Image

പുതുവര്‍ഷപ്പുലരിയ്ക്ക് വരവേല്‍പ് ! (കവിത: ജോണ്‍ ആറ്റുമാലില്‍)

Published on 29 December, 2017
പുതുവര്‍ഷപ്പുലരിയ്ക്ക് വരവേല്‍പ് ! (കവിത: ജോണ്‍ ആറ്റുമാലില്‍)
വരിക, നാം വരവേല്‍ക്ക പുതുവര്‍ഷപ്പുലരിയെ!

വിണ്ണിലഗ്നിരഥം തെളിയുന്നു പകലിന്‍ പ്രഭുവുമായ്;
മണ്ണിലിരുളിന്‍ കനത്ത മൂടുപടമഴിയുന്നു,
മഞ്ഞില്‍മൂടി മയങ്ങും തൊടിയും തോപ്പും പൊയ്കയും
മെല്ലെയുണരുന്നു വരവേല്‍ക്കാന്‍ പുലരിയെ!

പുതുപുലരി വിടരുന്നു; മുറ്റത്തിന്നോരത്തു
മൊട്ടിട്ട മുല്ലകള്‍ നാണിച്ചു നില്‍ക്കുന്നു.
സങ്കീര്‍ത്തനം ചൊല്ലിത്തുടങ്ങുന്നു ചെറുകിളികള്‍;
ചില്ലകളില്‍ തളിരിലകള്‍ മിഴിചിമ്മിയുണരുന്നു.

ചുണ്ടുചുവപ്പിച്ച സുന്ദരിത്തത്തകള്‍
അക്കരെ മോഹത്തിന്‍ പച്ചപ്പു തേടുന്നു.
കളമൊഴികള്‍ തന്‍ പ്രാതസ്‌നാനത്തിനായ്
കുളിര്‍നീരുമായ് പുഴ ഒഴുകിയെത്തുന്നു.

ആകാശനീലിമ തൂത്തുമിനുക്കുന്നു
ചൊടിയോടൊരായിരം തെങ്ങിന്‍ തലപ്പുകള്‍
മലമേല്‍ വിടരുന്ന പൊന്നിന്‍ പൂക്കളെന്‍
മാനസവാടിയില്‍ പൂക്കളം തീര്‍ക്കുന്നു!

ഉണ്മതന്നുറവുകള്‍ പൊടിയുന്നു പാടത്ത്
വിത്തും കൈക്കോട്ടുമായ് പോകാം നമുക്കിനി;
മഴ പൊഴിയട്ടെ, നാളെ മണ്ണിലും മനസ്സിലും
മായാത്ത നന്മതന്‍ തളിരുകള്‍ ഉണരട്ടെ!

വരിക, നാം വരവേല്‍ക്ക പുതുവര്‍ഷപ്പുലരിയെ!


രചന: ജോണ്‍ ആല്ലുമാലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക