Image

ദുരിതങ്ങള്‍ താണ്ടി നാട്ടിലേയ്ക്ക് മടങ്ങി

Published on 03 January, 2018
ദുരിതങ്ങള്‍ താണ്ടി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ഒന്നരവര്‍ഷം നീണ്ട പ്രവാസജീവിതത്തിലെ ദുരിതങ്ങള്‍ താണ്ടി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ ജെസ്സി മാത്യു നാട്ടിലേയ്ക്ക് മടങ്ങി.

കട്ടപ്പന സ്വദേശിനിയായ ജെസ്സി മാത്യു, കുടുംബപ്രാരാബ്ധങ്ങള്‍ കാരണമാണ് ഒന്നരവര്‍ഷം മുന്‍പ് ദമ്മാമിലെ ഒരു സൗദി പട്ടാളക്കാരന്റെ വീട്ടില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. നല്ല ജോലിയും, ശമ്പളവും വാഗ്ദാനം ചെയ്താണ് നാട്ടിലെ ഏജന്റ് ജെസ്സിയ്ക്ക് വിസ നല്‍കിയത്. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി ഏറെ ദുരിതങ്ങളാണ് ജെസ്സിയ്ക്ക് അനുഭവിയ്‌ക്കേണ്ടി വന്നത്.

രാപകല്‍ വിശ്രമമില്ലാത്ത ജോലിയും, നിരന്തരം കുറ്റപ്പെടുത്തലും, ശമ്പളം കിട്ടാതെ കുടിശ്ശികയാകുന്ന അവസ്ഥയും കൂടി ആ വീട്ടിലെ ജോലി നരകതുല്യമാക്കി. പരാതി പറഞ്ഞപ്പോള്‍ ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നതായും ജെസ്സി പറഞ്ഞു. ഒന്നര വര്‍ഷം ജോലി ചെയ്തിട്ടും ആറു മാസത്തെ ശമ്പളമേ കിട്ടിയുള്ളൂ. നാട്ടിലുള്ള വീട്ടുകാരോട് ഫോണില്‍ ബന്ധപ്പെടാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ജെസ്സി നേരിട്ടത്.
മാനസികപീഡനം സഹിയ്ക്കാനാകാതെ ഒരു മാസം മുന്‍പ് ജെസ്സി, വീട് വിട്ടോടി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. എന്നാല്‍ പോലീസുകാര്‍ അറിയിച്ചത് അനുസരിച്ചു, സ്‌പോണ്‍സര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ജെസ്സിയെ തിരികെ കൂട്ടികൊണ്ടു പോകുകയായിരുന്നു ചെയ്തത്.

ജെസ്സിയുടെ വീട്ടുകാര്‍ പലയിടത്തും പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ല. ജെസ്സിയുടെ വീട്ടുകാര്‍ നാട്ടിലെ ഏജന്റിനെതിരെ പോലീസ് കേസും കൊടുത്തു. ജെസ്സിയുടെ മോചനത്തിനായി ഭര്‍ത്താവ് സഹായം തേടി 'പ്രവാസലോകം' പരിപാടിയിലും എത്തിയിരുന്നു.

മാധ്യമപ്രവര്‍ത്തകനായ പി.ടി.അലവിയാണ് ജെസ്സിയുടെ വിഷയം നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ ജെസ്സിയുമായും, പോലീസ് അധികാരികളുമായും ബന്ധപ്പെട്ട് കാര്യങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്ന് മഞ്ജുവിന്റെ നിര്‍ദ്ദേശപ്രകാരം ജെസ്സി, ദമ്മാമിലെ ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ ഹെല്പ്‌ഡെസ്‌ക്കില്‍ എത്തി പരാതി നല്‍കി.

അവിടെ എത്തിയ മഞ്ജു മണിക്കുട്ടന്‍ ജെസ്സിയുടെ സ്‌പോണ്‍സറുമായും, വിസ ഏജന്റുമായും ഫോണില്‍ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ രണ്ടു ദിവസത്തിനകം ഫൈനല്‍ എക്‌സിറ്റും, വിമാനടിക്കറ്റും നല്‍കാമെന്നും, കുടിശ്ശിക ശമ്പളം ഒരു മാസത്തിനകം നാട്ടില്‍ അയച്ചു തരാമെന്നും സ്‌പോണ്‍സര്‍ സമ്മതിച്ചു. സ്‌പോണ്‍സര്‍ ശമ്പളം അയച്ചു തന്നില്ലെങ്കില്‍ താന്‍ നേരിട്ട് നല്‍കാമെന്ന് ഏജന്റും ഉറപ്പു തന്നു.
ആ ധാരണകളുടെ അടിസ്ഥാനത്തില്‍ നാട്ടില്‍ പോകുന്നത് വരെ മഞ്ജു മണിക്കുട്ടന്റെയൊപ്പമാണ് ജെസ്സി തങ്ങിയത്.

മാറി ഉടുക്കാന്‍ ഒരു വസ്ത്രം പോലുമില്ലാത്ത അവസ്ഥയിലായിരുന്ന ജെസ്സിയ്ക്ക് നവയുഗം പ്രവര്‍ത്തകരായ ബിനീഷ്, നിസാമുദ്ദീന്‍ എന്നിവര്‍ വസ്ത്രങ്ങളും, ബാഗും, മറ്റു അത്യാവശ്യവസ്തുക്കളും വാങ്ങി നല്‍കി.
ഒരാഴ്ച കഴിഞ്ഞ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി, സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു, ജെസ്സി മാത്യു നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: ജെസ്സി മാത്യു (വലത്), മഞ്ജു മണിക്കുട്ടന്റെ ഒപ്പം.  
ദുരിതങ്ങള്‍ താണ്ടി നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക