Image

തടവ്ശിക്ഷ അനുഭവിച്ച മലയാളി എഞ്ചിനീയര്‍ നാട്ടിലേയ്ക്ക് മടങ്ങി.

Published on 26 December, 2017
തടവ്ശിക്ഷ അനുഭവിച്ച മലയാളി എഞ്ചിനീയര്‍ നാട്ടിലേയ്ക്ക് മടങ്ങി.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ മുരളീകൃഷ്ണന്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദ്യമായി സൗദി അറേബ്യയില്‍ എഞ്ചിനീയറിങ് വിസയില്‍ ജോലിയ്ക്ക് എത്തിയത്. കൈയ്യിലിരുന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നു എന്നറിയാമായിരുന്നിട്ടും, അത് സൗദി എഞ്ചിനീയറിംഗ് കൗണ്‍സിലില്‍ സമര്‍പ്പിച്ച മണ്ടത്തമാണ് മുരളീകൃഷ്ണന് വിനയായത്. തന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മനസ്സിലായപ്പോള്‍ ആ കമ്പനി, നിയമനടപടികള്‍ ഭയന്ന് അപ്പോള്‍ തന്നെ മുരളീകൃഷ്ണനെ എക്‌സിറ്റ് അടിച്ചു നാട്ടിലേയ്ക്ക് തിരിച്ചയച്ചു.

പിന്നീട് മറ്റൊരു കമ്പനി വിസയില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുരളീകൃഷ്ണന്‍ സൗദിയില്‍ മടങ്ങിയെത്തി ജോലി ചെയ്യാന്‍ തുടങ്ങി. ഒരു പ്രാവശ്യം നാട്ടില്‍ വെക്കേഷന്‍ പോയിട്ട് മടങ്ങി വരികയും ചെയ്തു. എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നു എന്ന് കരുതിയ മുരളീകൃഷ്ണന്‍ എട്ടു മാസങ്ങള്‍ക്കു മുന്‍പ് വീണ്ടുമൊരു വെക്കേഷന് പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ്, സൗദി പോലീസ് അറസ്റ്റ് ചെയ്തത്. പണ്ട് വ്യാജസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു എന്ന കുറ്റത്തിന് ഒരു വര്‍ഷത്തെ തടവുശിക്ഷ കോടതി വിധിച്ചു. ദമ്മാം ഫൈസലിയ സെന്‍ട്രല്‍ ജയിലിലാണ് മുരളീകൃഷ്ണന്‍ തടവുശിക്ഷ അനുഭവിച്ചത്.

മുരളീകൃഷ്ണന്റെ അവസ്ഥ സുഹൃത്തായ ചാക്കോയാണ് നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകനായ പദ്മനാഭന്‍ മണിക്കുട്ടനെ അറിയിച്ചത്. മണിക്കുട്ടന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഉണ്ണി പൂചെടിയലും, മഞ്ജു മണിക്കുട്ടനും ഒപ്പം ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ മുരളികൃഷ്ണന്റെ മോചനത്തിനായി ശ്രമം തുടങ്ങി. അതിനെ ഫലമായി എട്ടുമാസക്കാലത്തെ തടവുശിക്ഷ കഴിഞ്ഞതോടെ മുരളീകൃഷ്ണന്‍ ജയില്‍ മോചിതനായി. നവയുഗത്തിന്റെ ശ്രമഫലമായി ഒരു സുഹൃത്ത് വിമാന ടിക്കറ്റ് നല്‍കി. എല്ലാവര്‍ക്കും നന്ദി പറഞ്ഞു മുരളികൃഷ്ണന്‍ നാട്ടിലേയ്ക്ക് മടങ്ങി.

മുരളീകൃഷ്ണന്റെ അനുഭവം എല്ലാ പ്രവാസികള്‍ക്കും ഒരു പാഠമാണ്. വ്യാജസര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ ജോലി നേടാന്‍ ശ്രമിച്ചാല്‍, എത്ര കാലം കഴിഞ്ഞാലും പിടിയ്ക്കപ്പെട്ട് നിയമനടപടി നേരിടേണ്ടി വരും എന്ന പാഠം. അതിനാല്‍ അത്തരം നിയമവിരുദ്ധശ്രമങ്ങളില്‍ നിന്നും പ്രവാസികള്‍ വിട്ടുനില്‍ക്കണമെന്ന് നവയുഗം ജീവകാരുണ്യവിഭാഗം അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക