്നിരുന്നത് പ്രതാപിന്റെ വീട്ടിലാണ്. കാരണം എന്റെ വീട്ടിലന്ന് അത്രയ്ക്ക് സൗകര്യങ്ങളൊന്നുമില്ലായിരുന്നു.എന്നെ ഏറെ വേദനിപ്പിച്ച മഹാരാജാസ്   ,സന്തോഷങ്ങളും വാരിക്കോരി തന്നിട്ടുണ്ട്."എടാ പ്രതാപേ ,നീ ഇവിടിരിക്ക്.ഞാനിപ്പോ വരാം" എന്നുപറഞ്ഞ് കോളേജിലെ മരച്ചുവട്ടിൽ ഇരുത്തി പൊയ്ക്കഴിഞ്ഞാൽ അവനാ ഇരിപ്പ് ഞാൻ എത്ര വൈകിയാലും അവിടിരിക്കുമായിരുന്നു. ഫോണൊന്നും ഇല്ലാത്ത കാലമാണ്. വേറെ തിരക്കുകളിൽപെട്ട് അറിയിക്കാൻ കഴിയാതെ വന്നാലോ മറന്നുപോയാലോ ഒന്നും അവൻ പരാതിപ്പെട്ടിട്ടില്ല. അത് ആ കാലഘട്ടത്തിന്റെ ഗുണം കൂടിയാണ്.ഞങ്ങളിലൊരാൾഒൻപത് മണിക്ക് നീ 'കാവിലമ്മ' ബസിൽ കോളേജിന് മുൻപിൽ വരണമെന്നുപറഞ്ഞാൽ ബസിനു പിന്നാലെ ഓടിയും കോണിയിൽ തൂങ്ങിക്കിടന്നുമൊക്കെ ആ വാക്ക് പാലിക്കുമായിരുന്നു. മൊബൈൽഫോൺ  വന്നതോടെ മുഴുവൻ കള്ളത്തരമായി. അതുപോലെ മറ്റൊരു കാര്യം എന്താണെന്നുവെച്ചാൽ ഞങ്ങൾ പഠിക്കുന്ന കാലത്ത് കൂട്ടത്തിലൊരാൾക്കൊരു പ്രശ്നമെന്ന്  കണ്ടാൽ, പ്രശ്നം ആരുടേതായാലും അത് സ്വന്തം എന്ന രീതിയ്ക്ക് ഏറ്റെടുത്ത് പരിഹാരത്തിനായി ശ്രമിച്ചിരുന്നു. ഇന്നത്തെ തലമുറ അങ്ങനെയല്ല.പ്രശ്നത്തിൽപ്പെട്ടവന്റെ ഫോൺ നമ്പർ കണ്ടാൽപ്പോലും അവർ എടുക്കാൻ മനസ്സുകാണിച്ചെന്നുവരില്ല. നിസ്വാർത്ഥമായ ആ പഴയ സൗഹൃദം നമ്മുടെ ക്യാമ്പസുകളിൽ തിരികെ വരണമെന്നാണ് എന്റെ ആഗ്രഹം.

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ  പേരിൽ ചെയ്യാത്ത തെറ്റിന് കൊലപാതകക്കുറ്റം ചുമത്തി ജയിൽവാസം അനുഭവിച്ചവനാണ് ഞാൻ.അങ്ങനെ തീച്ചൂളയിൽ ചവിട്ടി നിന്നപ്പോൾ ബന്ധുക്കൾ പോലും  അവിശ്വസിച്ച സന്ദർഭത്തിൽ എന്നെ വിശ്വസിക്കുകയും നിരപരാധിത്വം തെളിയിക്കാൻ  വേണ്ടതൊക്കെ ചെയ്ത് കൂടപ്പിറപ്പുകളെക്കാൾ കരുതലോടെ ഓടിനടന്നവരാണ് ജീവനും പ്രതാപനും.

വാണിയുമായുള്ള വിവാഹത്തിനും ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. തിരുപ്പതിയിൽവെച്ചുനടന്ന താലികെട്ടിനും എന്റെ കൂട്ടുകാരാണ് മുൻപന്തിയിൽ നിന്നത്.വാണി അങ്ങനെ ആത്മാർത്ഥ സൗഹൃദം അനുഭവിച്ചറിഞ്ഞ വ്യക്തി അല്ലാത്തതുകൊണ്ട് ആദ്യമൊക്കെ ഞാൻ സുഹൃത്തുക്കൾക്ക് നൽകുന്ന സ്ഥാനത്തേയും പരിഗണനയെയും ചൊല്ലി സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നെ പിന്നെ അവൾക്ക് കാര്യം മനസ്സിലായി.അവളുടെ പിന്തുണകൂടി ഉള്ളതുകൊണ്ടാണ് എന്റെ സുഹൃദങ്ങൾ ശക്തമായിത്തന്നെ തുടരുന്നത്.

മീട്ടു റഹ്മത്ത് കലാം 
കടപ്പാട്: മംഗളം
നിറമുള്ള ഫ്ലാഷ് ബാക്ക് (ബാബുരാജ്)നിറമുള്ള ഫ്ലാഷ് ബാക്ക് (ബാബുരാജ്)നിറമുള്ള ഫ്ലാഷ് ബാക്ക് (ബാബുരാജ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക