Image

സിസ്റ്റര്‍ റോസി: ഭൂമിയിലെ മാലാഖ (നടി ആനി)

Published on 25 December, 2017
സിസ്റ്റര്‍ റോസി:  ഭൂമിയിലെ മാലാഖ (നടി ആനി)


അമ്മയാണ് ഏറ്റവും വലിയ സ്‌നേഹം. വളര്‍ച്ചയുടെ ഏത് ഘട്ടത്തിലായാലും ആ സ്‌നേഹവും കരുതലും തണലും നമ്മള്‍ ആഗ്രഹിക്കും. ചെറിയ പ്രായത്തില്‍ അമ്മയെ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന വാക്കുകളില്‍ ഒതുങ്ങുന്നതല്ല. ആ പ്രതിസന്ധിയെ ഒരുപരിധിവരെയെങ്കിലും തരണം ചെയ്യാന്‍ എന്നെ സഹായിച്ചത് റോസി സിസ്റ്ററാണ്. ജീവിതവഴിയില്‍ വെളിച്ചവും വഴികാട്ടിയുമാകുന്ന ആളാണ് സുഹൃത്തെങ്കില്‍ സിസ്റ്റര്‍ തന്നെയാണെന്റെ ബെസ്റ്റ് ഫ്രണ്ട്.

എന്റെ അമ്മയും സിസ്റ്റര്‍ റോസിയും സുഹൃത്തുക്കളായിരുന്നു. ഞാന്‍ പഠിച്ചിരുന്ന വഞ്ചിയൂര്‍ ഹോളി എയ്ഞ്ജല്‍സ് സ്‌കൂളില്‍ നിന്ന് എന്റെ വീട്ടിലേക്ക് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു. അമ്മയോടൊപ്പമാണ് കുഞ്ഞിലേ ഞാനും ചേച്ചി നന്ദിയും സ്‌കൂളില്‍ പോയിരുന്നത്. അവിടെവെച്ച് സിസ്റ്ററെ കാണുമ്പോഴൊക്കെ അമ്മ കുറെ നേരം സംസാരിക്കുന്നത് കാണാം. സ്വന്തം അസുഖത്തെക്കുറിച്ചും ഞങ്ങള്‍ മക്കളുടെ ഭാവിയെ ചൊല്ലിയുള്ള ആശങ്കകളും ആയിരുന്നു 'അമ്മ സിസ്റ്ററോട് പങ്കുവെച്ചിരുന്നത് . സിസ്റ്ററുടെ സാമീപ്യം അമ്മയ്ക്ക് ആശ്വാസം പകര്‍ന്നിരുന്നു. ആ ബന്ധത്തിന്റെ ഇഴയടുപ്പം കൊണ്ടാകാം എന്നോടും ചേച്ചിയോടും സിസ്റ്റര്‍ക്ക് പ്രത്യേക വാത്സല്യം തോന്നിയത് . ഇളയ ആളായാതുകാരണം എന്നോടാണ് കൂടുതല്‍ പരിഗണന കാണിച്ചിരുന്നത്. സ്‌കൂളില്‍ നാലാം ക്ലാസ്സ് മുതലാണ് ലീഡറെ തെരഞ്ഞെടുത്തിരുന്നത്. സ്വയം ഒരുകാര്യത്തിന് മുന്നിട്ടിറങ്ങാനുള്ള എന്റെ മടി മനസ്സിലാക്കി സിസ്റ്റര്‍ ഉന്തിത്തള്ളിയാണ് എന്നെ ലീഡര്‍ ആക്കിയത്.

'അമ്മ മരിച്ചെന്ന് മനസ്സിലായ നിമിഷം ഇപ്പോഴും ഓര്‍മയുണ്ട്. എന്തുചെയ്യണമെന്നറിയാതെ നിസ്സഹായയായി നിന്നപ്പോള്‍ മനസ്സില്‍ ആദ്യം വന്ന മുഖം സിസ്റ്റര്‍ റോസിയുടേതായിരുന്നു. ഫോണ്‍ വിളിച്ച് ' അമ്മ പോയി സിസ്റ്ററേ' എന്ന് മാത്രമേ കരച്ചില്‍ കടിച്ചമര്‍ത്തിക്കൊണ്ട് എനിക്ക് പറയാന്‍ കഴിഞ്ഞുള്ളു. അപ്പോള്‍ തന്നെ സ്‌കൂളില്‍ നിന്നെല്ലാവരും വീട്ടില്‍ വന്നു. സത്യത്തില്‍ ആ നേരത്ത് സിസ്റ്ററെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോഴാണ് മനസിന്റെ ഭാരം അല്പമൊന്നു കുറഞ്ഞത്.

പിന്നീടങ്ങോട്ട് എന്റെ ജീവിതത്തില്‍ എന്ത് നന്മ ഉണ്ടായിട്ടുണ്ടോ അതിലൊക്കെ സിസ്റ്ററുടെ പ്രാര്‍ത്ഥനയുണ്ട്. സ്‌കൂളിനെ പ്രതിനിധീകരിച്ച് പരിപാടികളില്‍ പങ്കെടുക്കാനും സമ്മാനങ്ങള്‍ വാരിക്കൂട്ടാനും കഴിഞ്ഞത് ആ പ്രോത്സാഹനം കൊണ്ടുമാത്രമാണ്. ഞങ്ങളുടെ ബാന്‍ഡ് ട്രോഫി നേടി തിരികെ എത്തുമ്പോള്‍ സിസ്റ്ററുടെ കണ്ണുകള്‍ തിളങ്ങുന്നതുകാണാം. ഏതോ ലോകത്തിരുന്ന് എന്റെ 'അമ്മ ആ കണ്ണുകളിലൂടെ എന്നെ നോക്കുന്നപോലെ തോന്നിയിട്ടുണ്ട്.

ഒരു സീരിയലിനു വേണ്ടി സ്‌കൂളിലെ കുട്ടികളെ സെലക്ട് ചെയ്യാന്‍ വന്നപ്പോള്‍ സിസ്റ്റര്‍ മുന്നില്‍ നിന്നാണ് അഭിനയം എനിക്ക് വഴങ്ങുമെന്നും ഒരു കൈ നോക്കാനും ആദ്യമായി പറഞ്ഞത്. സാധാരണ ഗതിയില്‍ കന്യാസ്ത്രീകള്‍ കലയെ അങ്ങനെ അക്കാലത്ത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. പിന്നീട് ബാലചന്ദ്രമേനോന്‍ അങ്കിളിനെ ഇന്റ്റര്‍വ്യൂ ചെയ്യാന്‍പോയപ്പോഴും അമ്മയാണെ സത്യത്തിലൂടെ സിനിമയിലേക്ക് അവസരം കിട്ടിയപ്പോഴും സന്തോഷത്തോടെ റോസി സിസ്റ്റര്‍ എന്റെയൊപ്പം നിന്നു.

ഷാജിയേട്ടനുമായുള്ള വിവാഹം കഴിഞ്ഞ്, ചെറിയൊരു പേടിയോടെയാണ് സിസ്റ്ററെ പോയി കണ്ടത്. എന്റെ മുഖത്ത് നോക്കി കുറച്ച് നേരം നിന്നു . നിന്റെ മുഖത്ത് ഈ സന്തോഷം ഉണ്ടാകണമെന്നേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളു എന്ന് പറഞ്ഞെന്നെ ചേര്‍ത്തുപിടിച്ചു.

വിശേഷാവസരങ്ങളില്‍ പ്രത്യേകിച്ച് ക്രിസ്മസിന് ഞാന്‍ സിസ്റ്ററെ പോയി കാണുന്നത് മുടക്കാറില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും ഷാജിയേട്ടന്റെ അമ്മയും എന്റെ പിറന്നാളിന് കുറച്ച് നല്ല ഭക്ഷണമൊക്കെ ഉണ്ടാക്കി സിസ്റ്ററെ കാണാന്‍ ചെന്നു. എന്റെ പിറന്നാളാണെന്നു പറഞ്ഞപ്പോഴാ 'ജൂലൈ 23 ന് ' റോസി സിസ്റ്ററുടെയും ബര്‍ത്ത്‌ഡേ ആണെന്നറിഞ്ഞത്.

സന്തോഷം വന്നാലും സങ്കടം വന്നാലും ചില മുഖങ്ങള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തും . അവര്‍ ഇപ്പോഴും ഒരുവിളിപ്പാടകളെ വേണമെന്ന് തോന്നും. റോസി സിസ്റ്റര്‍ എനിക്ക് അങ്ങനൊരാളാണ്. എനിക്കായി ദൈവം ഭൂമിയിലേക്ക് ഇറക്കിവിട്ട മാലാഖ .

മീട്ടു 
കടപ്പാട്: മംഗളം 
സിസ്റ്റര്‍ റോസി:  ഭൂമിയിലെ മാലാഖ (നടി ആനി)സിസ്റ്റര്‍ റോസി:  ഭൂമിയിലെ മാലാഖ (നടി ആനി)സിസ്റ്റര്‍ റോസി:  ഭൂമിയിലെ മാലാഖ (നടി ആനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക