Image

പ്രണയവും പ്രതികാരവും തിരയടിക്കുന്ന മായാനദി

Published on 27 December, 2017
പ്രണയവും പ്രതികാരവും തിരയടിക്കുന്ന മായാനദി
സമീപകാലത്ത് പ്രണയത്തിന്റെ അടിയൊഴുക്കുകള്‍ ഇത്ര തീവ്രമായി ചിത്രീകരിച്ച ഒരു സിനിമ പിറന്നിട്ടില്ല. പ്രണയവും പ്രതികാരവും കച്ചവട സിനിമയ്ക്ക് എന്നും നല്ലൊരു ചേരുവയാണ്. ഈ ചിത്രവും അത് തെളിയിക്കുന്നു. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് പ്രയാണം ചെയ്യുന്ന സ്വന്തം ജീവന്‍ തന്നെ അപകടത്തിലകുമ്പോഴും ഉളളിലെ പ്രണയതീക്ഷ്ണതകള്‍ക്കു വേണ്ടി പോരാടുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനും അവന്റെ പ്രണയിനിയും. അതാണ് മായാനദി എന്ന സിനിമ പ്രേക്ഷകനു മുന്നില്‍ അവതരിപ്പിക്കുന്ന കഥ.

അടുത്ത കാലത്തായി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായി മാറിക്കൊണ്ടിരിക്കുന്ന ടൊവീനോ തോമസ് അവതരിപ്പിക്കുന്ന മാത്തനാണ് ഈ ചിത്രത്തിലെ നായകന്‍. അയാള്‍ അനാഥനാണ്. ജീവിക്കാന്‍ വേണ്ടി ചില തരികിടകളൊക്കെ അയാള്‍ കാണിക്കുന്നുണ്ട്. മധുരയിലെ അയാളുടെ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. മധുരയില്‍ നിന്നും കള്ളപ്പണമിടപാട് നടത്താനാണ് അയാള്‍ കൊടൈക്കനാലില്‍ എത്തുന്നത്. പോലീസുമായുള്ള അയാളുടെ ഏറ്റുമുട്ടലില്‍ പോലീസുകാരില്‍ ഒരാള്‍ മരിക്കുന്നതോടെ മാത്തന്‍ അവിടെ നിന്നും രക്ഷപെട്ട് കൊച്ചിയിലെത്തുന്നു. ജീവിതത്തെ പ്രതീക്ഷാനിര്‍ഭരമായി കാണാന്‍ അയാളെ പ്രേരിപ്പിക്കുന്ന ഒന്ന് അവിടെയുണ്ട്. സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ വേണ്ടി മോഡലിങ്ങും ആങ്കറിങ്ങുമൊക്കെ ചെയ്ത് ജീവിക്കുന്ന അപ്പു എന്ന അപര്‍ണ. ചലച്ചിത്ര നടിയായി മാറാനാണ് അവളുടെ ആഗ്രഹം. അയാളുടെ കാമുകിയായിരുന്നു അവള്‍.

തന്റെ ജീവിതം അപകടത്തിലാകുമ്പോഴും പ്രിയപ്പെട്ട കാമുകിയെ തേടി പോകാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അപ്പുവാകട്ടെ, അയാളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നു. അവനെ ഇനിയും താന്‍ പ്രണയിക്കില്ല എന്നു തന്നെയാണ് അവളുടെ വിശ്വാസം. അതുകൊണ്ടാണ് അവനൊപ്പം അവള്‍ ഒരു യാത്രയ്‌ക്കൊരുങ്ങുന്നത്. ത്രില്ലര്‍ മൂഡില്‍ തുടങ്ങുന്ന ചിത്രം ആദ്യ പകുതി അവസാനിക്കുമ്പോള്‍ പ്രണയം വീണ്ടും നാമ്പിടുന്നതിന്റെ സൂചനകള്‍ നല്‍കുന്നു. ഇടവേളയ്ക്കു ശേഷം ഇരുവരുടെയും പ്രണയതീവ്രത എത്രമാത്രം ആഴമേറിയതാണ് എന്നു വ്യക്തമാക്കുന്ന രംഗങ്ങളാല്‍ സമൃദ്ധമാണ്. എന്നാല്‍ ഇതിനിടെ ഇവര്‍ പോകുന്നിടത്തെല്ലാം പോലീസ് എത്തുകയും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവും അപകടകരവുമാകുന്നു. ഇതിനിടയിലും പ്രണയത്തിന്റെ ഊഷ്മളതയും തീവ്രതയും നെഞ്ചോടു ചേര്‍ത്തുകൊണ്ടു തന്നെയാണ് മാത്തന്റെ യാത്രകള്‍. അപ്പു അവന്റെ പ്രണയത്തെ മനസുകൊണ്ടു നിരാകരിക്കാന്‍ ശ്രമിക്കുമ്പോഴും അതില്‍ വിജയിക്കാന്‍ കഴിയില്ലെന്നു തിരിച്ചറിയുന്ന നിമിഷങ്ങള്‍ മനോഹരമാണ്. മാത്തനും പ്രേക്ഷകനും ഒരു പോലെ പിടി തരാതെ വഴുതി മാറുന്ന അടുത്ത നിമിഷം എങ്ങനെ പെരുമാറുമെന്നറിയാത്ത അപ്പുവിന്റെ മനസിലെ പ്രണയത്തിന്റെ തിരിച്ചറിയലാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നു വേണമെങ്കില്‍ പറയാം.

പിലിം ഇന്‍ഡസ്ട്രിയിലെ പല പിന്നാമ്പുറ കാഴ്ചകളുടെയും ലൈംഗികതയെ കുറിച്ചും സ്ത്രീശരീരത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും മാറി വരുന്ന കാഴ്ച്ചപ്പാടുകളെയും ചിത്രം പങ്കു വയ്ക്കുന്നുണ്ട്. ദുരന്തപര്യവസാനിയാണെങ്കിലും അതിമനോഹരമായ രീതിയിലാണ് ഓരോ രംഗവും ചിത്രീകരിച്ചിട്ടുള്ളത്. മലയാള സിനിമയുടെ വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ഇന്നോളം പരീക്ഷിച്ചിട്ടില്ലാത്ത ലൈംഗികതൃഷ്ണതകളുടെ പുതുമ നിറഞ്ഞ അവതരണം മലയാളികള്‍ ഒരു പക്ഷേ അമ്പരപ്പോടെയായിരിക്കും വീക്ഷിക്കുക. കൊലപാതകം ചെയ്തവനാണെങ്കിലും പൗരന്‍ എന്ന നിലയ്ക്ക് നിലവിലെ വ്യവസ്ഥിതിയില്‍ നിന്നും അയാള്‍ക്കു നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ധ്വംസനവും നീതിരാഹിത്യവുമെല്ലാം വളരെ വ്യക്തമായി തന്നെ ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

മാത്തനായി ടൊവീനോ മികച്ച അഭിനയം കാഴ്ച വച്ചു. എന്നാല്‍ കൂടുതല്‍ കൈയ്യടി നേടുന്നത് ഐശ്വര്യലക്ഷ്മി അവതരിപ്പിച്ച അപ്പു എന്ന അപര്‍ണയാണ്. അതിസൂക്ഷ്മമായ ഭാവങ്ങളും വികാരതീവ്രമായ മുഹൂര്‍ത്തങ്ങളും കാഴ്ച വയ്‌ക്കേണ്ട കഥാപാത്രത്തെ ഐശ്വര്യ തികഞ്ഞ തന്‍മയത്വത്തോടെ അവതരിപ്പിച്ചു. അപര്‍ണാ ബാലമുരളി, ഹരീഷ് ഉത്തമന്‍, സൗബിന്‍ സാഹിര്‍, ലിയോണാ ലിഷോയി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി. യുവ സംവിധായരായ ബേസില്‍ ജോസഫ്, ലിജോ ജോസ് പല്ലിശേരി എന്നിവരും മായാനദിയില്‍ വേഷമിടുന്നു. റെക്‌സ് വിജയന്റെ സംഗീതം ചിത്രത്തിലെ നഗരജീവിത പശ്ചാത്തലത്തിനു കൂടുതല്‍ മിഴിവേകുന്നു. ജയേഷ് മോഹന്റെ ഛായാഗ്രഹണവും മികച്ചതായി. പ്രണയം സഫലമാകുമ്പോഴല്ല, മറിച്ച് അത് ദുരന്തമായി പര്യവസാനിക്കുന്നവയാണ് സാഹിത്യകൃതികളിലും സിനിമകളിലും എക്കാലത്തെയും മികച്ച ക്‌ളാസിക്കുകളാകുന്നത്. മായാനദി ഒരു മികച്ച ക്‌ളാസിക് എന്ന വിശേഷണം സ്വന്തമാക്കിയില്ലെങ്കിലും 2017 ലെ മികച്ച സിനിമകളില്‍ ഒന്നായിരിക്കും എന്നതില്‍ സംശയമില്ല. ചിത്രത്തിലെ നായകന്‍ ടൊവിനോയെ പോലെ സംവിധായകന്‍ ആഷിക് അബുവിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും മായാനദി എന്നത് തീര്‍ച്ചയാണ്.
പ്രണയവും പ്രതികാരവും തിരയടിക്കുന്ന മായാനദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക