Image

മകരവിളക്കിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍

അനില്‍ പെണ്ണുക്കര Published on 02 January, 2018
മകരവിളക്കിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍
മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തും പമ്പയിലും മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ തടിച്ചു കൂടുന്ന മറ്റ് സ്ഥലങ്ങളിലും പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. പമ്പയില്‍ കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശുചീകരണത്തിന് നേതൃത്വം നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. 

മകരജ്യോതി ദര്‍ശനത്തിനുള്ള എട്ടു വ്യൂ പോയിന്റുകളാണ് പത്തനംതിട്ട ജില്ലയിലുള്ളത്. ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. ഇന്ന്( 3) കളക്ടറേറ്റില്‍ ചേരുന്ന ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച ആക്ഷന്‍ പ്ലാനിന് അന്തിമരൂപം നല്‍കും. മകരജ്യോതി ദര്‍ശനത്തിനുള്ള വ്യൂ പോയിന്റുകളില്‍ ബാരിക്കേഡുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ദേവസ്വം ബോര്‍ഡ്, വനം വകുപ്പ്, പോലീസ് എന്നിവയുടെ നേതൃത്വത്തില്‍ അടിയന്തിരമായി ബാരിക്കേഡുകള്‍ പൂര്‍ത്തിയാക്കും. വ്യൂ പോയിന്റുകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഈമാസം 11ന് പരിശീലനം നല്‍കും. അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങള്‍ പരിശീലനത്തിലൂടെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.

മകരവിളക്ക് ഉത്സവത്തിന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ട് ഈമാസം 12ന് പന്തളത്തു നിന്ന് പുറപ്പെടുന്ന ഘോഷയാത്രയുടെ സുരക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. തിരുവാഭരണ പാതയില്‍ ആവശ്യത്തിന് വെളിച്ചം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെയ്യും. തിരുവാഭരണഘോഷയാത്രയുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ അന്തിമതീരുമാനം എടുക്കും.

പമ്പയിലും നിലയ്ക്കലും സന്നിധാനത്തുമുള്ള എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ ഓരോ ഡെപ്യുട്ടി കളക്ടര്‍മാരെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിക്കും. സന്നിധാനത്ത് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് അനു എസ്. നായരും പമ്പയില്‍ അടൂര്‍ ആര്‍ഡിഒ എം.എ റഹീമും നിലയ്ക്കലില്‍ തിരുവല്ല ആര്‍ഡിഒ ടി.കെ. വിനീതും മേല്‍നോട്ടം വഹിക്കും. പമ്പയിലും സന്നിധാനത്തും ചുമതലയുള്ള ഡ്യൂട്ടി മജിസ്‌ട്രേട്ടുമാര്‍ക്കു പുറമേയാണ് ഇവരെകൂടി മേല്‍നോട്ടത്തിന് നിയോഗിച്ചിട്ടുള്ളത്. 13,14 തീയതികളില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വനം വകുപ്പുമായി കൂടിയാലോചിച്ച് രണ്ടു ദിവസം ഗവി യാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ആരോഗ്യ വകുപ്പിന്റേതുള്‍പ്പെടെ ജില്ലയില്‍ നിന്നും പുറത്തുനിന്നും ലഭ്യമായ എല്ലാ ആംബുലന്‍സുകളും വിവിധ ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സജ്ജമാക്കും. ജില്ലാ കളക്ടറേറ്റില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ പമ്പയും പരിസരപ്രദേശങ്ങളും ശുചീകരിച്ച് മാതൃകയായി. പമ്പയില്‍ നിന്നും ചെറിയാനവട്ടത്തേക്കുള്ള വഴിയില്‍ വനം വകുപ്പിന്റെ വിരി ഷെഡുകളും അവയുടെ പരിസര പ്രദേശങ്ങളും ജില്ലാ കളക്ടറും സംഘവും ശുചിയാക്കി. വിരി ഷെഡുകളില്‍ വ്യാപകമായി അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ തീപടര്‍ന്നു പിടിക്കാനുള്ള അപകടസാധ്യത മനസിലാക്കി ഡ്യൂട്ടി മജിസ്‌ട്രേട്ടിനും വിരി ഷെഡ് ഉടമകള്‍ക്കും ഇക്കാര്യത്തില്‍ കര്‍ശന താക്കീത് നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ 25 വര്‍ഷമായി സന്നിധാനവും പമ്പയും വിവിധ ഇടത്താവളങ്ങളും ശുചിയായി സൂക്ഷിക്കുന്നത് ജില്ലാ കളക്ടര്‍ ചെയര്‍മാനും അടൂര്‍ ആര്‍ഡിഒ മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങളാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള 800 വിശുദ്ധി സേനാംഗങ്ങളാണ് ഈ പ്രവര്‍ത്തനങ്ങളില്‍ രാവും പകലുമില്ലാതെ പങ്കാളികളാകുന്നത്. ഏറെ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന വിശുദ്ധി സേനാംഗങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അമ്പതോളം കളക്ടറേറ്റ് ജീവനക്കാര്‍ നാലു മണിക്കൂറോളം വിശുദ്ധി സേനാംഗങ്ങളോടൊപ്പം ശുചീകരണത്തില്‍ പങ്കാളികളായത്. എഡിഎം അനു എസ് നായര്‍, ഡെപ്യുട്ടി കളക്ടര്‍മാരായ വി.ബി. ഷീല, എന്‍. ജയശ്രീ, ഹുസൂര്‍ ശിരസ്തദാര്‍ വില്യം ജോര്‍ജ്, ജൂനിയര്‍ സൂപ്രണ്ട് എം.ടി. സജി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എം.എ. സുള്‍ഫി, ട്രഷറര്‍ വി. വിനോജ്, കളക്ടറേറ്റിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
മകരവിളക്കിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ മകരവിളക്കിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ മകരവിളക്കിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ മകരവിളക്കിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ മകരവിളക്കിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ മകരവിളക്കിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ മകരവിളക്കിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ മകരവിളക്കിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ മകരവിളക്കിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക