Image

ഇതോ പ്രേക്ഷകര്‍ കാത്തിരുന്ന മാസ്റ്റര്‍ പീസ്?

Published on 03 January, 2018
ഇതോ പ്രേക്ഷകര്‍ കാത്തിരുന്ന മാസ്റ്റര്‍ പീസ്?
മമ്മൂട്ടിയുടെ സിനിമ എന്നൊക്കെ പറയുമ്പോള്‍ പ്രേക്ഷകര്‍ ഒരു മിനിമം ഗ്യാരന്റി പ്രതീക്ഷിക്കുക സ്വാഭാവികമാണ്. അതിലവരെ തെറ്റു പറയാന്‍ കഴിയില്ല. കാരണം പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ മഹാനടന്‍ എന്ന പേരിന് അര്‍ഹനായ നടനാണ് അദ്ദേഹം. ഒരു തുടക്കക്കാരനെ പോലെ കാണുന്ന സിനിമയിലെല്ലാം അഭിനയിച്ച് സ്വന്തം തട്ടകം ഉറപ്പിക്കാനുള്ള ശ്രമങ്ങളൊന്നും അദ്ദേഹത്തിനു നടത്തേണ്ട കാര്യമില്ല. തന്റെ ചിത്രങ്ങളുടെ പരാജയം കരിയറിനെ ബാധിക്കാത്ത വിധത്തില്‍ താരസിംഹാസനം ഉറപ്പിച്ചു കഴിഞ്ഞ നടനാണ് മമ്മൂട്ടി. 

എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ലബ്ധപ്രതിഷ്ഠ നേടിയ കലാകാരന്‍. അങ്ങനെയുള്ള മമ്മൂട്ടി ഇത്രയും ദുര്‍ബലമായ ഒരടിത്തറയില്‍ യാതൊരു കഥയുമില്ലാത്ത ഒരസംബന്ധ സിനിമയില്‍ അഭിനയിക്കുമോ എന്നു തോന്നിപ്പോകും. അതാണ് മാസ്റ്റര്‍ പീസ് എന്ന ചിത്രം.

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ആദ്യം സംവിധാനം ചെയ്ത സിനിമയായിരുന്നു രാജാധിരാജ .തിയേറ്ററില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ പടിയിറങ്ങി പോയ ഒരു സാദാ തട്ടുപൊളിപ്പന്‍ ചിത്രം. ആ ചിത്രത്തിന്റെ പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാനാകണം അജയ് വാസുദേവ് വീണ്ടും മമ്മൂട്ടിയെ തന്നെ നായകനാക്കി ഈ ചിത്രവും എടുത്തത്. ഉദയ്കൃഷ്ണയാണ് ഇതിന്റെ തിരക്കഥ. കാമ്പില്ലാത്ത കഥയും അസംബന്ധങ്ങള്‍ മാത്രം നിറഞ്ഞ കഥാ സന്ദര്‍ഭങ്ങളും. ഒരു സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ തന്നെ അത് വര്‍ക്കൗട്ടാകുമോ ഇല്ലയോ എന്ന് മനസിലാക്കാനുള്ള കഴിവ് തീര്‍ച്ചയായും മമ്മൂട്ടിയെ പോലെ വളരെ സീനിയറായ ഒരു നടന്‍ പ്രകടിപ്പിക്കേണ്ടതല്ലേ എന്ന ന്യായമായ സംശയവും ഉയരും. 

ഓണത്തിന് തിയേറ്ററുകളില്‍ എത്തിയ ലാല്‍ ജോസ് പടമായിരുന്നു വെളിപാടിന്റെ പുസ്തകം. അതു കണ്ട പ്രേക്ഷകരുടെ മനസില്‍ നിന്നും ആ കയ്പ് മാറും മുമ്പു തന്നെ അതേ രൂപത്തിലും ഭാവത്തിലും വാര്‍ത്തെടുത്ത മറ്റൊരു ചിത്രം കൂടിയാണ് അജ്‌യ് ഒരുക്കിയത്. പ്രമേയപരമായ ഒരുപാട് സാദൃശ്യങ്ങള്‍ ഈ രണ്ടു ചിത്രങ്ങളും തമ്മിലുണ്ട്. കഥ തുടങ്ങി ഒരു മണിക്കൂര്‍കഴിഞ്ഞാണ് മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. മിണ്ടിയാല്‍ അടിയാണ് ചിത്രത്തില്‍. ഈ അടിപിടിയും കാറിന്റെ നിരനിരയായുള്ള ഓട്ടവും പിന്നെ മമ്മൂട്ടിയുടെ സ്‌ളോ മോഷനും. അടിയും പഞ്ച് ഡയലോഗും കഴിഞ്ഞാല്‍ പിന്നെ സാധാരണക്കാര്‍ നടന്നു പോകുന്നതു പോലെ പോകാന്‍ താരങ്ങളെ പലപ്പോഴും സംവിധായകര്‍ അനുവദിക്കാറില്ല. ഈ ചിത്രത്തില്‍ മമ്മൂട്ടിയും അതുപോലെ തന്നെ. എഡ്വേര്‍ഡ് ലിവിങ്ങ്‌സ്‌റ്‌റണ്‍ എന്ന പേരുളള കോളേജ് അധ്യാപകന്‍. ക്രിമിനല്‍ പശ്ചാത്തലമുളള വ്യക്തി. വിദ്യാര്‍ത്ഥികളാണെങ്കില്‍ സദാസമയവും ചേരി തിരിഞ്ഞ് ഗുണ്ടായിസവും തമ്മില്‍ തല്ലും. പോരാത്തിന് അധ്യാപകന്റെ വക വേറെയും. ഇതിനിടയില്‍ ഒരു പെണ്‍കുട്ടിയുടെ ദുരൂഹ കൊലപാതകവും. 

ശക്തമായ ഒരു തിരക്കഥയുടെ അഭാവമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നതു പോലുള്ള കുറേ സംഭവ വികാസങ്ങളും. ഒട്ടും കൈയ്യടക്കമില്ലാതെ അവതരിപ്പിച്ചതു കൊണ്ടു തന്നെ വിരസത അനുഭവപ്പെടുന്നതില്‍ കുററം പറയാന്‍ കഴിയില്ല. ഈയടുത്ത സമയത്ത് മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ കഥാപാത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ നടിയും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും ഏവര്‍ക്കുമറിയാവുന്നതാണ്. ഇതിനെല്ലാം ഒരു പരിപാരമായിക്കോട്ടെ എന്നു കരുതിയാണോ എന്നറിയില്ല, ഈ ചിത്രത്തില്‍ സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായിട്ടാണ് മമ്മൂട്ടിയുടെ കഥാപാത്രം എത്തുന്നത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഒരു വാക്കു പോലും അദ്ദേഹ#ം ഈ ചിത്രത്തില്‍ പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. കൂടാതെ തന്നെ റാസ്‌ക്കല്‍ എന്നു വിളിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥയെ നോക്കി ചിരിച്ചുകൊണ്ടു കടന്നു പോകുന്നതല്ലാതെ മമ്മൂട്ടിയുടെ എഡ്വേര്‍ഡ് മറിച്ച് ഒരക്ഷരം പോലും പറയുന്നില്ല എന്നതും കാണാം. 

മുകേഷ്, ബിജുക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ജോണ്‍ കൈപ്പുള്ളി, ഗോകുല്‍ സുരേഷ്, കലാഭവന്‍ ഷാജോണ്‍, മക്ബൂല്‍ സല്‍മാന്‍, വരലക്ഷ്മി ശരത് കുമാര്‍, ലെന, സന്തോഷ് പണ്ഡിറ്റ്, ജനാര്‍ദ്ദനന്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, സുനില്‍ സുഖദ എന്നീ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആക്ഷന്‍ കൊറിയോഗ്രാഫി പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. ദീപക് ദേവിന്റെ സംഗീതം ശരാശരി നിലവാരം പുലര്‍ത്തിയപ്പോള്‍ വിനോദ് ഇല്ലംപള്ളിയുടെ ഛായാഗ്രഹണം മികച്ചതായി. അമിത പ്രതീക്ഷകളൊന്നുമില്ലാതെ പോകാന്‍ കഴിയുമെങ്കില്‍ ഈ ചിത്രം കാണാന്‍ പോകാം.     
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക