Image

സഭാ നവീകരണ പോരാളി ജോസഫ് പുലിക്കുന്നേലിനു അന്ത്യാഞ്ജലി

ചാക്കോ കളരിക്കല്‍ Published on 27 December, 2017
സഭാ നവീകരണ പോരാളി ജോസഫ് പുലിക്കുന്നേലിനു അന്ത്യാഞ്ജലി
ഡിസംബര്‍ 28, 2017 വ്യാഴാഴ്ച പുലര്‍ച്ചെ 3.30-ന് ശ്രീ ജോസഫ് പുലിക്കുന്നേല്‍ അദ്ദേഹം താമസിച്ചിരുന്ന ഓശാന മൗണ്ടില്‍വെച്ച് അന്തരിച്ചു എന്ന വാര്‍ത്ത അതീവ സങ്കടത്തോടെയാണ് ഞാന്‍ ശ്രവിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 85 ആയിരുന്നു.
ഓരോരോ കാലഘട്ടങ്ങളില്‍ ഓരോരോ ജന്മങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് നാം കേട്ടിട്ടുണ്ട്. ആഗോള കത്തോലിക്കാസഭയെയും പ്രത്യേകിച്ച് സീറോ മലബാര്‍ സഭയെയും നേര്‍വഴിയിലേക്ക് തിരിക്കാനുള്ള ഒരു ആധുനിക ജന്മമായിരുന്നു ശ്രീ ജോസഫ് പുലിക്കുന്നേല്‍.

ഓശാന ലൈബ്രേറിയനും 'ഏകാന്ത ദൗത്യം ജോസഫ് പുലിക്കുന്നേലിന്റെ ജീവിതം' എന്ന പുസ്തകത്തിന്റെ എഡിറ്ററുമായ ശ്രീമതി റോസമ്മ എബ്രാഹം തന്റെ ആമുഖത്തില്‍ ജോസഫ് പുലിക്കുന്നേലിനെപ്പറ്റി എഴുതിയിരിക്കുന്നത്, 'ആശയങ്ങളുടെ ആഴങ്ങള്‍കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്.' എന്നാണ്. ജീവിതത്തില്‍ അനേകം പ്രതിസന്ധികളെ നേരിടേണ്ടിവന്നിട്ടുള്ള അദ്ദേഹം കഴിഞ്ഞ 45 വര്‍ഷത്തിനുമേല്‍, കത്തോലിക്കാ സഭയും സീറോ മലബാര്‍ സഭയും വളരെ കുഴഞ്ഞുമറിഞ്ഞ ഒരു അന്തരീക്ഷത്തില്‍കൂടി നീങ്ങിക്കൊണ്ടിരുന്ന അവസരത്തില്‍, മാര്‍തോമാ ക്രിസ്ത്യാനികളുടെ പൗരാണിക ലോകത്തിന്റെ ശ്രുതി വര്‍ത്തമാനകാലത്തിന്റെ മനസ്സില്‍ വ്യക്തമായും സുശക്തമായും സഭാമേലധികാരികള്‍ക്കും സമൂഹത്തിനും തുറന്നുകാട്ടി. മാര്‍തോമായുടെ മുത്തിരിത്തോട്ടത്തില്‍ സ്‌നേഹശൂന്യരായ, കാരുണ്യശൂന്യരായ, പണക്കൊതിയന്മാരായ മെത്രാന്മാരായ കാട്ടാനകളുടെ ആക്രമണങ്ങള്‍ക്കെതിരായി ഒറ്റയാനായി ശക്തിയുക്തം അദ്ദേഹം പോരാടി. 

പുലിക്കുന്നേലിന്റെ സേവനത്തെയും സ്വാധീനത്തെയും കേവലം ഒരു അളവുകോലുകൊണ്ട് അളക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും വളരെയധികം പരിവര്‍ത്തനങ്ങള്‍ സഭയിലും സമൂഹത്തിലും സംഭവിച്ചിട്ടുണ്ടെന്നും സംഭവിച്ചു കൊണ്ടിരിക്കുന്നുയെന്നും എടുത്തു പറയാതെ വയ്യ. പുലിക്കുന്നേന്‍ ഒരു പ്രസ്ഥാനമായിരുന്നു; അതിനായി അവതരിച്ച ഒരു വ്യക്തിയുമായിരുന്നു.

പള്ളിയില്‍ പോകാനും അച്ചന്മാരെ അനുസരിക്കാനും പള്ളിക്ക് സംഭാവന നല്കാനും പ്രാര്‍ത്ഥിക്കാനും മാത്രമെ കടമയൊള്ളൂയെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തെ ചിന്തിക്കാനും പ്രതികരിക്കാനും ശീലിപ്പിക്കാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു. ആശയപരമായ ഒരാവേശം അതിന് ആവശ്യമാണ്. അത് വേണ്ടുവോളം അദ്ദേഹത്തിനുണ്ടായിരുന്നു. സമൂഹത്തില്‍ മാറ്റംവന്നാലേ സഭാമേലധികാരികള്‍ക്ക് മാറ്റം വരൂ എന്നദ്ദേഹം വിശ്വസിച്ചിരുന്നു. ശക്തവും സംഘടിതവും സ്ഥാപനവല്‍കൃതവുമായ സഭാശക്തിക്കെതിരെയാണ് അദ്ദേഹം പോരാടുന്നതെന്നോര്‍ക്കണം. സഭയിലും സമൂഹത്തിലും ആരോഗ്യപരവും അഭികാമ്യവുമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വതന്ത്രവിമര്‍ശനങ്ങള്‍ വഴിയാണ്. 

സത്യത്തിലും നീതിയിലും നടക്കാത്തവരാണ്, സത്യത്തിലും നീതിയിലും സഭയെ വിമര്‍ശിക്കുന്നവരെ, ചെയ്യുന്നതെല്ലാം തെറ്റാണെന്നും സഭാദ്രോഹികളാണെന്നും പറഞ്ഞ് വിമര്‍ശിക്കുന്നത്. ദൈവത്തിനുവേണ്ടി അധികാരം കൈകാര്യം ചെയ്യുമ്പോള്‍ വിമര്‍ശനത്തെ സ്വാഗതം ചെയ്യും; അല്ലാത്ത അധികാരികള്‍ ബഹളം ഉണ്ടാക്കും.

 'നിങ്ങളില്‍ പ്രധാനിയാകണം എന്ന് ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനാവണം' എന്ന ഉപദേശത്തോടെയാണ് യേശു അധികാരസ്ഥാപനം നടത്തിയത്. അധികാര കേന്ദ്രീകൃത സഭയെയല്ല യേശു സ്ഥാപിച്ചത്. മറിച്ച്, പരസ്പര സ്‌നേഹ, സേവന കൂട്ടായ്മയെയാണ് കര്‍ത്താവ് സ്ഥാപിച്ചത്. കര്‍ത്താവിന്റെ സഭയാണിത് എന്നുപറഞ്ഞ് ഇതുകൊണ്ടുനടക്കാന്‍ നാം ലജ്ജിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. വിമര്‍ശനം സഭാസമൂഹത്തില്‍ മുഴുവനും പരന്നിട്ടുണ്ടെങ്കിലും വിമര്‍ശനങ്ങളെ വെറും മുഖവിലക്കെടുത്ത് മെത്രാന്മാര്‍ തങ്ങളുടെ നയങ്ങളില്‍ പുനര്‍വിചിന്തനം ചെയ്യാന്‍ തയ്യാറല്ല. അതിനാല്‍ ഇന്ന് വ്യവസ്ഥാപിതസഭയും ജനങ്ങളും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

അധികാരത്തിന് വഴിപ്പെടുന്ന ചിന്താഗതിമൂലം സഭാവിമര്‍ശനത്തെ - അത് സത്യമായാല്‍ തന്നെയും - മോശമായ അഭിപ്രായം ജനങ്ങളില്‍ ഉണ്ടാക്കുന്നു. അത്തരം ചിന്താഗതിയെ ഊട്ടിവളര്‍ത്തുകയാണ് പൗരോഹിത്യ മേധാവിത്വം ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത്. പുലിക്കുന്നേല്‍ സഭയ്ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഒരാളാണെന്ന് പരക്കെ ഒരഭിപ്രായം പുരോഹിതപ്പട സൃഷ്ടിച്ചെടുത്തു. 

അദ്ദേഹത്തെയും അദ്ദേഹത്തന്റെ പ്രസ്ഥാനത്തെയും അനുകൂലിക്കുന്നതിനുപകരം എതിര്‍ക്കാനാണ് സഭാധികാരം തുനിഞ്ഞത്. തെറ്റിദ്ധരിക്കപ്പെട്ട അദ്ദേഹത്തിന്റെ സംഭാവനകളെ മേലധികാരികളും വിശ്വാസികളും കാര്യമായി സ്വീകരിച്ചില്ല. 

'കണ്ടതുപറഞ്ഞാല്‍ കഞ്ഞിയില്ല' എന്ന അനുഭവമാണ് അദ്ദേഹത്തിനുണ്ടായത്. പുലിക്കുന്നേല്‍ ചെയ്തതൊക്കെ സഭയെ നശിപ്പിക്കാനാണെന്ന് ഒരുകൂട്ടര്‍ ചിന്തിക്കുമ്പോള്‍ മറ്റൊരുകൂട്ടര്‍ അദ്ദേഹത്തിന്റെ സേവനങ്ങല്‍ മഹത്തരമാണെന്ന് അനുമാനിക്കുന്നു. സ്വാര്‍ത്ഥചിന്തയുള്ള കുറെ അധികാരികള്‍ക്ക് അദ്ദേഹം എന്നും കണ്ണില്‍ കരടായിരുന്നു. അപവാദങ്ങള്‍കൊണ്ട് അപകീര്‍ത്തിപ്പെടുത്തി അദ്ദേഹത്തെ ഇല്ലാതാക്കാന്‍ സഭാധികാരം കിണഞ്ഞു ശ്രമിച്ചു. അത്തരം ഹീനവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍പോലും സഭാധികാരം മടികാണിച്ചില്ല. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കണ്ണുതുറപ്പിക്കാനായി പുലിക്കുന്നേല്‍ മറ്റുള്ളവരുടെ വിമര്‍ശനം സ്വയം ഏറ്റുവാങ്ങുകയാണ് ചെയ്തത്.

വിശ്വാസികളും പട്ടക്കാരും സ്വരുമയോടെ കഴിയുകയും പള്ളിക്കാര്യങ്ങള്‍ ഒന്നിച്ചു നിര്‍വഹിക്കുകയും ചെയ്തുപോന്ന മാര്‍തോമാനസ്രാണി പൈതൃകം ഒരു പഴഞ്ചന്‍ ചിന്താഗതിയും രീതിയുമാണെന്ന് മെത്രാന്മാര്‍ കാണുന്നു. ജനങ്ങളെ സഹകരിപ്പിക്കാതെ മാറ്റിനിര്‍ത്തി സഭയുടെ ദൗത്യനിര്‍വഹണം സഭാധികാരം സ്വന്തം ഏറ്റെടുത്ത് നടത്തുകയാണ് ഇന്നു ചെയ്യുന്നത്. അതാണ് മെത്രാന്മാരുടെ മോഡേണിസം. സഭ ദൈവജനമാണെന്നുള്ള സങ്കല്പത്തില്‍ ഒന്നാം നൂറ്റാണ്ടുമുതല്‍ വളര്‍ന്നുവന്ന മാര്‍തോമാ ക്രിസ്ത്യാനികളുടെ ദേശത്തുപട്ടക്കാരും കുടുംബത്തലവന്മാരും ചേര്‍ന്ന ദ്രാവിഡരീതിയിലുള്ള പ്രാദേശിക ഭരണരീതിയായിരുന്നു പള്ളിയോഗങ്ങള്‍. 

പടിഞ്ഞാറന്‍ സഭയില്‍നിന്നും വ്യക്തമായി വേറിട്ട ആ പള്ളിഭരണരീതി നസ്രാണികളുടെ കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും വിലപ്പെട്ട പൈതൃകമായിരുന്നു. പക്ഷെ അധികാര ദുര്‍മോഹികളായ മെത്രാന്മാര്‍ പള്ളിയോഗപൈതൃകത്തെ പാശ്ചാത്യമാതൃകയിലുള്ള വികാരിയെ ഉപദേശിക്കുന്ന പാരിഷ്‌കൗണ്‍സില്‍ സ്ഥാപിച്ച് നമ്മുടെ 2000 വര്‍ഷം പഴക്കമുള്ള മാര്‍തോമാ പൈതൃകത്തെ നശിപ്പിച്ചുകളഞ്ഞു. നാണമില്ലാത്തതുകൊണ്ടുമാത്രമാണ് ഇവര്‍ ഇന്നിപ്പോള്‍ മാര്‍തോമാ പൈതൃകം പ്രസംഗിച്ചു നടക്കുന്നത്!

രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തീക സംഭവവികാസങ്ങളെ സഭ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ പള്ളിയോഗജനാധിപത്യസമ്പ്രദായത്തിന്റെ നേരെ കണ്ണടച്ച് ഏകാധിപത്യഭരണം സഭയില്‍ നടപ്പാക്കി. കൂടാതെ പാരീഷ്‌കൗണ്‍സില്‍ വെറും ഉപദേശക സമതികളായി തരംതാഴ്ത്തിയതോടെ നസ്രാണികള്‍ക്ക് പണ്ടുമുതലേ ഉണ്ടായിരുന്ന ജനകീയ സഭാഭരണാധികാരം നിഷേധിക്കപ്പെട്ടു. ജനാധിപത്യം ഏറ്റവും അധ:പതിച്ച ഭരണരീതിയാണെങ്കിലും മറ്റേതു ഭരണരീതിയേക്കാളും മികച്ചതും അതുതന്നെ. ജനാതിപത്യ മൂല്യമോ സാമാന്യ മര്യാദയോ ഇല്ലാതെ മെത്രാന്മാരും പുരോഹിതരും തങ്ങളുടെ അധികാരം തികച്ചും വ്യക്തിപരമായി കണക്കാക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ പുലിക്കുന്നേല്‍ ശ്രമിച്ചിട്ടുണ്ട്.

അന്ധമായ അധികാര ഭയത്തില്‍നിന്നും നസ്രാണി ക്രിസ്ത്യാനികളെ മോചിപ്പിച്ചത് ശ്രീ പുലിക്കുന്നേലാണ്. സഭാധികാരത്തെയും പൗരോഹിത്യത്തെയും ചോദ്യം ചെയ്യാന്‍ സമുദായാംഗങ്ങള്‍ക്ക് അദ്ദേഹത്തിന്റെ നിലപാട് ധൈര്യം പകര്‍ന്നു. വി. കെ. കുര്യന്‍ സാറിന്റെ മരണാനന്തര ശുശ്രൂഷ പള്ളിയധികാരികള്‍ നടത്തികൊടുക്കാതിരുന്നപ്പോള്‍ അവരെ വെല്ലുവിളിച്ച് പുലിക്കുന്നേലിന്റെ കാര്‍മികത്വത്തില്‍ മരിച്ചടക്ക് നടത്തി. മുപ്പത്തില്‍പരം വിവാഹത്തിനും അദ്ദേഹം സാക്ഷിയായി നിന്ന് നടത്തി കൊടുക്കുകയുമുണ്ടായി. 

ഇന്ന് ജനങ്ങള്‍ സഭാനേതൃത്വത്തെ അന്ധമായി അനുസരിക്കാതെ പ്രതികരിക്കുന്നതായി കാണാം. സോഷ്യല്‍ മീഡിയ അതിന് തെളിവാണ്.
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ഇടമറ്റം എന്ന ഗ്രാമത്തില്‍ ഏപ്രില്‍ 14, 1932-ല്‍ പുലിക്കുന്നേല്‍ മിഖായേലിന്റെയും എലിസബത്തിന്റെയും മകനായി ജോസഫ് പുലിക്കുന്നേല്‍ ജനിച്ചു. ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂള്‍, മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളേജ്, മദ്രാസ് ലയോള കോളേജ്, മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 

 സാമ്പത്തിക ശാസ്ത്രത്തില്‍ ബി. എ. ഓണേഴ്‌സ് കരസ്ഥമാക്കിയ അദ്ദേഹം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ അധ്യാപകനായി ഔദ്ധ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയാറാം വയസ്സില്‍ ഡിഗ്രിക്കാരിയായ കാവാലം മണ്ഡകപ്പള്ളില്‍ കൊച്ചുറാണിയെ വിവാഹം കഴിച്ചു. അദ്ദേഹം കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളാണ്. 

കൂടാതെ കേരളാ യൂണിവേഴ്‌സിറ്റി സെനറ്റുമെമ്പറും ആയിരുന്നിട്ടുണ്ട്. തെറ്റിദ്ധാരണയുടെ പേരില്‍ കുറ്റമില്ലാതെ ശിക്ഷിക്കപ്പെട്ട് ദേവഗിരി കോളേജിലെ ലെക്ചര്‍ സ്ഥാനത്തുനിന്നും പുറത്തുവന്നു. അതുകൊണ്ട് കേരള ക്രൈസ്തവര്‍ക്കുവേണ്ടി ഒരുപാട് സേവനങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒരു പുരുഷായുസ്സില്‍ ഭാവന ചെയ്യാന്‍ അസാധ്യമായ കാര്യങ്ങള്‍ അദ്ദേഹം സാധിച്ചുകഴിഞ്ഞു. വളരെയധികംപേര്‍ അതൊരു ദൈവനിയോഗമായി കാണുന്നു.

സീറോമലബാര്‍ സഭയുടെ വരും തലമുറയ്ക്ക് വെളിച്ചമേകാന്‍ അസാമാന്യമായ ധീരതയും വ്യക്തിപ്രഭാവവും ഇച്ഛാശക്തിയുമുണ്ടായിരുന്ന ശ്രീ പുലിക്കുന്നേല്‍ മറ്റ് എല്ലാ മേഖലകളും ഉപേക്ഷിച്ച് തന്റെ ജീവിതം സഭാനവീകരണപ്രസ്ഥാനത്തിനായി മാറ്റിവച്ചു. ലിറ്റര്‍ജി, ദൈവശാസ്ത്രം, കാനോന്‍നിയമം, സഭാചരിത്രം, സഭാപാരമ്പര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സ്വയം പഠിച്ച് ആ വിഷയങ്ങളിലെല്ലാം അദ്ദേഹം അവഗാഹം നേടി. അല്മായര്‍ക്കും സഭാപഠനങ്ങളില്‍ നിപുണരാകാമെന്ന് അദ്ദേഹം തെളിയിച്ചു. അദ്ദേഹത്തോട് സംവാദിക്കാന്‍ ഒരു മെത്രാനോ പുരോഹിതനോ ധൈര്യപ്പെട്ടിരുന്നില്ല.

പുലിക്കുന്നേലിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന 'ഓശാന' മാസികയായിരുന്നു അദ്ദേഹത്തിന്റെ നാവ്. കേരള നസ്രാണികളുടെ മഹത്തായ ഭാരതീയ പാരമ്പര്യപൈതൃകങ്ങള്‍ നശിപ്പിച്ച് പാശ്ചാത്യ സഭാസ്വഭാവം അടിച്ചേല്പിക്കാന്‍ സഭാധികാരം കിണഞ്ഞു പരിശ്രമിച്ചപ്പോള്‍ അതിനെ യുക്തിഭദ്രവും ശക്തിയുക്തവും എതിര്‍ത്തത് ഓശാനയാണ്. നാട്ടുരാജാക്കന്മാര്‍പോലും പോര്‍ട്ടുഗീസ് ഭരണത്തെ അനുകൂലിച്ച നിലപാട് സ്വീകരിച്ചപ്പോള്‍ നസ്രാണികള്‍ ആ വിദേശ ശക്തിയോട് എതിര്‍ത് തങ്ങളുടെ പള്ളികളുടെ നിയന്ത്രണം അവര്‍ക്ക് നല്‍കാതിരിക്കാന്‍ നീണ്ട സമരം ചെയ്ത പാരമ്പര്യം നമുക്കുണ്ട്. 1653-ല്‍ മട്ടാഞ്ചേരിയില്‍ 4000-നുമേല്‍ നസ്രാണി പള്ളിപ്രധിനിധികള്‍ തങ്ങളും തങ്ങളുടെ തലമുറകളും ഉള്ളിടത്തോളം കാലം ''സാമ്പാളൂര്‍ പാതിരിമാരെ'' (വിദേശാധിപത്യം) അംഗീകരിക്കുകയില്ലന്ന് സത്യം ചെയ്തു. 

കൂനന്‍കുരിശുസത്യം എന്നത് അറിയപ്പെടുന്നു. അതാണ് വിദേശീയര്‍ക്കെതിരായ ഇന്ത്യാക്കാരുടെ ആദ്യവിപ്ലവം.1632 ക്രിസ്മസ് ദിനങ്ങളില്‍ നസ്രാണികള്‍ ഏഴുദിവസം ഇടപ്പള്ളിയില്‍ യോഗം ചേര്‍ന്നു. ബ്രിട്ടോ മെത്രാന്‍ പള്ളിയുടെമേല്‍ അധികാരം ഭരിക്കുകയില്ലെന്ന് എഴുതി ഒപ്പിട്ടുകൊടുത്തു. എങ്കിലും പോര്‍ട്ടുഗീസുകാര്‍ 500 വര്‍ഷങ്ങള്‍ക്കുമുമ്പ് എന്തു ചെയ്യണമെന്ന് ആഗ്രഹിച്ചോ അതെല്ലാം നാട്ടുമെത്രാന്മാര്‍ കഴിഞ്ഞ 30 വര്‍ഷംകൊണ്ട് നടപ്പാക്കിക്കഴിഞ്ഞു. സമുദായത്തിന്റെ കോടിക്കണക്കിനു വിലവരുന്ന സമ്പത്ത് പൗരോഹിത്യ ഏകാധിപത്യഭരണത്തിന്‍ അമര്‍ന്നിരിക്കയാണിന്ന്. നസ്രാണി സഭയുടെ പൂര്‍വ്വകാലചരിത്രവും സമകാലിക വ്യവസ്ഥയും കൂട്ടിയിണക്കി പഠിച്ചാലേ ഓശാനയുടെ സംഭാവന മനസ്സിലാക്കാന്‍ സാധിക്കൂ.

സഭയുടെ ഘടനയും വിദേശസ്വാധീനവും സഭാസമ്പത്തിന്റെ ഏകാധിപത്യപരമായ ഭരണവുമാണ് മതനീതി നഷ്ടപ്പെടാനും സഭയ്ക്കുള്ളിലെ അനീതിക്ക് മുഖ്യകാരണവുമെന്നുള്ള കാഴ്ചപ്പാട് സഭാസമൂഹത്തില്‍ പുലിക്കുന്നേല്‍ അവതരിപ്പിച്ചു. ഓരോ പള്ളിയുടെയും സ്വത്തും സ്ഥാപനങ്ങളും അതത് പള്ളിക്കാരുടേതായിരുന്നു. ആ സ്വത്തുക്കളുടെ ഉടമാവകാശമോ ഭരണാവകാശമോ മെത്രാന് ഉണ്ടായിരുന്നില്ല. 

 പള്ളിയെന്നാല്‍ പുരോഹിതരുടെ മാത്രമല്ല അത് സാമാന്യ ജനങ്ങളുടേതുമാണെന്ന തിരിച്ചറിവ് നസ്രാണികള്‍ക്ക് പണ്ടുണ്ടായിരുന്നു. പുതുതലമുറയ്ക്ക് അതുണ്ടാകേണ്ടിയിരിക്കുന്നു.
മെത്രാന്മാരും പുരോഹിതരും അവിടെയും ഇവിടെയും കാട്ടിക്കൂട്ടുന്ന ഒറ്റപ്പെട്ട സംഭവങ്ങളോട് പ്രതികരിക്കുന്നതിലുപരി മാര്‍തോമാ ക്രിസ്ത്യാനികളുടെ സാമുദായിക ജീവിതത്തിന്റെ ആന്തര ഒഴുക്കിനെ നിയന്ത്രിക്കുകയും വികലമാക്കുകയും ചെയ്യുന്ന ശക്തികള്‍ക്കെതിരായി പോരാടുകയും അതിന് നേരായ ദിശാബോധം നല്കുന്നതിലുമാണ് അദ്ദേഹം ഊന്നല്‍ നല്കിയത്. 

പുരോഹിത പത്രാധിപന്മാരുടെ കീഴില്‍ പ്രസിദ്ധപ്പെടുത്തുന്ന ഔദ്ധോഗിക ജിഹ്വകള്‍ ഒരുകാലത്തും അല്മായന്റെ അവകാശങ്ങള്‍ക്കായി പോരാടാറില്ല. 'പെണ്ണെഴുത്ത്' പോലുള്ള പദപ്രയോഗം കൊണ്ട് സ്ത്രീകളെപ്പോലും അവഹേളിക്കുന്ന വൈദിക പ്രസിദ്ധീകരണങ്ങളാണ് അവയൊക്കെ.
മാര്‍തോമായാല്‍ സ്ഥാപിതമായ അപ്പോസ്തലിക നസ്രാണി കത്തോലിക്കാസഭയുടെ പുനരുജ്ജീവനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 'മാര്‍തോമായുടെ മാര്‍ഗവും വഴിപാടും' എന്ന നമ്മുടെ പഴയ അന്ത:സത്തയിലേയ്ക്കു തിരികെ കൊണ്ടുവരുവാനുള്ള ആഹ്വാനമായിരുന്നത്. ആചാരാനുഷ്ഠാനങ്ങള്‍കൊണ്ട് ദൈവത്തെ പ്രീണിപ്പിച്ച് മോക്ഷം നേടുകയല്ല മനുഷ്യജീവിതത്തില്‍റെ ലക്ഷ്യം, മറിച്ച്, ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിച്ചു ജീവിക്കുകയാണ് യേശുവിന്റെ സന്ദേശമെന്ന് അദ്ദേഹം അവതരിപ്പിച്ചു.

ആധ്യാത്മികത കേവലം കുറെ ഭക്താഭ്യാസങ്ങളും ധ്യാനപരിപാടികളും വിശുദ്ധരോടുള്ള വണക്കവുമായി അധ:പതിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. യേശുവചനങ്ങളെ മനനം ചെയ്ത് ലഭിക്കുന്ന ആഴത്തിലുള്ള ഒരു ക്രൈസ്തവദര്‍ശനം ഉണ്ടാകാനുള്ള സ്വയപരിശ്രമങ്ങള്‍ ജനങ്ങളില്‍ നടക്കുന്നില്ല. അതിനാല്‍ ധ്യാനാരവത്തിലും തിരുനാളാഘോഷങ്ങളിലും വൈകാരികമായി മുങ്ങിപ്പോകുന്ന ഒരു മതപ്രസ്ഥാനമായി കത്തോലിക്കാസഭ തരം താഴ്ത്തപ്പെടുന്നു. അതു മനസ്സിലാക്കിയ പുലിക്കുന്നേല്‍, ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പ്രമാണ ഗ്രന്ഥമായ ബൈബിള്‍ വിവര്‍ത്തനത്തിന് മുന്‍കൈയ്യെടുത്തു. എല്ലാ ക്രൈസ്തവവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ തരത്തില്‍ തയാറാക്കിയ മലയാളം ഓശാന ബൈബിളിന്റെ പ്രചാരം വിസ്മയകരമാണ്. പത്തുലക്ഷത്തിലേറെ ഓശാന ബൈബിള്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് വിറ്റഴിഞ്ഞു. പുലിക്കുന്നേലിന്റെ ആശയനേതൃത്വത്തിന്നും സഭാവിമര്‍ശനങ്ങള്‍ക്കും സഭാനവീകരണസംരംഭങ്ങള്‍ക്കും അടിത്തറ ബൈബിള്‍ത്തന്നെയായിരുന്നു.

പഠിപ്പും പാണ്ഡിത്യവുമുള്ള അല്മായന്റെ അഭിപ്രായങ്ങള്‍പോലും അര്‍ത്ഥമില്ലാത്ത ജല്പനങ്ങള്‍ എന്ന ഭാവത്തില്‍ അവഗണിക്കുക അല്ലെങ്കില്‍ അവഗണിക്കുന്നതായി മെത്രാന്മാര്‍ നടിക്കുന്നുണ്ട്. പുലിക്കുന്നേലിനെപ്പോലുള്ള വിവരമുള്ള അല്മായരുടെ എണ്ണം കൂടിയതോടെ ഔദ്യോഗിക സഭ ചര്‍ച്ചക്കുള്ള വേദികളുടെ വാതിലുകളും അടച്ചുപൂട്ടി.
കാനോന്‍ നിയമം രാഷ്ട്രീയമനോഭാവത്തില്‍ എഴുതിയുണ്ടാക്കിയതാണ്. യേശുദര്‍ശനത്തിന്റെ ആന്തരീകത അതില്‍ തൊട്ടുതേച്ചിട്ടില്ല. 

തിരുവചനത്തിലെ അടിസ്ഥാന മൂല്യങ്ങളുടെ എതിര്‍പകര്‍പ്പാണ് കാനോന്‍ നിയമം. നിയമമുണ്ടാക്കാനും വ്യാഖ്യാനിക്കാനും നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യം കാനോന്‍ നിയമം വഴി മെത്രാനുണ്ട്. കത്തോലിക്കാ സഭ കാനോന്‍ നിയമസംഹിതപ്രകാരം സ്വയംഭരണം നടത്തുന്ന സംഘടനയാണെന്നും അതിനാല്‍ രാഷ്ട്രനിയമം അതിന് ബാധകമല്ലെന്നുമുള്ള ഗര്‍വ്വാണ് മെത്രാന്മാര്‍ക്കുള്ളത്.

സ്വന്തമായി ചിന്തിക്കാനും പറയാനും എഴുതാനും സ്വാതന്ത്ര്യം നല്കാത്ത ഒരു സഭയില്‍ നാം വിഡ്ഢികളായി ജീവിക്കുന്നു. തലച്ചോറാകുന്ന വിശിഷ്ട അവയവത്തെപ്പോലും അവര്‍ അപമാനിക്കുന്നു! ഈ സഭ നമ്മുടെ കൂട്ടായ്മയെ അനുദിനം തകര്‍ത്തുകൊണ്ടിരിക്കുന്നു. സഭാരാഷ്ട്രീയത്തിലൂടെ അനര്‍ഹര്‍ക്കും അധികാരസ്ഥാനങ്ങള്‍ പങ്കിട്ടുകൊടുക്കുന്ന അവസ്ഥയിലേയ്ക്ക് സഭ അധ:പതിച്ചിരിക്കുന്നു. 

മെത്രാന്‍ സ്തുതിപാഠകരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. അവിടെ അനീതി കൊടികുത്തിവാഴുന്നു. സൂര്യന്‍ അസ്തമിക്കാത്ത സീറോ മലബാര്‍ സാമ്രാജ്യത്തെ സ്വപ്നംകണ്ട് സഭാധികാരികള്‍ പള്ളികൊള്ളുന്നു. ഈ സഭയുടെ ഇപ്പോഴത്തെപ്പോക്കില്‍ നാം ലജ്ജിക്കണം.
നസ്രാണികള്‍ക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും ഉണ്ടാകുന്നതിന് പുലിക്കുന്നേല്‍ വഹിച്ച പങ്ക് ചെറുതല്ല. മെത്രാന്മാരും പുരോഹിതരും ഭാവിയില്‍ സഭാനവീകരണ പ്രസ്ഥാനക്കാരോടുള്ള ഇന്നത്തെ നിലപാടിലും സമീപനത്തിലും മാറ്റങ്ങള്‍ വരുത്താതിരിക്കാന്‍ നിര്‍വാഹമില്ല.
പ്രശസ്തി കാംഷിക്കാതെ, ആര്‍ഭാടവങ്ങളെ ഒഴിവാക്കി, ലളിത ജീവിതത്തിന് പ്രാധാന്യം നല്കി ശുഭവസ്ത്രധാരിയായി ജീവിച്ച അദ്ദേഹം പല സ്ഥാപനങ്ങളും ഓശാന മൗണ്ടില്‍ സ്ഥാപിച്ചു. 

ആശ്രയമില്ലാത്തവര്‍ക്ക് അദ്ദേഹം അത്താണിയായി; പാവപ്പെട്ടവര്‍ക്കുവേണ്ടി ആവുന്നത്ര അദ്ദേഹം ചെയ്തു. ഓശാന മാസിക, ഓശാന മലയാളം ബൈബിള്‍, ഗുഡ് സമരിറ്റന്‍ പ്രോജക്റ്റ്, ക്യാന്‍സര്‍ പാലിയേറ്റീവ് സെന്റെര്‍, ഓശാനവാലി പബ്ലിക് സ്‌കൂള്‍, പ്രമേഹരോഗ ബാലികാ ഭവനം, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം, സുനാമി ബാധിതര്‍ക്ക് വീടുനിര്‍മ്മിക്കല്‍ തുടങ്ങി പല പ്രസ്ഥാനങ്ങളും ജീവകാരുണ്ണ്യപ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ഓശാനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക സേവനങ്ങളും ആതുരശുശ്രൂഷാ സംരംഭങ്ങളും മാതൃകാപരമാണെന്നകാര്യം എടുത്തുപറയേണ്ടതുതന്നെ.
ഓശാന ലൈബ്രറിയും കൂടാതെ ഓശാനയില്‍നിന്നും പ്രസിദ്ധീകരിച്ച സഭാസംബന്ധിയായ അനേകം പുസ്തകങ്ങളും പഠനക്ലാസ്സുകളും ചര്‍ച്ചാസഹവാസങ്ങളുമെല്ലാം വളരെ വിലപ്പെട്ടതാണ്. 

പുലിക്കുന്നേലിന്റെ പഠനകേന്ദ്രത്തിന്റെ മുദ്രാവാക്യംത്തന്നെ 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും ഒരിടം' എന്നതാണ്.
വളരെ ചെലവുകുറഞ്ഞ രീതിയിലും പരമ്പരാഗത രീതിയിലും പരിസ്ഥിതി കണക്കിലെടുത്തുകൊണ്ടും ആകാരഭംഗിയോടും തടികൊണ്ടും നിര്‍മ്മിച്ച കെട്ടിടങ്ങള്‍കൊണ്ട് അലംകൃതമായ പതിനൊന്നേക്കറോളം വരുന്ന ഓശാനാമൗണ്ട് ആരെയും ആകര്‍ഷിക്കും. പ്രകൃതിസുന്ദരമായ, ശാന്തസുന്ദരമായ, മനോഹരമായ ഓശാന ഗസ്റ്റ് ഹൌസില്‍ ഞാനും കുടുംബവും പലവട്ടം, ചിലപ്പോള്‍ മാസങ്ങളോളം താമസിച്ചിട്ടുണ്ട്.

മറ്റുള്ളവരെ അംഗീകരിക്കാന്‍-പ്രത്യേകിച്ചും ഭിന്നാഭിപ്രായക്കാരെ- പുലിക്കുന്നേലിന് സ്വതവേ ബുദ്ധിമുട്ടായിരുന്നു. അതദ്ദേഹത്തിന്റെ പ്രത്യേക സ്വഭാവമായി അതിനെ കരുതിയാല്‍ മതി. എല്ലാവരും എല്ലാം തികഞ്ഞവരല്ലല്ലോ. 'ഓശാനയുടെ 25 വര്‍ഷം വിലയിരുത്തലുകള്‍' എന്ന പുസ്തകത്തില്‍ ഡോ എം. വി. പൈലി അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്: 'ഓശാന അതിന്റെ ദൗത്യം എന്നെന്നും തുടരേണ്ടതാണ്. അതിന്റെ ദൗത്യം നാളെയും തുടരാന്‍ പറ്റിയ പ്രതിഭകളെ വാര്‍ത്തെടുക്കേണ്ടതുണ്ട്.' അതില്‍ പുലിക്കുന്നേലിന് പരാജയം പറ്റിയോ? ഭാവി തീരുമാനിക്കട്ടെ ആ കാര്യം.

ശ്രീ പുലിക്കുന്നേലിന്റെ എല്ലാ നിരീക്ഷണങ്ങളും ഏകകണ്ഠമായി അംഗീകരിക്കണമെന്നില്ല. എന്നാല്‍ അവ പ്രസക്തങ്ങളാണെന്ന് സാര്‍വ്വത്രിക സമ്മതം ഉണ്ടാകും. അതുകൊണ്ടുതന്നെ അവകള്‍ അനവധി സംവാദങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യും. അതാണ് പുലിക്കുന്നേല്‍ പ്രസ്ഥാനത്തിന്റെ പ്രത്യേകത.
വൈദികനായ (വേദജ്ഞാനി) ശ്രീ പുലിക്കുന്നേലിനെ അത്ഭുതാദരവുകളോടെ മാത്രമേ കാണാന്‍ കഴിയൂ. ഒരു നിര്‍ണായക കാലഘട്ടത്തില്‍ നീതിക്കുവേണ്ടി പോരാടിയ, ശബ്ദമുയര്‍ത്തിയ, ധീരമായി സഭയെ നയിച്ച മഹാനായി ഭാവിയില്‍ അദ്ദേഹം അറിയപ്പെടും. 

ശ്രീ ജെയിംസ് ഐസക് കുടമാളൂരിന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ട് ഞാന്‍ പറയട്ടെ: 'കേരളസഭയില്‍ അപൂര്‍വമായി പ്രത്യക്ഷപ്പെട്ട മഹാ തേജസ്സുകളില്‍ ഒന്നായി ഭാവിയില്‍ ജോസഫ് പുലിക്കുന്നേല്‍ അറിയപ്പെടും.' ആ ജന്മത്തിന്റെ വിധി അതുതന്നെ.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സ്‌നേഹിതര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും സ്‌നേഹപൂര്‍വ്വമായ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

Join WhatsApp News
Joseph Padannamakkel 2017-12-28 01:40:01
കേരളത്തിലെ നവീകരണ പ്രസ്ഥാനങ്ങൾക്ക് അടിത്തറ പാകിയ ശ്രീ പുലിക്കുന്നേൽ സാറിന്റെ വേർപാട് നവീകരണ ചിന്താഗതികളുള്ള ഒരു വലിയ ലോകത്തിന്റെ തീരാനഷ്ടമാണ്. 

വ്യക്തിപരമായി ഞാൻ വളരെയധികം അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. കോഴിക്കോട് ദേവഗിരി കോളേജിൽ അദ്ദേഹം അദ്ധ്യാപകനായിരുന്ന കാലത്ത് അതേ കോളേജിൽ ഞാനും വിദ്യാർഥിയായിരുന്നു. നവീകരണ ചിന്താഗതികളുമായി എന്റെ എഴുത്തുകൾ ആരംഭിച്ചതുമുതൽ അദ്ദേഹത്തെ എനിക്ക് വ്യക്തിപരമായ പരിചയപ്പെടാനും സാധിച്ചു. എന്റെ ലേഖനം ഓശാനയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം അതിനു മറുപടി എഴുതിയതും കൃതജ്ഞതയോടെ ഓർമ്മിക്കുന്നു.  

ശ്രീ പുലിക്കുന്നേൽ പഠിപ്പിക്കാൻ വളരെ സമർഥനായ അദ്ധ്യാപകനായിരുന്നുവെന്ന് അദ്ദേഹത്തിൻറെ  വിദ്യാർത്ഥികൾ പറയുമായിരുന്നു. ക്രിസ്ത്യൻ കോളേജുകളിൽ പഠിപ്പിക്കുന്ന ഒരു കോളേജദ്ധ്യാപകനെ സംബന്ധിച്ചടത്തോളം സ്വന്തം പ്രൊഫഷനിൽ ഉയരാനുള്ള കഴിവല്ല വേണ്ടത്. ളോഹ ധാരികളെ കുമ്പിട്ടു നിന്നില്ലെങ്കിൽ അവർ ദ്രോഹിക്കാവുന്നടത്തോളം ദ്രോഹിക്കും. അങ്ങനെ ശ്രീ ജോസഫ് പുലിക്കുന്നേലും പുരോഹിതരുടെ ഹീനമായ പ്രവർത്തികളിൽ ബലിയാടാകുകയായിരുന്നു. പുരോഹിതരുടെ കുതന്ത്രങ്ങളിൽപ്പെട്ട് ശ്രീ ജോസഫ് പുലിക്കുന്നേലിന് ദേവഗിരിയിലെ ജോലിയിൽനിന്നും പിരിയേണ്ടി വന്നു. അത് കേരള നവീകരണ പ്രസ്ഥാനങ്ങളുടെ ഒരു വിജയമായി മാറുകയായിരുന്നു. പിന്നീടദ്ദേഹം കേരളത്തിലെ ഒരു ലൂഥറായി മാറി സഭാ നവീകരണങ്ങൾക്കായി മുഴുവൻ സമയവും പ്രവർത്തിച്ചു. 

കേരളം കണ്ട പ്രഗത്ഭരായ എം.പി. പോളിനെയും ജോസഫ് മുണ്ടശേരിയെയും പുരോഹിത മാനേജുമെന്റുകൾ കോളേജ് അദ്ധ്യാപക ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. പുരോഹിതരുടെ അമർഷവും അനാദരവും എം. പി. പോളിന്റെ ശവശരീരത്തോടും കാണിച്ചുവെന്നുള്ളതു കേരള സഭാചരിത്രത്തിന്റെ കറുത്ത അദ്ധ്യയമാണ്. നാളിതുവരെ പോളിന്റെ കുടുംബത്തോട് കാണിച്ച അനീതിയിൽ ഒരു മെത്രാനും ക്ഷമയും പറഞ്ഞിട്ടില്ല. എം.പി. പോൾ പുരോഹിതർക്കെതിരെ തൂലിക ചലിപ്പിക്കുന്നതിനുമുമ്പെഴുതിയ സഭാ തീയോളജിയാണ് ഇന്നും പുരോഹിതർ സെമിനാരികളിൽ പഠിക്കുന്നത്. 

സഭയുടെ വിശുദ്ധ കൂദാശകളോടൊന്നും വിശ്വസമില്ലായിരുന്ന ശ്രീ പുലിക്കുന്നേൽ സാർ സ്വന്തം ഭാര്യയുടെ ശവശരീരം പോലും സഭാ കാർമ്മികരുടെ സഹായമില്ലാതെ വീട്ടുമുറ്റത്തു നടത്തി മറവു ചെയ്യുകയായിരുന്നു. ശ്രീ എം.പി. പോളിനുശേഷം കേരളത്തിലെ മെത്രാൻ പുരോഹിത ലോകം ഭയപ്പെട്ടിരുന്ന ഗർജിക്കുന്ന ഒരു സിംഹമായിരുന്നു ശ്രീ പുലിക്കുന്നേൽ.

ശ്രീ പുലിക്കുന്നേൽ സാറിന്റെ താത്ത്വികചിന്തകളിൽ നിന്നും ഉതിർന്നു വന്ന ചില ഉദ്ധരണികൾ കാലത്തിനുമീതെയും അദ്ദേഹത്തെ നിത്യം ജീവിപ്പിക്കുന്നതാണ്. അദ്ദേഹം എഴുതി,  "ക്രൈസ്തവമൂല്യങ്ങളുടെ ശുദ്ധവായു പ്രസരിപ്പിക്കേണ്ട സ്ഥാപനങ്ങള്‍ ഇന്ന് തിന്മയുടെ വിഷവായു വമിക്കുകയാണ്. ഈ തകരാറുകണ്ട് മനം ഊന്നി പ്രവര്‍ത്തിക്കാതെ സഭാനവീകരണം അസാദ്ധ്യമാണ്. ക്രിസ്തുവിന്റെ വചനങ്ങള്‍ സമൂഹത്തില്‍ വിക്ഷേപിച്ച് മൂല്യനിര്‍ദ്ധാരണം നടത്തേണ്ടവര്‍ ഇന്ന് പതിനഞ്ചും പതിനാറും വയസ്സുവരെ നല്ല കുഞ്ഞുങ്ങളായി കുടുംബങ്ങളില്‍ വളര്‍ത്തപ്പെട്ട ശേഷം സെമിനാരികളിലെ 8-0 കൊല്ലത്തെ പഠനത്തിനു ശേഷം പുറത്തു വരുന്ന പുരോഹിതന്‍ എടുത്തണിയുന്നത് ക്രിസ്തുവിന്റെ സേവനദൗത്യം അല്ല, നേരെമറിച്ച് കയ്യാഫാസിന്റെ അധികാര കിരീടമാണ്. കുറ്റം കുടുംബങ്ങളിലാണോ, എന്താണ് ഇതിന് കാരണം?" 

ശ്രീ പുലിക്കുന്നേൽ കത്തോലിക്ക സഭയിലെ വിഗ്രഹങ്ങൾക്കെതിരെയും ആഞ്ഞടിച്ചിരുന്നു. "ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം പൊന്നായതു കൊണ്ടാണ് കള്ളന്‍ കട്ടുകൊണ്ടുപോയത്. അരുവിത്തുറ പുണ്യവാളന്‍ തടിയായതുകൊണ്ട് ആരും കക്കുന്നില്ലെന്നു മാത്രം. ഒരു വിഗ്രഹത്തിനും ശക്തി ഇല്ല എന്നാണ് ക്രിസ്തു പറഞ്ഞിട്ടുള്ളത്."

മെത്രാന്മാരെ പരിഹസിക്കൽ, നർമ്മ ബോധമുണ്ടായിരുന്ന ശ്രീ പുലിക്കുന്നേൽ സാറിന്റെ ഹോബിയായിരുന്നു. "നേരത്തേ കാല് വൃത്തിയായി കഴുകിയ പന്ത്രണ്ടുപേരുടെ കാലു കഴുകുന്നതുപോലെയല്ല, കുരിശും ചുമന്നുള്ള നടപ്പ്. ശരീരം വേദനിക്കുന്ന പണിയാണ്. അതൊന്നും മെത്രാന്മാര്‍ ചെയ്യുകയില്ല. നിര്‍ബന്ധിച്ചാല്‍ ഒരു ഫോറിന്‍ കാറില്‍ ഒരു കൂരിശു കയറ്റി വെച്ച് തിരുനക്കര എത്തിച്ച് വെല്‍വെറ്റ് പൊതിഞ്ഞ കുരിശിൽ! ‍മെത്രാന്റെ തിരുക്കാല്‍ അവിടെ വെക്കും. മറ്റുള്ളവരെക്കൊണ്ട് തിരുമ്മിക്കാനുള്ള പരിശുദ്ധ അവയവമാണെന്നറിഞ്ഞുകൂടെ!" 

ശ്രീ പുലിക്കുന്നേലിന്റെ ആശയങ്ങൾ പിന്തുടരുന്ന ആയിരക്കണക്കിന് ക്രൈസ്തവർ കേരളത്തിലുണ്ട്. സത്യത്തിനും നീതിക്കുംവേണ്ടിയായിരുന്നു അദ്ദേഹം പോരാടിയിരുന്നത്. അന്ധവിശ്വാസങ്ങളെ എതിർത്തിരുന്നു. അത്ഭുതങ്ങളും രോഗശാന്തിയും നടത്തുന്ന സഭയുടെ വഞ്ചനകളും ചതിയും പച്ചയായി വിളിച്ചുപറയുമായിരുന്നു. അതുമൂലം സ്വന്തം ജീവിതത്തിനു തന്നെ ഭീക്ഷണികളുണ്ടായിട്ടും  അധർമ്മങ്ങൾക്കെതിരെ ഒരു ജീവിതം മുഴുവൻ പോരാടി. ആ വലിയ മനുഷ്യന് എന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നു. 
Ponmelil Abraham 2017-12-28 09:02:05
Sri Joseph Pulikunnel was the voice of the masses whose thinking was far different from the authoritarian attitude of the church leaders especially that of Syro Malabar Catholic Church. He was a vigorous fighter for the rights of the laity and will ever be remembered for his outstanding service for them. I offer deep condolences and prayers at this time.

George V 2017-12-28 15:30:01
ശ്രി ജോസഫ് പുലിക്കുന്നേലിൻറെ വേർപാട് കേരള സമൂഹത്തിനു തീരാ നഷ്ടം തന്നെ ആണ്. ശ്രീ ചാക്കോ  കളരിക്കലും ശ്രീ ജോസഫ് പടന്നമാക്കലും വിശദമായി തന്നെ അദ്ദേഹത്തെക്കുറിച്ചു എഴുതിയിരിക്കുന്നു. വളരെ നന്ദി. എൺപതുകളിൽ പുലിക്കുന്നേൽ എന്ന ഒറ്റയാൻ പോരാട്ടം ആയിരുന്നു എന്നാൽ ഇന്ന് നൂറു കണക്കിന് ജോസഫ് പുലിക്കുന്നേൽ മാർ ഉണ്ട് കേരളത്തിലും വിദേശത്തും. അദ്ദേഹം പകർന്നു തന്ന ഊർജം അവരെ നയിക്കട്ടെ. ആദരാജ്ഞലികൾ.
George V 2017-12-28 20:20:23

ശ്രീ .ജോസഫ് പുലിക്കുന്നേലിനു മരണമില്ല ! 
''നിങ്ങളോ ഇതിനെ കള്ളന്മാരുടെ ഗുഹയാക്കിതീർത്ത്  "എന്ന് പൗരോഹിത്യത്തിന്റെ മുഖത്തുനോക്കി പറഞ്ഞവൻ ക്രിസ്തുവും ശ്രീ .ജോസഫ് പുലിക്കുന്നേലും അല്ലാതെ മറ്റൊരുവനുമില്ല!  അലക്സൻഡർ ദി ഗ്രെയ്റ്റ്നെപ്പോലെ പിടിച്ചടക്കുക ,ആരെക്കൊന്നാലും ആയിരങ്ങളെകൊന്നാലും എല്ലാം കാൽകീഴിലാക്കുക എന്ന സാമ്രാജ്യ മോഹികളായ ആർത്തിമൂത്ത കത്തോലിക്കാ പൗരോഹിത്യത്തെ എതിർത്ത ഒറ്റയാൾ പട്ടാളക്കാരൻ ശ്രീ .ജോസഫ് പുലിക്കുന്നേൽ അല്ലാതെ വേറൊരാളുണ്ടോ മലന്കരയിൽ ക്രിസ്തുവിന്റെ കരാളറിഞ്ഞ അനുയായിയായി ?'മരണമേ,നിനക്ക് പുലർകാല വന്ദനം" എന്ന് ജപിച്ചിരുന്ന ശ്രീ .ജോസഫ് പുലിക്കുന്നേൽ മരിച്ചെന്നോ ഇല്ല; അദ്ദേഹം ജീവിക്കുന്നു ക്രിസ്തുവിനൊപ്പം !
ആ കൈകൾ ചുംബിച്ചുകൊണ്ട് വിറയ്ക്കുംകരൾക്കയ്യാൽ   നെയ്ത്തിരി കൊളുത്തട്ടെ മരിച്ചുംജീവിക്കുന്നെൻ സാറിന്റെ കുടീരത്തിൽ''
(An FB Post)
Johny 2017-12-29 09:52:54
ശ്രീ ജോസഫ് പുലിക്കുന്നേലിന്‌ ആദരാഞ്ജലികൾ. സഭയുടെയും പുരോഹിതരുടെയും ദാർഷ്ട്യത്തിനു വഴങ്ങാതെ ഉപജീവന മാർഗമായ ജോലി പോലും വലിച്ചെറിഞ്ഞു തന്റേതായ പാതയിലൂടെ ഒറ്റയാൻ പോരാട്ടം നടത്തിയ  വ്യക്തി ആയിരുന്നു . അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളെയും ഇല്ലായ്മ ചെയ്യാൻ ആവുന്നതെല്ലാം സഭ ചെയ്‌തെങ്കിലും അദ്ദേഹത്തെ തളർത്താൻ അവർക്കൊന്നും ആയില്ല . വിശ്വാസിയുടെ ശവം വച്ച് വില പേശുന്ന പുരോഹിതർക്കും സഭക്കും വെല്ലുവിളി ഉയർത്തി  തന്റെ ശരീരം സ്വന്തം പറമ്പിൽ സംസ്കരിച്ചു നല്ലൊരു സന്ദേസ്സം കൂടിയാണ് സമൂഹത്തിനു അദ്ദേഹം നൽകിയത്. പ്രണാമം 

Christian 2017-12-29 12:21:17
His body was cremated at home. Obviously, he has no belief in Catholic teachings. Why people who do not believ in the Catholic Church want changes in church? They are questioning the very basics of the church. Such people, like almaya sabdam supporters, can leave the church and start another church with their ideals. 
We will remain with Catholic indoctrination and bishop/priest's authority
Joseph 2017-12-29 14:11:17
'ക്രിസ്ത്യൻ' എന്ന കമ്മന്റ് എഴുതുന്ന വ്യക്തി പലപ്പോഴും എഴുതുന്നത് സഭയുടെ തീയോളജി കാര്യങ്ങളാണ്. അദ്ദേഹത്തിന് തീയോളജിയിൽ നല്ല ജ്ഞാനവുമുണ്ട്. അതുകൊണ്ടു ദൈവശാസ്ത്ര വിഷയങ്ങളെപ്പറ്റി ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ അയോഗ്യനാണ്‌. എങ്കിലും ചില സംശയങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകുമെന്ന് വിശ്വസിക്കുന്നു. 

(1) മിസ്റ്റർ ക്രിസ്ത്യൻ, മരിച്ചു കഴിഞ്ഞാൽ ഒരാൾക്ക് ജാതിയും മതവുമുണ്ടോ?

(2) ശവം മണ്ണിൽ മാത്രമേ കുഴിച്ചിടാൻ പാടുള്ളുവെന്ന ബൈബിളിലെ വചനം ഏതു സുവിശേഷത്തിലാണുള്ളത്?

(3) മാമ്മോദീസാ മുങ്ങി ഒരാൾ ക്രിസ്ത്യാനിയായി കഴിഞ്ഞാൽ റുഹാകുദീശാ തമ്പുരാൻ  കൊടുത്തുവെന്നു വിചാരിച്ചിരിക്കുന്ന ആ വരപ്രസാദം വീണ്ടും തിരിച്ചെടുക്കാൻ ഭൂമിയിലെ മനുഷ്യന് അവകാശമുണ്ടോ? അങ്ങനെയെങ്കിൽ അയാളുടെ ക്രിസ്തീയത്വം എങ്ങനെ ഇല്ലാതാകും?

(4) സഭാ നിയമങ്ങൾ പാലിക്കാത്ത ഒരാൾ ക്രിസ്ത്യൻ സഭയിൽ നിന്ന് 'കടക്കൂ പുറത്തെന്നു' പിണറായിയെപ്പോലെ പറയാനുള്ള അവകാശം താങ്കൾക്ക് എവിടെനിന്നു കിട്ടി? ഇത് സാധാരണ തനി പുരോഹിതപല്ലവിയാണ്! സഭയെന്നാൽ പുരോഹിതന്റെ അപ്പന്റെ സ്വത്താണോ?

(5)അല്മായരെ സഭാമക്കളെന്നാണ് പറയുന്നത്. പുരോഹിതരുടെ കൈവശമുള്ള സഭാസ്വത്തുക്കൾ മുഴുവൻ അല്മായരുടെ പൂർവിക തലമുറകൾ മുതൽ നേടിയെടുത്തതാണ്. അങ്ങനെയെങ്കിൽ പിരിഞ്ഞുപോവുന്നവർക്കെല്ലാം സഭയുടെ സ്വത്തുക്കളുടെ വീതവും മടക്കി കൊടുക്കുമോ?

(6) കത്തോലിക്കരുടെ മൃതദേഹവും ദഹിപ്പിക്കാമെന്ന് അടുത്തയിടെ ഫ്രാൻസീസ് മാർപ്പാപ്പായുടെ പ്രസ്താവനയുണ്ടായിരുന്നു. കത്തോലിക്കരെ ദഹിപ്പിക്കൽ അമേരിക്കയിൽ വളരെക്കാലം മുമ്പുമുതലുള്ളതാണ്. താങ്കളുടെ അഭിപ്രായമെന്ത്?

(7) പൗരാഹിത്യം മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ ആണ് സഭയിൽ വന്നത്. അങ്ങനെയെങ്കിൽ പുരോഹിതരില്ലാതെ അന്നുവരെയുള്ള ശവം മറവ് ചെയ്യുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായം  വ്യക്തമാക്കുമോ? പുരോഹിതരില്ലാത്ത പ്രദേശങ്ങളിൽ ശവം മറവു ചെയ്യാനുള്ള കാർമ്മീക അധികാരം അല്മായർക്കുമുണ്ട്. അത് ക്രിസ്തീയതയോ? 

(8) ശ്രീ പുലിക്കുന്നേൽ സ്വന്തം ജീവിതകാലത്ത് ഒരിക്കലും താൻ കത്തോലിക്കൻ അല്ലെന്ന് പറഞ്ഞിട്ടില്ല. മറ്റൊരു മതത്തിലേക്കും പരിവർത്തനവും ചെയ്തിട്ടില്ല. ആ സ്ഥിതിക്ക് എന്തുകൊണ്ട് അദ്ദേഹത്തിന് സഭാ പരിഷ്ക്കരണത്തെപ്പറ്റി സംസാരിച്ചുകൂടാ?

(9) കത്തോലിക്കരായ ദളിതർക്ക് പുരോഹിതർ ശവ സംസ്ക്കാര കർമ്മങ്ങൾ നിഷേധിച്ച സമയങ്ങളിൽ അതിനെതിരായി പ്രതിക്ഷേധ ശബ്ദം ഉയർത്തി പാവങ്ങളുടെ ഒപ്പം അദ്ദേഹം ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ ക്രിസ്തു ആർക്കു നീതി കൽപ്പിക്കും? പുരോഹിതനോ ? പുലിക്കുന്നലിനോ? 

(10) അദ്ദേഹത്തിൻറെ മരണാപത്രത്തിൽ അദ്ദേഹത്തിൻറെ അവശേഷിച്ചിരിക്കുന്ന കോടിക്കണക്കിന് സ്വത്തുക്കൾ ദരിദ്രർക്കാണ് എഴുതി വെച്ചിരിക്കുന്നത്? ഇത് ക്രിസ്തീയതയോ? അതോ സ്വത്തുക്കൾ തട്ടിപ്പു നടത്തുന്ന പള്ളിക്കും അരമനയ്ക്കും കൊടുക്കണമായിരുന്നോ? മാന്യമായ മറുപടി പ്രതീക്ഷിക്കുന്നു. 
(11) ബൈബിൾ മലയാളത്തിൽ പരിവർത്തനം ചെയ്തു ക്രിസ്തുവിനെ അറിഞ്ഞ ഈ വ്യക്തി എങ്ങനെ ക്രിസ്ത്യാനിയല്ലാതെയാവുമെന്നും വ്യക്തമാക്കാമോ? 
Christian 2017-12-29 19:41:44
ശ്രീ ജോസഫ് പറയുന്നതിനോട് എനിക്കു വിയോജിപ്പൊന്നുമില്ല. ക്രൈസ്തവ വിശ്വാസം ഇന്ന രീതിയില്‍ മാത്രമേ പാടുള്ളു എന്നു ക്രിസ്തു പറഞ്ഞതായി അറിവില്ല. അതിനാല്‍ വിവിധ സഭകള്‍ വിവിധ തരത്തില്‍ വിശ്വസിക്കുന്നു, തങ്ങള്‍ മാത്രമാണു ശരിയെന്നും പഠിപ്പിക്കുന്നു.
ഉദാഹരണത്തിനു വി. കുര്‍ബാനയില്‍ യേശു സന്നിഹിതനായിരിക്കുന്നു എന്നു കത്തോലിക്കാ-ഓര്‍ത്തഡോക്‌സ് വിശ്വസികള്‍ വിശ്വസിക്കുന്നു. അതു ശരിയല്ലെന്നും ഇറ്റ് വെറുമൊരു ഓര്‍മ്മ പുതുക്കലാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ പറയുന്നു. ആലോചിച്ചാല്‍ അതും ശരിയല്ലെ? വിശ്വസിക്കുന്നവരുടെ യുക്തം പോലെ വിശ്വസിക്കാം.
പല തരം ക്രൈസ്തവര്‍ ഉള്ളതില്‍ ഒരു വിഭാഗമാണു കത്തോലിക്കര്‍. അവര്‍ക്ക് അവരുടേതായ ആചാരങ്ങളും വിശ്വാസവുമുണ്ട്. അതു മുഴുവന്‍ ശരിയോ? അതു വിശ്വസിക്കുന്നവര്‍ തീരുമാനിക്കേണ്ട കാര്യമാണ്. തിരുത്തല്‍ വാദികള്‍ മാത്രം ബുദ്ധിമാന്മാരും വിശ്വാസികള്‍ മണ്ടന്മാരുമാണെന്നു കരുതേണ്ടതില്ല.
കത്തോലിക്കാ വിശ്വാസത്തില്‍ നില്‍ക്കുമ്പോള്‍ അതിന്റെ ചട്ടക്കൂടില്‍ നില്‍ക്കുന്നു. അതിഷ്ടമില്ലത്തവര്‍ക്ക് പുറത്തു പോകാം. പുതിയ സഭ ഉണ്ടാക്കാം.
അതേ സമയം വിശ്വസിക്കുകയും സഭയിലെ വ്രുത്തികേടുകളെ ചോദ്യം ചെയ്യുകയും ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല താനും. പുലിക്കുന്നേലോ അല്‍മായ ശബ്ദം ഗ്രൂപ്പോ വിശ്വാസികളാണെന്നു തോന്നുന്നില്ല. സഭയെ തന്നെ ഇല്ലാതാക്കുകയാണു അവരുടെ ലക്ഷ്യമെന്നു തോന്നാറുണ്ട്. അത്തരം നടപടികള്‍ ശരിയോ?
മറ്റു സഭകളിലേക്കു ചേക്കേറുകയോ നിരീശ്വര വാദി ആകുകയോ ചെയ്യുന്നവരില്‍ കത്തോലിക്കരുടെ എണ്ണം കുറവാണെന്നു കൂടി ഓര്‍ക്കുക. 

കുപിതൻ 2017-12-29 22:11:10
പശു ചത്തു മോരിലെ പുളിയും പോയി .  ഇനി അന്ത്രയോസോ അന്തപ്പനോ ഇടപെട്ടലെ ഇവര് വിട്ടിട്ടു പോകുകയുള്ളെന്നാ തോന്നുന്നേ . 
George V 2017-12-30 18:57:58
പശു ചത്ത് മോരിലെ പുളിയും പോയി ? കവി (കുപിതൻ)എന്താണ് ഉദ്ദേശ്ശിച്ചത് എന്ന് മനസ്സിലായില്ല. ആദരണീയനായ ശ്രി ജോസഫ് പുലിക്കുന്നേൽ ഓർമയായി പക്ഷെ അതോടെ എല്ലാം തീർന്നു എന്നാണോ? ഒരിക്കലുമില്ല അദ്ദേഹം പകർന്നു തന്ന അറിവ്, ഊർജം അതാണ് ശ്രി ആൻഡ്രൂസ് അന്തപ്പൻ ജോസഫ് പടന്നമാക്കൽ, ചാക്കോ കളരിക്കൽ തുടങ്ങി പതിനായിരങ്ങളെ കൂടുതൽ കരുതരാക്കുന്നത്. ഒരിക്കൽ കൂടി വന്ദ്യ ആചാര്യന് പ്രണാമം      
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക