Image

തകര്‍ന്ന പ്രവാസപ്രതീക്ഷകളുമായി നാട്ടിലേയ്ക്ക് മടങ്ങി

Published on 24 December, 2017
തകര്‍ന്ന പ്രവാസപ്രതീക്ഷകളുമായി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ഏറെ പ്രതീക്ഷകളുമായി പ്രവാസജോലിയ്ക്ക് എത്തിയ മലയാളി വനിത, ഏറെ ദുരിതങ്ങള്‍ നേരിട്ട് ആ പ്രതീക്ഷകള്‍ തകര്‍ന്നപ്പോള്‍, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

കോതമംഗലം സ്വദേശിനി ലിസ്സി ബേബി എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് സൗദിയില്‍ ദമ്മാമിലെ ഒരു വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. എന്നാല്‍ വളരെ മോശം ജോലിസാഹചര്യങ്ങളാണ് അവര്‍ക്ക് ആ വലിയ വീട്ടില്‍ നേരിടേണ്ടി വന്നത്. അമിതമായ ജോലിഭാരവും, മതിയായ ഭക്ഷണമോ വിശ്രമമോ കിട്ടാത്ത അവസ്ഥയും, നിരന്തരമായ ശകാരവും, ശമ്പളം സമയത്ത് കിട്ടാത്തതും കാരണം അവര്‍ ശാരീരികമായും, മാനസികമായും തളര്‍ന്നു. ആ ജോലിയില്‍ ആറു മാസത്തോളം പിടിച്ചു നിന്നെങ്കിലും, സഹിയ്ക്കാനാകാത്ത അവസ്ഥയായപ്പോള്‍, പുറത്തു കടന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

അവിടെ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ബേബി സ്വന്തം അവസ്ഥ വിവരിച്ച് ,നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകന്‍ ഉണ്ണി പൂച്ചെടിയലും, ബേബിയുടെ സ്പോണ്‍സറെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, താന്‍ ലിസ്സിയുടെ ഒരു കാര്യത്തിലും ഇടപെടില്ലെന്ന് പറഞ്ഞ് അയാള്‍ കൈയൊഴിഞ്ഞു.

തുടര്‍ന്ന് മഞ്ജുവിന്റെ അപേക്ഷ പരിഗണിച്ച്, വനിതാ അഭയകേന്ദ്രം തലവന്‍ ബേബിയ്ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ ഉത്തരവിട്ടു. നവയുഗത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം പെരുമ്പാവൂര്‍ അസോഷിയേഷന്‍ നേതാവായ സുബൈറിന്റെ സഹായത്തോടെ വിമാനടിക്കറ്റും ബേബിയ്ക്ക് കിട്ടി. താമസിയ്ക്കാതെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ലിസി ബേബി നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: ലിസ്സി ബേബിയ്ക്ക് മഞ്ജു മണിക്കുട്ടന്‍ യാത്രാരേഖകള്‍ കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക