Image

ഉത്സവമേളവുമായി ഫോമാ കണ്‍വെന്‍ഷന്‍

ജോയിച്ചന്‍ പുതുക്കുളം Published on 14 March, 2012
ഉത്സവമേളവുമായി ഫോമാ കണ്‍വെന്‍ഷന്‍
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഉല്ലാസത്തിന്റേയും ആഹ്ലാദത്തിന്റേയും പൂരക്കാഴ്‌ചകള്‍ ഒരുക്കുന്ന ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷനായ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ' (സാഗരസംഗമം)യുടെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. ഇതുവരെ ഹോട്ടല്‍ കണ്‍വെന്‍ഷനുകള്‍ മാത്രം സുപരിചിതരായ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികള്‍ക്ക്‌ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ' ഒരു പുതിയ അനുഭവം തന്നെയായിരിക്കുമെന്ന്‌ ഫോമാ നേതൃത്വം ഉറപ്പിച്ചുപറയുന്നു.

ഈവര്‍ഷം ഇതുവരെ നാല്‌ കണ്‍വെന്‍ഷനുകളാണ്‌ അമേരിക്കന്‍ മലയാളികള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ളത്‌. ഇതില്‍ മൂന്നെണ്ണവും പരമ്പരാഗതമായ ഹോട്ടല്‍ കണ്‍വെന്‍ഷനുകളായി ഒതുങ്ങുമ്പോള്‍, വൈവിധ്യമാര്‍ന്ന ഒരുപിടി പുതുമകളുമായി ഫോമയുടെ കണ്‍വെന്‍ഷന്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

ലോക പ്രശസ്‌ത ആഢംഭര കപ്പലായ കാര്‍ണിവല്‍ ഗ്ലോറി, ഓഗസ്റ്റ്‌ ഒന്നിന്‌ പോര്‍ട്ട്‌ ഓഫ്‌ ന്യൂയോര്‍ക്കില്‍ (711m 12th Avenue, 55th Street, Newyork) നിന്ന്‌ പുറപ്പെടുമ്പോള്‍ അഞ്ച്‌ രാത്രിയും, ആറു ദിവസവും നീണ്ടുനില്‍ക്കുന്ന ഉത്സവമേളയാണ്‌ ഫോമയും കാര്‍ണിവല്‍ ഗ്ലോറിയും സംയുക്തമായി ഒരുക്കുന്നത്‌. കപ്പല്‍ ന്യൂയോര്‍ക്കില്‍ നിന്ന്‌ പുറപ്പെടുന്നതിനു മുമ്പ്‌ തന്നെ, ഉദ്‌ഘാടന സമ്മേളനം ഓഗസ്റ്റ്‌ ഒന്നാം തീയതി രണ്ടുമണിക്ക്‌ നടക്കും. ഒട്ടനവധി വിശിഷ്‌ടാതിഥികള്‍ക്ക്‌ ഇതുവഴി ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാനാവും.

ഫോമ ഒരുക്കുന്ന കലാപരിപാടികള്‍ക്കു പുറമെ നിറപ്പകിട്ടാര്‍ന്ന ഒട്ടനവധി പരിപാടികളാണ്‌ കാര്‍ണിവല്‍ ഗ്ലോറി, നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കുന്നത്‌. എല്ലാ ദിവസവും കപ്പലിലെ തീയേറ്ററില്‍ സിനിമ, ബിംഗോ ഗെയിംസ്‌, കാസിനോ ടൂര്‍ണമെന്റുകള്‍, ബാസ്‌ക്കറ്റ്‌ ബോള്‍, പിംഗ്‌-പോംഗ്‌ മത്സരങ്ങള്‍, കുട്ടികള്‍ക്കായുള്ള സമ്മര്‍ ക്യാമ്പുകള്‍, യോഗ ക്ലാസുകള്‍, എല്ലാ രാത്രിയും ബ്രോഡ്‌വേ ഷോകള്‍, ഫാഷന്‍ ഷോകള്‍, ഷോപ്പിംഗ്‌ സെമിനാറുകള്‍, ജൂവലറി പ്രദര്‍ശനങ്ങള്‍, ചിത്രരചനാ പ്രദര്‍ശനങ്ങള്‍, ബാള്‍ റൂം ഡാന്‍സ്‌ ക്ലാസുകള്‍, പുഷ്‌പ പ്രദര്‍ശനങ്ങള്‍, സ്വിമ്മിംഗ്‌ പൂളുകള്‍, ലൈവ്‌ ബാന്റുകള്‍, ഫിറ്റ്‌നസ്‌ സെന്ററുകള്‍, ജോഗിംഗ്‌ പാത്തുകള്‍, ഇവയ്‌ക്കു പുറമെ കാര്‍ണിവല്‍ ഗ്ലോറിയുടെ ലോകോത്തര ഷോകള്‍, തുടങ്ങിയവ ഇനങ്ങളില്‍ ചിലതുമാത്രം.

ആറു ദിവത്തിലെ കപ്പല്‍ യാത്രയില്‍ രണ്ട്‌ ദിനങ്ങള്‍ ഷോര്‍ ട്രിപ്പുകള്‍ക്കുള്ളതാണ്‌. സെയിന്റ്‌ ജോണ്‍, ഹാലിഫാക്‌സ്‌ എന്നീ ദ്വീപുകളാണ്‌ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ സന്ദര്‍ശിക്കുന്നത്‌. സെയിന്റ്‌ ജോണ്‍ സിറ്റി ടൂറിന്‌ പ്രായപൂര്‍ത്തിയായവര്‍ക്ക്‌ 44 ഡോളറും, 5 വയസ്സു മുതല്‍ 12 വയസ്സുവരേയുള്ള കുട്ടികള്‍ക്ക്‌ 39 ഡോളറുമാണ്‌ ചെലവാകുന്നത്‌. ഹാലിഫാക്‌സ്‌ ദ്വീപ്‌ ടൂറിന്‌ ഒരാള്‍ക്ക്‌ 69 ഡോളറും, 3 വയസു മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക്‌ 44 ഡോളറുമാണ്‌ ചെലവാകുന്നത്‌. ജെറ്റ്‌ സ്‌കീംഗ്‌, വെയ്‌ല്‍ വാച്ച്‌ ടൂറുകളും, ടൂര്‍ ഓപ്പറേറ്റേഴ്‌സായ ക്രൂയിസ്‌ ഹോളിഡേയ്‌സ്‌ ഒരുക്കിയിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രേണുക സഹായ്‌ (301 916 2010)-ല്‍ ബന്ധപ്പെടാവുന്നതാണ്‌.

അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായ രാജു മൈലപ്രയുടെ നേതൃത്വത്തിലുള്ള ചിരിയരങ്ങും, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ നേതൃത്വം കൊടുക്കുന്ന സെമിനാറുകളും ഇക്കുറിയുമുണ്ടാകും.

കണ്‍വെന്‍ഷന്‌ ഇനിയും അഞ്ച്‌ മാസം ബാക്കിയുണ്ടെങ്കിലും, കേരള സാംസ്‌കാരിക വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌, കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, ആന്റോ ആന്റണി എം.പി, രാജു ഏബ്രഹാം എം.എല്‍.എ തുടങ്ങി ഒട്ടനവധി രാഷ്‌ട്രീയ-സാംസ്‌കാരിക നേതാക്കളും കണ്‍വെന്‍ഷന്‍ അറ്റ്‌ സീയില്‍ പങ്കെടുക്കാന്‍ സമ്മതം ഇതിനോടകം അറിയിച്ചിട്ടുണ്ട്‌. ഫോമാ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ അറിയിച്ചതാണിത്‌.

ഉത്സവമേളവുമായി ഫോമാ കണ്‍വെന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക