Image

വേലൈക്കാരന്‍: ജീവിതഗന്ധിയായ സിനിമ

Published on 23 December, 2017
വേലൈക്കാരന്‍: ജീവിതഗന്ധിയായ സിനിമ


തമിഴ്‌ സിനിമാ ലോകത്തെന്നല്ല, മലയാളത്തിലും ഹിന്ദിയിലുമെല്ലാം നായക പ്രാധാന്യമുള്ള സിനിമകളാണ്‌ കൂടുതലും. തമിഴില്‍ റിയലിസ്റ്റിക്‌ സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പക്ഷേ എടുക്കാന്‍ സധൈര്യം മുന്നോട്ടു വരുന്നവര്‍ കുറവാണ്‌. കാരണം പ്രതികാരമായാലും പ്രണയമായാലും നായകന്റെ വീരസ്യങ്ങളെ ആരാധിക്കുന്നവരാണ്‌ തമിഴ്‌ ജനത.

മോഹന്‍രാജ്‌ സംവിധാനം ചെയ്‌ത വേലൈക്കാരന്‍ പതിവു തമിഴ്‌ സിനിമാ ഫോര്‍മുലകളില്‍ നിന്നും സ്വയം മാറി സഞ്ചരിക്കുന്ന ഒന്നാണ്‌. പ്രമേയത്തിന്റെ കരുത്താണ്‌ ചിത്രത്തിന്റെ നട്ടെല്ല്‌. കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷനുകളോ ഐറ്റം നമ്പറുകളോ ഇല്ലാത്ത സിനിമ. ഇവിടെ നായകന്റെ ജീവിതവും അയാളുടെ മനോസഞ്ചാരങ്ങളുമെല്ലാം പച്ചയായ ഒരു മനുഷ്യന്റേതു മാത്രമാണ്‌.വാണിജ്യതാല്‍പര്യങ്ങള്‍ സമൂഹത്തെ എത്രമാത്രം രോഗഗ്രസ്‌തമാക്കിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ നേര്‍ക്കാഴ്‌ചയാണ്‌ ഈ ചിത്രം കാട്ടിത്തരുന്നത്‌.

ചെന്നൈയിലെ ചേരിയിലെ ഒരു യുവാവാണ്‌ അറിവ്‌. അയാള്‍ ജനിച്ചു വളര്‍ന്നത്‌ അവിടെയാണ്‌. ചേരിയിലാകട്ടെ കാശി എന്ന പ്രാദേശിക ഗുണ്ടയുടെ അധീശത്വവും. പഠിപ്പും വിദ്യാഭ്യാസവുമില്ലാത്ത കാശിയുടെ നിര്‍ദേശങ്ങള്‍ക്കും ആജ്ഞകള്‍ക്കുമനുരിച്ച്‌ തല്ലാനും കൊല്ലാനും വെട്ടാനും നടക്കുന്ന ചെറുപ്പക്കാര്‍ ഏറെയുണ്ട്‌ ചേരിയില്‍. അവരെയെല്ലാം ഇത്തരമൊരു ജീവിതം തുടരുന്നതിന്റെ പ്രത്യാഘാതങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുത്തുകൊണ്ട്‌ നേര്‍വഴിക്കു നടത്താന്‍ അറിവ്‌ ശ്രമിക്കുന്നു.
ഇതിനിടെ അറിവിന്‌ വലിയൊരു കമ്പനിയില്‍ സെയില്‍സ്‌ മാനേജരായി ജോലി ലഭിക്കുന്നു. ആ ഓഫീസിലെ ഏറ്റവും മിടുക്കനായ ഉദ്യോഗസ്ഥനാണ്‌ ആദി. ഇരുവരും വളരെ പെട്ടെന്നു തന്നെ സുഹൃത്തുക്കളാകുന്നു. ഓഫീസില്‍ കുറച്ചു നാള്‍ ജോലി ചെയ്യുമ്പോഴാണ്‌ അറിവ്‌ ആ വലിയ സത്യം തിരിച്ചറിയുന്നത്‌. ചേരിയിലെ പരിഷ്‌കാരമില്ലാത്ത വേഷവും ഭാഷയുമായി കാശി ചെയ്യുന്നതും മോഡേണ്‍ വേഷം ധരിച്ച്‌ താന്‍ ചെയ്യുന്നതും ഒരേ ജോലിയാണെന്ന്‌. കോര്‍പ്പറേറ്റുകളുടെ ലാഭക്കൊതിയും ക്രൂരതകളും വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്ന ചിത്രം സത്യത്തെ തെറ്റാക്കുന്ന നവമാധ്യമ വിചാരണയേയും വ്യക്തമായി കാണിച്ചു തരുന്നുണ്ട്‌.

വേലൈക്കാരന്‍ എന്ന ചിത്രം സമൂഹത്തിന്‌ നല്‍കുന്നത്‌ മികച്ചൊരു സന്ദേശമാണ്‌. അതില്‍ അയഥാര്‍ത്ഥമായ ഒന്നും തന്നെയില്ല. കണ്ണഞ്ചിപ്പിക്കുന്ന കോര്‍പ്പറേറ്റ്‌ തന്ത്രങ്ങളും അവയ്‌ക്കു പിന്നിലെ ചതിയുമെല്ലാം രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ നമ്മെ കാണിച്ചു തരുന്നു. അറിവ്‌ എന്ന കഥാപാത്രത്തെ ശിവകാര്‍ത്തികേയന്‍ അനായാസമായി അവതരിപ്പിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും അറിവ്‌ എന്നതില്‍ സംശയമില്ല. എടുത്തു പറയേണ്ടത്‌ ആദി എന്ന സൂത്രശാലിയായ വില്ലന്‍ കഥാപാത്രമായി വേഷമിട്ട മലയാളത്തിന്റെ പ്രിയനടന്‍ ഫഹദ്‌ ഫാസിലിന്റെ പ്രകടനമാണ്‌. സൂക്ഷ്‌മാഭിനയത്തില്‍ പലപ്പോഴും ഫഹദ്‌ ശിവകാര്‍ത്തികേയനെ കടത്തി വെട്ടുന്നുണ്ട്‌. സ്വന്തം ശബ്‌ദത്തില്‍ ഡബ്ബ്‌ ചെയ്‌തത്‌ കഥാപാത്രത്തിന്റെ ഒഴുക്കുള്ള അഭിനയശൈലിയില്‍ അല്‍പം രസം കുറച്ചു വെന്നത്‌ നേരാണ്‌.

മൃണാളിനി എന്ന കഥാപാത്രമായി എത്തിയ നയന്‍താര തികഞ്ഞ കൈയ്യടക്കത്തോടെ തന്റെ കഥാപാത്രത്തെ മികച്ചതാക്കി. കൂടാതെ പ്രകാശ്‌ രാജ്‌, സ്‌നേഹ, രോങിണി, തമ്പി രാമയ്യ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. സത്യസന്ധമായി അവതരിപ്പിച്ച സിനിമ, യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കു പിടിച്ച കണ്ണാടി. അതാണ്‌ വേലൈക്കാരന്‍. നിങ്ങള്‍ക്ക്‌ ഈ സിനിമ തീര്‍ച്ചയായും ഇഷ്‌ടപ്പെടും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക