Image

നാരായണ പണിക്കരുടെ സ്മരണയ്ക്കുമുന്നില്‍ അഞ്ജലി

ജയ് നായര്‍ Published on 14 March, 2012
നാരായണ പണിക്കരുടെ സ്മരണയ്ക്കുമുന്നില്‍ അഞ്ജലി
ന്യൂയോര്‍ക്ക്: നിശബ്ദവും പക്വവുമായ പ്രവര്‍ത്തനത്തിലൂടെ സമുദായത്തെ നയിക്കുകയും ഋഷിതുല്യമായ ജീവിതത്തിലൂടെ കേരള സംസ്‌കാരത്തെ സ്വീധീനിക്കുകയും ചെയ്ത പി.കെ. നാരായണ പണിക്കരുടെ സ്മരണയ്ക്കുമുന്നില്‍ അമേരിക്കന്‍ മലയാളി സമൂഹം അഞ്ജലി അര്‍പ്പിച്ചു. നായര്‍ ബനവലന്റ് അസോസിയേഷനും എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയും സംയുക്തമായി ടൈസണ്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നാനാജാതി മതസ്ഥര്‍ പങ്കെടുത്തു.

മതേതരത്വവും സമുദായ സൗഹാര്‍ദ്ദവും കാത്തുസൂക്ഷിച്ച് കേരളത്തിന്റെ പൈതൃകം അഭംഗുരം കാത്ത വ്യക്തിയായാണ് മിക്കവരും നാരായണ പണിക്കരെ ചിത്രീകരിച്ചത്. അദ്ദേഹത്തിന്റെ പക്വമായ നിലപാടുകള്‍ സാമുദായിക രംഗത്തായാലും രാഷ്ട്രീയ രംഗത്തായാലും എക്കാലത്തേക്കുമുള്ള സ്വീധനമായി മാറിയെന്നവര്‍ ചൂണ്ടിക്കാട്ടി.

ഫൊക്കാന, ഫോമ, കെ.എച്ച്.എന്‍.എ, എസ്. എന്‍.എ., മഹിമ, ഇതര സമുദായിക, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ നിറ സാന്നിദ്ധ്യം യശഃശരീരനായ പി. കെ. നാരായണപ്പണിക്കരുടെ അനുസ്മരണയോഗം അവിസ്മരണീയമാക്കി.

നായര്‍ സമുദായത്തിന്റെ ജ്വലിക്കുന്ന ദീപവും വഴികാട്ടിയുമായിരുന്ന ശ്രീ. നാരായണപ്പണിക്കരുടെ കര്‍മ്മകാണ്ഡം പെരുന്നയിലെ ഹെഡ് ഓഫീസില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഈ നല്ല മനുഷ്യ സ്‌നേഹിയുടെ വേര്‍പാട് പൊതുസമൂഹത്തില്‍ വരുത്തിയ തീരാ നഷ്ടം അനുശോചനയോഗത്തില്‍ പങ്കെടുത്തു സംസാരിച്ച വ്യക്തികളുടെ അനുസ്മരണത്തില്‍ നിന്നും വ്യകതമാകുകയുണ്ടായി. എന്‍. ബി.എയുലെ റിലീജിയസ് സ്‌ക്കൂള്‍ കുട്ടികളുടെയും അദ്ധ്യാപകരുടെയും പ്രാര്‍ത്ഥാഗീതത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. എന്‍.ബി.എ. സെക്രട്ടറി ജയപ്രകാശ് നായരുടെ ആമുഖപ്രസംഗത്തില്‍ ശ്രീ. നാരായണ പണിക്കരുടെ എന്‍.എസ്സ്.എസ്സിലെ ഔദ്യോഗിക ജീവിതത്തെക്കുറിച്ച് വിശദീകരിച്ചു.

എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് സദസ്സിനു സ്വാഗതം ആശംസിച്ചുകൊണ്ട് തന്റെ വ്യക്തി ജീവിതത്തില്‍ പണിക്കരുടെ സ്വാധീനം വരുത്തിയ മാറ്റങ്ങളും, സാമുദായിക പ്രവര്‍ത്തനം, സാമൂഹിക പ്രവര്‍ത്തനം എന്നിവ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചുകൊണ്ട് അനുസ്മരിച്ചു. അറുപതുകളില്‍ ട്രഷററായിരുന്ന കാലത്ത് 7 ലക്ഷം രൂപ ആസ്തിയുണ്ടായിരുന്ന എന്‍.എസ്.എസിന് നൂറുകോടിയും കടന്ന് ആസ്തിയും നിരവധി സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതില്‍ പണിക്കര്‍ വഹിച്ച പങ്ക് ഗോപിനാഥ കുറുപ്പ് അനുസ്മരിച്ചു. എന്നാല്‍ സമുദായത്തിന്റെ മുതല്‍ തന്റേതല്ലെന്നും അതിനു വ്യക്തമായ കണക്ക് വേണമെന്നും കരുതിയ സത്യസന്ധനായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ അഴിമതിയുടെ കറപുരളാത്ത ജീവിതത്തിനുടമയായിരുന്നു അദ്ദേഹം.

എന്‍.ബി.എ. പ്രസിഡന്റ് സുനില്‍ നായര്‍ , ശ്രീ. നാരായണപ്പണിക്കരുടെ മതസൗഹാര്‍ദ്ദതയെപ്പറ്റിയും ഇതര സമുദായത്തെ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ വേദനിപ്പിക്കാത്ത വ്യക്തിത്വവും ആയിരുന്നു എന്ന് അനുസ്മരിച്ചു. കാര്‍ക്കശ്യമുള്ള നിലപാടെടുക്കുമ്പോഴും ജീവിതത്തിലെ ലാളിത്യം നിലനിര്‍ത്താന്‍ അദ്ദേഹം ജാഗരൂകനായിരുന്നുവെന്ന്  സുനില്‍ നായര്‍ ചൂണ്ടിക്കാട്ടി.

എന്‍.ബി.എ. ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ അപ്പുക്കുട്ടന്‍ നായര്‍ , നാരായണപ്പണിക്കരുടെ സാമ്പത്തിക സംവരണത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചതും സുപ്രീം കോടതി വരെ കേസു നടത്തി വിജയിച്ചതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനവിജയമായി വിലയിരുത്തി. സവര്‍ണ്ണ സമുദായങ്ങളിലെ താഴെത്തട്ടിലുള്ളവര്‍ക്ക് സാമ്പത്തിക സംവരണം വേണമെന്ന വാദവുമായി അദ്ദേഹം നടത്തിയ പോരാട്ടത്തിന്റെ ഫലം എല്ലാ സമുദായങ്ങള്‍ക്കും ഗുണകരമായതായി അപ്പുക്കുട്ടന്‍ നായര്‍ ചൂണ്ടിക്കാട്ടി.

എന്‍. ബി.എയുടെ മുന്‍ പ്രസിഡന്റും മുന്‍ ചെയര്‍മാനും ആയ ജി.കെ. നായര്‍ , സമുദായചാര്യന്‍ മന്നത്തു പത്മനാഭനു ശേഷം സമുദായ പ്രവര്‍ത്തനത്തിനു വേണ്ടി മൂന്നു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിക്കുകയും ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണു മഹാനാകുന്നതെന്നു തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം എന്ന് അനുസ്മരിച്ചു.

എന്‍.ബി.എ. റിലീജിയസ് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍ നായര്‍, വിദ്യാഭ്യാസ മണ്ഡലത്തില്‍ നാരായണ പണിക്കരുടെ കാലത്തുണ്ടായ വളര്‍ച്ചയെക്കുറിച്ച് അനുസ്മരിക്കുകയും തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പല്‍ കുന്നപ്പള്ളില്‍ രാജഗോപാല്‍, വിദ്യാഭ്യാസ മേഖലയിലും ആതുരസേവനരംഗത്തും നാരായണ പണിക്കരുടെ കാലത്തുണ്ടായ പുരോഗതിയെ വിലയിരുത്തി.

സ്വന്തം സമുദായത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അതിരുകള്‍ കടന്ന് മറ്റെല്ലാ വിഭാഗത്തിന്റേയും \ന്മക്കായി {പവര്‍ത്തിച്ച പണിക്കരെ വാസുദേവ് പുളിക്കല്‍ (ലാന) അനുസ്മരിച്ചു. അതുകൊണ്ടാണ് എല്ലാ മലയാളികള്‍ക്കും അദ്ദേഹം അഭികാമ്യനായത്. വര്‍ഗീയപരമായ ചിന്താഗതി ഒരിക്കലും അദ്ദേഹം വച്ചുപുലര്‍ത്തിയിട്ടില്ലെന്ന് സാംസി കൊടുമണ്‍ (വിചാരവേദി) ചൂണ്ടിക്കാട്ടി.

പണിക്കരുമായുള്ള നാലു പതിറ്റാണ്ടുണ്ടായിരുന്ന ബന്ധം ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള അനുസ്മരിച്ചു. രവിപാഠശാലയിലെ പ്രവര്‍ത്തനത്തിന് താന്‍ ഒന്നാം സമ്മാനം നേടിയപ്പോള്‍ സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്‍ അതു സമ്മാനിക്കുമ്പോള്‍ പണിക്കരും സന്നിഹിതനായിരുന്നു. കാല്‍ നൂറ്റാണ്ടു മുമ്പ് ആദ്യം ന്യൂയോര്‍ക്കിലും പിന്നീട് ഫിലാഡല്‍ഫിയയിലും തന്നെക്കൊണ്ട് എന്‍.എസ്.എസ് കരയോഗം സ്ഥാപിക്കാന്‍ പ്രേരണ നല്‍കിയത് അദ്ദേഹമായിരുന്നു. നാട്ടില്‍ വെച്ച് പഠിച്ച ആചാരാനുഷ്ഠാനങ്ങള്‍ അമേരിക്കയില്‍ വന്നപ്പോള്‍ പ്രായോഗികമായി ഉപയോഗപ്പെടുത്താനും കഴിഞ്ഞു.

മലയാളം പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ജേക്കബ് റോയ്, പണിക്കര്‍ സാറിന്റെ ജീവിതചര്യകളെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ , ഇത്രയും വലിയ പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുമ്പോഴും മണ്ണിനെ സ്‌നേഹിച്ച ഒരു കര്‍ഷകന്‍ കൂടി ആയിരുന്നു എന്ന് റോയ് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ജീവിതലാളിത്യവും ഉയര്‍ന്ന ചിന്തയും, ദീര്‍ഘ വീക്ഷണവും, മതേതരത്വ ചിന്തയും, ഇതര മതസ്ഥര്‍ക്കും മാതൃക ആക്കാവുന്ന ഒന്നാണെന്നും പറയുകയുണ്ടായി
മണ്ണിനേയും കൃഷിയേയും സ്‌നേഹിച്ച വ്യക്തിയായിരുന്നു പണിക്കരെന്ന് മലയാളം പത്രം എക്‌സിക്യുട്ടീവ് എഡിറ്റര്‍ ജേക്കബ് റോയി ചൂണ്ടിക്കാട്ടി. വാഴപ്പള്ളിയിലെ ഗൃഹത്തില്‍ അഭിമുഖത്തിനു ചെന്നപ്പോള്‍ അദ്ദേഹം കൃഷിപ്പണിയിലായിരുന്നു. പത്രക്കാരെ കണ്ട് വീട്ടില്‍ വന്ന അദ്ദേഹം 'താനൊന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായി മടങ്ങി വരാമെന്നും' പറഞ്ഞ് ഉള്ളിലേക്കു പോയി. ജുബ്ബായും രുദ്രക്ഷമാലയുമണിഞ്ഞ് വന്നപ്പോഴദ്ദേഹം ജനറല്‍ സെക്രട്ടറിയായി. കൃഷിക്കാരനില്‍ നിന്ന് പ്രമുഖ സമുദായത്തിന്റെ നേതാവാകാന്‍ വേണ്ടിയിരുന്നത് ഒരു ജുബ്ബായും രുദ്രാക്ഷവും മാത്രമായിരുന്നു. അദ്ദേഹത്തിന്റെ സമദൂര സിദ്ധാന്തം ആദ്യം ജനം ചിരിച്ചു തള്ളിയെങ്കിലും പിന്നീടത് കേരള രാഷ്ട്രീയ രംഗത്തെ പ്രധാന ചാലകശക്തികളിലൊന്നായി മാറി.

വിമാനം വൈകിയതുമൂലം ഡല്‍ഹി വിമാനത്താവളത്തില്‍ ഒരുനാള്‍ തങ്ങേണ്ടി വന്നപ്പോള്‍ ബന്ധുകൂടിയായ പണിക്കരെ കണ്ടകാര്യം ഡോ. നിഷാ പിള്ള അനുസ്മരിച്ചു. തന്റെ വിവാഹത്തിനും അദ്ദേഹം വന്നിരുന്നു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിക്കാണ് വിമാനമെന്നു കരുതി തന്റെ അച്ഛന്‍ കൊച്ചിക്കു പുറപ്പെട്ടു. എന്നാല്‍ വിമാനം തിരുവനന്തപുരത്തേക്കായിരുന്നു. അതറിഞ്ഞ അദ്ദേഹം തന്റെ വീട്ടിലേക്ക് ആ വിവരം ഫോണ്‍ ചെയ്തറിയിച്ചു. തന്നെ വീട്ടില്‍ കൊണ്ടുചെന്നാക്കാമെന്നും ഏറ്റു. എന്‍.എസ്.എസ് ഓഫീസില്‍ അത്യാവശ്യം ഒപ്പിടേണ്ട ഫയലുകള്‍ ഉണ്ടായിരുന്നിട്ടും അതിനു പോകാതെ തന്നെ വീട്ടിലെത്തിച്ച ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.

ഫൊക്കാനയെ പ്രതിനിധീകരിച്ച് നാഷണല്‍ വൈസ് പ്രസിഡന്റ് ലീലാ മാരേട്ട്, റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീ. വിന്‍സന്റ് സിറിയക്, ഫോമയെ പ്രതിനിധീകരിച്ച് ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്, ജോര്‍ജ് തോമസ്(ഫോമ ജുഡീഷ്യല്‍ സെക്രട്ടറി), ചാക്കോ തൈപ്പറമ്പില്‍(സീറോ മലബാര്‍), വാസുദേവ് പുളിക്കല്‍ (ലാന), ഡോ. കുഞ്ഞാപ്പൂ(ലാന), സാംസി കൊടുമണ്‍ (വിചാരവേദി), ഈപ്പന്‍ കോട്ടുപ്പള്ളി(ലിംക പ്രസിഡന്റ്), സ്റ്റാന്‍ലി കളത്തില്‍(ലീമാ സെക്രട്ടറി), തമ്പി തലപ്പള്ളില്‍ (കേരള സമാജം പ്രസിഡന്റ് & കാത്തലിക് അസ്സോസിയേഷന്‍ ), ലൈസി അലക്‌സ്(ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി), ജോസഫ് മാത്യൂ(കെ.സി.എന്‍.എ. സെക്രട്ടറി), കളത്തില്‍ വര്‍ഗീസ്(ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ്), സുധാകരന്‍ പിള്ള(മലയാളി ഹിന്ദു മണ്ഡലം പ്രസിഡന്റ്), രന്തമ്മ ബാബുരാജ്(മഹിമ ചെയര്‍പേഴ്‌സണ്‍), രാജു നാണു(കെ.എച്ച്.എന്‍.എ. മുന്‍ ചെയര്‍മാന്‍), പാര്‍ത്ഥസാരഥി പിള്ള(വേള്‍ഡ് അയ്യപ്പസേവാ സംഘം പ്രസിഡന്റ്), ഷാജി കരുണാകരന്‍(അയ്യപ്പസേവാ സംഘം സെക്രട്ടറി), ബി. അരവിന്ദാക്ഷന്‍ (സെക്രട്ടറി, ശ്രീ. നാരായണ വേള്‍ഡ് കൗണ്‍സില്‍), ഫിലിപ്പ് മഠത്തില്‍(എം.സി.എന്‍.ടി.വി), സുനില്‍ ടൈസ്റ്റാര്‍ (ഐ.പി.ടി.വി.), തോമസ് കൂവല്ലൂര്‍ (ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കൗണ്‍സില്‍), ഡോ. നിഷാ പിള്ള, പ്രൊഫ. രാം ദാസ്, ഗണേഷ് നായര്‍ (കെ.എച്ച്.എന്‍.എ), ഷിബു ദിവാകരന്‍ (മഹിഹ), വിശ്വനാഥന്‍ കുഞ്ഞുപിള്ള(റോക്ക്‌ലാന്‍ഡ് ഭജന സംഘം), ശ്രീകുമാര്‍ ഉണ്ണിത്താന്‍ (വെസ്റ്റ്‌ചെസ്റ്റര്‍ എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ്), തുടങ്ങിയ വിവിധ സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു സംസാരിച്ചു. ഫോമാ പ്രസിഡന്റ് ബേബി ഊരാളിയും ഫൊക്കാന ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളിയും അനുശോചന സന്ദേശം അറിയിച്ചു.

എന്‍.ബി.എ. ട്രഷറന്‍ ജനാര്‍ദ്ദനന്‍ തോപ്പില്‍ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ ചുമതല വഹിച്ചു. എന്‍.ബി.എ. വൈസ് പ്രസിഡന്റ് വനജ നായര്‍ നന്ദി പ്രകാശിപ്പിച്ചു. സെക്രട്ടറി ജയപ്രകാശ് നായരും എന്‍. എസ്.എസ്. ഓഫ് നോര്‍ത്ത അമേരിക്ക വൈസ് പ്രസിഡന്റ് ഗോപിനാഥക്കുറുപ്പും സമ്മേളനം കോര്‍ഡിനേറ്റു ചെയ്തു.

വാര്‍ത്ത അയച്ചത്: ജയ് നായര്‍
നാരായണ പണിക്കരുടെ സ്മരണയ്ക്കുമുന്നില്‍ അഞ്ജലിനാരായണ പണിക്കരുടെ സ്മരണയ്ക്കുമുന്നില്‍ അഞ്ജലിനാരായണ പണിക്കരുടെ സ്മരണയ്ക്കുമുന്നില്‍ അഞ്ജലിനാരായണ പണിക്കരുടെ സ്മരണയ്ക്കുമുന്നില്‍ അഞ്ജലിനാരായണ പണിക്കരുടെ സ്മരണയ്ക്കുമുന്നില്‍ അഞ്ജലിനാരായണ പണിക്കരുടെ സ്മരണയ്ക്കുമുന്നില്‍ അഞ്ജലിനാരായണ പണിക്കരുടെ സ്മരണയ്ക്കുമുന്നില്‍ അഞ്ജലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക