Image

മാധ്യമപഠനത്തിന് ലോകനിലവാരമുള്ള പരിശീലനം നല്‍കാന്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക

Published on 01 January, 2018
മാധ്യമപഠനത്തിന് ലോകനിലവാരമുള്ള പരിശീലനം നല്‍കാന്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക
അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ്.

ആദ്യ പടിയായി മാധ്യമമേഖലയില്‍ പ്രഫഷണലിസം കാത്തു സൂക്ഷിക്കുന്നതിനും ലോകോത്തര നിലവാരമുള്ള പരിശീലനം മാധ്യമ പഠനം നടത്തുന്ന കുട്ടികള്‍ക്ക് നല്‍കുന്നതിനായും കേരള സര്‍ക്കാരിന്റെ 
Media academy യുമായി ചേര്‍ന്ന് ഒരു പദ്ധതിക്കു തുടക്കം കുറിക്കുവാന്‍ ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ പ്രഥമ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.

STEP (Socially & Technically Educated Press) Project എന്നാണ് പദ്ധതിയുടെ പേര്. കേരള മീഡിയ അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിക്ക് ഡോ. എംവി പിള്ള, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ബാബു പോള്‍, മാധ്യമപ്രവര്‍ത്തകരായ തോമസ്സ് ജേക്കബ് (മനോരമ),ആര്‍ ശ്രീകണ്ഠന്‍ നായര്‍(Flowers ടിവി), സന്തോഷ് ജോര്‍ജ്( മനോരമ ഓണ്‍ലൈന്‍) അനില്‍ അടൂര്‍( ഏഷ്യാനെറ്റ്), കൊച്ചി റേഞ്ച് ഐജി പി വിജയന്‍, എംബി രാജേഷ് എംപി, വി.ടി ബല്‍റാം 
MLA  എന്നിവര്‍ പൂര്‍ണ പിന്‍തുണയും പരിശീലനവും നല്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനം ജനുവരിയില്‍ കൊല്ലത്തു നടക്കുന്ന ലോകമാധ്യമ സമ്മേളനത്തില്‍ നിര്‍വഹിക്കും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ചെവലുകളും മറ്റു സഹായങ്ങളും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക വഹിക്കും.

ഇന്ത്യയിലേയും അമേരിക്കയിലേയും രാഷ്ട്രീയ, സാമൂഹിക, ഉദ്യോഗസ്ഥതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പദ്ധതിക്ക് പൂര്‍ണപിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്കയിലെ മലയാള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സംഘടന പ്രവാസി മലയാള സമൂഹത്തില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍, പ്രവാസി എഴുത്തുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരമായി മാധ്യമശ്രീ പുരസ്കാരം കഴിഞ്ഞ 8 വര്‍ഷമായി നല്‍കിവരുന്നു. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക.

അമ്മ മലയാളത്തിന്റെ സുഗന്ധം കുടിയേറ്റ മണ്ണിലും പരത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഐപിസിഎന്‍എ തൊഴില്‍ സൗഹൃദങ്ങള്‍ പങ്കിടുന്നത്. മാധ്യമ സംസ്കാരം ഉന്നതിയിലെത്തി നില്‍ക്കുന്ന കേരളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകരില്‍ പലരും ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ചിട്ടുളള കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുകയും നമ്മുടെ സ്‌നേഹ സൗഹൃദത്തിന്റെ മാധുര്യം അറിയുകയും ചെയ്തിട്ടുണ്ട്.

മാധ്യമ രംഗത്തെ ചലനങ്ങളും വികാസങ്ങളും കണ്ടറിയുകയും കേട്ടറിയുകയും അതു കുടിയേറ്റ മലയാളികളുടെ സാംസ്കാരിക പുരോഗതിക്ക് ഉതകും വിധം കടഞ്ഞെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശമാണ് ഇന്ത്യ പ്രസ്ക്ലബ്ബിനുളളത്. നാട്ടിലെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകന് ഒരുലക്ഷം രൂപയുടെ മാധ്യമശ്രീ പുരസ്കാരം നല്‍കി ആദരിക്കുന്ന ചടങ്ങ് അമ്മ മലയാളത്തിനുളള നമ്മുടെ അക്ഷരപൂജയാണ്.

പുതിയ പദ്ധതിയുടെ നടത്തിപ്പിനും എല്ലാവരുടേയും പൂര്‍ണപിന്‍തുണ അപേക്ഷിക്കുന്നു.

മധു കൊട്ടാരക്കര (പ്രസിഡന്റ്), സുനില്‍ തൈമറ്റം (ജനറല്‍ സെക്രട്ടറി), സണ്ണി പൗലോസ് (ട്രഷറര്‍), ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ് (ജോയിന്റ് ട്രഷറര്‍).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക