Image

ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ സ്വപ്നമന്ദിരം വളരുമെന്നു നവവത്സര സ്വപ്നം (കുര്യന്‍ പാമ്പാടി)

രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി Published on 24 December, 2017
ലോക ടൂറിസ്റ്റ് ഭൂപടത്തില്‍  സ്വപ്നമന്ദിരം വളരുമെന്നു നവവത്സര സ്വപ്നം (കുര്യന്‍ പാമ്പാടി)
നോര്‍വേയിലെ സ്‌റെവാംഗറില്‍ ലോകത്തില്‍ ഏറ്റം വലിയ പെട്രോളിയം പര്യവേക്ഷണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഡോ. എന്ജലീന തോമസ് എപ്പോഴും ജോളി ആണ്. ജന്മനാടായ വാഗമണ്ണില്‍ ഭര്‍ത്താവ് അനിഷുമൊത്ത് തുടങ്ങിയ റിസോര്‍ട്ടിന്റെ ഭാവിയെപ്പറ്റി ശുഭപ്രതീക്ഷ.

'ചില്‍ ഔട്ട് ആന്‍ഡ് റിലാക്‌സ്' എന്ന അര്‍ത്ഥത്തില്‍ മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച 'ചില്ലാക്‌സ്' എന്ന റിസോര്‍ട്ട് പച്ച പിടിച്ചു വരുന്നു. മൂന്ന് നിലകളിലായി ആറായിരം ച. അടി വിസ്താരത്തില്‍ പതിമൂന്നു ഡബിള്‍ മുറികളോടെ പടുത്തുയര്‍ത്തിയ സ്ഥാപനത്തില്‍ ആണ്ടില്‍ നൂറു ദിവസം ഫുള്‍ ഒക്കുപെന്‍സി ആയി.

പോരാ. നഷടമില്ലാതെ പോകണമെങ്കില്‍ ആണ്ടില്‍ ഇരുനൂറു ദിവസമെങ്കിലും നിറയെ ആള്‍ വേണം. 20,000 രൂപ ശമ്പളമുള്ള ഷെഫ് ഉള്‍പ്പെടെ എട്ടു ജോലിക്കാര്‍ക്ക് മാസം ഒരു ലക്ഷം നല്‍കണം. കറണ്ട് ചാര്‍ജ് മാസം 40,000. ബില്‍ഡിംഗ് ടാക്‌സ് ആണ്ടില്‍ 42,000 ആകും. സെയില്‍സ് ടാക്‌സ് പുറമേ. ഒരു മുറിക്കു 2000 രൂപയും ടാക്‌സുമാണ് നിരക്ക്. ബ്രേക്ക് ഫാസ്റ്റ് ഫ്രീ. നല്ല റെസ്‌ടോറന്റ്. കൂടെക്കൂടെ വരുന്ന പിരിവുകാരാണ് വലിയ തലവേദന.

ഇതുപറയുന്നത് എന്ജലീനക്കുവേണ്ടി റിസോര്‍ട്ട് നോക്കി നടത്തുന്ന പപ്പാ തോമസും മമ്മി സാറാമ്മയുമാണ്. കോട്ടയത്ത് നിന്ന് അര നൂറ്റാണ്ടു മുമ്പ് വാഗമണ്ണിലേക്ക് കുടിയേറിയതാണ് കര്‍ഷകനായ തോമസും ഹോമിയോ ഡോകടര്‍ സാറാമ്മയും. സാറാമ്മ 37 വര്‍ഷം ഡിസ്‌പെന്‍സറി നടത്തി. ഏകമകന്‍ നൈജലും ഭാര്യ റോസ്മിയും പുതിയ സംരംഭത്തില്‍ സഹകരിക്കുന്നു.

ഏലം, കാപ്പി, തേയില കൃഷികള്‍ കൂപ്പു കുത്തിയിട്ടും എന്ജലീനയെയും നൈജലിനെയും പഠിപ്പിച്ചത് കഠിന പ്രയത്‌നത്തിലൂടെ യാണ്.

എന്ജലിന പാലാ അല്‍ഫോന്‍സ കോളജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദവും കൊച്ചിന്‍ യുണിവേഴ്‌സിറ്റിയില്‍ നിന്ന് ജിയോഫിസിക്‌സില്‍ എം.എസിയും ഖരഗ്പൂര്‍ ഐ.ഐ.ടി.യില്‍ നിന്ന് എം. ടെക്കും എഡിന്‍ബറോ യുനിവേഴ്‌സിറ്റിയില്‍ നിന്ന് ജിയോ ഫിസിക്‌സിലും പെട്രോ ഫിസിക്‌സിലും പി.എച്. ഡി.യും നേടി. കൊച്ചിയില്‍ ഒന്നിച്ചു പഠിച്ച അനിഷ് ഹ്യുസ്റ്റനിലെ റൈസ് യുണിവേഴ്‌സിറ്റിയില്‍ നിന്ന് ജീയോഫിസിക്‌സില്‍ എംഎസ്. എടുത്തയാള്‍.

തലസ്ഥാനമായ ഓസ്ലോയില്‍ നിന്ന് 555 കി.മീ. തെക്കുപടിഞ്ഞാറു നോര്‍വേയുടെ ഓയില്‍ കാപിറ്റല്‍ ആയ സ്‌റെവാംഗറില്‍ രണ്ടു ആഗോള എണ്ണ പര്യവേക്ഷണ സ്ഥാപനങ്ങളിലെ സയന്റിസ്റ്റുകള്‍ ആണ് ഇരുവരും. രണ്ടു ആണ്‍മക്കള്‍--നേഥനും (10) ഡാനിയേലും (3). മൂത്തവന് ആര്‍ക്കിടെക്റ്റ് ആകണം. ചില്ലാക്‌സി' ന്റെ ബേസിക് ഡിസൈന്‍ നേഥന്റെയാണെന്ന് സാന്താക്ലോസിന്റെ നാട്ടില്‍ നിന്ന് ക്രിസ്മസിന്നു ജന്മനാട്ടിലെത്തിയ എന്ജലീന പറഞ്ഞു.

ഇന്ത്യയും നോര്‍വെയും തമ്മില്‍ എന്തെന്തു ബന്ധം! നീണ്ടകരയിലെ ഇന്‍ഡോ--നൊര്‍വീജിയന്‍ പദ്ധതി മാത്രം മതിയല്ലോ.

കുടുംബം നോക്കി കഴിയുന്ന ലോകത്തിലെ ഏറ്റം സന്തുഷ്ട ജനതയാണ് നോര്‍വേയിലെത്. ക്രോണര്‍ നാണയം. ഒരു ക്രോണര്‍ എട്ടു രൂപ. പി.ആര്‍. കിട്ടാറായി. എങ്കിലും ഗള്‍ഫില്‍ എവിടെക്കെങ്കിലും മാറിയാലോ എന്നും തോന്നലുണ്ടെന്ന് മണിമല സ്വദേശിയായ അനിഷ് പറഞ്ഞു. 'വീടിനു തൊട്ടടുത്ത ചെറുവള്ളിയിലാണ് പുതിയ എയര്‍ പോര്‍ട്ട് വരുന്നതെങ്കില്‍ രണ്ടര മൂന്ന് മണിക്കൂര്‍ കൊണ്ട് വീടിലെത്താം'-- കര്‍ഷകനായ വടക്കേ മുറി വര്‍ഗിസിന്റെയും മേരിക്കുട്ടിയുടെയും മകനാണ്.

''ഏതു ജോലിക്കും മാന്യത. പ്യൂണ്‍ ഇല്ലാത്ത നാട്' എന്നാണ് ഒരു കോടി മാത്രം ജനമുള്ള നോര്‍വേയില്‍ നാലുതവണ പോയി വന്ന എന്ജലീനയുടെ മാതാപിതാക്കളുടെ അനുഭവം. ഇന്ത്യന്‍ അസോസിയേഷന്റെ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ തോമസിന് ഭാഗ്യമുണ്ടായി. അവിടത്തെ പ്രധാനമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഒപ്പം മുന്നിരയിലാണ് ഇരുന്നത്. അവരുടെ എളിമ കണ്ടുപഠിക്കണം.

നാനൂറു പേര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ മുഖ്യസംഘാടകന്‍ കൊല്ലംകാരനായ നിധിഷ് കമ്മത്ത് ആയിരുന്നു. തങ്ങള്‍ വസിക്കുന്ന റോഗാലാന്‍ഡ സംസ്ഥാനത്തെ മലയാളി അസോസിയേഷനില്‍ 40 അംഗങ്ങള്‍ ഉണ്ട്. ആകെ അവിടെ 60 പേരുണ്ടാവും അധികവും ഐ.ടി.ക്കാരും എഞ്ചിനീയര്‍മാരും. ''ഞാന്‍ അവിടെ ചൂണ്ടയിടാന്‍ പോകുമായിരുന്നു. പല തവണ അയല പിടിച്ചിട്ടുണ്ട്' --തോമസ് അറിയിച്ചു.

വാഗമണ്ണില്‍ ടൂറിസം വളരുന്നത് തങ്ങള്‍ക്കു ഗുണകരമാവുമെന്ന് എന്ജലീനയും അനിഷും കരുതുമ്പോള്‍ ടൌണ്‍ ഉള്‍പ്പെടുന്ന എലപ്പാറ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ മാത്രം ഇരുനൂരിലേറെ റിസോര്‍ട്ടുകള്‍ ഉണ്ടെന്നു മെമ്പര്‍ മിനിമോള്‍ സുധാകരന്‍ പറയുന്നു. പഞ്ചായത്തിന്റെ മൂന്നു കോടി ബജറ്റില്‍ ഏറ്റം കൂടുതല്‍ വരുമാനം ടൂറിസത്തില്‍ നിന്നാണ്.

പക്ഷെ ചെറിയ ഒരു മേഖലയുടെ പരിസ്ഥിതി (കാരിയിംഗ് കപ്പാസിറ്റി) തകരാറിലാക്കുന്ന ഈ കുതിപ്പിനെക്കുറിച്ചു ആശങ്കയുണ്ട്. പലതും രെജിസ്റ്റര്‍ ചെയ്തിട്ട് പോലുമില്ല. അവയെ നിയത്രിക്കാന്‍ കഴിയുന്നില്ല. റിസോര്‍ട്ടുകളില്‍ ഒരുപാട് പേര്‍ക്ക് ജോലി കിട്ടുന്നു. ടൌണിലെ എഴുപതിലേറെ വരുന്ന ജീപ്പുകള്‍ സഞ്ചാരികളെ ട്രെക്കിങ്ങിനു കൊണ്ട് പോയി വരുമാനം ഉണ്ടാക്കുന്നു.

ഒരുപാട് സിനിമകളും സീരിയലുകളും ഷൂട്ട് ചെയ്യുന്ന സ്ഥലമാണ് പ്രകൃതി മനോഹരമായ വാഗമണ്‍. സ്പ്ടികം, സമ്മര്‍ ഇന്‍ ബെതലഹേം, ചാര്‍ളി, ഇയ്യോബിന്റെ പുസ്തകം, മാനസരോവര്‍, ബ്ലുബെറിഹണ്ട് എന്നിങ്ങനെ. വാഗമണ്ണിനു പ്രശസ്തിയുണ്ട്, പക്ഷെ അതിനനുസരിച്ചു പഞ്ചായത്തിനു വരുമാനമില്ല.

വാഗമണ്ണിലെ ഏറ്റം ഉയരമുള്ള റാണിമുടി നികുരത്തില്‍ പുതു വത്സരത്തിനു തുറക്കുന്ന ഫെയര്‍മോണ്ട് ആണ് അവിടത്തെ ഏറ്റം പുതിയ റിസോര്‍ട്ട്. രാമപുരം കല്ലുപുരക്കല്‍ കെ.ജെ ജോസഫിന്റെയും അന്നകുട്ടിയുടെയും മകന്‍ സിജോയുടെ സ്വപ്ന സാക്ഷാല്കാരമാണ് രണ്ടുകോടി മുടക്കുള്ള റിസോര്‍ട്ട്. കോളജ് അധ്യാപിക രമ്യയാണ് ഭാര്യ. റിസോര്‍ട്ടിനോട് ചേര്‍ന്ന് ഒരു ട്രീ ഹൌസും. പിന്നിലെ താഴ്വരയില്‍ മീനച്ചില്‍ ആറിനു തുടക്കം കുറിക്കുന്ന അരുവി.

മിനിമോള്‍ക്ക് തന്റെ വാര്‍ഡിനെക്കുറിച്ചു നിറഞ്ഞ അഭിമാനമാണ്. രണ്ടു അയല്‍ക്കാര്‍ക്കു-- സാന്ദ്ര ടി. സജി, സിതാര ടി സജി എന്നീ സഹോദരിമാര്‍ക്ക്-- മെഡിസിന് അഡ്മിഷന്‍ കിട്ടി. ഇരുവരും പിന്നോക്ക സമൂഹത്തില്‍ പെട്ടവര്‍. പഞ്ചായത്തില്‍ പെട്ട ബോണാമിയില്‍ അര്‍ജുന്‍ പാണ്ഡ്യനു അഖിലേന്ത്യ സിവില്‍ സര്‍വിസില്‍ പ്രവേശനവും കിട്ടി. ടൌണ്‍ വാര്‍ഡില്‍ പലരും എന്‍ജിനീയറിങ്ങിനു പഠിക്കുന്നു. മിനിയുടെ മകള്‍ അഹനാ സേതുലക്ഷ്മി തന്നെ ബി.ടെക്കിനു ഫൈനല്‍ ഇയറാണ.് ഇളയവള്‍ ഗ്രയ്‌സ്മി കല്യാണി പിറന്നാളിന്റെ മധുരം പങ്കു വച്ചു.

മിനിയുടെ സഹപാഠിയെയും കണ്ടു--വാഗമണ്ണില്‍ ജനിച്ചു വളര്‍ന്ന സുരേഷ്. മൂന്ന് മാസം മുമ്പ് ഭാര്യ ബിനുവുമൊത്ത് ഹണി ഡ്രോപ്‌സ് എന്ന ഹോം സ്റ്റേ തുറന്നു. മൂന്ന് കിടക്കകള്‍ ഉള്ള രണ്ടു മുറികള്‍. 2000-2500 വാടക. ഭക്ഷണം പുറമേ. 90 ദിവസങ്ങള്‍ക്കുള്ളില്‍ 40 ദിവസം അതിഥികള്‍ ഉണ്ടായിരുന്നു. നാല് ചുറ്റും പുതിയ റിസോര്‍ട്ടുകള്‍. ഈ ക്രിസ്മസ് പുതുവത്സര വേളയില്‍ എല്ലായിടത്തും ആളുണ്ട്. സൌകര്യങ്ങള്‍ കൂടുമ്പോള്‍ ടൂറിസ്റ്റുകളുടെ വരവും കൂടും എന്നാണ് സുരേഷിന്റെ പക്ഷം.

കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ 2500 അടി മുകളില്‍ കിടക്കുന്ന വാഗമണ്‍ വളര്‍ച്ചയുടെ കുതിപ്പിലാണ്. ഇങ്ങിനെ പോയാല്‍ മറ്റൊരു മൂന്നാറോ ഊട്ടിയോ കൊടൈക്കനാലോ ആകാന്‍ അധികകാലം വേണ്ട. പുല്ലു മേഞ്ഞ കടകളും വീടുകളും പഴംകഥയായി. മിനിമോളുടെ നേതൃത്വത്തില്‍ ടൌണിനു നടുവില്‍ സിവില്‍ സപ്ല്യ്‌സ് ഷോപ്പ് തുറന്നു. കംഫര്‍ട്ട് സ്‌റെഷനും വരുന്നു. തൊട്ടടുത്തു പോലിസ് സ്‌റേഷന്‍. വാഗമണ്‍ തന്നെ ഒരു പഞ്ചായത്ത് ആകാന്‍ ഇടയുണ്ട്. ആയിരക്കണക്കിന് വാഹനങ്ങള്‍ ഓടുന്നു, പക്ഷെ പെട്രോള്‍ ബങ്ക് ആയിട്ടില്ല.
ലോക ടൂറിസ്റ്റ് ഭൂപടത്തില്‍  സ്വപ്നമന്ദിരം വളരുമെന്നു നവവത്സര സ്വപ്നം (കുര്യന്‍ പാമ്പാടി)ലോക ടൂറിസ്റ്റ് ഭൂപടത്തില്‍  സ്വപ്നമന്ദിരം വളരുമെന്നു നവവത്സര സ്വപ്നം (കുര്യന്‍ പാമ്പാടി)ലോക ടൂറിസ്റ്റ് ഭൂപടത്തില്‍  സ്വപ്നമന്ദിരം വളരുമെന്നു നവവത്സര സ്വപ്നം (കുര്യന്‍ പാമ്പാടി)ലോക ടൂറിസ്റ്റ് ഭൂപടത്തില്‍  സ്വപ്നമന്ദിരം വളരുമെന്നു നവവത്സര സ്വപ്നം (കുര്യന്‍ പാമ്പാടി)ലോക ടൂറിസ്റ്റ് ഭൂപടത്തില്‍  സ്വപ്നമന്ദിരം വളരുമെന്നു നവവത്സര സ്വപ്നം (കുര്യന്‍ പാമ്പാടി)ലോക ടൂറിസ്റ്റ് ഭൂപടത്തില്‍  സ്വപ്നമന്ദിരം വളരുമെന്നു നവവത്സര സ്വപ്നം (കുര്യന്‍ പാമ്പാടി)ലോക ടൂറിസ്റ്റ് ഭൂപടത്തില്‍  സ്വപ്നമന്ദിരം വളരുമെന്നു നവവത്സര സ്വപ്നം (കുര്യന്‍ പാമ്പാടി)ലോക ടൂറിസ്റ്റ് ഭൂപടത്തില്‍  സ്വപ്നമന്ദിരം വളരുമെന്നു നവവത്സര സ്വപ്നം (കുര്യന്‍ പാമ്പാടി)ലോക ടൂറിസ്റ്റ് ഭൂപടത്തില്‍  സ്വപ്നമന്ദിരം വളരുമെന്നു നവവത്സര സ്വപ്നം (കുര്യന്‍ പാമ്പാടി)ലോക ടൂറിസ്റ്റ് ഭൂപടത്തില്‍  സ്വപ്നമന്ദിരം വളരുമെന്നു നവവത്സര സ്വപ്നം (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക