Image

ഗാന്ധിഭക്തന്‍ (ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 30 December, 2017
ഗാന്ധിഭക്തന്‍ (ഡോ.ഈ.എം.പൂമൊട്ടില്‍)
സ്ഥലം: കേരളത്തിലെ ഒരു കൊച്ചുഗ്രാമം
കാലം: 1990 കളുടെ അന്ത്യം
വസ്തു പോക്കുവരവു ചെയ്തു കിട്ടുന്നതിനായി പരമന്‍ സാറിന് സര്‍ക്കാരാഫീസ് കയറിയിറങ്ങി കാലു തേഞ്ഞതു മിച്ചം! ഒരു കാശു പോലും കൈക്കൂലിയായി കൊടുക്കുകയില്ല എന്ന ആദര്‍ശമായിരുന്നു കാരണം.

അങ്ങനെയിരിക്കെ, പുതുതായി വന്ന ഓഫീസര്‍ ഒരു ഗാന്ധിഭക്തനാണെന്നുള്ള ശ്രുതി സാറിന്റെ ചെവിയിലും എത്തി. എങ്കില്‍ ഈ പോക്കുവരവു ശ്രമം ഒന്നു പുനരാരംഭിച്ചാലോ, സാറു ചിന്തിച്ചു. ഇത്തവണ ഏറെ പ്രതീക്ഷയോടെ വില്ലേജ് ഓഫീസിലേക്കു യാത്ര തിരിച്ചു. വഴിയില്‍ കണ്ടുകുട്ടിയ പിയൂണ്‍ അപ്പുവിനോടു സാറു ചോദിച്ചു: 'ഈ പുതിയ ഓഫീസര്‍ വലിയ ആദര്‍ശവാനാണെന്നൊക്കെ കേള്‍ക്കുന്നതു നേരാണോ?' 'സാറേ, ഈ ആദര്‍ശങ്ങളെക്കുറിച്ചൊന്നും  പറയാന്‍ ഞാനാളു പോരാ; എന്നാല്‍ സാറിന്റെ കാര്യം കാലതാമസം കൂടാതെ സാധിച്ചു കിട്ടുമെന്നുള്ള സംഗതി ഉറപ്പാണ്; അദ്ദേഹം തരുന്ന നിര്‍ദ്ദേശങ്ങള്‍ അപ്പാടെ അനുസരിക്കുമെങ്കില്‍,' അപ്പു കൂട്ടിച്ചേര്‍ത്തു. ഓഫീസറുടെ നിര്‍ദ്ദേശങ്ങളെക്കുറിച്ചും അയാള്‍ ഒരു ചെറിയ വിശദീകരണം നല്‍കി: അതായത്, ഫയല്‍ ഒപ്പിടുന്നതിനും മുമ്പായി അദ്ദേഹം വലതു കൈയ്യിലെ അഞ്ചു വിരലുകള്‍ ഉയര്‍ത്തിക്കാട്ടും, എന്നിട്ട് മേശപ്പുറത്തേക്ക് വിരല്‍ ചൂണ്ടും. അഞ്ചു വിരലുകള്‍ ശ്രീ ബുദ്ധന്റെ പഞ്ചശീലങ്ങളെ, അതായത് ഹിംസിക്കരുത്, മോഷ്ടിക്കരുത്, കള്ളം പറയരുത്, മദ്യപിക്കരുത്, വ്യഭിചാരം ചെയ്യരുത്, എന്നിവയെ ഓര്‍മ്മപ്പെടുത്തുവാനായിരിക്കും, അല്ലേ!' സാറു ജിജ്ഞാസയോടെ തിരക്കി. 'എന്റെ സാറോ, അതൊരു കുന്തശീലവുമല്ല, അഞ്ചു വിരലുകള്‍ ഉയര്‍ത്തുന്നതിന്റെ അര്‍ത്ഥം 500 ന്റെ ഒരു ഗാന്ധി വേണം എന്നാണ്; അതായത് 500 രൂപ. മേശപ്പുറത്തേക്കു വിരല്‍ ചൂണ്ടുന്നത് അത് കൈകൊണ്ടു വാങ്ങുകയില്ല എന്നു സൂചന നല്‍കുന്നു.' അപ്പുവിന്റെ വിശദീകരണം കേട്ട് പരമന്‍ സാര്‍ അന്തം വിട്ടു നിന്നു!!

ഗാന്ധിജിയുടെ രൂപം മുദ്രണം ചെയ്യപ്പെട്ട കറന്‍സി പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന കാലം. ഓഫീസര്‍ക്കു ഗാന്ധിഭക്തന്‍ എന്ന പേര് നാട്ടുകാര്‍ നല്‍കിയതിന്റെ പൊരുള്‍ ഇപ്പോഴാണ് സാറിനു മനസ്സിലായത്!

ഡോ.ഈശോ മാത്യു(ഈ.എം.പുളിമൂട്ടില്‍)



ഗാന്ധിഭക്തന്‍ (ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക