Image

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും

Published on 05 January, 2018
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും
കണ്ണൂര്‍: ഉഡാന്‍ പദ്ധതിയില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അഥോറിറ്റിയും ധാരണാപത്രം ഒപ്പുവച്ചതായി കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എംഡി പി. ബാലകിരണ്‍ അറിയിച്ചു.

യാത്രക്കാര്‍ കുറവുള്ള സര്‍വീസുകളുടെ റവന്യു നഷ്ടം പരിഹരിക്കുന്നതിന് വയബിലിറ്റി ഗ്യാപ് ഫണ്ടായി 20 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാനാണ് ധാരണ.

സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ കമ്പനികള്‍ കണ്ണൂരില്‍ നിന്ന് ചെന്നൈ, ഗാസിയാബാദ്, ബംഗളൂരു, ഹൂബ്‌ളി, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇതിനു പുറമെ ജെറ്റ് എയര്‍വെയ്‌സ്, ഗോ എയര്‍ കമ്പനികള്‍ കണ്ണൂരില്‍ നിന്ന് ദമാം, അബുദാബി എന്നിവിടങ്ങളിലേക്ക് യഥാക്രമം ഇന്‍റര്‍നാഷണല്‍ സര്‍വീസ് നടത്താനും ധാരണയായിട്ടുണ്ട്.

എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ്, എത്തിഹാദ്, ഒമാന്‍ എയര്‍, എയര്‍ ഏഷ്യ, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ശ്രീലങ്കന്‍ എയര്‍വെയ്‌സ്, ടൈഗര്‍ എയര്‍വെയ്‌സ് എന്നീ കമ്പനികളും കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് എംഡി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക