Image

മാപ്പു ചോദിക്കുന്നു മകളേ... (ഗദ്യ കവിത: ബെന്നി ന്യൂജേഴ്‌സി)

Published on 03 January, 2018
മാപ്പു ചോദിക്കുന്നു മകളേ... (ഗദ്യ കവിത: ബെന്നി ന്യൂജേഴ്‌സി)
മാപ്പു ചോദിക്കുന്നു മകളേ
നീ പിറക്കാതെപോയ തെറ്റിനായി

ആത്മഹത്യക്കും ജീവനുമിടയ്ക്കുള്ള
അവ്യക്തമാം നൂല്‍പാലയാത്രയില്‍
കല്‍കളിടറിയാ കാലവിഭ്രാന്തിയില്‍
ഒരു രാവുകൊണ്ടു വിപ്ലവം, ഒരു ചരിത്രം
മാറ്റിയെഴുതാമെന്ന വ്യര്‍ത്ഥമോഹങ്ങളില്‍
ഹൃത്തില്‍ മദിച്ചൊരു മാറ്റത്തിന്‍ ശീലുകള്‍
ജപിച്ചുനടന്ന പകലുകള്‍, നഗരവീഥികള്‍
ക്ലാസ്സുമുറികള്‍, ഹോസ്റ്റല്‍ വരാന്തകള്‍...

ചോദ്യങ്ങള്‍ ചോദിച്ചു തളര്‍ന്ന മാതുലര്‍
കനിവാല്‍ തലോടിയ ഗ്രാമവാസികള്‍..

മകളേ,
നിന്നമ്മതന്‍ ഉദരത്തില്‍ ഉരുവാകാന്‍
വിധിയില്ലാതെയലയുന്ന നിന്നോര്‍മ്മകള്‍
അറ്റുപോയി നിന്‍ ചിറകുകള്‍ പറക്കും മുമ്പേ,
നിന്‍ താരാട്ടുമിന്നീ പുഴയില്‍ ഒഴുകിയകലുന്നു..

കരിന്തിരിയെരിയുന്നു, നിന്‍ നൂപുരധ്വനിക്കായി
കാത്തിരുന്ന നൃത്തമണ്ഡപങ്ങളില്‍
ഊര്‍വ്വരമായ നിന്നമ്മതന്‍ മുലപ്പാലുറഞ്ഞതില്‍
നൊമ്പരമെന്തെന്നറിയുന്നുവോ ഓമനേ നീ?

ഇസബെല്ലാ,
പിറക്കാഞ്ഞ നിന്‍ മകളുടെ രോദനം
മറുകരയില്‍ മുഴങ്ങുന്നൊരു മാറ്റൊലിയായി..
തിരകള്‍തന്‍ ആരവം കേട്ടുകേട്ടുനീയാ
യഴിമുഖത്തു തന്നെ മയങ്ങുന്നുവോയീ ജന്മം?

നീ വാങ്ങിയ കളിപ്പാട്ടങ്ങള്‍, കുഞ്ഞുടുപ്പുകള്‍
ചിലങ്കകള്‍ മുത്തുമാലകള്‍, മണിത്തൊട്ടിലുകള്‍
ഈണമിട്ട താരാട്ടുപാട്ടുകള്‍, മുത്തശ്ശിക്കഥകള്‍..

ആര്‍ദ്രമായവള്‍ തന്‍ കണ്ണുകള്‍ കൃഷ്ണമണികള്‍
സ്വപ്‌നനൃത്തങ്ങള്‍ പൊട്ടിച്ചിരികള്‍...

സഖീ...നീയെവിടെയാണ്?....വരിക...

കൈകള്‍ കോര്‍ത്തുപിടിച്ചീ കദനക്കയം നീന്തി
മറുകരയിലേക്കു ചേക്കാറാമീ ത്രിസന്ധ്യയില്‍
ഓര്‍മ്മകള്‍ തെറുത്തൊരു മാറാപ്പിലാക്കിയി
മണല്‍ക്കാട്ടിലൂടെ തുഴഞ്ഞു നീങ്ങാമിനി...
കാലിടറുമ്പോളൊരു തുണയായൊരു താങ്ങായി
മനമിടറുമ്പോളലിയുന്നൊരു തുഷാര ബിന്ദുവായി
ഒരു തണലായി, നീയിന്നെന്‍ ചാരത്തുകൂടെ വരൂ സഖീ....

നമുക്കീ നീലരാവിന്‍ മറുകരയിലൊരു
മുന്തിരിത്തോട്ടം നട്ടുവളര്‍ത്താം....
മുല്ലവള്ളികളാലൊരു ഊഞ്ഞാലുകെട്ടി
പുതിയൊരു താരാട്ടിനീണമിടാം...
പിറക്കാഞ്ഞമകള്‍ ചിലങ്കയണിഞ്ഞിതാ താരാട്ടു താളത്തില്‍
ആല്‍ത്തറയില്‍ ചുവടുവയ്ക്കുന്നതു കണ്ടിരിക്കാം...

ഋതുഭേദങ്ങളില്‍,
കലാലയ വാകമരച്ചുവട്ടിലാ നിറംമങ്ങാത്ത സ്മരണകള്‍
ഞെട്ടറ്റുവീണയാക്കിനാക്കളുമിയാത്രയില്‍ നഷ്ടമായോ?

വിക്ടറി സ്റ്റാന്‍ഡിലോ കാലം പിറകോട്ടുപോകുന്നു
ദേശാടനക്കിളികളും പണ്ടേയെങ്ങോ പറന്നകന്നു..

മലയോരത്തു നീലക്കുറിഞ്ഞികള്‍ പൂത്തിറങ്ങിയിട്ടും
താഴ്‌വാരങ്ങളില്‍ പനിനീര്‍പ്പുവുകള്‍ നൃത്തമാടിയിട്ടും
സഖീ, നിന്‍ മിഴികളിലെന്തേ വസന്തകാല സ്വപ്‌നങ്ങളില്ല
വീണയില്‍ നാദബ്രഹ്മവിസ്മയില്ല..

പാടുക, പാടുക സഖിയീ രാവു തീരുവോളം
ഉറക്കുംപാട്ടിന്‍ സാന്ദ്രതയീലുണര്‍ത്തും പാട്ടില്‍ മന്ത്രധ്വനിയില്‍
പിറക്കാഞ്ഞ മകള്‍ക്കായീ പൂലരിയില്‍
നമുക്കീ പുഴയോരത്തു ബലിയിടാം
കൈകൊട്ടിനായി കാത്തിരിക്കുന്ന ബലികാക്കകളാലവള്‍
പുനര്‍ജ്ജനിക്കട്ടെ......പുനര്‍ജ്ജനിക്കട്ടെ...
വരും ജന്മത്തില്‍...പുനര്‍ജ്ജനിക്കട്ടെ...
മകളെ ....മാപ്പ്......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക