Image

കാര്‍ഷിക വിഷയങ്ങളുന്നയിച്ചുകൊണ്ട് കെസിബിസി സര്‍ക്കുലര്‍; ജനുവരി 15ന് ഇന്‍ഫാം കര്‍ഷകദിനത്തിന് ആഹ്വാനം

Published on 05 January, 2018
കാര്‍ഷിക വിഷയങ്ങളുന്നയിച്ചുകൊണ്ട് കെസിബിസി സര്‍ക്കുലര്‍; ജനുവരി 15ന് ഇന്‍ഫാം കര്‍ഷകദിനത്തിന് ആഹ്വാനം
കൊച്ചി: കാര്‍ഷികമേഖലയിലെ വിവിധ പ്രശ്‌നങ്ങളുന്നയിച്ചുകൊണ്ടും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചും കര്‍ഷകര്‍ സംഘടിച്ചുനീങ്ങി രാഷ്ട്രീയ നിലപാടുകളെടുത്ത് കര്‍ഷകസംരക്ഷണത്തിനായി ഭരണത്തില്‍ പങ്കാളികളാകേണ്ട ആവശ്യകത ചൂണ്ടിക്കാട്ടിയും കേരള കത്തോലിക്കാ മെത്രാന്‍ സമിതി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 2018 ജനുവരി 7-ാം തീയ്യതി ഞായറാഴ്ച ഈ സര്‍ക്കുലര്‍ കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കാ സഭകളിലെ എല്ലാ ദൈവാലയങ്ങളിലും, ദിവ്യബലി അര്‍പ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും വായിക്കുകയോ, ഇതിലെ ആശയങ്ങള്‍ വിശ്വാസിസമൂഹത്തിന് വിശദീകരിച്ചുകൊടുക്കുകയോ ചെയ്യേണ്ടതാണെന്നും നിര്‍ദ്ദേശിക്കുന്നു.

ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റി(ഇന്‍ഫാം)ന്റെ ആഭിമുഖ്യത്തില്‍ ജനുവരി 15ന് കര്‍ഷക ദിനമായി ആചരിക്കാനും കര്‍ഷകര്‍ സംഘടിച്ചുനീങ്ങേണ്ടത് വളരെ അടിയന്തരമാണെന്നും ഇന്‍ഫാം എപ്പിസ്‌കോപ്പല്‍ അഡൈ്വസര്‍ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോളവല്‍ക്കരണത്തിന്റെയും കമ്പോളവല്‍ക്കരണത്തിന്റെയും ഈ കാലഘട്ടത്തില്‍ കാര്‍ഷികമേഖലയില്‍ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്‌നങ്ങള്‍ ഇന്‍ഫാം സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷികോല്പന്നങ്ങളുടെ വില തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നു. ഉല്പാദനച്ചെലവ് വര്‍ദ്ധിക്കുന്നു. തൊഴിലാളി ക്ഷാമം രൂക്ഷമാണ്. വന്യമൃഗശല്യംമൂലം വിളകള്‍ നശിപ്പിക്കപ്പെടുന്നു. കാലാവസ്ഥാവ്യതിയാനം കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ച് ഉല്പാദനത്തിലും വന്‍ ഇടിവ് സൃഷ്ടിച്ചിരിക്കുന്നു. കടബാധ്യത കര്‍ഷകന്റെ ഉറക്കംകെടുത്തുകമാത്രമല്ല ജീവനും തട്ടിയെടുക്കുന്നു. കീടബാധമൂലം വിളകള്‍ നശിക്കുന്നു.

പകലന്തിയോളം പണിയെടുത്ത് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കളും വ്യവസായങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃതവസ്തുക്കളും ഉല്പാദിപ്പിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തരവും ഫലപ്രദവുമായ ഇടപെടല്‍ അനിവാര്യമാണെന്നും സൂചിപ്പിക്കുന്നു.

കാര്‍ഷികോല്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തണം. മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ കര്‍ഷകര്‍ക്ക് അധികവരുമാനം ലഭ്യമാക്കണം. മലയോരമേഖലയിലെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കണ്ടെത്തണം. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം. കര്‍ഷകന് പലിശരഹിതവായ്പ ലഭ്യമാക്കണം. നാടിനുവേണ്ടി സേവനം ചെയ്യുന്ന കര്‍ഷകന് വാര്‍ദ്ധക്യാവസ്ഥയില്‍ പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ നല്‍കണമെന്ന 2015 ലെ സംസ്ഥാന കാര്‍ഷികനയത്തിലെ നിര്‍ദ്ദേശം നടപ്പിലാക്കണം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിക്കണം. കര്‍ഷകപ്രതിനിധികളെ ഉള്‍പ്പെടുത്തി കാര്‍ഷിക കമ്മീഷന്‍ രൂപീകരിക്കണം. ഇത്തരം ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കണമെങ്കില്‍ ജാതിമതഭേദമെന്യേ കര്‍ഷകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്യുന്നു.

കാര്‍ഷികവൃത്തിയോടുള്ള യുവജനതയുടെ അവഗണനയും ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്. ആദായകരമല്ലാത്തതുകൊണ്ടും കര്‍ഷകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതുകൊണ്ടും യുവജനങ്ങള്‍ കാര്‍ഷികവൃത്തിയില്‍ നിന്നും അകന്നുനില്‍ക്കുകയാണിന്ന്. ഇത് ആശങ്കാജനകമായ അവസ്ഥയാണ്. വരുംതലമുറകളും കാര്‍ഷികവൃത്തിയില്‍ തുടര്‍ന്നാല്‍മാത്രമേ രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുവാന്‍ സാധിക്കുകയുള്ളൂവെന്നും സര്‍ക്കുലര്‍ പറയുന്നു.

അവകാശങ്ങള്‍ നേടിയെടുക്കുവാനുള്ള പോരാട്ടങ്ങളോടൊപ്പം സ്വയം പര്യാപ്തത കൈവരിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും കര്‍ഷകര്‍ ചിന്തിക്കേണ്ടതുണ്ട്. ഏകവിളയില്‍ നിന്നും ബഹുവിളകൃഷിയിലേയ്ക്ക് കര്‍ഷകര്‍ മാറണം. ജൈവകൃഷിരീതി അവലംബിക്കണം. അടുക്കളത്തോട്ടങ്ങളില്‍ വിഷരഹിത പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഉല്പ്പാദിപ്പിച്ച് ഭക്ഷ്യസുരക്ഷയും ആരോഗ്യസുരക്ഷയും ഉറപ്പുവരുത്തണം. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ ഇടവകതോറും ഞായറാഴ്ച ചന്തകള്‍ ആരംഭിക്കണം. പാഴായിപ്പോകുന്ന ചക്ക, കശുമാമ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി മാറ്റുവാനുള്ള സംരംഭങ്ങള്‍ തുടങ്ങണം. പശുവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ തുടങ്ങിയ സംരംഭങ്ങളിലൂടെ അധികവരുമാനം ഉറപ്പുവരുത്തണം. ഗ്രാമസഭകളില്‍ സജീവമായി പങ്കെടുക്കുകയും കാര്‍ഷികപ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും വേണം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പ്രാദേശികതലത്തില്‍ കര്‍മ്മസമിതികള്‍ രൂപീകരിക്കണം. തൊഴിലാളിക്ഷാമം പരിഹരിക്കാനും ഉല്പദനച്ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടുകൊണ്ട് പണ്ടുകാലത്ത് ഉണ്ടായിരുന്ന മാറ്റാള്‍പണി പുനരാരംഭിക്കണം. ഇത്തരം ക്രിയാത്മക മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഒരു പരിധിവരെ സ്വയം പര്യാപ്തത കൈവരിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കണമെന്നും സര്‍ക്കുലര്‍ സൂചിപ്പിക്കുന്നു.

കാര്‍ഷികമേഖലയോടൊപ്പം സഭാവിശ്വാസികള്‍ ഉപജീവനത്തിനായി ഏറെ ആശ്രയിക്കുന്ന മത്സ്യബന്ധനമേഖലയും നമ്മുടെ വിചിന്തനത്തിന് വിധേയമാക്കണമെന്ന് ഞാന്‍ കരുതുന്നു. കടലിന്റെ മക്കള്‍ ഇന്ന് അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ആശങ്കാജനകവും ഭീതിജനകവുമാണ്. അടുത്തനാളില്‍ കേരളത്തിലുള്‍പ്പെടെ വീശിടയിച്ച ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തങ്ങള്‍ ഏറെ അനുഭവിച്ചത് മത്സ്യത്തൊഴിലാളികളാണ്. തീരദേശജനതയുടെ പുനരുദ്ധാരണത്തിന് ഒറ്റക്കെട്ടായി കൈകോര്‍ക്കാന്‍ കെസിബിസി ആഹ്വാനം ചെയ്യുന്നു. വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. വള്ളവും വലയും ബോട്ടും നഷ്ടമായവര്‍ക്ക് പൂര്‍ണ്ണനഷ്ടപരിഹാരം ലഭ്യമാക്കണം. മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ എഴുതിത്തള്ളണം. മേലില്‍ ഇത്തരം വന്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കണം. ന്യായമായ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ജനകീയ സര്‍ക്കാരിന് ധാര്‍മ്മികബാധ്യതയുണ്ടെന്ന കാര്യം ബോധ്യപ്പെടുത്തട്ടെ. മലയോര തീരദേശ കര്‍ഷകസമൂഹം സംഘടിച്ചുനീങ്ങേണ്ടതും സഹകരിച്ചുപ്രവര്‍ത്തിക്കേണ്ടതും അടിയന്തരമാണ്.

ആഗോളതലത്തിലെ കാര്‍ഷിക വ്യാപാരമാറ്റങ്ങളെയും കരാറുകളെയും നമ്മള്‍ നോക്കിക്കാണുകയും പഠിക്കുകയും വിലയിരുത്തുകയും വേണം. രാജ്യാന്തര കാര്‍ഷികവിപണിയായി ഇന്ത്യ മാറുമ്പോള്‍ ഈ മണ്ണിലെ കര്‍ഷകരും സംരക്ഷിക്കപ്പെടണം. ലോകവിപണികളുമായി മത്സരിക്കുവാനുള്ള കരുത്ത് നാം ആര്‍ജിക്കണം. ഇതിനായി സംഘടിച്ചുനീങ്ങുന്നതിനോടൊപ്പം രാഷ്ട്രീയ നിലപാടുകളും ഭരണപങ്കാളിത്തങ്ങളും കര്‍ഷകര്‍ക്കുണ്ടാകണമെന്നും സൂചിപ്പിക്കുന്നു.

കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ തീരുമാനപ്രകാരം 2010 മുതല്‍ എല്ലാവര്‍ഷവും ജനുവരി 15 ഇന്‍ഫാം കര്‍ഷകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷവും വിപുലമായ പരിപാടികളാണ് കര്‍ഷദിനത്തോടനുബന്ധിച്ചുള്ളത്. കര്‍ഷകസെമിനാറുകളും പൊതുയോഗങ്ങളും സംഘടിപ്പിച്ചുകൊണ്ട് കാര്‍ഷികപ്രശ്‌നങ്ങള്‍ ഭരണാധികാരികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍പെടുത്തുവാനും വിഘടിച്ചുനില്‍ക്കാതെ സംഘടിച്ചുനീങ്ങേണ്ടതിന്റെ ആവശ്യകത കര്‍ഷകരെ ബോധ്യപ്പെടുത്തുവാനും കര്‍ഷകദിനത്തില്‍ പദ്ധതികളുണ്ട്.

കര്‍ഷകരോടൊപ്പം കത്തോലിക്കാസഭ നിലകൊള്ളുമെന്ന് ആവര്‍ത്തിച്ചുപറയുന്നതിനോടൊപ്പം ജീവിക്കുവാന്‍ വേണ്ടിയുള്ള ഇന്നലകളിലെ കുടിയേറ്റ കാലഘട്ടങ്ങളിലും സര്‍ക്കാരുകളുടെ അതിക്രൂരമായ കുടിയിറക്കുവേളകളിലും അഭിവന്ദ്യരായ സഭാപിതാക്കന്മാരും, വൈദികരും, അല്മായരും പ്രവാചകധീരതയോടെ കര്‍ഷകര്‍ക്കൊപ്പം നിലകൊണ്ട് പോരാടിയ ചരിത്രം സര്‍ക്കുലറില്‍ പ്രത്യേകം സ്മരിക്കുന്നു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക