Image

നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ഉണ്ണിയേശുവിനെ ലോകത്തിന് ആവശ്യമുണ്ട് (ജോയ് ഇട്ടന്‍)

Published on 23 December, 2017
നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ഉണ്ണിയേശുവിനെ ലോകത്തിന് ആവശ്യമുണ്ട് (ജോയ് ഇട്ടന്‍)
ക്രിസ്തുമസ് ആഘോഷിച്ചാല്‍ മാത്രം പോര വേദനിക്കുന്നവര്‍ക്കും, അശരണരായവര്‍ക്കും ആശ്വാസം നല്‍കുവാന്‍ തക്കവിധം ക്രിസ്തുമനസുള്ളവരായിത്തീരണമെന്നാണ് ഓരോ ക്രിസ്തുമസും നമ്മെ പഠിപ്പിക്കുന്നത്.ലോകം മുഴുവന്‍ പ്രകാശം പകര്‍ന്ന പുല്‍ത്തൊഴുത്തില്‍ പിറന്ന ഉണ്ണി യേശുവിന്റെ ജനനം അനുസ്മരിച്ച് ലോകമൊട്ടാകെ ആഘോഷിക്കുമ്പോള്‍ ലോകത്തിനു ആകെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.ക്രിസ്തുമസിനെ കുറിച്ചു ചിന്തിക്കുമ്പോള്‍ ഉണ്ണിയേശുവിന്റെ ജനനം വിദ്വാന്മാര്‍ക്ക് വെളീപ്പെടൂത്തിയ നക്ഷത്രത്തെ കുറിച്ച് ഒന്നു ചിന്തിക്കുന്നത് നന്നായിരിക്കും. യേശുവിന്റെ ജനനം വിദ്വാന്മാര്‍ മനസിലാക്കുന്നത് കിഴക്ക് കണ്ട നക്ഷത്രത്തിന്റെ ശോഭയില്‍ നിന്നാണ്. ആ നക്ഷത്രമാണ് വിദ്വാന്മാരെ ഉണ്ണിയേശുവിലേക്ക് വഴികാട്ടിയാവുന്നത്.

ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുവിന്റെ ജനനം ജ്ഞാനികള്‍ അറിഞ്ഞത് ആ ദിവ്യതാരകത്തിന്റെ ഉദയത്തിലൂടേയായിരുന്നു. ഇന്ന് നമ്മള്‍ നക്ഷത്രവിളക്കുകള്‍ വീടുകളില്‍ തൂക്കി ഉണ്ണീയേശുവിന്റെ ജനനത്തില്‍ പങ്കാളികള്‍ ആകുമ്പോള്‍ ആ നക്ഷത്രത്തിന്റെ ശോഭയില്‍ മറ്റുള്ളവര്‍ക്ക് വഴികാട്ടികള്‍ ആകാന്‍ നമുക്ക് കഴിയുന്നുണ്ടോ?? നൂറുകണക്കിനു നക്ഷത്രവിളക്കുകള്‍ തൂക്കിയാലും വിപണിയിലെ വലിയ നക്ഷത്രം സ്വന്തമാക്കി അത് തെളിയിച്ചാലും സ്വയം ഒരു നക്ഷത്രമായി മറ്റുള്ളവര്‍ക്ക് വഴികാട്ടിയാവാന്‍ നമുക്ക് കഴിയുന്നില്ലങ്കില്‍ നക്ഷത്രത്തിന്റെ തിളക്കം എന്തിനാണ്? ഇന്ന് ക്രിസ്തുമസ് നക്ഷ്ത്രം തൂക്കുന്നത് മത്സരമാണ്, നക്ഷത്രത്തിന്റെ എണ്ണവും വലിപ്പവും മുതല്‍ വിലയും നക്ഷത്രത്തിനുള്ളിലെ ലൈറ്റുകളുടെ എണ്ണംവരെ വാര്‍ത്തകളില്‍ കൊണ്ടുവരാന്‍ മത്സരിക്കുമ്പോള്‍ വിദ്വാന്മാര്‍ക്ക് വഴികാട്ടിയ ആ നക്ഷത്രത്തിന്റെ ശോഭയെ നമ്മള്‍ കാണാതെ പോകരുത്. കിഴക്ക് ഉദിച്ച ആ നക്ഷത്രത്തിന് വലിയ പ്രകാശം ഉണ്ടായിരുന്നില്ല. പക്ഷേ അതൊരു ദിവ്യതാരകം ആണന്നും അത് എന്തിന്റെയോ പ്രതീകവുമാണന്നും തിരിച്ചറിയാന്‍ വിദ്വാന്മാര്‍ക്ക് കഴിഞ്ഞു.വലിയ പ്രകാശം ഇല്ലങ്കിലും ഒരു ചെറിയ വെളിച്ചമുള്ള നക്ഷ്ത്രമാവാന്‍ നമുക്ക് കഴിയേണ്ടേ?? നന്മയിലേക്കും കരുണയിലേക്കും സഹനത്തിലേക്കും ക്ഷമയിലേക്കും
സമാധാനത്തിലേക്കും ഒക്കെ മറ്റുള്ളവരെ നയിക്കാന്‍ കഴിയുന്ന ഒരു ചെറിയ നക്ഷത്രമെങ്കിലും നമുക്ക് ആകാന്‍ കഴിയണം. ചെറിയ ചെറിയ നക്ഷത്രത്തിളക്കങ്ങള്‍ ചേര്‍ന്ന് വലിയ ഒരു പ്രകാശമാവാന്‍ , ആ പ്രകാശത്തിലൂടെ മറ്റുള്ളവര്‍ക്ക് വഴികാട്ടികള്‍ ആകാന്‍ കഴിയും. ഒരിക്കല്‍ ഒരു മനുഷ്യന്‍ കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടന്ന് ആകാശത്ത് മഴക്കാറുകള്‍ നിറഞ്ഞു. ഭയങ്കര മഴ. കാട്ടില്‍ ഇരുട്ട് പരക്കുന്നു. ആ മനുഷ്യന്‍ തന്റെ കുടൂംബത്തെ ഓര്‍ത്തു. തന്നെ കാത്തിരിക്കുന്ന കുട്ടികളെ ഓര്‍ത്തു. എത്രയും പെട്ടന്ന് വീട്ടില്‍ എത്തണം. അയാള്‍ മഴയത്ത് നടന്നു. പക്ഷേ ഇടയ്‌ക്കെപ്പോഴോ വഴി തെറ്റി. കൈയ്യില്‍ വെളിച്ചം ഇല്ല. വഴി തിരിച്ചറിയാന്‍ പറ്റുന്നില്ല. അതുവഴി വന്നൊരു മിന്നാമിനുങ്ങ് ഈ മനുഷ്യനെ കണ്ടു.മിന്നാമിനുണ്ട് അയാളോട് സംസാരിച്ചു. അവസാനം മിന്നാമിനുങ്ങ് അയാളോട് പറഞ്ഞു.

"ഞാന്‍ നിങ്ങള്‍ക്ക് വഴി കാണിച്ച് തരാം"
ഇതുകേട്ടപ്പോള്‍ അയാള്‍ ചിരിച്ചു. ഇച്ചിരിപോന്ന ഒരു മിന്നാമിനുങ്ങിന്റെ വെട്ടത്തിലെങ്ങനെ വഴികാണും? മിന്നാമിനുങ്ങ് പെട്ടന്ന് തന്റെ കൂട്ടൂകാരെ വിളിച്ചുകൊണ്ട് വന്നു. അനേകായിരും മിന്നാമിനുങ്ങള്‍ ഒരുമിച്ച് വന്നപ്പോള്‍ അയാള്‍ക്ക് തന്റെ വഴികണ്ടത്താന്‍ കഴിഞ്ഞു. ആ മിന്നാമിനുങ്ങുകള്‍ അയാള്‍ക്ക് നല്‍കിയ പ്രകാശത്തില്‍ അയാള്‍ വീടെത്തി. ഇങ്ങനെ ചെറിയ ചെറിയനക്ഷത്രതിളക്കങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് വലിയ ഒരു പ്രകാശമായി തീരും.തിന്മയെ നന്മയിലേക്ക് നയിക്കാന്‍ ആ പ്രകാശത്തിനു കഴിയും. അപ്പോഴാണ് നമ്മുടെവീടിനുമുന്നില്‍ കത്തുന്ന നക്ഷത്രവിളക്കുകള്‍ കൂടുതല്‍ പ്രകാശിക്കുന്നത്.

വിദ്വാന്മാര്‍ക്ക് വഴികാട്ടിയായ നക്ഷത്രം വാല്‍നക്ഷത്രമോ/ഉത്ക്കയോ ആയിരിക്കും. സ്വയം എരിഞ്ഞടങ്ങി അത് വിദ്വാന്മാര്‍ക്ക് വഴികാട്ടിയായി.മെഴുകുതിരി സ്വയം ഉരുകി ഇരുട്ടിനെ പ്രകാശപൂരിതമാക്കുമ്പോലെ അന്ധതമസില്‍ ഉഴറി നടന്ന ഒരു ജനതയ്ക്ക് പ്രകാശമായി സ്വയം എരിഞ്ഞടങ്ങാന്‍ ആ മനുഷ്യപുത്രന്‍ ഭൂമിയില്‍ അവതരിച്ചു. അവന്റെ ജനനം ഒരു ജനതയ്ക്ക് ആശ്വാസമായങ്കില്‍ അവന്റെ ജനനം ഭയപ്പെടുത്തിയ ഒരു കൂട്ടരും ഉണ്ടായിരുന്നു. ഹെരോദാവും സംഘവും. യിസ്രായേലിനു രാജാവായി പിറന്നവന്‍ കാലിത്തൊഴുത്തില് കീറ്റുശീലയില്‍ പൊതിഞ്ഞ് കിടക്കുകയായിരുന്നു. മാമരം കോച്ചുന്ന തണൂപ്പില്‍ ആ മനുഷ്യപുത്രനെ കാണാന്‍ ആട്ടിടയരും വിദ്വാന്മാരും എത്തി. ഉണ്ണിയേശുവിന്റെ ജനനത്തില്‍ നമ്മള്‍ ആഘോഷിക്കുമ്പോള്‍/സന്തോഷിക്കുമ്പോള്‍ ചില നിലവിളികള്‍ കേള്‍ക്കാതിരുന്നു കൂടാ.

തനിക്കും തന്റെ സന്തതി പരമ്പരയ്ക്കും ഭീഷ്ണിയായി ജനിച്ച 'യിസ്രായേലിനു രാജാവായി പിറന്നവനെ' കൊല്ലാനായി ബേത്ത്‌ളേഹെമിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലെയും രണ്ടു വയസിനു താഴെയുള്ള ആണ്‍കുട്ടികളെ ഒക്കെയും ഹൊരോദാവ് കൊല്ലിച്ചു. രാജാവ് കുഞ്ഞുങ്ങളെ കൊല്ലാന്‍ കല്പന കൊടുക്കുന്നതിനു മുമ്പുതന്നെ ജോസഫ് മറിയയെയും ഉണ്ണിയേശുവിനയും കൊണ്ട് മിസ്രയീമിലേക്കു പോയിരുന്നു. “റാമയില്‍ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേല്‍ മക്കളെച്ചൊല്ലി കരഞ്ഞു; അവര്‍ ഇല്ലായ്കയാല്‍ ആശ്വാസം കൈക്കൊള്‍വാന്‍
മനസ്സില്ലാതിരുന്നു” (മത്തായി 2:17)

കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കരച്ചിലും നിലവിളിയും ബെത്‌ലഹേം പട്ടണത്തില്‍ നിന്നുയര്‍ന്നു. നമ്മുടെ സമൂഹത്തില്‍ നിന്ന് ഉയരുന്ന കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കരച്ചിലിന്റെ ശബ്ദ്ദം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടോ? വിശപ്പിനും പീഡനങ്ങള്‍ക്കും രോഗങ്ങള്‍ക്കും ഒക്കെ ഇരയായി കരയുന്ന കുഞ്ഞുങ്ങളുടെ കരച്ചില്‍. നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിന് വഴികാണാതെ അലയുന്ന അനേകം കുഞ്ഞുങ്ങള്‍ നമ്മള്‍ ഇടയില്‍ ഉണ്ട്. അവര്‍ക്കെന്നും ആഘോഷങ്ങള്‍ അന്യമാണ്. നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരു വിഹിതം അവര്‍ക്കൂടെ മാറ്റിവയ്ക്കാന്‍ നമ്മള്‍ തയ്യാറാകണം. അടക്കിപ്പിടിച്ച തേങ്ങലുകളുമായി നമ്മടെ അടുത്തിരിക്കുന്ന കൂട്ടുകാരന്റെ സങ്കടം കാണാനും അവന്റെ ബുദ്ധിമുട്ടുകള്‍ കാണാനും നമുക്ക് കഴിയണം. കൂട്ടായ പ്രവര്‍ത്തനങ്ങളി ലൂടെ അവന്റെ മുഖത്ത് പുഞ്ചിരിവരുത്താന്‍ നമുക്ക് കഴിയും. വിശന്നിരുന്നവര്ക്ക് ഭക്ഷണം കൊടുത്തവനായ യേശുവിന്റെ ജനനത്തില്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ അലയുന്നവരുടെ വിശപ്പ് മാറ്റിക്കൊണ്ടല്ലേ നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കേണ്ടത്. ഇവിടെയാണ് ആദ്യം സൂചിപ്പിച്ച മിന്നാമിനുങ്ങുവെട്ടങ്ങള്‍ വലിയ ഒരു പ്രകാശമായി തീരേണ്ടത്. സങ്കടപ്പെടൂന്നവന്റെ കണ്ണീര്‍ കാണുവാനും അതില്‍ നിന്നവന് മോചനം ഉണ്ടാക്കുവാനും നമുക്ക് കഴിയണം. വിദ്വാന്മാര്‍ക്ക് വഴി കാണിച്ച ആ നക്ഷത്രത്തെ നമ്മുടെ ഉള്ളിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അതില്‍ നിന്ന് അല്പമെങ്കിലും വെളിച്ചം സമൂഹത്തിനു നല്‍കാന്‍ കഴിഞ്ഞാല്‍ ക്രിസ്തുമസ് നമുക്ക് വെറും ഒരു ആഘോഷമായി മാത്രം തീരില്ല. അത് നമ്മുടെ ജീവിതത്തയും സമൂഹത്തെയും പുതുക്കുവാന്‍ കഴിയുന്നതായിരിക്കും.

ഉണ്ണിയേശു ജനിച്ച സ്ഥലം വിദ്വാന്‍മാര്ക്ക് കാണിക്കാനായി വഴികാട്ടിയ നക്ഷത്രം ആ കാലിത്തൊഴുത്തിനു മുകളില്‍ പ്രകാശിച്ചതുപോലെ നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ണിയ്യേശു ജനിച്ചാല്‍ നമുക്കു ചുറ്റും ആ ദിവ്യതാരകത്തിന്റെ പ്രകാശം നിറയുമെന്ന് ഉറപ്പാണ്.നമ്മുടെ ഹൃദയങ്ങളില്‍ അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി, പശുത്തൊഴുയില്‍ ഉണ്ണിയെശുവിനെ കിടത്താനായിമറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ , നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍സ്‌നേഹമെന്ന പട്ടുതുണി വിരിച്ച് നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ഉണ്ണിയേശുവിനായി കാത്തിരിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക