Image

അയ്യന് പാനകം, ദേവിക്ക് അട നിവേദ്യം; അരവണയും കടുംപായസവും മഹാപ്രസാദം

അനില്‍ പെണ്ണുക്കര Published on 25 December, 2017
അയ്യന് പാനകം, ദേവിക്ക് അട നിവേദ്യം;  അരവണയും കടുംപായസവും മഹാപ്രസാദം
ശബരിമലയിലെ അരവണപായസവും മാളികപ്പുറത്തെ കടുംപായസവും അയ്യപ്പനും മാളികപ്പുറത്തമ്മയ്ക്കുമുള്ള നിവേദ്യങ്ങളാണ്. ഭക്തജനലക്ഷങ്ങള്‍ക്കത് ആശ്വസമേകുന്ന മഹാപ്രസാദമാണ്. 

നിവേദ്യങ്ങള്‍ ദേവതാ സങ്കല്‍പം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ശബരിമലയില്‍ അയ്യനും മാളികപ്പുറത്ത് ദേവിക്കും സമര്‍പ്പിക്കുന്ന നിവേദ്യങ്ങള്‍ വ്യത്യസ്തമാണ്. മേല്‍ശാന്തിമാരുടെ പരികര്‍മികളെന്ന നിലയില്‍ കീഴ്ശാന്തിമാര്‍ക്കാണ് നിവേദ്യമടക്കമുള്ളവ തയാറാക്കി സമയത്ത് ശ്രീകോവില്‍ എത്തിക്കേണ്ട ചുമതല. ശബരിമലയില്‍ കീഴ്ശാന്തി ആര്യന്‍കീഴില്ലത്ത് എ.എസ്. കേശവന്‍ നമ്പൂതിരിക്കും മാളികപ്പുറത്ത് കീഴ്ശാന്തി കാശിമനയില്‍ കെ.പി. കൃഷ്ണന്‍ നമ്പൂതിരിക്കുമാണ് തന്ത്രിയുടെയും മേല്‍ശാന്തിമാരുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നിവേദ്യങ്ങള്‍ തയാറാക്കേണ്ട ചുമതല.

അയ്യന് അരവണയും പാനകവും

ശബരിമലയില്‍ അയ്യന് ഉഷപൂജയ്ക്ക് ചതുശ്ശതം അഥവാ ഇടിച്ചുപിഴിഞ്ഞ പായസമാണ് നിവേദ്യം. അരി, ശര്‍ക്കര, നെയ്യ്, പലം, കഴഞ്ച്, കദളിപ്പഴം, തേങ്ങാപ്പാലുമടങ്ങിയതാണ് പായസം. രണ്ടാംപാല് മൂന്നാംപാല് എന്നിങ്ങനെ തയാറാക്കുന്ന തേങ്ങാപ്പാല് വറ്റിച്ചാണ് പായസം തയാറാക്കുന്നത്. അവസാനം ഒന്നാം തേങ്ങാപ്പാല് ചേര്‍ത്ത് നിവേദ്യമൊരുക്കും.

നെയ്യഭിഷേകത്തിന് മുമ്പ് അവല്‍, മലര്, ത്രിമധുരം എന്നിവ നിവേദിക്കും. മുന്തിരി, കല്‍ക്കണ്ടം, തേന്‍ എന്നിവ ചേര്‍ന്നതാണ് ത്രിമധുരം. ഗണപതി ഹോമത്തിന് അഷ്ടദ്രവ്യം ഹോമിക്കും. അവല്‍, മലര്, ശര്‍ക്കര, കൊട്ടത്തേങ്ങ, കരിമ്പ്, നെയ്യ്, എള്ള്, കദളിപ്പഴം എന്നിവയാണ് ചേരുവകള്‍.

ഉച്ചപൂജയ്ക്ക് മഹാനിവേദ്യമായി വെള്ളയും അരവണപായസവും. ശര്‍ക്കരയും അരിയും നെയ്യും തേങ്ങ വറുത്തതും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത പ്രത്യേക കൂട്ടാണ് അരവണ പായസത്തിന്. മികച്ച ഉത്പന്നങ്ങള്‍ തികഞ്ഞ ശുദ്ധിയിലാണ് അരവണപായസത്തിന് ഉപയോഗിക്കുക. ഉച്ചകഴിഞ്ഞ് നടതുറക്കുമ്പോള്‍ മലര്‍ നിവേദ്യം. അത്താഴപൂജയ്ക്ക് പാനകവും ഉണ്ണിയപ്പവും. പാനകം നിവേദ്യം ഔഷധഗുണമാര്‍ന്ന മഹാപ്രസാദമാണ്. ശര്‍ക്കര വെള്ളം വറ്റിച്ച് ചുക്കും കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും ഒട്ടേറെ ചേരുവകളും ചേര്‍ത്താണ് അയ്യന്റെ നിവേദ്യം തയാറാക്കുക. കൂട്ട് രഹസ്യമാണ്. അരിയും നെയ്യും വറുത്തതേങ്ങാക്കൊത്തും ചേര്‍ത്താണ് ഉണ്ണിയപ്പം തയാറാക്കുക.

അമ്മയ്ക്ക് കടുംപായസവും അടയും

മാളികപ്പുറത്തമയ്ക്ക് നടതുറന്നതിനുശേഷം മലര്‍ നിവേദിക്കും. മലര്, അവല്‍, പഴം, ശര്‍ക്കര എന്നിവ ചേര്‍ന്ന മലര്‍നിവേദ്യം വെള്ളിപാത്രത്തിലാണ് നിവേദിക്കുക. ഉഷപൂജയ്ക്ക് കടുംപായസമാണ് നിവേദ്യം. അരി, കല്‍ക്കണ്ടം, മുന്തിരി, കൊട്ടത്തേങ്ങ, നെയ്യ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയാണ് ചേരുവകള്‍. ഉച്ചപൂജയ്ക്കും അത്താഴപൂജയ്ക്കും കടുംപായസം നിവേദിക്കും. പ്രസന്നപൂജയ്ക്കായി അട നിവേദിക്കും. അരിപ്പൊടിയും നെയ്യും കൂട്ടിക്കുഴച്ച് വഴറ്റിയ നാളീകേരവും ശര്‍ക്കര പാനിയും ചേര്‍ത്ത് ഇലയിലാണ് അട തയാറാക്കുന്നത്. തുടര്‍ന്ന് താംബൂല നിവേദ്യം. പഴങ്ങളും നിവേദിക്കും. ആപ്പിള്‍, മുന്തിരിയടക്കമുള്ള പഴവര്‍ഗങ്ങളാണ് നിവേദിക്കുക. ഗണപതി ഹോമത്തിന് അഷ്ടദ്രവ്യം ഹോമിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക