Image

രക്ഷകന്‍(ഒരിക്കല്‍ ഒരിടത്ത്: ജയ്ന്‍ ജോസഫ്)

ജയ്ന്‍ ജോസഫ് Published on 01 January, 2018
 രക്ഷകന്‍(ഒരിക്കല്‍ ഒരിടത്ത്: ജയ്ന്‍ ജോസഫ്)
ചിക്കാഗോ: ഡൗണ്‍ടൗണിന്റെ ഹൃദയഭാഗത്തുള്ള തിരക്കേറിയ ഒരു വീഥിയുടെ ട്രാഫിക് സിഗ്നലിന് അടുത്താണ് കുറെ ദിവസങ്ങളായി ജോണ്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ ദിവസത്തിന്റെ നല്ല ഒരു സമയം ചിലവഴിക്കുന്നത്. ഇരുപത്തിയെട്ട് വയസ് പ്രായമുള്ള  അമേരിക്കക്കാരനായ ജോണ്‍ ഒരു ഹോംലെസ്സാണ്, അതായത് ഒരു യാചകന്‍!  അമേരിക്കയിലെ വലിയ നഗരങ്ങളിലൊന്നായ, അംബരചുംബികള്‍ തിങ്ങി നില്‍ക്കുന്ന ചിക്കാഗോ എന്ന മായാനഗരിയുടെ പല ഭാഗങ്ങളിലായി ജോണിനെപ്പോലെ മറ്റനേകം യാചകര്‍ ട്രാഫിക് സിഗ്നലുകളില്‍ നിര്‍ത്തുന്ന വാഹനങ്ങളിലെ നല്ല മനസ്സുകളുടെ കരുണ കൊണ്ട് അന്നന്നത്തെ വിശപ്പ് മാറ്റുന്നു.

തണുത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന ഡിസംബറിലെ മറ്റൊരു ദിവസം. ചെറുതായി മഞ്ഞു വീണു കൊണ്ടിരിക്കുന്നു. സന്ധ്യയോടടുക്കുന്ന സമയം. ചുവപ്പ് ലൈറ്റില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികളുടെ അരികിലൂടെ ജോണ്‍ പ്രതീക്ഷയോടെ നടക്കുന്നു. പലരും ജോണിനെ കണ്ടതായി നടിക്കുന്നില്ല. ചുരുക്കം ചിലര്‍ ഗ്ലാസ് താഴ്ത്തി ചില്ലറത്തുട്ടുകള്‍ അയാള്‍ക്കു നേരെ നീട്ടുന്നു. തണുപ്പ് കൂടുതലായതു കൊണ്ടാണെന്ന് തോന്നുന്നു, വേറെ യാചകരാരും തന്നെ ഈ സിഗ്നലിലില്ല.

പെട്ടെന്നാണ് കുറച്ച് മുമ്പിലായി ഡബിള്‍ സിഗ്നലിട്ട് നിര്‍ത്തിയ ഒരു ബി.എം.ഡബ്ലൂ കാര്‍ ജോണിന്റെ ശ്രദ്ധയില്‍പെട്ടത്. അതില്‍ നിന്ന്, നല്ല ഉയരം ഉള്ള ഒരാള്‍ ഇറങ്ങി ജോണിന്റെ നേര്‍ക്ക് നടക്കുന്നു. ജോണ്‍ ഒരു നിമിഷം പരിഭ്രമിച്ചു. പോലീസാണോ? അതോ സിറ്റി നടത്തുന്ന ഷെല്‍റ്ററില്‍ നിന്നുള്ള ആളോ? യാചകരെ ഇടയ്ക്ക് സിറ്റിയുടെ ജോലിക്കാര്‍ കൊണ്ടുചെന്ന് ഷെല്‍റ്ററില്‍ ആക്കുമെന്ന് ജോണ്‍ കേട്ടിട്ടുണ്ട്. ഷെല്‍റ്ററില്‍ എല്ലാനേരവും ഭക്ഷണവും കിട്ടും.  പക്ഷെ ജോണിന് അവന്റെ കാര്യം നടന്നാല്‍ പോരാ. അവനെ ആശ്രയിച്ചു കഴിയുന്ന ഒരു അമ്മയ്ക്കും പെങ്ങള്‍ക്കും കൂടി ചിലവിനു കൊടുക്കേണ്ടതുണ്ട്.

നടന്നുവന്നയാള്‍ ജോണിന്റെ അടുത്തെത്തി നിന്നു. നല്ല ഉയരം. വശ്യമായ ചിരി. ഏതാണ്ട് മുപ്പത്തിയഞ്ചിനടുത്ത് പ്രായം.
 'ഹലോ ഞാന്‍ കെവിന്‍.' ജോണിന്റെ നേരെ കൈനീട്ടി അയാള്‍ പറഞ്ഞു.

തന്റെ അഴുക്കുപുരണ്ട കൈയിലേയ്ക്ക് ജോണ്‍ നോക്കി. പാന്റിസിന്റെ പുറകില്‍ തൂത്ത് വൃത്തിയാക്കി മനസ്സില്ലാമനസ്സോടെ ജോണ്‍, കെവിന്റെ നേരെ കൈനീട്ടി അയാള്‍ പറഞ്ഞു.
തന്റെ അഴക്കുപുരണ്ട കൈയിലേയ്ക്ക് ജോണ്‍ നോക്കി. പാന്റ്‌സിന്റെ പുറകില്‍ തൂത്ത് വൃത്തിയാക്കി മനസ്സില്ലാമനസ്സോടെ ജോണ്‍, കെവിന്റെ നേരെ കൈനീട്ടി.

ജോണ്‍' അയാള്‍ മൃദുവായ ശബ്ദത്തില്‍ തന്റെ പേരു പറഞ്ഞു.
'സാറിന് എന്താണ് വേണ്ടത്? കാറിന് വല്ല പ്രശ്‌നവും?'
കാറിന് കുഴപ്പമൊന്നുമില്ല. പക്ഷെ എനിക്ക് ജോണിന്റെ സഹായം ആവശ്യമുണ്ട്. അതിനേക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ വന്നത്. സമയമുണ്ടെങ്കില്‍ നമുക്ക് തൊട്ടടുത്തുള്ള സ്റ്റാര്‍ബക്ക്‌സില്‍ പോയിരുന്ന് സംസാരിക്കാം. അധികസമയം എടുക്കില്ല. വേഗം വിട്ടേക്കാം...പ്ലീസ്.'

എന്താണ് ഈ ചെറുപ്പക്കാരന്റെ ഉദ്ദേശ്യം? ഷെല്‍ട്ടറിന്റെ ആളല്ല എന്നുറപ്പാണ്. എന്തെങ്കിലും കാശു തന്ന് സഹായിക്കാനാണെങ്കില്‍ അത് ചെയ്താല്‍ പോരെ? പിന്നെ എന്തിനാണ് കോഫിഷോപ്പിലേക്ക് വിളിക്കുന്നത്? കഴിക്കാന്‍ വല്ലതും വാങ്ങിത്തരാനാവും. വിശക്കുന്നുണ്ട്, ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല. തണുപ്പുകൊണ്ട് കൈയും മൂക്കുമൊക്കെ മരവിച്ചു തുടങ്ങുന്നു. ഒരു കാപ്പിയെങ്കിലും കിട്ടുമല്ലോ. പോയി നോക്കാം എന്ന് ജോണ്‍ തീരുമാനിച്ചു.

കെവിന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. ജോണ്‍ തന്റെ കൈയിലെ വലിയ ബാക്ക് പാക്ക് ഒതുക്കിപ്പിടിച്ചുകൊണ്ട് മടിച്ച് മടിച്ച് മുന്‍വശത്തെ സീറ്റില്‍ മുന്‍വശത്തെ സീറ്റില്‍ കയറി ഇരുന്നു. ആദ്യമായിട്ടാണ് ഒരു ലക്ഷ്വറികാറില്‍ കയറുന്നത്. കാറിന്റെ അകത്തുണ്ടായിരുന്ന നല്ല മണം പതുക്കെ മാറുന്നതുപോലെ ജോണിന് തോന്നി. തന്റെ ശരീരത്തില്‍ നിന്നുള്ള വൃത്തികെട്ട മരണം ഭംഗിയുള്ള ഈ കാറിനകത്ത് നിറയുന്നു. ജോണ്‍ അസ്വസ്ഥനായി!!

ഒരുവിധം വലിയ ഒരു സ്റ്റാര്‍ ബക്ക്‌സാണ്. അകത്ത് നല്ല തിരക്ക്. കെവിന്‍ രണ്ട് കോഫിയും രണ്ട് സാന്‍ഡ് വിച്ചും ഓര്‍ഡര്‍ ചെയ്തു. ജനാലയോട് ചേര്‍ന്നുള്ള ഒരു ടേബിളിലെ കസേരകളില്‍ അവര്‍ ഇരുന്നു. എതിര്‍വശത്തായി മനോഹരമായി അലങ്കരിച്ച നല്ലൊരു ക്രിസ്മസ് ട്രീ. ജോണിന്റെ മനസ്സിലേക്ക് പെട്ടെന്ന് അവന്റെ ചെറുപ്പത്തിലെ സന്തോഷമുള്ള ക്രിസ്മസ്  ഓര്‍മ്മകള്‍  കടന്നുവന്നു. അത് അവന്റെ കണ്ണുകളില്‍ നനവുണ്ടാക്കി.

കെവിന്‍ തന്റെ വിന്റര്‍ ജാക്കറ്റ് ഊരി കസേരയുടെ പുറകില്‍ തൂക്കി. സ്യൂട്ടാണ് അയാളുടെ വേഷം ഭംഗിയായി വസ്ത്രധാരണം ചെയ്ത ഈ ചെറുപ്പക്കാരന്റെ കൂടെയിരിക്കാന്‍ ജോണിന് ജാള്യത തോന്നി. ചുറ്റുമുള്ളവരൊക്കെ അവനെത്തന്നെ ശ്രദ്ധിക്കുന്നതു പോലെ അവനു തോന്നി.
കോഫി കുടിച്ചുകൊണ്ട് കെവിന്‍ സംസാരിച്ചു തുടങ്ങി.

ഇന്ത്യയിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. എഞ്ചിനീയറിംഗ് ഇന്ത്യയില്‍ ചെയ്തിട്ട് മാസ്റ്റേഴ്‌സിനായാണ് ഞാന്‍ ്‌ണേരിക്കയിലെത്തിയത്. പഠിത്തം കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ ഇവിടെത്തന്നെ ചില വലിയ കമ്പനികളില്‍ ജോലി ചെയ്തു. കുറച്ചു വര്‍ഷങ്ങളായി ഞാനും കുറച്ചു സുഹൃത്തുക്കളും കൂടി സ്വന്തമായി ഒരു കമ്പനി നടത്തുന്നു. ഭാര്യയും രണ്ടു കുട്ടികളുമായി നേപ്പര്‍വില്ലിലാണ് താമസിക്കുന്നത്.

എന്റെ ഓഫീസ് ഇവിടടുത്താണ്. കുറച്ചു ദിവസമായി ഇതു വഴി ഡ്രൈവ് ചെയ്യുമ്പോഴൊക്കെ ഞാന്‍ നിന്നെ ശ്രദ്ധിക്കുന്നു. ഇവിടെ ഈ തെരുവില്‍ ജീവിതം കഴിക്കണ്ട ആളല്ല നീയെന്ന് നിന്റെ കണ്ണുകള്‍ എന്നോട് പറഞ്ഞു. എനിക്ക് നിന്റെ പശ്ചാത്തലം ഒന്നും അറിയില്ല. പക്ഷെ നിനക്ക് താല്‍പര്യമുണ്ടെങ്കില്‍ എന്റെ കമ്പനിയില്‍ നിനക്ക് ഞാനൊരു ജോലി തരാം. നിനക്ക് പറ്റുന്ന ഒരു ജോലി. ആലോചിച്ചിട്ട് മറുപടി പറഞ്ഞാല്‍ മതി.'
ജോണിന് അവന്‍ കേട്ട സദ് വര്‍ത്ത വിശ്വസിക്കാനായില്ല. തന്റെ മുന്നില്‍ അവതരിച്ച രക്ഷകനെ അയാള്‍ അവിശ്വസനീയതയോടെ നോക്കി. ഇരുള്‍ മൂടിത്തുടങ്ങിയ തന്റെ ജീവിതത്തിലേക്ക് പെട്ടെന്ന് ഒരു നക്ഷത്രവെളിച്ചം!!

കെവിനോട് ജോണ്‍ തന്റെ കഥ പറഞ്ഞുതുടങ്ങി; അയോവയിലെ ഒരു ചെറിയ ഗ്രാമത്തില്‍ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഒരു സാധാരണ ബാലന്‍. ചിക്കാഗോയിലെ തെരുവീഥികളില്‍ എത്തിപ്പെട്ട കഥ!

ജോണിന്റെ അപ്പന്‍ ഒരു കര്‍ഷകനായിരുന്നു. പശുക്കളും കോഴികളും താറാവുകളും ഉള്ള ഒരു ഫാംഹൗസിലാണ് അപ്പന്റെയും അമ്മയുടെയും ചേട്ടന്റെയും അനുജത്തിയുടെയും കൂടെ സന്തോഷത്തോടെ ജോണ്‍ തന്റെ ബാല്യം ചിലവഴിച്ചത്. പ്രധാന കൃഷി ചോളമായിരുന്നു. അയോവയിലെ കൃഷിയിടങ്ങള്‍ ചോളത്തിന് വളക്കൂറുള്ള മണ്ണാണ്. അവരുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നടന്നു പോവാനുള്ള വരുമാനം കൃഷിയില്‍ നിന്ന് അവര്‍ക്ക് കിട്ടിയിരുന്നു. പക്ഷെ സാവധാനം കൃഷിയില്‍ നിന്നുള്ള വരുമാനം കുറയാന്‍ തുടങ്ങി. ശാസ്ത്രീയമായും യന്ത്രങ്ങള്‍ ഉപയോഗിച്ചും കൃഷി ചെയ്യുന്ന വലിയ കമ്പനികള്‍ കൃഷിനിലങ്ങള്‍ വാങ്ങിത്തുടങ്ങിയതോടെ ചെറിയ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ കമ്പോളത്തിലെത്തിക്കുന്നത് ബുദ്ധിമുട്ടായിത്തുടങ്ങി. വര്‍ദ്ധിച്ചുവരുന്ന മെഡിക്കല്‍ ബില്ലുകളും മറ്റ് ജീവിതച്ചെലവുകളും കൊണ്ട് നിവൃത്തിയില്ലാതെ ജോണിന്റെ അപ്പന് തന്റെ ഫാം വില്‍ക്കേണ്ടി വന്നു. കൃഷിയല്ലാതെ മറ്റൊന്നും അറിയില്ലാതിരുന്ന ജോണിന്റെ അപ്പനുമമ്മയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി മക്കളെയും കൊണ്ട് ചിക്കാഗോയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് കുടിയേറി. ആദ്യമൊക്കെ ഗ്യാസ് സ്റ്റേഷനിലും കടകളിലുമൊക്കെ ജോലി ചെയ്‌തെങ്കിലും അപ്പന് ഒരു ജോലിയിലും പിടിച്ചു നില്‍ക്കാനായില്ല. ജീവിതം കൈവിട്ട് പോകുന്നതിന്റെ വിഷമം മറക്കാന്‍ അപ്പന്‍ മദ്യത്തിനടിപ്പെട്ടു തുടങ്ങി; സാവധാനം മയക്കുമരുന്നിനും. ഒടുവില്‍ ഒരു മരുന്നിടപാടിനിടയില്‍ അപ്പന്‍ പോലീസ് പിടിയിലായി. ഇപ്പോള്‍ ജയിലിലാണ്. ഇതിനിടയില്‍ ജോണിന്റെ ചേട്ടന്‍ വീടുവിട്ടുപോയി. എവിടെയാണെന്ന് ഇന്നും ഒരു വിവരവുമില്ല. പതിനൊന്നാം ക്ലാസ്സില്‍ വച്ച് പഠിച്ച് നിര്‍ത്തി ജോണ്‍ അമ്മയുടെയും അനുജത്തിയുടെയും സംരക്ഷണം ഏറ്റെടുത്തു. ചെറിയ ജോലികള്‍ ചെയ്ത് ഒരു ചെറിയ വാടകവീടെടുത്ത് താമസിച്ച് അവരെ ഒരുവിധം ഭംഗിയായി സംരക്ഷിച്ചു വരികയായിരുന്നു. എന്നാല്‍ കുറച്ചുനാളായി സ്ഥിരമായി ഒരു ജോലി കിട്ടുന്നില്ല. സാമ്പത്തിക മാന്ദ്യം തന്നെ കാരണം.
ജോണിനെക്കാള്‍ പഠിപ്പുള്ളവരാണ് അവന്റെ പോലുള്ള ജോലികള്‍ തേടിവരുന്നത്. ജോലി ഇല്ലാതായിട്ട് മൂന്നുമാസത്തില്‍ കൂടുതലായി. വാടക കൊടുക്കാന്‍ കഴിയാത്തതിനാല്‍ വീടൊഴിയേണ്ടി വന്നു. അമ്മയും അനുജത്തിയും അയോവയില്‍ അമ്മയുടെ ചേച്ചിയുടെ കൂടെയാണിപ്പോള്‍. ഒരു വീടുണ്ടെന്നേയുള്ളൂ. അവര്‍ മൂന്നുപേരുടെയും ചിലവ് നടക്കണമെങ്കില്‍ ജോണ്‍ കാശ് അയച്ച് കൊടുക്കണം. തെരുവില്‍  കഴിയുന്ന അവന് ഒന്ന് കുളിച്ച് വൃത്തിയായി ഒരു ഇന്റര്‍വ്യൂവിന് പോലും എത്താന്‍ പറ്റാത്ത അവസ്ഥയാണ്. ഏതെങ്കിലും ബ്രിഡ്ജിന്റെ അടിയിലാണ് കിടപ്പ്. കഴിച്ചില്ലെങ്കിലും കിട്ടുന്നത് അമ്മയ്ക്ക് അയച്ചു കൊടുക്കും. ജോണ്‍ പൊട്ടിപൊട്ടിക്കരഞ്ഞു. ഒരു കൊച്ചുകുട്ടിയെപ്പോലെ. അവന്റെ ചുറ്റുമുള്ളവര്‍ അവനെ ശ്രദ്ധിക്കുന്നത് അവനറിഞ്ഞതേയില്ല!
കെവിന്‍ തന്റെ കസേര ജോണിന്റെ അടുത്തേക്ക് ചേര്‍ത്തിട്ടു. അവന്റെ തോളില്‍ പിടിച്ചുകൊണ്ട് കെവിന്‍ അവനെ ആശ്വസിപ്പിച്ചു. ജോണ്‍ കണ്ണുനീര്‍ തുടയ്ക്കൂ. എന്നിട്ട് ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍്കൂ. ഇനി നിനക്ക് കരയേണ്ടി വരില്ല. നിനക്ക് വേണമെങ്കില്‍ ജീവതകാലം മുഴവന്‍ എന്റെ കമ്പനിയില്‍ ജോലി ചെയ്യാം.  അതിന്റെയൊപ്പം നിന്റെ മുടങ്ങിപ്പോയ പഠിത്തം തുടരണമെങ്കില്‍ നിനക്ക് ഈവനിംഗ് ക്ലാസ്സിന് ചേരാം. വേണ്ട സഹായങ്ങള്‍ ഞാന്‍ ചെയ്തുതരാം. നിന്റെയിപ്പോഴത്തെ അവസ്ഥയില്‍ നിന്ന് നിന്നെ പിടിച്ചുയര്‍ത്താന്‍ ഒരു കൈയാണ് നിനക്കു വേണ്ടത്. ഇന്ത്യയിലെ ഒരു അനാഥ മന്ദിരത്തിലാണ് ഞാന്‍ വളര്‍ന്നത്. പത്തുവയസ്സുള്ളപ്പോഴാണ് ഒരു നല്ല കുടുംബം എന്നെ ദത്തെടുത്തത്. അവരുടെ മക്കളുടെ ഒപ്പം അതേ കരുതലോടെ എന്നെ വളര്‍ത്തി. എല്ലാ അവസരങ്ങളും നല്‍കി. സ്‌നേഹസമ്പന്നരായ നല്ല മനസുള്ള അച്ഛനും അമ്മയും ഇല്ലായിരുന്നെങ്കില്‍ ഞാനും തെരുവിലെത്തിപ്പെട്ടേനെ.

അമേരിക്ക എനിക്ക് വളരെ സൗഭാഗ്യങ്ങള്‍ തന്ന രാജ്യമാണ്. ഞാന്‍ ജീവിക്കുന്ന സമൂഹത്തില്‍ വിഷമിക്കുന്ന കുറച്ചുപേരെയെങ്കിലും സഹായിക്കണം എന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. ഞാന്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ എല്ലാവരേയും രക്ഷപ്പെടുത്താനാവില്ല; എന്നാല്‍ ഒരാളെയെങ്കിലും സഹായിക്കാന്‍ എനിക്ക് സാധിക്കും!'

'എങ്ങിനെ നന്ദി പറയണമെന്ന് എനിക്കറിയില്ല കെവിന്‍. ഞാന്‍ നാശത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നത്. എല്ലാം മറക്കാന്‍ അപ്പനെപ്പോലെ മയക്കുമരുന്നില്‍ അഭയം തേടേണ്ടി വരുന്ന ദിവസം വിദൂരമല്ലെന്ന് എനിക്കറിയാമായിരുന്നു. നീയെനിക്ക് എന്റെ ജീവിതമാണ് തിരിച്ചു തരുന്നത്.'
ജോണ്‍, നിനക്ക് ഒരു ജോലി തരുന്നതാണ് എനിക്ക് ചെയ്യാന്‍ പററുന്ന സഹായം. മറ്റാരേക്കാളും ആത്മാര്‍ത്ഥത നീ പണിയെടുക്കും എന്ന് എനിക്കുറപ്പുണ്ട്. പിന്നെ, ജീവിതത്തില്‍ എപ്പോഴെങ്കിലും ഇതുപോലെ ഒരു അപരിചിതന്റെ കണ്ണീര്‍ തുടയ്ക്കാന്‍ നിനക്ക് കഴിഞ്ഞാല്‍ അതായിരിക്കും നീ എനിക്ക് നല്‍കുന്ന ഏറ്റവും വലിയ പ്രത്യുപകാരം.'

കെവിന്‍ പഴ്‌സില്‍ നിന്ന് രണ്ടായിരം ഡോളറെടുത്ത് ജോണിനെ ഏല്‍പിച്ചു. 'ഇത് ശബളത്തില്‍ അഡ്വാന്‍സായി കണക്കാക്കിയാല്‍ മതി. ഇന്ന് തന്നെ നീ ഒരു ഹോട്ടല്‍ മുറിയെടുക്കണം. പിന്നെ കുറച്ച് നല്ല വസ്ത്രങ്ങളും വാങ്ങണം. നാളെ ഒരു പുതിയ ആളായി എന്റെ ഓഫീസില്‍ വന്ന് എന്നെ കാണുക. ഈ കാര്‍ഡില്‍ ഓഫീസിന്റെ അഡ്രസുണ്ട്, എന്റെ ഫോണ്‍ നമ്പറും. ഞാനിറങ്ങട്ടെ ജോണ്‍; നാളെക്കാണാം.'

കെവിന്‍ , നിങ്ങള്‍ ഒരു ക്രിസ്ത്യാനിയാണല്ലോ?' ജോണ്‍ പെട്ടെന്ന് കെവിനോട് ചോദിച്ചു.
കെവിന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ജോണിന്റെ തോളില്‍ തട്ടി.

'സഹോദരാ, സ്‌നേഹമാണെന്റെ മതം. ജാതിയും മതവും നോക്കാതെ മനുഷ്യനെ സഹായിക്കുന്ന നല്ല മനസ്സുകളെയല്ലേ ഈ ലോകത്തിന് വേണ്ടത്?'
ജോണിനെ ചേര്‍ത്ത് ആലിംഗനം ചെയ്ത് യാത്ര പറഞ്ഞ് കെവിന്‍ നടന്നു. ഒരു സ്വപ്‌നത്തിലെന്നപോലെ കെവിന്‍ നടന്നു നീങ്ങുന്നത് ജോണ്‍ നോക്കിയിരുന്നു.

മികച്ച ജീവിതത്തിനായി ഇവിടെയെത്തി തങ്ങള്‍ക്ക് കിട്ടേണ്ട ജോലിയും അവസരങ്ങളും തട്ടിയെടുക്കുന്നവരായാണ് ജോണ്‍ ഇതുവരെ ഇന്ത്യാക്കാരെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ഇവരിലൊരാള്‍ തന്നെ തനിക്ക് രക്ഷയ്ക്കായി എത്തിയിരുന്നു. ജോണ്‍ ബാത്‌റൂമില്‍ കയറി ചെറുചൂടുവെള്ളം കൊണ്ട് മുഖം കഴുകി. മുഖത്തെ അഴുക്കിനോടൊപ്പം തന്റെ വിഷമങ്ങളും ഒഴുകിപ്പോകുന്നതായി അവനു തോന്നി. അവന്‍ തന്റെ ബാഗുമെടുത്ത് സ്റ്റാര്‍ബക്ക്‌സിന്റെ പുറത്തേക്കിറങ്ങി. എങ്ങും മഞ്ഞ് വീണ് മനോഹരമായിരിക്കുന്നു. വഴികളിലും കടകളുടെ മുമ്പിലുമൊക്കെ ക്രിസ്മസ് ലൈറ്റുകള്‍ തെളിഞ്ഞിരിക്കുന്നു. ആകാശത്ത് പ്രത്യാശയുടെ ഒരു വെള്ളിനക്ഷത്രം മിന്നിത്തിളങ്ങുന്നു. കിഴക്കുദിച്ച ആ നക്ഷത്രം അവന്റെ വഴിത്താരയില്‍ പ്രകാശം ചൊരിഞ്ഞു കൊണ്ട് അവനോടൊപ്പം നീങ്‌റുന്നതായി ജോണിനു തോന്നി. ദൂരെ നിന്ന് ഒരു കരോള്‍ സംഗീതം ഒഴുകി വന്നു.

'Away in manger, no Crib for a bed,
The Little Lord Jesus laid down his sweet head.
The Stars in the bright sky looked down where he lay.
The little Lord Jesus asleep on the hay...'

 രക്ഷകന്‍(ഒരിക്കല്‍ ഒരിടത്ത്: ജയ്ന്‍ ജോസഫ്)
Join WhatsApp News
Babu Parackel 2018-01-02 07:04:42
Jane, Congratulations!
Very nice story! Great message for the Christmas and holiday season. I am sure another homeless will be saved by an anonymous reader somewhere else. Great work. True inspiration!!
Ponmelil Abraham 2018-01-01 20:50:16
Very touching story/incident. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക