Image

ആനന്ദ് ജോണ്‍: പുതിയ തെളിവുകള്‍; ശിക്ഷ ഇളവിനു ഹര്‍ജി

Published on 26 December, 2017
ആനന്ദ് ജോണ്‍: പുതിയ തെളിവുകള്‍; ശിക്ഷ ഇളവിനു ഹര്‍ജി
മന്‍ഹാട്ടന്‍ ബീച്ച്, കാലിഫോര്‍ണിയ: ലൈംഗീകാരോപണങ്ങളെ തുടര്‍ന്നു 59 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുന്ന ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിനു മാപ്പ് നല്‍കുകയോ, ശിക്ഷ ഇളവ് ചെയ്യുകയോ വേണമെന്നാവശ്യപ്പെട്ട് കാലിഫോര്‍ണിയ ഗവര്‍ണര്‍ ജറി ബ്രൗണിനും, ലഫ് ഗവര്‍ണര്‍ ഗേവിന്‍ ന്യൂസമിനും ഭീമ ഹര്‍ജി നല്‍കുന്നു. അറ്റോര്‍ണി കോറി എവന്‍സ് മുഖേന അമേരിക്കന്‍ ജസ്റ്റീസ് അലയന്‍സ് ആണു അപേക്ഷ തയ്യാറാക്കിയത്. ഇതിനായി ഒപ്പുശേഖരണവും നടത്തുന്നു.

ജയില്‍ പരിഷ്‌കരണം നടത്തുവാനുള്ള ഗവര്‍ണ്ണറുടെ ശ്രമങ്ങളെ അഭിനന്ദിച്ചു കൊണ്ടാണു അപേക്ഷ തുടങ്ങുത്. ആനന്ദിന്റെ കാര്യത്തില്‍ കടുത്ത അനീതി നടന്നതായി പെറ്റീഷനില്‍ ചൂണ്ടിക്കാട്ടി. ഒരു ദശാബ്ദമായി തടവില്‍ കഴിയുന്ന ആനന്ദിനു ശരിയായ നിയമ പരിരക്ഷ ലഭിച്ചില്ല. പുതിയ തെളിവുകള്‍ ആവട്ടെ ആനന്ദിന്റെ നിരപരാധിത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

നിഷ്പക്ഷരായ ജൂറിക്കു മുമ്പാകെ ന്യായമായ വിചാരണ ആനന്ദിനു ലഭിച്ചില്ല. അതിനു കാരണങ്ങളും പെറ്റീഷനില്‍ അക്കമിട്ട് നിരത്തുന്നു.

1). ജൂറിമാരില്‍ ഒരാള്‍ നിയമ ലംഘനം നടത്തിയതായി അന്നുതന്നെ പ്രഖ്യാപിച്ചതാണ്. കേസിനെപ്പറ്റി പുറത്ത് സംസാരിക്കുകയും അതു മറച്ചുവെയ്ക്കാന്‍ കോടതിയലക്ഷ്യം കാട്ടുകയും ചെയ്തു. എന്നിട്ടും പുതിയ വിചാരണ അനുവദിച്ചില്ല. ആനന്ദിന്റെ റേസ്, കുടുംബം, മതം, ഇതേപ്പറ്റിയെല്ലാം മാധ്യമങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ജൂറി അംഗം വിവരം ശേഖരിച്ചുവെന്നു പുതിയ തെളിവുകള്‍ പറയുന്നു. കേസുകളിലെ റേസിസം സംബന്ധിച്ച് കരുതിയിരിക്കാനുള്ള സുപ്രീംകോടതിയുടെവിധിയെക്കാള്‍ ഗൗരവതരമാണിത്.

2). ആനന്ദിന്റെ അറ്റോര്‍ണിമാരില്‍ നിന്നു മതിയായ നിയമപരിരക്ഷ കിട്ടിയില്ല. തെളിവുകളെപ്പറ്റിയും മൊഴികളെപ്പറ്റയും മതിയായ അന്വേഷണം നടത്തുന്നതില്‍ അറ്റോര്‍ണിമാര്‍ അലംഭാവം കാട്ടി. വ്യക്തിതാത്പര്യങ്ങളും (കോണ്‍ഫ്‌ളിറ്റ് ഓഫ് ഇന്ററസ്റ്റ്) കേസിനെ ബാധിച്ചു. അന്വേഷണ ചുമതലയുണ്ടായിരുന്ന അറ്റോര്‍ണി, പ്രോസിക്യൂട്ട് ചെയ്യുന്ന ലോസ് ഏഞ്ചലസ് ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസില്‍ രഹസ്യമായി ജോലിക്കു ശ്രമിച്ചു. മറ്റൊരു അറ്റോര്‍ണിക്ക് ഒരു സാക്ഷിയുമായി ബന്ധമുണ്ടായിരുന്നു. പിന്നീട് ഒരു കുട്ടിയുണ്ടാകുകയും ചെയ്തു.

3). ആനന്ദിന് അനുകൂലമായ പല വിവരങ്ങളും പോലീസും, പ്രോസിക്യൂഷനും മറച്ചുവച്ചു. അതിനുപകരം സാക്ഷികളെ ഭീഷണിപ്പെടുത്തുകയും വര്‍ഗീയ നിലപാടടെക്കുകയുമാണുണ്ടായത്. കോടതി തന്നെ പ്രോസിക്യൂഷന്‍ നടപടികളില്‍ ആശങ്കയുണ്ടെന്നു പറഞ്ഞു.

പോലീസിന്റേയും പ്രോസിക്യൂഷന്റേയും പല നടപടികളും ശിക്ഷാര്‍ഹമാണ്. ജൂറിയെ തന്നെ ഇടയ്ക്കുവെച്ച് പ്രോസിക്യൂഷന്‍ തടയുകയും വസ്തുകള്‍ കണ്ടെത്തുന്നതിനു തടസ്സം സൃഷ്ടിക്കുകയും ചെയ്തു. തങ്ങളെ ഭീഷണിപ്പെടുത്തുകയും കാര്യങ്ങള്‍ പെരുപ്പിച്ച് പറയാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്‌തെന്ന് പിന്നീട് സാക്ഷികളും വെളിപ്പെടുത്തി.

കുറ്റക്കാരനെന്നതിന് തെളിവുകള്‍ ഏറ്റവും കുറഞ്ഞ കേസാണിത്. പ്രോസിക്യൂഷന്‍ തന്നെ മുന്നു ഡസന്‍ ചാര്‍ജുകള്‍ തള്ളി. ജൂറി 13 ദിവസം ആലോചന നടത്തിയിട്ടും ഏകകണ്ഠമായ തീരുമാനം ഉണ്ടായില്ല. വിധി പറയാന്‍ ജൂറിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയും മാനസീക സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്ത ശേഷമാണ് വിധി പ്രസ്താവം വന്നത്.

തെളിഞ്ഞ കുറ്റങ്ങള്‍ അവാസ്തവമാണ്. പീഡനമോ അതിക്രമമോ മാനസീക സമ്മര്‍ദ്ദമോ ഒന്നും ഒരു ആരോപണ കര്‍ത്താവിനും ഉണ്ടായില്ല. ഒരു പരുക്കും ആര്‍ക്കും ഇല്ലായിരുന്നു. വ്യക്തമായ കുറ്റകൃത്യം ഒന്നും തെളിഞ്ഞില്ല.

അതിനാല്‍ പൊതുവെ നടക്കുന്ന സ്ഥിതിവിശേഷമനുസരിച്ച് ഈ കേസ് വിലയിരുത്താനാണ് പ്രോസിക്യൂഷന്‍ ജൂറിയോട് അഭ്യര്‍ത്ഥിച്ചത്. ഏക ബലാത്സംഗാരോപണം വന്ന ചാര്‍ജില്‍ പ്രസ്തുത വ്യക്തിക്ക് ആനന്ദുമായി നേരത്തെ തന്നെ ശാരീരിക ബന്ധമുണ്ടായിരുന്നു. റേപ്പ് കിറ്റിലും ഏതെങ്കിലും ആക്രമണ ലക്ഷണം കണ്ടെത്തിയില്ല. അതുപോലെ പ്രോസിക്യൂഷന്‍ കുട്ടികളുടെ ലൈംഗീകത (ചൈല്‍ഡ് പോണ്‍) കണ്ടെത്തിയതെന്നു പറയുന്ന കംപ്യൂട്ടര്‍ ആനന്ദിന്റേതായിരുന്നില്ല. അതു ചൈല്‍ഡ് പോണ്‍ അല്ലായിരുന്നെന്നും കംപ്യൂട്ടര്‍ ആനന്ദിന്റേതല്ലായിരുന്നെന്നും, ആനന്ദ് അതു കണ്ടിട്ടില്ലെന്നുമാണ് ന്യൂയോര്‍ക്ക് കോടതി തനെ വിശേഷിപ്പിച്ചത്. ഇക്കാര്യങ്ങളൊന്നും ജൂറി അറിഞ്ഞില്ല. മറ്റു സ്റ്റേറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ മറച്ചു വെച്ചു. ഇത് സിക്‌സ്ത് അമന്റ്‌മെന്റ് പ്രകാരമുള്ള അവകാശ ലംഘനമാണ്.

ഇതിനു പുറമെ നുണ പരിശോധനയില്‍ ആനന്ദ് വിജയം കണ്ടു. ജൂറി അംഗങ്ങള്‍ എല്ലാ ആരോപണങ്ങള്‍ക്കും അതീതരാണെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടുവെങ്കിലും അതു ശരിയല്ലെന്നു പിന്നീട് വ്യക്തമായി.

ഉയര്‍ന്ന തലത്തില്‍ കഴിയുന്നവര്‍ക്കെതിരേയുള്ള കേസുകള്‍ സെന്‍സേഷനാക്കുകയും അവരെപറ്റി അവമതിപ്പ് രൂപപ്പെടുത്തുകയും അതുവഴി അവര്‍തന്നെ പീഡനത്തിന്റെ ഇരകളാവുകയും ചെയ്യുന്ന സ്ഥിതി ഉണ്ട്. ആനദും അത്തരം ഒരു ഇരയാണ്. അറസ്റ്റ് ചെയ്യുമ്പോള്‍ ആനന്ദ് ഫഷന്‍ ലോകത്തെ താരമായിരുന്നു. പല അവാര്‍ഡുകള്‍ വാങ്ങുകയും പരക്കെ അംഗീകാര്‍ം നേടുകയും ചെയ്തിരുന്നു

ശരിയായ വിചാരണയായിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു. 9/11നുശേഷമുള്ള ഈ കാലത്ത് ആനന്ദിനു സംഭവിച്ചതു നിയമത്തിന്റെ ദുരുപയോഗമാഹ്. നമ്മില്‍ ആര് വേണമെങ്കിലും ഇത്തരം നിയമ ലംഘനത്തിനു ഇരയാകാം.

ഈ സാഹചര്യത്തില്‍ ആനന്ദിനു 59 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയുള്ള ശിക്ഷ ഇളവ് ചെയ്യണമെന്ന് ഹര്‍ജി ആവശ്യപ്പെട്ടു.

ആനന്ദിന്റെ വിസ കാലാവധി കഴിഞ്ഞതിനാല്‍ ഇപ്പോള്‍ ഇമിഗ്രേഷന്റെ ഡീറ്റെയിനര്‍ ഉണ്ട്. ഇന്ത്യന്‍ പൗരനായ ആനന്ദിനെ അതിനാല്‍ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കണം. കാലിഫോര്‍ണിയയിലെ നികുതിദായകര്‍ അനാവവശ്യമായ ഈ ജയില്‍വാസത്തിനു ഇനിയും പണം ചെലവാക്കാന്‍ ഇടവരരുത്.

ലൈംഗീകാരോപണം വന്ന പല ഉന്നതരേയും പ്രോസിക്യൂഷന്‍ റിഹാബിലേക്ക് അയക്കുന്നതാണു ഇപ്പോള്‍ കാണുന്ന്ത. എന്നാല്‍മതിയായ തെളിവില്ലാതെ തന്നെ പരാതി കിട്ടി ആനന്ദിനെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യുകയായിരു്െ പെറ്റീഷന്‍ ചൂണ്ടിക്കാട്ടി.

ഓണ്‍ലൈനില്‍ പെറ്റീഷന്‍ ഒപ്പു വയ്ക്കുന്നതിനു ഉടന്‍ സംവിധാനം ഉണ്ടാക്കുമെന്ന് അലയന്‍സ് ഭാരവാഹികള്‍ അറിയിച്ചു.

അന്യായമായി ശിക്ഷിക്കപ്പെടുന്നവരെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ, തുണക്കാന്‍ രൂപം കൊണ്ടതാണ് അലയന്‍സ്. മറ്റ് ഏതാനും കേസുകളും അലയന്‍സ് ഏറ്റെടുത്തിട്ടുണ്ട്.
ആനന്ദ് ജോണ്‍: പുതിയ തെളിവുകള്‍; ശിക്ഷ ഇളവിനു ഹര്‍ജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക