Image

ചിരിപ്പിച്ചു കൊല്ലുന്ന ആട്‌

Published on 29 December, 2017
   ചിരിപ്പിച്ചു കൊല്ലുന്ന ആട്‌
മിഥുന്‍ മാനുവല്‍ തോമസ്‌ തന്റെ മുന്‍ ചിത്രമായ ആട്‌ ഒരു ഭീകരജീവിയാണ്‌ എന്നതിന്റെ രണ്ടാം ഭാഗവുമായി വരുന്നു എന്നു കേട്ടപ്പോള്‍ പ്രേക്ഷകര്‍ നെറ്റി ചുളിച്ചിരുന്നു. കാരണം മറ്റൊന്നുമല്ല. ആദ്യഭാഗം തിയേറ്ററില്‍ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്ന കീഴ്‌ വഴക്കം മലയാള സിനിമയില്‍ പൊതുവേ കണ്ടിട്ടില്ല. എന്നിട്ടും ആടിന്റെ രണ്ടാം ഭാഗവുമായി എത്തി മെച്ചപ്പെട്ട പ്രദര്‍ശന വിജയത്തിലേക്കു കുതിക്കുകയാണ്‌ ചിത്രം.

കഥയില്‍ വലിയ പുതുമയൊന്നുമില്ല. ഈ സിനിമ കാണാന്‍ വരുന്നവര്‍ ദയവായി ചിന്തയും ലോജിക്കും ഉപയോഗിക്കരുതെന്ന്‌ സംവിധായകന്‍ തന്നെ റിലീസിങ്ങിനു മുമ്പ്‌ പറഞ്ഞിട്ടുണ്ട്‌. ഇതൊന്നുമില്ലാതെ വന്നാല്‍രണ്ടര മണിക്കൂര്‍ ചിരിച്ചു രസിച്ചു പോകാന്‍ കഴിയുന്ന സിനിമയാണ്‌ ആട്‌ രണ്ട്‌. ടൈറ്റിലിനോട്‌ നീതി പുലര്‍ത്താന്‍ വേണ്ടി മാത്രം പിങ്കി എന്ന ആടിനെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്‌. ആദ്യഭാഗത്തിലേതു പോലെ ഷാജി പാപ്പനും കൂട്ടുകാരും അവരുടെ ലീലാവിലാസങ്ങളും അബദ്ധങ്ങളും നിറഞ്ഞതാണ്‌ സിനിമ.

മംഗലാപുരത്തെ സ്വര്‍ണ കള്ളക്കടത്തില്‍ നിന്നാണ്‌ സിനിമ ആരംഭിക്കുന്നത്‌. സ്വര്‍ണകള്ളക്കടത്തുകാരെ അവരുടെ കൂടെയുള്ളവര്‍ തന്നെ ചതിച്ച്‌ സ്വര്‍ണവുമായി മുങ്ങുന്നു. അവിടെ നിന്നും കഥ പിന്നെ ഹൈറേഞ്ചിലേക്കു പോരുകയാണ്‌. ഷാജി പാപ്പനും(ജയസൂര്യ) സര്‍ബത്ത്‌ ഷമീര്‍ എസ്‌.ഐ(വിജയ്‌ ബാബു)യുമൊക്കെയുള്ള നാട്ടിലേക്കാണ്‌ ഈ കഥ വന്നു ചേരുന്നത്‌. കൂട്ടുകാര്‍ക്കു വേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്ന ഷാജി പാപ്പനാണ്‌ ആട്‌ 2ന്റെയും കേന്ദ്ര കഥാപാത്രം. ഇതില്‍ കുറേ ജീവിത പ്രാരാബ്‌ധങ്ങള്‍ കൂടി ഷാജി പാപ്പനുണ്ട്‌.

വടംവലി എന്നാല്‍ ഷാജി പാപ്പന്‌ പ്രാണനാണ്‌. അടുത്ത ഒരു വടംവലി മത്സരത്തിനു കൂടി കളമൊരുക്കുന്ന ഷാജി പാപ്പനെ സംബന്ധിച്ച്‌ ഇത്‌ അഭിമാനത്തിന്റെ മാത്രം പ്രശ്‌നമല്ല. പ്രാരാബ്‌ധങ്ങള്‍ കൊണ്ടു നട്ടം തിരിയുന്ന സമയത്ത്‌ മത്സരത്തിന്റെ എന്‍ട്രി ഫീസായ അമ്പതിനായിരം രൂപയും മറ്റ്‌ ചെലവുകള്‍ക്കുമായി വീടിന്റെ ആധാരം അമ്മയുടെ അനുവാദമില്ലാതെ എടുത്ത്‌ പണയം വച്ചു കൊണ്ടാണ്‌ ഷാജി തന്റെ മത്സരത്തിനു വേണ്ടി തുനിഞ്ഞിറങ്ങുന്നത്‌. മത്സരത്തില്‍ ഷാജി പാപ്പന്റെ ടീം വിജയിക്കുന്നുവെങ്കിലും അമ്പുതു പവന്റെ സ്വര്‍ണക്കപ്പ്‌ അണലി ഷാജിയുടെ ടീം കവര്‍ന്നെടുത്തു കൊണ്ടു പോകുന്നു. പാപ്പനും കൂട്ടരും അവരുടെ സങ്കേതത്തില്‍ തന്നെ ചെന്ന്‌ ഏറ്റുമുട്ടി സ്വര്‍ണക്കപ്പു വീണ്ടെടുത്തു തിരികെ വരികയാണ്‌. എന്നാല്‍ ഈ സമയത്ത്‌ ലൂസിഫര്‍ പാപ്പന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്‌ വിലങ്ങുതടിയായി എത്തുന്നു.

കൂട്ടുകാരായ അറയ്‌ക്കല്‍ അബു, സച്ചിന്‍ ക്‌ളീറ്റസ്‌ എന്നിവര്‍ നിഴല്‍ പോലെ ഈ ചിത്രത്തിലും ഷാജി പാപ്പനൊപ്പമുണ്ട്‌. കൂടാതെ ആദ്യഭാഗത്ത്‌ കളം നിറഞ്ഞാടിയ സര്‍ബത്ത്‌ ഷമീര്‍, സാത്താന്‍ സേവ്യര്‍(സണ്ണി വെയ്‌ന്‍), ഡ്യൂഡ്‌ (വിനായകന്‍), പി.പി.ശശി(ഇന്ദ്രന്‍സ്‌), കഞ്ചാവ്‌ സോമന്‍(സുധി കോപ്പ), ബാറ്ററി സൈമണ്‍(ബിജു ക്കുട്ടന്‍) എന്നിവരും ആട്‌ രണ്ടില്‍ പല സന്ദര്‍ഭങ്ങളിലായി എത്തി പ്രേകഷകരെ ചിരിപ്പിക്കുന്നതില്‍ വിജയിക്കുന്നു.
പാപ്പന്റെയും കൂട്ടുകാരുടെയും മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണ്‌ ചിത്രം എന്നതാണ്‌ ശരി. എങ്കിലും ചിത്രം കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ അതിലൊട്ടും വിരസത അനുഭവപ്പെടാത്ത രീതിയില്‍ കഥ പറയാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌. ഷാജി പാപ്പനായി ജയസൂര്യയുടെ മിന്നുന്ന പ്രകടനം തന്നെയാണ്‌ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ആദ്യഭാഗത്തിന്റെ അതേ ഗെറ്റപ്പും മാനറിസങ്ങളും നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ജയസൂര്യയ്‌ക്കു കഴിഞ്ഞു. അറയ്‌ക്കല്‍ അബുവായി സൈജു കുറുപ്പും മികച്ച അഭിനയം കാഴ്‌ച വച്ചു. ധര്‍മ്മജന്‍ ബോള്‍ഗാള്‍ട്ടിയും സംഘവും ചേര്‍ന്നൊരുക്കുന്ന തമാശകള്‍ തിയേറ്ററുകള്‍ ഇളക്കി മറിക്കാന്‍ പോന്നവയാണ്‌.

ഷാന്‍ റഹമാന്റെ സംഗീതം ചിത്രത്തിനു മുതല്‍ക്കൂട്ടാണ്‌. വിഷ്‌ണു നാരായണന്റെ ഛായാഗ്രഹണം മികവുറ്റതായി. ലിജോ പോളിന്റെ എഡിറ്റിങ്ങും മികച്ചതായി.



















































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക