Image

'വനിതാ രത്‌നം' അവാര്‍ഡ് 2017, ഡോക്ടര്‍(മേജര്‍) നളിനി ജനാര്‍ദ്ദനനു സമ്മാനിച്ചു

Published on 02 January, 2018
'വനിതാ രത്‌നം' അവാര്‍ഡ് 2017, ഡോക്ടര്‍(മേജര്‍) നളിനി ജനാര്‍ദ്ദനനു സമ്മാനിച്ചു
രാജ്യസേവനത്തിലും ആതുര സേവനത്തിലും സംഗീതത്തിലും സാഹിത്യത്തിലും വ്യക്തി മുദ്ര പതിപ്പിച്ച ഡോക്ടര്‍(മേജര്‍)നളിനി ജനാര്‍ദ്ദനന്, ബോറിവലി(മുംബൈ)യിലെ വി.കെ. കൃഷ്ണമേനോന്‍ അക്കാദമിയില്‍ വെച്ചു നടന്ന പാമ്പുങ്ങല്‍ പബ്ലിക്കേഷന്റെ 23-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ച് ഈ വര്‍ഷത്തെ 'വനിതാരത്‌നം' അവാര്‍ഡു സമ്മാനിച്ചു. ബോംബെയിലെ പ്രശസ്ത സാമൂഹ്യസേവിക അഡ്വക്കേറ്റ് പത്മാദിവാകരന്‍ സ്മൃതിഫലകവും രാധാഗുപ്തന്‍ പൊന്നാടയും മുണ്ടൂര്‍ രാജന്‍ സമ്മാനതുകയും നല്‍കി ആദരിച്ചു. നോവലിസ്റ്റ് സുരേഷ് കൊട്ടാരക്കര ഡോ.നളിനി ജനാര്‍ദ്ദനന്‍, സാഹിത്യ സാംസ്‌ക്കാരിക കലാരംഗങ്ങളില്‍ നല്‍കിയ മഹത്തായ സംഭാവനകളെപ്പറ്റി സംസാരിച്ചു.

വിദ്യാഭ്യാസവും കുടുംബവും: ശ്രീമതി കല്ല്യാണിക്കുട്ടി ടീച്ചറുടെയും പരേതനായ ശ്രീകൃഷ്ണന്‍ മാസ്റ്റരുടെയും മകളായി കല്പറ്റയില്‍ ജനിച്ചു. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ നിന്നും പ്രി-ഡിഗ്രിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും എംബിബിഎസും പാസ്സായ ശേഷം ഹൈദരബാദിലെ  അപ്പോളൊ മെഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫാമിലി മെഡിസിന്‍ സ്‌പെഷ്യാലിറ്റിയില്‍ ബിരുദാനന്തര ബിരുദമെടുത്തു. ഇന്ത്യന്‍ ആര്‍മിയിലെ ഉയര്‍ന്ന മേധാവിയും സാഹിത്യക്കാരനുമായ കേണല്‍(ഡോക്ടര്‍)കാവുമ്പായി ജനാര്‍ദ്ദനനെ വിവാഹം ചെയ്തു. ആര്‍മി മെഡിക്കല്‍ കോറില്‍ ക്യാപ്റ്റന്‍ റാങ്കില്‍ ലേഡി ഡോക്ടറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ചു. മേജര്‍ റാങ്കിലെത്തിയ ശേഷം ആര്‍മിയില്‍ നിന്നും വിരമിച്ച് ഹൈദരബാദിലെ ഷഗാന്‍ മെഡിക്കല്‍ കോളേജില്‍ ട്യൂട്ടറായി ജോലി ചെയ്തു.  ഇപ്പോള്‍ പൂനയില്‍ പ്രാക്ടീസ് ചെയ്യുന്നു. മകന്‍, അനുരാഗ് ജനാര്‍ദ്ദനന്‍ ഐഡിഎഫ്‌സി കമ്പനിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥിക്കുള്ള ചാന്‍സ് ലേഴ്‌സ് ഗോള്‍ഡ് മെഡല്‍ നേടി. ഇപ്പോള്‍ ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ എംഎസ്(ഓഫ്താല്‍മോളജി) ഡിഗ്രിക്കു പഠിക്കുന്നു.

ആതുരസേവനം:
പട്ടാള സേവനത്തിനിടയിലും അതിനുശേഷവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, നിരാലംബര്‍ക്കു വേണ്ടിയുള്ള സൗജന്യ വൈദ്യശുശ്രൂഷ എന്നിവ നടത്തുന്നതില്‍ വിലയേറിയ പങ്കുവഹിച്ചിട്ടുണ്ട്. കൈരളി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍(പൂന) പോലുള്ള പല സംഘടനകള്‍ വഴിയും സാമൂഹ്യസേവനം നടത്തി ആരോഗ്യസംരക്ഷത്തിനും രോഗനിര്‍മ്മാര്‍ജ്ജനത്തിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

സാഹിത്യസംഭാവനകള്‍:
കേരളത്തിലെ പല പ്രസിദ്ധീകരണങ്ങളിലും കഥകളും കവിതകളും വൈദ്യശാസ്ത്രപരമായ ലേഖനങ്ങളും സംഗീതം, ഭക്തി എന്നിവയെപ്പറ്റിയുള്ള ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യം, സംഗീതം, ആതുരസേവനം എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചതിനാല്‍, ഏഷ്യന്‍- അമേരിക്കന്‍ ഹൂയിസ് ഹൂ, റഫറന്‍സ് ഏഷ്യ-മെന്‍ ആന്റ് വിമന്‍ ഓഫ് അച്ചീവ്‌മെന്റ്, ഏഷ്യ-പസഫിക്ക് ഹൂയിസ് ഹൂ, റഫറന്‍സ് ഇന്ത്യ, കേരള ഗ്രന്ഥകാര ഡയറക്ടറി തുടങ്ങിയ ജീവചരിത്ര പുസ്തകങ്ങളില്‍ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐശ്വര്യ ദര്‍പ്പണമെന്ന സാഹിത്യസാംസ്‌ക്കാരിക കുടുംബമാസികയുടെ എഡിറ്ററെന്ന നിലയില്‍ നൂറുകണക്കിനു എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു.

ഗ്രന്ഥകാരിയുടെ പ്രധാന കഥാ സമാഹാരങ്ങള്‍: താളപ്പിഴകള്‍, പഞ്ചനക്ഷത്ര സ്വപ്‌നങ്ങള്‍, ഹൃദയത്തിന്റെ കണ്ണുകള്‍, നീല ഷര്‍ട്ടു ധരിച്ച അപരിചിതന്‍, വിശ്വ പ്രസിദ്ധ നാടോടികഥകള്‍, Colours of Life എന്നിവയാണ്. ആരോഗ്യശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവ ആരോഗ്യപ്രശ്‌നങ്ങളും പരിഹാരങ്ങളും, പ്രഥമശുശ്രൂഷ, ആരോഗ്യവും നിങ്ങളും, സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍, കൗമാരപ്പെണ്‍കുട്ടികള്‍ അറിയേണ്ടതെല്ലാം, സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങള്‍, രോഗമുക്തിയും ആരോഗ്യജീവിതവും, ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിക്കാം എന്നിവയാണ്. മഹിളാരത്‌നം, പ്രദീപം, സ്ത്രീധനം തുടങ്ങിയ മാസികകളില്‍ അഭിമുഖ സംഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംഗീത സംഭാവനകള്‍: ആകാശവാണിയുടേയും ദൂരദര്‍ശന്റെയും അംഗീകാരം നേടിയ ഗായികയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട പല നഗരങ്ങളിലും സംഗീത പരിപാടികള്‍ നടത്തിയിട്ടുണ്ട്. ജലന്തര്‍, ഹൈദരബാദ്, തിരുവനന്തപുരം, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ടെലിവിഷന്‍ ചാനലുകളില്‍ സംഗീത പരിപാടികള്‍ നടത്തിയിട്ടുണ്ട്. ജമ്മു, ശ്രീനഗര്‍, ജലന്തര്‍, കട്ടുവാ സാഗര്‍, ജോഡ്പൂര്‍, ഹൈദരാബാദ്, ഔറംഗബാദ്, പൂന, കണ്ണൂര്‍ എന്നീ സ്ഥലങ്ങളിലെ ആകാശവാണി കേന്ദ്രങ്ങളില്‍ സംഗീതത്തിന്റെയും ആരോഗ്യ വിഷയ പ്രഭാഷണങ്ങളുടെയും നിരവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്. രാജസ്ഥാനി, ഹിന്ദി, ഉറുദു, മലയാളം എന്നീ ഭാഷകളില്‍ ഭക്തിഗീതങ്ങളുടെയും ഗസലുകളുടെയും സിനിമാഗാനങ്ങളുടെയും(ഹിന്ദി, മലയാളം, കരോക്കെ) മറ്റുമായി പത്തു സംഗീത ആല്‍ബങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

അവാര്‍ഡുകളും ബഹുമതികളും: എസ്.എസ്.എല്‍.സിക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് മലയാളം വിഷയത്തിനു ലഭിച്ചതിനാല്‍ പനമ്പിള്ളി സ്മാരസ്വര്‍ണ്ണമെഡലും ഏറ്റവും നല്ല എഴുത്തുകാരിക്കുള്ള കഥാ അവാര്‍ഡും യുണൈറ്റഡ് റൈറ്റേഴ്‌സ് അസോസിയേഷന്റെ ഫെല്ലോഷിപ്പും രാജ്യസ്‌നേഹികളായ ദമ്പതികള്‍ക്കുള്ള(Patriotic Couple) അവാര്‍ഡും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ(IMA) നമ്മുടെ ആരോഗ്യ സാഹിത്യ അവാര്‍ഡും ശ്രേഷ്ഠഗായികയ്ക്കുള്ള പത്മശ്രീ സുകുമാരി കലാപ്രതിഭാ അവാര്‍ഡും മഹത്തായ ആതുരസേവനത്തിനുള്ള സ്‌മൈയില്‍ പ്ലസ് ഗ്ലോബല്‍ ഗോള്‍ഡ് അവാര്‍ഡും കലാ-സാഹിത്യ-സാംസ്‌കാരിക രംഗത്ത് അതുല്യസേവനത്തിനുള്ള 'വനിതാരത്‌നം' അവാര്‍ഡും മറ്റു നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പല നഗരങ്ങളിലുള്ള മലയാളി സംഘടനകള്‍ ആദരിച്ചിട്ടുണ്ട്.

'വനിതാ രത്‌നം' അവാര്‍ഡ് 2017, ഡോക്ടര്‍(മേജര്‍) നളിനി ജനാര്‍ദ്ദനനു സമ്മാനിച്ചു'വനിതാ രത്‌നം' അവാര്‍ഡ് 2017, ഡോക്ടര്‍(മേജര്‍) നളിനി ജനാര്‍ദ്ദനനു സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക