Image

പൂരത്തിന്റെ നാട്ടില്‍ കലയുടെ പൂരം

അനില്‍ പെണ്ണുക്കര Published on 06 January, 2018
പൂരത്തിന്റെ നാട്ടില്‍ കലയുടെ പൂരം
തൃശ്ശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്കൂള്‍ കലോത്സവത്തിന് തൃശൂരില്‍ മിഴി തുറന്നു .. ലോക പ്രശസ്തമായ തൃശൂര്‍ പൂരത്തിന്റെയും പുലിക്കളിയുടെയും ശക്തന്‍ തമ്പുരാന്റെയും നാട്ടില്‍ ഇനിയുള്ള അഞ്ച് ദിവസങ്ങള്‍ നാട്യ നടന കലാവൈഭവങ്ങളുടെ അമിട്ടുകള്‍ പൊട്ടിവിരിയും. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ പ്രധാന വേദിയായ നീര്‍മാതളത്തില്‍ നടന്ന ചടങ്ങ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

മനുഷ്യമനുസ്സുകളെ ആര്‍ദ്രമാക്കുകയും ചിന്തകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സംസ്കൃതിയുടെ ഉത്സവമാണ് കല എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സാംസ്കാരിക പ്രതിരോധം അത്യാവശ്യമായ നിലവിലെ സാഹചര്യത്തില്‍ കലാപരമായ ആവിഷ്കാരത്തിന്റെ സമന്വയം വേണം. ജാതിമതഭേദങ്ങള്‍ക്കതീതമാവുമ്പോഴാണ് കല സംസ്കൃതിയുടെയും കലര്‍പ്പിന്റെയും ഉത്സവമാകുന്നത്. അതുകൊണ്ട് കലകളെ പരിപോഷിപ്പിക്കാനുളള ഒട്ടേറെ മാതൃകകള്‍ രൂപപ്പെടുത്തേണ്ടതുണ്ട്.

സംസ്കാരം ശുദ്ധമായിരിക്കണമെന്നും കലര്‍പ്പ് പാടില്ലെന്നുമുള്ള വളര്‍ന്നുവരുന്ന ചിന്ത ശരിയല്ല. സംസ്കാരം കലര്‍പ്പിന്റെ ഉത്സവമാണ്. കലോത്സവങ്ങള്‍ സാംസ്കാരിക പ്രതിരോധത്തിന്റെ ശക്തമായ സമ്മേളനമാണ്. എല്ലാ കലാരൂപത്തിന്റെയും ആവിഷ്കാര വേദിയാണ് സംസ്ഥാന സ്കൂള്‍ കലോത്സവമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കലോത്സവ പ്രതിഭകളെ കേരളത്തിന്റെ അഭിമാനമാക്കി വളര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവം, കായികോത്സവം, ശാസ്‌ത്രോത്സവം എന്നിവയിലൂടെ ഉയര്‍ന്നു വന്ന പ്രതിഭകളെ ഒന്നിച്ച് ചേര്‍ത്ത് സര്‍ക്കാര്‍ സര്‍ഗോത്സവം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യവേദിയുടെ പേരിലുളള നീര്‍മാതാളതൈ നല്‍കിയാണ് ഉദ്ഘാടകനായ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കലോത്സവവേദിയിലേക്ക് സ്വാഗതം ചെയ്തത്. തനതുകലകളുടെ ദൃശ്യാവിഷ്ക്കാരവുമായി വിസ്മയ കാഴ്ചകളുടെ അകമ്പടിയോടെയാണ് 58മത് സ്കൂള്‍ കലോത്സവത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തിരിതെളിയിച്ചത്. പ്രധാന വേദിയായ നീരമാതളത്തിനു മുന്നിലാണ് കണ്ണിനും മനസ്സിനും കുളിര്‍മ്മയേകുന്ന കേരളീയ തനതുകലകളുടെ അവതരണം നടന്നത്.
ചരിത്രത്തിലാദ്യമായി സ്കൂള്‍ കലോത്സവറാലിക്കു പകരമായി സൂര്യകൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തില്‍ നടന്ന ദൃശ്യവിസ്മയത്തില്‍ 1000 കുട്ടികളുടെ മെഗാ തിരുവാതിരക്കളി, പൂരക്കളി, പുലിക്കളി, ഒപ്പന, വട്ടപ്പാട്ട്, കോല്‍ക്കളി, ചവിട്ടു നാടകം തുടങ്ങിയ കലകളുടെ അവതരണവും കാണികള്‍ക്ക് വേറിട്ട അനുഭവമായി. പ്രധാനവേദിയായ നീര്‍മാതളത്തിനു മുന്നിലെ 12 മരചുവടുകളില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കലാരൂപങ്ങള്‍ ചുവടുവെച്ചത്. വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് പാരമ്പര്യ കലാവിഷ്ക്കാരങ്ങളെ ആധുനിക കാലത്തേക്ക് കൈപ്പിടിച്ചുയര്‍ത്തിയത്.

മുരുകന്‍ കാട്ടാക്കട എഴുതി എം.ജി.ശ്രീകുമാര്‍ ഈണമിട്ട് 58 അദ്ധ്യാപകര്‍ ആലപിച്ച സ്വാഗതഗാനവും അതിന്റെ നൃത്താവിഷ്ക്കാരവും കാണികള്‍ക്ക് വിരുന്നായി. തുടര്‍ന്ന് പെരുവനം കുട്ടന്‍മാരാരുടെ മേല്‍നോട്ടത്തില്‍ പെരുവനം ശങ്കരന്‍മാരാരുടെ അഷ്ടപദിയോടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു.
മേയര്‍ അജിത ജയരാജന്‍, എം പി മാരായ സി എന്‍ ജയദേവന്‍, പി കെ ബിജു, സി പി നാരായണന്‍, എം എല്‍ എ മാരായ അഡ്വ. കെ രാജന്‍, ഗീതാഗോപി, ബി ഡി ദേവസ്സി, കെ വി അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, ഇ ടി ടൈസണ്‍ മാസ്റ്റര്‍, അഡ്വ. വി ആര്‍ സൂനില്‍കുമാര്‍, യു. ആര്‍. പ്രദീപ്, പ്രൊഫ. കെ യു അരുണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍മാരാര്‍, പി ജയചന്ദ്രന്‍, ജയരാജ് വാര്യര്‍, സൂര്യകൃഷ്ണാമൂര്‍ത്തി, മൃദംഗ വിദ്വാന്‍ ചേര്‍ത്തല എ കെ രാമചന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശികന്‍, സബ് കളക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
സ്വാഗതഗാനമെഴുതിയ മുരുകന്‍ കാട്ടാക്കടയെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും സൂര്യകൃഷ്ണാമൂര്‍ത്തിയെ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും ആദരിച്ചു.

കലോത്സവ ലോഗോ രൂപകല്‍പന ചെയ്ത സൈമണ്‍ പയ്യന്നൂരിനെ മന്ത്രി എ. സി. മൊയ്തീനും ആദ്യ കലോത്സവത്തിലെ മൃദംഗ വിജയി ചേര്‍ത്തല എ കെ രാമചന്ദ്രനെ മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറും ആദരിച്ചു. മെഗാതിരുവാതിര ചിട്ടപ്പെടുത്തിയ മാലതി ജി മേനോനെ മേയര്‍ അജിത ജയരാജനും ആദരിച്ചു. ശുചിത്വ മിഷന്റെ ഉപഹാരം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സ്പീക്കര്‍ക്ക് കൈമാറി. കലോത്സവ തപാല്‍ സ്റ്റാമ്പ് മന്ത്രി എ സി മൊയ്തീന്‍ പ്രകാശനം ചെയ്തു. ഗായകന്‍ പി ജയചന്ദ്രന്‍ ഗാനം ആലപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ നന്ദി പറഞ്ഞു.

മലയാളത്തിന്റെ ലോക പ്രശസ്ത എഴുത്തുകാരി കമലാ സുരയ്യക്ക് ഏറെ പ്രിയങ്കരമായ നീര്‍മാതളം, പരിസരം മുഴുക്കെ പരിമളം പരത്തി പൂത്തുലയുന്ന നിശാഗന്ധി, നീലക്കുറിഞ്ഞി, തേന്‍വരിക്ക, ചെമ്പരത്തി, നന്ത്യാര്‍വട്ടം, കുടമുല്ല, മഞ്ചാടി, കണിക്കൊന്ന, നീലത്താമര, ചന്ദനം തുടങ്ങി മരങ്ങളുടെയും ചെടികളുടെയും പേരുകള്‍ വഹിക്കുന്ന 24 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. കലോത്സവ മാന്വല്‍ പരിഷ്ക്കരിച്ചതിനു ശേഷമുള്ള ആദ്യ കലോത്സവം എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യത്യസ്ത ആശയങ്ങള്‍ കലോത്സവ നഗരിയില്‍ നടപ്പാക്കും.

കലോത്സവ വേദിയിലെത്തുന്ന കുട്ടികള്‍ക്ക് നല്‍കാനായി പേപ്പര്‍ വിത്ത് പേനകള്‍, എല്ലാ വേദികളിലും കുടിവെള്ളവുമായി മണ്‍കൂജകള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസിനും സ്റ്റീല്‍ ഗ്ലാസിനും പകരം മുളനിര്‍മിത ഗ്ലാസ്, മുഴുവന്‍ വേദികളിലുമായി 100 മുളക്കുടിലുകള്‍, വളണ്ടിയര്‍മാര്‍ക്ക് പ്രത്യേക തൊപ്പിയും ഗ്രീന്‍ ബാഡ്ജും തുടങ്ങി വ്യത്യസ്തതകള്‍ നിരവധിയാണ്. കേരള ബാംബൂ കോര്‍പ്പറേഷന്‍ പ്രധാന വേദിക്ക് സമീപമൊരുക്കുന്ന മുളവീടായിരിക്കും കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുക.

കലോത്സവത്തില്‍ മത്സരിച്ച് ഏ ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടികളുടെ സ്റ്റാമ്പ് പുറത്തിറക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ്, എല്ലാ നിലയിലും 80 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് എ ഗ്രേഡ്, എല്ലാവര്‍ക്കും ട്രോഫിയുമുണ്ട്.
പൂരത്തിന്റെ നാട്ടില്‍ കലയുടെ പൂരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക