Image

നൂറ്റാണ്ടിന്റെശബ്ദമായ ക്രിസോസ്റ്റം തിരുമേനിക്കു നൂറ്റിയൊന്നാം ക്രിസ്തുമസ് മംഗളങ്ങള്‍ ! (ചാക്കോ ഇട്ടിച്ചെറിയ)

Published on 24 December, 2017
നൂറ്റാണ്ടിന്റെശബ്ദമായ ക്രിസോസ്റ്റം തിരുമേനിക്കു നൂറ്റിയൊന്നാം ക്രിസ്തുമസ് മംഗളങ്ങള്‍ ! (ചാക്കോ ഇട്ടിച്ചെറിയ)
കാലം കരങ്ങളിലേറ്റുവാങ്ങി ചിര
കാലം പരിചരണങ്ങളേകി
പോറ്റിവളര്‍ത്തി മാര്‍ത്തോമ്മാസഭക്കായ്
ക്രിസ്സോസ്‌റ്റെംതിരുമേനി പുണ്ണ്യപൂമാന്‍ !

ഉമ്മനഛന്റെ മകനായവതരി
ച്ചിമ്മഹീതന്നിലനുഗ്രഹീത
പുണ്ണ്യ പുരോഹിത ശ്രേഷ്ട തിരുമേനി
യെണ്ണി പരലോകമെത്ര കാമ്യം!

ഈശ്വരചൈതന്യമുള്‍ക്കൊണ്ടു ജീവിതം
ഉല്‍കൃഷ്ടസാന്ദ്രമായ്തീര്‍ന്നു മെല്ലെ
ഈവഴിത്താരയിലന്ധത മാറ്റുവാന്‍
ഇറ്റു പ്രകാശം പരത്തീടുവാന്‍

സ്വര്‍ണ്ണനാവുള്ളവനത്രേ ക്രിസ്സോസ്റ്റമീ
വണ്ണമുരപ്പതു കേട്ടു പണ്ടേ
വര്‍ണ്ണിച്ചിടാനെളുതല്ലയാനാവിന്റെ
കര്‍ണ്ണപ്പൊലിമയും സ്വാരസ്യവും!

നാവിന്റെ തുമ്പില്‍ കുരുങ്ങുന്ന വാക്കുകള്‍
നാദങ്ങളായ് കാതിലെത്തിടുമ്പോള്‍
ഏതോ ലഹരിയിലാഹ്ലാദചിത്തരായ്
തീരുന്നു മാനവരാകമാനം!

കണ്ണിന്നുകാണുന്ന കാര്യങ്ങളൊക്കെയീ
വണ്ണം ക്രമപ്പെടുത്തിപ്പരര്‍ക്കീ
മണ്ണില്‍ സുഖമേറെയുണ്ടായി ജീവിതം
വിണ്ണില്‍ കരേറുവാന്‍ മാര്‍ഗ്ഗമോതി

ജീവിതം നിത്യവും ധന്യമാക്കീടുന്ന
കാവിവസ്ത്രദ്ധാരി യോഗിവര്യാ
എണ്ണിയാല്‍ തീരാത്ത നന്മകളങ്ങയ്ക്കു
മണ്ണിലും വിണ്ണിലും നല്‍കീടുവാന്‍

ഞങ്ങള്‍ ദിനംതോറുമീശ്വരസന്നിധൗ
തിങ്ങുന്ന മോദമോടാലപിപ്പൂ
സ്‌തോത്രത്തിന്‍പല്ലവി മറ്റൊന്നുമില്ലിതു
മാത്രമാണങ്ങയ്ക്കു നല്‍കീടുവാന്‍

എഴുപത്തിനാലു സംവല്‍സരം മാര്‍ത്തോമ്മാ
സഭയുടെയഭിമാനപുളകമായി
അളവറ്റസേവനമതുമൂലമതിപുഷ്ടി
യുളവാക്കിയതിനാലെ നന്ദി,നന്ദി !

വത്സരം നൂറു തികച്ചിന്നു ജീവിതം
വത്സലന്‍ താതനെ വാഴ്ത്തി വാഴ്ത്തി
നന്മകളോരോന്നായോര്‍ത്തു സാഫല്യമായ്
തീര്‍ന്നോരുജീവിത മാത്മശാന്തി!

ത്യാഗമെഴാത്തോരു ജീവിതമേയര്‍ത്ഥ
ശൂന്യമാണായതാല്‍ സംശുദ്ധമാം
ജീവിതം ഭൂവില്‍ നയിച്ചിടാന്‍ സര്‍വം
ത്യജിച്ചോരു സ്‌നേഹത്തിന്‍ പൂരണമേ

ജീവിതസായാഹ്ന്‌നവേളയില്‍ സാനന്ദ
മാതുരര്‍ക്കത്താണിയായി വീണ്ടും
ഏവം പ്രകാശമായ് നിന്നു ലസിക്കുക
മല്‍പ്രഭോ വലിയ ഇടയശ്രേഷ്ടാ!

രണ്ടായിരത്തിയഞ്ഞൂറു ഭവനങ്ങ
ളുണ്ടാക്കി നല്‍കിയഗതികള്‍ക്കായ്
ഉണ്ടവരങ്ങയ്ക്കു മംഗളം ചൊല്ലുവാന്‍
വിണ്ഠലം തന്നിലും വാഴ്ക,വാഴ്ക!

ആശംസയര്‍പ്പിച്ചിടട്ടെയൊരായിരം
ആയിരമായിരം പൂച്ചെണ്ടുകള്‍
ഹാ! ധര്‍മ്മ,കര്‍മ്മ,നര്‍മ്മങ്ങള്‍ വിതറുന്ന
ആസ്വര്‍ണ്ണ നാവിന്നു ഞങ്ങളിപ്പോള്‍.!!!


*ക്രിസോസ്റ്റം തിരുമേനിയുടെ നൂറാം ജന്മദിനത്തില്‍ സമര്‍പ്പിച്ചത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക