Image

മിഠായിത്തെരുവിന്റെ നൊസ്റ്റാള്‍ജിയയില്‍ ഡോ. കൃഷ്ണ കിഷോര്‍

അനില്‍ പെണ്ണുക്കര; ചിത്രങ്ങള്‍ -ദീപാ അലക്‌സ് Published on 28 December, 2017
മിഠായിത്തെരുവിന്റെ നൊസ്റ്റാള്‍ജിയയില്‍ ഡോ. കൃഷ്ണ കിഷോര്‍
കേരളത്തിന്റെ ഒരു സ്ഥലത്തിനും ഇല്ലാത്ത പ്രത്യേകതകള്‍ ഉള്ള നഗരമാണ് കോഴിക്കോട് നഗരം. ഇനി കോഴിക്കോടിന്റെ സഞ്ചാര ഭൂപടത്തില്‍ മിഠായിത്തെരുവിന്റെ സ്ഥാനം കോഴിക്കോടിനെ അറിയാവുന്നവര്‍ക്കും, അവിടെ വരുന്നവര്‍ക്കും നന്നായി അറിയാം .

മിഠായിത്തെരുവിന്റെ പേരിന് കൂടുതല്‍ ഭംഗിയേറുകയാണ്. മിഠായിത്തെരുവ് കൂടുതല്‍ സൗന്ദര്യവതി ആയിരിക്കുന്നു . വര്‍ഷങ്ങളായി ഉള്ള ജനങ്ങളുടെ ആഗ്രഹം ഇപ്പോള്‍ പൂര്‍ത്തീകരിച്ചു. മിഠായിത്തെരുവ് ഒരു പുതിയ തെരുവായി മാറിക്കഴിഞ്ഞു. പഴമയുടെ പ്രൗഢി ഒട്ടും നഷ്ടപ്പെടാതെ തന്നെ .

മിഠായിത്തെരുവ് അഥവാ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (എസ്.എം. സ്ടീറ്റ്). പണ്ട് ഈ തെരുവിന്റെ ഇരുവശങ്ങളും ഹല്‍വ കടകള്‍ കൊണ്ട് നിറഞ്ഞിരുന്നു. യൂറോപ്യന്മാര്‍ കോഴിക്കോടന്‍ ഹല്‍വയെ സ്വീറ്റ്മീറ്റ് (ംെലല ോലമ)േ എന്നായിരുന്നു വിളിച്ചിരുന്നത്. അതില്‍ നിന്നാണ് പേരുവന്നത്. 'ഹുസൂര്‍ റോഡ്' എന്നാണ് മിഠായി തെരുവിന്റെ ആദ്യനാമം.

ഈ തെരുവിന്റെ സൗന്ദര്യവത്കരണ, നവീകരണ സാഫല്യത്തിന് ഇരുപതുവര്‍ഷത്തെ കാത്തിരിപ്പിന്റെ ദൈര്‍ഘ്യമുണ്ട്. വലിയ തീപ്പിടിത്തങ്ങളും സുരക്ഷാപ്രശ്‌നങ്ങളും വാഹനത്തിരക്കും വീര്‍പ്പുമുട്ടിച്ചിരുന്ന തെരുവിനെ ഇപ്പോള്‍ ഇതില്‍ നിന്നെല്ലാം വിമുക്തമാക്കിയിരിക്കുന്നു. കോഴിക്കോടിന്റെ ഹൃദയമായ മിഠായിത്തെരുവ് പൈതൃകത്തെരുവായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിയുമ്പോള്‍ കോഴിക്കോട്ട് നിവാസികള്‍ക്ക് ഇത് സന്തോഷത്തിന്റെ നിമിഷങ്ങളാണ്.

ആകാശവാണി ഉദ്യോഗസ്ഥനായി കോഴിക്കോടിന്റെ ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ. കൃഷ്ണകിഷോര്‍ മിഠായിത്തെരുവ് ഒരു നൊസ്റ്റാള്‍ജിയ ആയി ഓര്‍ത്തെടുക്കുന്നു.

'ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തിന്റെ ആത്മാവ് തന്നെയാണ് മിഠായിത്തെരുവ്. കേരളത്തിലെ ഒരു തെരുവിനും ഇത്രയേറെ രസകരമായ ചരിത്രവും പൈതൃകവും ഉണ്ടോ എന്ന് തന്നെ സംശയം. 30 വര്‍ഷമായി ഞാന്‍ അമേരിക്കയില്‍ ആണെങ്കിലും ജനിച്ചു വളര്‍ന്ന കോഴിക്കോട് തന്നെയാണ് എനിക്ക് ഏറ്റവും പ്രിയങ്കരം .

ലോകത്തിലെ അമ്പതിലധികം രാജ്യങ്ങളും ആറ് ഭൂഖണ്ഡങ്ങളും സന്ദര്‍ശിച്ചിട്ടുള്ള എനിക്ക് ലോകത്തെ ഒട്ടുമിക്ക മഹാ നഗരങ്ങള്‍ എല്ലാം സുപരിചിതമാണ്. എന്നാല്‍ എത്ര പരിമിതികള്‍ ഉണ്ടെങ്കിലും കോഴിക്കോടും ഈ നഗരത്തിലെ ജനങ്ങള്‍ നല്‍കുന്ന സ്‌നേഹവും, സൗഹൃദവും മനസില്‍ കെടാതെ നില്‍ക്കുന്നു. അതുകൊണ്ടു തന്നെ എല്ലാ വര്‍ഷവും കൊഴിക്കോട്ട് വരുന്നു.

കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ സായാഹനങ്ങള്‍ മിഠായിത്തെരുവില്‍ ആയിരുന്നു. വൈകുനേരമായാല്‍ ഉറ്റ സുഹൃത്തുക്കളുമായി നടക്കാനിറങ്ങി സൊറ പറച്ചില്‍ സ്ഥിരസംഭവം ആയിരുന്നു. അതുകൊണ്ടു തന്നെ മിഠായിത്തെരുവ് ഏറെ പ്രിയപ്പെട്ടതാണ്.

എസ് എം സ്ട്രീറ്റിലെ ബുക്ക് സ്റ്റാളുകള്‍, ആര്യഭവന്‍ ഹോട്ടല്‍, വസന്ത് ഭവന്‍ ഒക്കെ തിരക്കിന്റെ കേന്ദ്രങ്ങള്‍ ആയിരുന്നു. പരീക്ഷാകാലത്തുപോലും ഒന്ന് എസ് എം സ്ട്രീറ്റില്‍ നടന്നു കഴിഞ്ഞാല്‍ കിട്ടുന്ന ഉണര്‍വ് വളരെ വിലപ്പെട്ടതായിരുന്നു.

എസ് എം സ്ട്രീറ്റിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ വ്യാപാരികള്‍ തന്നെയാണ്. എല്ലാവരോടും ചിരിച്ചു സ്‌നേഹത്തോടെ വ്യാപാരം നടത്തുന്നവരാണ് തെരുവിലെ വ്യാപാരികള്‍. കഴിഞ്ഞ ദിവസം ഈ തെരുവിലൂടെ വീണ്ടും നടന്നപ്പോള്‍ പരിചിതമായ പല മുഖങ്ങളും ഓടിയെത്തി കുശലാന്വേഷണം നടത്തി. പലരും ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും നമ്മുടെ മുഖം ഓര്‍ത്തിരിക്കുന്നു. ചായക്കായി ക്ഷണിക്കുന്നു. അതെല്ലാം വലിയ സന്തോഷമാണ് മനസിനുണ്ടാക്കിയത്. ഇന്ന് എസ് എം സ്ട്രീറ്റ് മോടി പിടിപ്പിച്ചു ഭംഗിയാക്കിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഗവണ്മെന്റിനെ അഭിനന്ദിക്കണം.

എസ് കെ പൊറ്റകാടിനെ പോലെയുള്ള പ്രശസ്ത എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കിയ തെരുവാണിത്. ഇന്ന് ഒരു തെരുവിന്റെ കഥയുടെ കഥാ പാത്രങ്ങളെയും കഥയിലെ സന്ദര്ഭങ്ങളെയും ആലേഖനം ചെയ്തിരിക്കുന്നു ഇവിടെ. പല തെരുവുകളില്‍ നിന്നും വ്യത്യസ്തമായി സാഹിത്യകാരനായ എസ് കെയുടെ പ്രതിമ എസ് എം സ്ട്രീറ്റിന്റെ തുടക്കത്തില്‍ സ്ഥാപിച്ചിരിക്കുന്നത് ഒരു നാടിന്റെ പൈതൃകത്തെ കൂടി സൂചിപ്പിക്കുന്നു. തന്നെയുമല്ല കോഴിക്കോടിന്റെ സാഹിത്യ , കലാ രംഗത്തെ അഭിരുചിയും ജനങ്ങളുടെ താല്‍പ്പര്യവും അടയാളപ്പെടുത്തുന്നു.

ജനങ്ങള്‍ ഈ തെരുവിനെ ഏറ്റെടുത്തതുകൊണ്ടാണ് ഇത്രയും വലിയൊരു പ്രോജക്ട് ഇത്രയും വേഗം പണികഴിപ്പിക്കാന്‍ സാധിച്ചത്. എപ്പോള്‍ നാട്ടില്‍ വന്നാലും ഇവിടെ വരും . പഴയ ഓര്‍മ്മകള്‍ പുതുക്കും പുതിയ ഓര്‍മ്മകള്‍ സ്വീകരിക്കും. കോഴിക്കോടിനെ ഏറ്റവും സ്‌നേഹിക്കുന്ന ഒരു പ്രവാസിയുടെ ഗൃഹാതുരത്വമാണ് എസ് എം സ്ട്രീറ്റ്.

പ്രോജക്ട് വളരെ ഭംഗിയുള്ളതാണ്. അതു ഭംഗിയായി മുന്നോട്ട് കൊണ്ട്‌പോകണം. ഈ പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നതിലാണ് കോഴിക്കോടിന്റെ നന്മ, സന്തോഷം നില കൊള്ളുന്നത്...'

കൃഷ്ണകിഷോറിന്റെ ഈ അഭിപ്രായം ഓരോ കോഴിക്കോട്ടുകാരന്റെയും അഭിപ്രായമാണ്. നൂറു വര്‍ഷത്തിലധികം പഴക്കമുള്ള തെരുവിന് പുതിയമുഖവും മാനവും കൈവന്ന സന്തോഷത്തിലാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള കോഴിക്കോട് നിവാസികള്‍. ലോകമെങ്ങുമുള്ള വിശ്രുതങ്ങളായ നഗര നടപ്പാതകളുടെ മാതൃകയിലാണ് മിഠായിത്തെരുവും സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്.

ഇന്നും മലയാളികള്‍ക്ക് ഒരു തെരുവിന്റെ കഥയേ ഹൃദിസ്ഥമായുള്ളൂ. അത് മിഠായിത്തെരുവിന്റെ കഥയാണ്. പട്ടും മധുരവും വില്‍ക്കുന്ന തെരുവായിരുന്നു അത്. കേരളത്തിലെ മറ്റു സാംസ്‌കാരിക പൈതൃകങ്ങളെ വീണ്ടെടുക്കാനും കരുതലോടെ കാക്കാനും നവീകരിച്ച മിഠായിത്തെരുവ് പ്രചോദനമാകട്ടെ.

ഈ തെരുവും, തെരുവിനെ മുറിച്ചുപോകുന്ന പാതകളും ഏറ്റവും തിരക്കുള്ള കച്ചവടസ്ഥലങ്ങളാണ്. വളരെ പഴക്കമുള്ള ബേക്കറികള്‍ ഈ തെരുവിലുണ്ട്. ഇവിടെ ലഭിക്കുന്ന കോഴിക്കോടന്‍ ഹല്‍വയും നേന്ത്രക്കാ ഉപ്പേരിയും പ്രശസ്തമാണ്. 2007 ജനുവരി 5-നുക്ക് മിഠായിത്തെരുവില്‍ തീപ്പീടിത്തം ഉണ്ടാവുകയും ആറു പേര്‍ മരിക്കുകയും ഉണ്ടായി. മുപ്പതിലധികം കടകള്‍ കത്തിനശിച്ചു. തുടര്‍ന്നും പല തവണ തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഈ തെരുവിന്റെ ഒരുഭാഗത്തായിരുന്നു സാമൂതിരിയുടെ നാണയമടിക്കുന്ന കമ്മട്ടം സ്ഥിതി ചെയ്തിരുന്നത്. പുതുമയും പഴമയും ഇവിടെ സമന്വയിക്കുന്നു. ഇരുവശങ്ങളിലും പുതിയതും പഴയതുമായ കെട്ടിടങ്ങളുടെ നീണ്ടനിരയാണ്. പോര്‍ച്ചുഗീസുകാരുടെ കാലത്ത് പണിതീര്‍ത്ത കെട്ടിടങ്ങളും ഇവിടെയുണ്ട് .

ഹല്‍വ്വയും മിട്ടായികളും വില്‍ക്കുന്ന കടകളായിരുന്നു മിട്ടായി തെരുവില്‍ കൂടുതലായി ഉണ്ടായിരുന്നെതെങ്കില്‍ ഇന്നുസ്ഥിതി അതല്ല. ഇവിടെ ഇപ്പോള്‍ ഏറ്റവും കൂടുതലായുള്ളത് തുണിക്കച്ചവടമാണ്. ഖാദി എമ്പോറിയവും മിഠായി തെരുവിലാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ എമ്പോറിയങ്ങളില്‍ ഒന്നാണിത്.

വിവിധയിനങ്ങളില്‍ പെട്ട ഒട്ടേറെ വിഭവങ്ങള്‍ മിഠായി തെരുവില്‍ വിപണനം ചെയ്യപ്പെടുന്നു. 'കോഴിക്കോടന്‍ ഹല്‍വ്വ'യാണ് ഇവയില്‍ പ്രധാനം. മിഠായിത്തെരുവിനു ഈ പേരുവരാന്‍ മധുരമാര്‍ന്ന ഈ ഹല്‍വ്വ തന്നെ കാരണമെന്നു പറയപ്പെടുന്നു. സാധാരണ ഹല്‍വ്വയ്ക്കു പുറമേ ക്യാരറ്റ്, പൈനാപ്പിള്‍, ഓറഞ്ച്, പപ്പായ തുടങ്ങിയവ ഉപയോഗിച്ചുള്ള ഹല്‍വ്വകളും ഇവിടെ വിപണനം ചെയ്യപ്പെടുന്നു. ഉത്സവ കാലങ്ങളില്‍ മിഠായിത്തെരുവില്‍ നിന്ന് ഹല്‍വ്വ വാങ്ങാന്‍ പുറത്തുനിന്നുള്ളവര്‍ പോലും എത്താറുണ്ട്.

ഈ തെരുവിന്റെ പ്രശസ്തിക്കു പിന്നില്‍ കോഴിക്കോടന്‍ ബിരിയാണിക്കും പങ്കുണ്ട്. മിഠായിത്തെരുവിലെ ഹോട്ടലുകളില്‍ സ്വാദിഷ്ഠമായ ബിരിയാണി കഴിക്കാന്‍ പണ്ടുകാലം മുതല്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. ആ പതിവ് ഇന്നും തുടരുന്നു. മലബാര്‍ ചിപ്‌സ് എന്നറിയപെട്ടിരുന്ന വറുത്ത കായാണ് മറ്റൊരു വിഭവം. ഉപ്പേരി വറക്കുന്ന നൂറുകണക്കിന് കടകള്‍ തന്നെ ഇവിടെയുണ്ട്.

കോഴിക്കോട്ടെ പബ്ലിക് ലൈബ്രറിയും ഈ തെരുവില്‍ തന്നെയാണ്. മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സംഗമ വേദിയായിരുന്നു ഈ തെരുവ്. ബഷീര്‍, എം ടി , കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്‌കരന്‍, എസ്.കെ.പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് , ജോണ് എബ്രഹാം തുടങ്ങി പുതിയ തലമുറയില്‍ പെട്ട സുഭാഷ് ചന്ദ്രന്‍ വരെ അവയില്‍ പങ്കാളികളായിരുന്നു.

സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മിഠായിത്തെരുവ് മാറിയതോടെ ഈ തെരുവിലേക്ക് വരുന്നവരെ , ഈ തെരുവിനെ ഏറെ സ്‌നേഹിച്ചിരുന്ന എസ കെ പൊറ്റക്കാടിന്റെ 'ഒരു തെരുവിന്റെ കഥ' ആസ്പദമാക്കിയുള്ള ചുമര്‍ ചിത്രങ്ങള്‍ സ്വീകരിക്കുന്നു. കൂനന്‍ കണാരനും, റിക്ഷാക്കാരന്‍ വേലുവും, കേളു മാഷുമൊക്കെ നമുക്കൊപ്പം ഇനി ഉണ്ടാകും. യാത്ര തുടങ്ങുമ്പോള്‍ ആദ്യം തന്നെ എസ്. കെയുടെ ആമുഖക്കുറിപ്പ് കാണാം . പിന്നെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും കോര്‍ത്തിണക്കി ഒരു സഞ്ചാരം.

അന്‍പത് മീറ്റര്‍ നീളത്തിലാണ് ചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത് . ഗുരുവായൂര്‍ ദേവസ്വം ചുമര്‍ ചിത്രപഠന കേന്ദ്രത്തിന്റെ ചുമതലയിലാണ് ചിത്രങ്ങളൊരുക്കിയിരിക്കുന്നത് .

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് നവീകരണ പ്രവൃത്തിക്കു നേതൃത്വം നല്‍കി പുതിയ മിഠായിത്തെരുവ് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചത്.
മിഠായിത്തെരുവിന്റെ നൊസ്റ്റാള്‍ജിയയില്‍ ഡോ. കൃഷ്ണ കിഷോര്‍ മിഠായിത്തെരുവിന്റെ നൊസ്റ്റാള്‍ജിയയില്‍ ഡോ. കൃഷ്ണ കിഷോര്‍ മിഠായിത്തെരുവിന്റെ നൊസ്റ്റാള്‍ജിയയില്‍ ഡോ. കൃഷ്ണ കിഷോര്‍ മിഠായിത്തെരുവിന്റെ നൊസ്റ്റാള്‍ജിയയില്‍ ഡോ. കൃഷ്ണ കിഷോര്‍ മിഠായിത്തെരുവിന്റെ നൊസ്റ്റാള്‍ജിയയില്‍ ഡോ. കൃഷ്ണ കിഷോര്‍ മിഠായിത്തെരുവിന്റെ നൊസ്റ്റാള്‍ജിയയില്‍ ഡോ. കൃഷ്ണ കിഷോര്‍ മിഠായിത്തെരുവിന്റെ നൊസ്റ്റാള്‍ജിയയില്‍ ഡോ. കൃഷ്ണ കിഷോര്‍ മിഠായിത്തെരുവിന്റെ നൊസ്റ്റാള്‍ജിയയില്‍ ഡോ. കൃഷ്ണ കിഷോര്‍ മിഠായിത്തെരുവിന്റെ നൊസ്റ്റാള്‍ജിയയില്‍ ഡോ. കൃഷ്ണ കിഷോര്‍ മിഠായിത്തെരുവിന്റെ നൊസ്റ്റാള്‍ജിയയില്‍ ഡോ. കൃഷ്ണ കിഷോര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക