Image

തഹസീല്‍ദാര്‍ ജോര്‍ജ് (ഡി. ബാബു പോള്‍)

Published on 02 January, 2018
തഹസീല്‍ദാര്‍ ജോര്‍ജ് (ഡി. ബാബു പോള്‍)
കോട്ടയത്തെ ഉദ്യോഗസ്ഥന്മാരില്‍ ഞാന്‍ കണ്ട സത്യസന്ധന്‍

ഞാന്‍ കളക്ടറായി കോട്ടയത്ത് എത്തുമ്പോള്‍ 29 വയസ്. ഉദ്യോഗസ്ഥന്മാരില്‍ മറക്കാന്‍ കഴിയാത്തത് ചങ്ങനാശേരിക്കാരന്‍ എം.വി. ജോര്‍ജിനെയാണ്. അന്ന് 45 വയസ്സുണ്ടാകും. തഹസീല്‍ദാര്‍. സത്യസന്ധന്‍. അന്ന് വീടുപണിക്ക് സിമന്റുവരെ അലോട്ട് ചെയ്യുന്നത് കളക്ടറാണ്. അതിലും അധികാരം അന്ന് സപ്ലൈ ഓഫീസര്‍മാര്‍ക്കുണ്ട്. അരിക്കും ഭക്ഷ്യസാധനങ്ങള്‍ക്കും അന്ന് ക്ഷാമമുണ്ടായിരുന്ന സമയം. ആയിരം ടണ്‍ വേണ്ടിയിരുന്നിടത്ത് 700 ടണ്‍ ആകും ജില്ലയിലേക്ക് തരുക. ഇത് എല്ലാവര്‍ക്കും കിട്ടിയെന്ന തോന്നലുണ്ടാക്കി വിതരണം ചെയ്യണം. തൊഴിലാളി മേഖലയിലും പെട്ടെന്ന് ജനം സംഘടിക്കുന്ന മേഖലയിലും വിതരണം കൃത്യമാവുകയും വേണം.

എം.വി ജോര്‍ജിനെ ഞാന്‍ സപ്ലൈ ഓഫീസറാക്കി. അദ്ദേഹം എല്ലാം കൃത്യമായി ചെയ്തു. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ അടുക്കല്‍ വന്നു പറഞ്ഞു: സര്‍, എനിക്ക് നരകത്തില്‍ പോകാന്‍ വയ്യ. തിരിച്ചു പഴയ തസ്തിക തരണം. കാര്യം തിരക്കിയപ്പോള്‍ ജോര്‍ജ് പറഞ്ഞു: വലിയ പ്രലോഭനങ്ങളാണ്. തെറ്റു ചെയ്യാന്‍ വയ്യ. നീതി ചെയ്യാനും സാധിക്കാത്ത അവസ്ഥയുണ്ട്.
ഞാന്‍ അദ്ദേഹത്തെ അതിനു അനുവദിച്ചു.

സത്യസന്ധതയും ജോലിയിലെ മികവും ഒരുമിച്ചു കൊണ്ടുപോയവര്‍ അദ്ദേത്തെ പോലെ ചുരുക്കമായിരുന്നു. എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ ഒരു ക്രിസ്തുമസ് കാര്‍ഡ് എനിക്ക് വരുമായിരുന്നു.
മൂന്നുവര്‍ഷമായി അതു വരുന്നില്ല.
(എം.വി. ജോര്‍ജ് 2014-ല്‍ 92-ം വയസില്‍ നിര്യാതനായി) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക