Image

ഇന്ത്യയിലെ ശക്തരായ വനിതകളില്‍ നടി പാര്‍വതിയും ഡോക്ടര്‍ ഷിംന അസീസും

Published on 24 December, 2017
ഇന്ത്യയിലെ ശക്തരായ വനിതകളില്‍ നടി പാര്‍വതിയും ഡോക്ടര്‍ ഷിംന അസീസും


വുമണ്‍ ഓഫ്‌ ദ ഇയര്‍ 2017 തെരഞ്ഞെടുപ്പില്‍ ഇടം നേടി മലയാളം സിനിമ നടി പാര്‍വതിയും
ഡോക്ടര്‍ ഷിംന അസീസും. മലയാളിയായ തെന്നിന്ത്യന്‍ നായിക നയന്‍താരയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്‌.ഔണ്‍ലൈന്‍ വെബ്‌സൈറ്റായ `ദ ന്യൂസ്‌ മിനിറ്റ്‌' നടത്തിയ തെരഞ്ഞെടുപ്പിലാണ്‌ ഇവര്‍ ഇടം നേടിയത്‌.


ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതകള്‍ ശ്രദ്ധേയമായ നിലപാടുകള്‍ സ്വീകരിക്കുകയായിരുന്നെന്ന്‌ മാധ്യമം നിരീക്ഷിക്കുന്നു. മമ്മൂട്ടി നായകനായ കസബ സിനിമയിലെ ഒരു ഡയലോഗില്‍ സ്‌ത്രീവിരുദ്ധത പ്രകടമായിരുന്നു എന്ന്‌ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ എതിര്‍പ്പുകള്‍ നടി പാര്‍വതി നേരിട്ടെങ്കിലും തല ഉയര്‍ത്തിപ്പിടിച്ചുതന്നെ അതിനെയെല്ലാം നേരിടാന്‍ അവര്‍ക്കായി എന്നതാണ്‌ പട്ടികയിലേക്ക്‌ നടിയെ തെരഞ്ഞെടുക്കാന്‍ കാരണമായത്‌.

മലപ്പുറത്തുനിന്നുള്ള ഡോക്ടറായ ഷിംന അസീസ്‌, പ്രതിരോധ കുത്തിവെപ്പ്‌ വാക്‌സിനായ മീസില്‍സ്‌ റുബെല്ലയെ കുറിച്ചുള്ള ബോധവത്‌കരണം നടത്തിയതിനാണ്‌ പട്ടികയില്‍ ഇടം പിടിച്ചത്‌. തന്റെ നിലപാടുകള്‍ സുപ്രീംകോടതിയില്‍ പോലും ഉറച്ച ശബ്ദത്തില്‍ പ്രകടിപ്പിച്ച ഹാദിയയും, അക്രമിക്കപ്പെട്ട നടിയോടൊപ്പം നില്‍ക്കുകയും പിന്നീട്‌ കേരളത്തില്‍ സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്നതിനായി രൂപം കൊണ്ട വുമണ്‍ ഇന്‍ സിനിമ കളക്ടീവ്‌ എന്ന സംഘടനയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്‌.

നടി നയന്‍താര, ബാഡ്‌മിന്റണ്‍ താരം പിവി സിന്ധു, ട്രാന്‍സ്‌ജെണ്ടറുകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അക്കായ്‌ പദ്‌മശാലി, വനിത ഐപിഎസ്‌ ഓഫീസര്‍ രൂപ മൗഡ്‌ഗില്‍, തോട്ടിപ്പണിക്കാരുടെ ജീവിതം പ്രമേയമാക്കി `കക്കൂസ്‌' എന്ന സിനിമ നിര്‍മ്മിച്ച ദിവ്യ ഭാരതി, കേരളത്തില്‍ അക്രമിക്കപ്പെട്ട നടി തുടങ്ങി പതിനെട്ട്‌ പേരാണ്‌ പട്ടികയില്‍ ഇടം പിടിച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക