Image

പ്രവാസികളുടെ ഒന്നാംപുസ്തകം(ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 04 January, 2018
പ്രവാസികളുടെ ഒന്നാംപുസ്തകം(ഡോ.നന്ദകുമാര്‍ ചാണയില്‍)
'ലാന' യുടെ പത്താം ദൈവ വാര്‍ഷികയോഗത്തില്‍ പുസ്തകപരിചയ ചര്‍ച്ചയില്‍ അവതരിപ്പിച്ചത്.

തന്റേതായ ചെറുകഥാ രചനാപാടവത്തിലൂടെ നല്ലൊരു കാഥികന്‍ എന്ന ലബ്ധ-പ്രതിഷ്ഠ നേടിയെടുത്തതിനുശേഷം, ശ്രീ.സാംസി കൊടുമണ്‍ നോവല്‍ സാഹിത്യത്തിലേക്കും തന്റെ തട്ടകം ഒന്നു മാറ്റിയിരിക്കുന്നു. ആദ്യ നോവല്‍ കൃതിക്കു തന്നെ നല്ലവരവേല്പാണ് ലഭിച്ചിരിക്കുന്നത്. അതേ, അമേരിക്കയിലേക്കുള്ള മലയാളികളുടെ കുടിയേറ്റ ചരിത്രവും, അവരുടെ ജീവിതത്തിലെ ദ്വന്ദ്വഭാവങ്ങളും, സംഘര്‍ഷങ്ങളും, ഗൃഹാതുരത്വവും എല്ലാം സമഗ്രമായി പ്രതിപാദിക്കുന്ന ആദ്യത്തെ നോവലാകയാല്‍ എന്തുകൊണ്ടും ഇത് പ്രവാസികളുടെ ഒന്നാം പുസ്തകം തന്നെ. അമേരിക്കന്‍ ജീവിതത്തെ, അല്ലെങ്കില്‍ അനുഭവങ്ങളെ ആസ്പദമാക്കിയുള്ള നല്ല രചനകള്‍ ഇവിടുത്തെ എഴുത്തുകാരില്‍ നിന്നും ഉണ്ടാകുന്നില്ല എന്നുള്ള പരാതിക്കുള്ള പ്രത്യുത്തരമായി ശ്രീ.സാംസി കൊടുമണ്ണിന്റെ കന്നി നോവല്‍ വിലസുമെന്നുള്ളതിന് സംശയമില്ല.

സാധാരണക്കാരില്‍ സാധാരണക്കാരായ  ഒരു പറ്റം മലയാളി അമേരിക്കന്‍ കുടിയേറ്റക്കാരുടെ അസാധാരണ ജീവിതാനുഭവങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ വരച്ചുകാണിച്ചതുകൊണ്ടാകാം സാംസിയുടെ 'പ്രവാസികളുടെ ഒന്നാം പുസ്തകം' എന്ന കൃതി ജീവിതഗന്ധിയായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നത്. ഈ പുസ്തകത്തിലെ കഥാപാത്രങ്ങളും വസ്തുതകളും നമ്മളില്‍ പലരും നമ്മുടേതുമാണ്. അത്രമേല്‍ അനുഭവവേദ്യമായ പ്രമേയങ്ങളാണ് സാംസി കൊടുമണ്‍ എന്ന പ്രതിഭാസമ്പന്നന്റെ തൂലികയില്‍ നിന്നും ഇറ്റിറ്റു വന്നിരിക്കുന്നത്. സാംസിയുടെ കഥനത്തിന്റെ ഇടയ്‌ക്കെല്ലാം ദാര്‍ശനികചിന്തകള്‍ വേണ്ടുവോളം കാണാം. നീതിബോധത്തെക്കുറിച്ചും സാംസി വാചാലനാണ്.  ആള്‍ ദൈവങ്ങളേയും അവരുടെ കുടിലതകളേയും എല്ലാം കഥാപാത്രങ്ങളിലൂടെ നിശിതമായി ഇതില്‍ വിമര്‍ശനം ചെയ്യുന്നുണ്ട്.

പച്ചയായ ജീവിതത്തിന്റെ അകവും പുറവും ഈ എഴുത്തുകാരന്‍ നമുക്കു കാട്ടിത്തരുന്നുണ്ട്. ഈ പുസ്തകത്തില്‍ ചരിത്രമുണ്ട്, വ്യത്യസ്ത സംസ്‌കാരങ്ങളുണ്ട്, ആദര്‍ശനങ്ങളുണ്ട്, ആത്മകഥാംശമുണ്ട്, വാശിയുണ്ട്, പകയുണ്ട്, വിദ്വേഷമുണ്ട് സ്‌നേഹമുണ്ട്, സഹതാപമുണ്ട്, വഞ്ചനയുണ്ട്, കെണിയുണ്ട്, വ്യാമോഹങ്ങളും മോഹങ്ങളും മോഹഭംഗങ്ങളുമുണ്ട്, ശത്രുതയുണ്ട്, അഹന്തയുണ്ട്, ദൈന്യമുണ്ട്, നാശമുണ്ട്, രതിയുണ്ട്, ആനന്ദമൂര്‍ച്ഛയുണ്ട്, സദാചാരചിന്തയുണ്ട്, ദാര്‍ശനികതയുണ്ട്, എല്ലാറ്റിനുമുപരിയായി സമൂഹത്തോടുള്ള എഴുത്തുകാരന്റെ പ്രതിബദ്ധതയുണ്ട്. എന്താണ് ഇതിലില്ലാത്തത് എന്നേയുള്ളൂ ചോദ്യം.

അപൂര്‍വ്വമായൊരു ലാളിത്യഭംഗി ഈ കൃതിക്കുണ്ട്. വശ്യകോമളമായ ഭാഷയുടെ ചാരുത ഈ കൃതിയുടെ മേന്മ വര്‍ദ്ധിപ്പിക്കുന്നു. കഥക്കുള്ളില്‍ കഥയും(Russian dolls പോലെ) വ്യത്യഷക്തമായ ഉപകഥകളും സംശ്ലേഷിച്ചു കൊണ്ടുള്ള പുത്തന്‍ ആവിഷ്‌കാരരീതിയും ഈ പുസ്തകത്തിന്റെ സവിശേഷതയാണ്.

ആദ്യകാല മലയാളി കുടിയേറ്റക്കാരുടെ അങ്കലാപ്പുകളും, നൊമ്പരങ്ങളും, പങ്കപ്പാടുകളും, ഇക്കരെയാണെന്റെ താമസം, അക്കരെയാണെന്റെ മാനസം എന്ന സങ്കല്പത്തില്‍ നിന്നും കടുകിട വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത, അല്ലെങ്കില്‍ മോചനം കിട്ടാത്തവരുടെ മാനസിക പിരിമുറുക്കങ്ങളും, അവരുടെ ഉപജീവനവും, അതിജീവനുമാണ് ഈ നോവലിലെ ഇതിവൃത്തം. അമേരിക്കന്‍ മലയാളി കുടിയേറ്റക്കാരനായ ഒരെഴുത്തുകാരന്റെ കൈരളിക്കുള്ള നിവേദ്യമാണ് ഈ കൃതി. സാഹിതീ തല്പരരായ വായനക്കാര്‍ക്കെല്ലാം ആസ്വദിക്കാന്‍ തക്ക ലളിതസുന്ദരശൈലിയിലുള്ള ഈ ഗ്രന്ഥത്തിനും അതിന്റെ ശില്പിക്കും അനുമോദനങ്ങളും ഒപ്പം ഭാവുകങ്ങളും നേരുന്നു. പ്രവാസികളുടെ ഒന്നാം പുസ്തകത്തിന്റെ അനേകം പിന്തുടര്‍ച്ചക്കാര്‍ ഈ അനുഗ്രഹീത എഴുത്തുകാരനില്‍ നിന്നും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ, വിട.

P.S: വായിക്കാത്തവര്‍ വായിക്കേണ്ട ഒരു പുസ്തകമാണെന്നും എളിയ അഭിപ്രായമുണ്ട്. പുസ്തകത്തിനായി 516 877 1236 ല്‍ വിളിച്ചാലും.

പ്രവാസികളുടെ ഒന്നാംപുസ്തകം(ഡോ.നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക