Image

വി.എസിന്റെ വാക്‌പിഴകള്‍

Published on 14 March, 2012
വി.എസിന്റെ വാക്‌പിഴകള്‍
വി.എസിന്റെ വാക്‌പിഴയിലാണ്‌ ഇപ്പോള്‍ പിറവം ഉപതിരഞ്ഞെടുപ്പില്‍ യുഡി.എഫിന്റെ ജീവന്‍. ഇടതുപക്ഷത്തിന്റെ ജിഹ്വയായ വിഎസിന്‌ വാക്‌പിഴ സംഭവിച്ചപ്പോള്‍ അതിലേക്ക്‌ എണ്ണകോരി ഒഴിക്കുവാന്‍ പാകത്തിന്‌ സിന്ധുജോയിയെ ഇപ്പോള്‍ പിറവം ഇലക്ഷനില്‍ പ്രചരണത്തിന്‌ ഉടന്‍ തന്നെ ഇറക്കുകയാണ്‌ യു.ഡി.എഫ്‌. സി.പി.എമ്മിലെ പൊട്ടിത്തെറിയും വിഭാഗീയതയും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സെല്‍വരാഘവനെന്ന ബോംബ്‌ കിട്ടിയതിന്‌ തൊട്ടുപിന്നാലെയാണ്‌ വി.എസിന്റെ വായ്‌മൊഴി വഴക്കം കൂടി ഒരു ബോണസ്‌ പോലെ യൂഡിഎഫ്‌ ക്യാംപിലേക്ക്‌ വീണു കിട്ടിയിരിക്കുന്നത്‌.

അടുത്ത ദിവസം മുതല്‍ പിറവത്ത്‌ യു.ഡി.എഫ്‌ ക്യാപ്‌ സജീവമാക്കാന്‍ സിന്ധു ജോയിയും ഉണ്ടാവും. കുറെക്കാലമായി സിന്ധു ജോയിയെ എങ്ങും കാണാനില്ലായിരുന്നു. യു.ഡി.എഫുകാര്‍ക്ക്‌ പോലും സിന്ധുജോയിയെക്കുറിച്ച്‌ ഒരു അറിവുമില്ലായിരുന്നു. എന്നാലിപ്പോള്‍ പെട്ടന്ന്‌ സുര്യനുദിച്ചതുപോലെ സിന്ധുജോയി ചാനലുകളിലും പത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നു. അടുത്ത ദിവസങ്ങളില്‍ പിറവത്തും സിന്ധുവിന്റെ പ്രത്യക്ഷപ്രകടനങ്ങളുണ്ടാകും. ചുരുക്കി പറഞ്ഞാല്‍ എവിടെയോ ഒതുങ്ങിക്കൂടിയിരുന്ന സിന്ധുവിനെ ഒന്ന്‌ പുറത്തെത്തിക്കാന്‍ വി.എസിന്റെ ഗമണ്ടന്‍ ഡയലോഗ്‌ വേണ്ടി വന്നു.

സി.പി.എമ്മിലെ വനിതകള്‍ വരെ വി.എസിനെ വാക്‌പിഴയുടെ പേരില്‍ ക്രൂശിക്കുമ്പോള്‍ പിണറായി വിജയന്‍ വി.എസിനെ അനുകൂലിച്ച്‌ രംഗത്തു വന്നതാണ്‌ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞത്‌. സംഗതി വി.എസിനോടുള്ള സ്‌നേഹമൊന്നുമല്ല. പിണറായിക്കും സിന്ധുവിനെ തീരെ പഥ്യമല്ല എന്നതാണ്‌ കാരണമെന്ന്‌ എല്ലാവരും പെട്ടന്നു തന്നെ തിരിച്ചറിഞ്ഞു. എന്തായാലും വി.എസിന്റെ വാമൊഴി വഴക്കങ്ങള്‍ ഇപ്പോള്‍ ചാനലുകാര്‍ക്ക്‌ ഇപ്പോള്‍ ഒരു ആഘോഷമാണ്‌.

വി.എസില്‍ നിന്നും ചാനലുകാര്‍ക്ക്‌ ഇത്തരം ആഘോഷങ്ങള്‍ കിട്ടുന്നത്‌ ഒരു പുതുമയല്ല. പലപ്പോഴും മൈക്കുമായി ചാനലുകാര്‍ വി.എസിന്റെ മുമ്പിലെത്തുമ്പോള്‍ ഓണസദ്യ വിളമ്പുന്നത്‌ പോലെ ചാനലുകള്‍ക്ക്‌ വയറു നിറച്ചു കൊടുക്കുന്നത്‌ വി.എസിന്റെ പതിവു തന്നെ. ഇത്‌ പലപ്പോഴും വി.എസിന്‌ തന്നെ പാരകളായിട്ടുണ്ട്‌ എന്നതും ശ്രദ്ധേയമാണ്‌.

പിറവം ഉപതിരഞ്ഞെടുപ്പ്‌ ഇങ്ങനെ കത്തിനില്‍ക്കുന്ന സമയമായതു കൊണ്ടാണ്‌ വി.എസിന്റെ ഒരു വാക്‌പ്രയോഗം ഇങ്ങനെ തെരുവിലെത്തിയത്‌ എന്നത്‌ മറ്റൊരു വശം. വി.എസ്‌ പറഞ്ഞത്‌ ശരിയോ തെറ്റോ എന്നത്‌ അവിടെ നില്‍ക്കട്ടെ, അത്‌ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തീരുമാനിച്ചുകൊള്ളട്ടെ. പക്ഷെ ചാനലുകള്‍ക്ക്‌ മുമ്പിലും ചാനല്‍ മൈക്കുകള്‍ നിറയുന്ന രാഷ്‌ട്രീയ പ്രസംഗ വേദികളിലും വി.എസില്‍ നിന്ന്‌ വാക്കുകള്‍ പിഴച്ചു വന്നത്‌ ഇത്‌ ആദ്യമൊന്നുമല്ല.

മുംബൈ ഭീകരാക്രമണ കേസില്‍ വീരമൃത്രു വരിച്ച സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ വീട്ടിലേക്ക്‌ രാജ്യത്തിന്റെ മുഴുവന്‍ സഹതാപതരംഗം എത്തിയ സമയത്ത്‌ `പട്ടിപ്രയോഗത്തിലൂടെ' വി.എസ്‌ പുലിവാലുപിടിച്ചത്‌ ഏറെ വിവാദമായിരുന്നു. ദേശിയ മാധ്യമങ്ങള്‍ വരെ അന്ന്‌ വി.എസിന്റെ വാക്‌പ്രയോഗത്തെ പ്രധാന വാര്‍ത്തയാക്കി മാറ്റിയിരുന്നു. ഇത്തരം നാടന്‍ പ്രയോഗങ്ങള്‍ വി.എസ്‌ മാധ്യമങ്ങളെ സമീപിക്കുമ്പോള്‍ പലപ്പോഴും ഉപയോഗിച്ചിട്ടുമുണ്ട്‌. സോണിയാ ഗാന്ധിയെ `വല്യമ്മ' എന്ന്‌ വിളിച്ചു കളിയാക്കിയത്‌ ഇതേ വി.എസ്‌ തന്നെയായിരുന്നു. മുമ്പ്‌ തിരുവല്ലയിലെ ഉപതിരഞ്ഞെടുപ്പ്‌ സമയത്ത്‌ എലിസബത്ത്‌ മാമന്‍ മത്തായിയെയും ഇതേ പോലെ തന്നെ `വല്യമ്മച്ചി' പ്രയോഗത്തിലൂടെ വി.എസ്‌ കളിയാക്കിയത്‌ ഏറെ എതിര്‍പ്പുകള്‍ വിളിച്ചു വരുത്തിയിരുന്നു.

മലമ്പുഴയില്‍ മത്സരിച്ച ലതികാ സുഭാഷിനെ `പ്രശസ്‌ത'യെന്ന്‌ വിളിച്ചതിലൂടെയും വി.എസ്‌ പ്രതിക്കൂട്ടില്‍ കയറി. അന്ന്‌ വി.എസിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടന്നുവെങ്കിലും എല്ലാ എതിര്‍പ്പുകളെയും നിഷ്‌പ്രഭമാക്കി വി.എസ്‌ തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറി.

സ്വന്തം മന്ത്രിസഭിയിലെ ഒരു മന്ത്രിയെ `പോഴന്‍' എന്നു വിളിച്ചതും വി.എസിന്റെ ഒരു പ്രശസ്‌തമായ വായ്‌മൊഴിയാണ്‌. ഇടതുപക്ഷ ചിന്തകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദിനെ `കുരങ്ങന്‍' എന്നുവിളിച്ചതും വി.എസ്‌ തന്നെ. കുരങ്ങന്‍, പോഴന്‍ എന്നൊക്കെയുള്ള നാടന്‍ പദപ്രയോഗങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ പ്രയോഗിച്ച്‌ കുഴപ്പത്തില്‍ ചാടിയ മാറ്റൊരു നേതാവും കേരളത്തിലില്ല എന്നു തന്നെ പറയാം. ഇന്ത്യയുടെ രാഷ്‌ട്രപതിയായിരുന്ന എ.പി.ജെ അബ്‌ദുള്‍ കലാമിനെ `മേല്‍പ്പോട്ടു വാണംവിടുന്നവര്‍' എന്ന സംബോധനയിലൂടെ കളിയാക്കിയപ്പോഴും വി.എസ്‌ ജനവികാരത്തിന്റെ ചൂടറിഞ്ഞു.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിധി ജനചര്‍ച്ചയായി നിന്ന നാളുകളില്‍ `പായസപാത്രത്തില്‍ ക്ഷേത്രമുതല്‍ കട്ടുകടത്തുന്ന കാട്ടുകള്ളന്‍മാര്‍' എന്ന പ്രയോഗവും വി.എസിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത്തരത്തില്‍ സമീപകാല കേരളാരാഷ്‌ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച വായ്‌മൊഴി വഴക്കങ്ങളുടെ സൃഷ്‌ടാവ്‌ വി.എസ്‌ തന്നെയായിരുന്നു.

എന്നാല്‍ ഇതിനേക്കാളൊക്കെ വാക്‌പിഴ സംഭവിച്ച ഒരു സംഭവം വി.എസിനെതിരെയുള്ള പ്രയോഗമായിരുന്നുവെന്നെതും ശ്രദ്ധയം. മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ രാഷ്‌ട്രീയ പ്രസംഗ വേദിയില്‍ വി.എസ്‌ അച്യുതാനന്ദനെ `കാമഭ്രാന്തന്‍' എന്നുവിളിച്ചത്‌ കേരള രാഷ്‌ട്രീയത്തെ തന്നെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു. എന്നാല്‍ പിന്നീട്‌ തനിക്ക്‌ തെറ്റുപറ്റിയെന്ന്‌ പറഞ്ഞ്‌ ഗണേഷ്‌കുമാര്‍ വി.എസിനോടും ജനങ്ങളോടും മാപ്പുചോദിക്കുകയും ചെയ്‌തു.

എന്തായാലും ഇപ്പോള്‍ സിന്ധുജോയിക്കെതിരെയുള്ള വാക്‌പ്രയോഗത്തെ വി.എസ്‌ മറുകണ്ടം ചാടി പ്രതിരോധിക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന വാദമാണ്‌ വി.എസിന്റേത്‌. വി.എസ്‌ പറഞ്ഞത്‌ ഒരു അക്ഷരം പോലും വിഴുങ്ങാതെ ചാനലുകള്‍ ആവര്‍ത്തിച്ച്‌ ആവര്‍ത്തിച്ച്‌ പ്രക്ഷേപണം ചെയ്യുമ്പോള്‍ പ്രതിരോധങ്ങള്‍ക്കൊണ്ടും രക്ഷപെടാന്‍ കഴിയാത്ത സ്ഥിതിയാണ്‌ വി.എസിന്‌ സംഭവിച്ചിരിക്കുന്നത്‌.

പിറവത്ത്‌ വി.എസ്‌ സജീവമായി പ്രചരണത്തിന്‌ എത്തിയപ്പോള്‍ പകച്ചുപോയ ഇടതുപക്ഷം ഇപ്പോള്‍ വി.എസ്‌ സഹായിച്ചാല്‍ ജയിച്ചുപോകാം എന്ന അവസ്ഥയിലേക്ക്‌ എത്തിയിരിക്കുന്നു. വരും ദിവസങ്ങളില്‍ സിന്ധുജോയി പിറവത്ത്‌ സജീവമാകുമ്പോള്‍ വി.എസിന്റെ വാക്കുകള്‍ക്കായിരിക്കും ചാനല്‍ മൈക്കുകള്‍ കൂടുതല്‍ പ്രാമുഖ്യം കൊടുക്കുക.

അനൂപ്‌ ജേക്കബിനെതിരെയുള്ള കേസും, പൊങ്കാല വിവാദവുമൊക്കെ ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കുമ്പോള്‍ സെല്‍വരാജും, വി.എസ്‌ പ്രയോഗങ്ങളും തന്നെയാകും ഇനി പിറവത്ത്‌ യു.ഡി.എഫിന്റെ ആയുധങ്ങള്‍. ഇതിനെ അതിജീവിക്കാന്‍ തീര്‍ച്ചയായും പുതിയ രാഷ്‌ട്രീയ നാടകങ്ങള്‍ അരങ്ങേറുമെന്നതില്‍ സംശയവുമില്ല.
വി.എസിന്റെ വാക്‌പിഴകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക