Image

വി.ടി ബല്‍റാമിന്റെ അധിക്ഷേപത്തില്‍ പ്രതികരണവുമായി എ.കെ.ജിയുടെ മകള്‍ ലൈല കരുണാകരന്‍

Published on 07 January, 2018
വി.ടി ബല്‍റാമിന്റെ അധിക്ഷേപത്തില്‍ പ്രതികരണവുമായി എ.കെ.ജിയുടെ മകള്‍ ലൈല കരുണാകരന്‍
കാസര്‍ഗോഡ്‌: എ.കെ.ജിയെ വി.ടി ബല്‍റാം അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി എ.കെ.ജിയുടെ മകള്‍ ലൈല കരുണാകരന്‍. അച്ഛന്‍ വിട്ടു പിരിഞ്ഞിട്ടു 40 വര്‍ഷം കഴിഞ്ഞെങ്കിലും വേദന ഇനിയും വിട്ടുമാറിയിട്ടില്ലെന്നും വി.ടി ബല്‍റാമിന്റെ പരാമര്‍ശം വേദനാജനകമാണെന്നും അവര്‍ പറഞ്ഞു.

`അമ്മ 16 വര്‍ഷം മുന്‍പാണ്‌ മരിച്ചത്‌. ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവിനെ അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ വന്നത്‌ അങ്ങേയറ്റം വേദനാജനകമാണ്‌. എ.കെ.ജി പാര്‍ട്ടിയുടെ സ്വത്താണ്‌. അച്ഛനും അമ്മയും പാര്‍ട്ടിക്ക്‌ വേണ്ടിയാണ്‌ ജീവിതം സമര്‍പ്പിച്ചത്‌.' റിപ്പോര്‍ട്ടര്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെല്ലാം വേദനയും അമര്‍ഷവുമുണ്ടെന്നും കാസര്‍ഗോഡ്‌ എം.പി പി.കരുണാകരന്റെ ഭാര്യ കൂടിയായ ലൈല കൂട്ടിച്ചേര്‍ത്തു.

അതേസമയം, എ.കെ.ജിയെ അധിക്ഷേപിച്ച തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നടക്കം പ്രതിഷേധം ശക്തമാവുകയാണ്‌. എന്നാല്‍ തന്റെ നിലപാട്‌ തിരുത്താന്‍ വി.ടി ബല്‍റാം തയ്യാറായിട്ടില്ല. ഇതിനിടെ തൃത്താലയില്‍ കോണ്‍ഗ്രസ്‌ നടത്തിയ പ്രതിഷേധ യോഗത്തിലും സി.പി.ഐ.എമ്മിനെിതരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ ബല്‍റാം.

തൃത്താലയില്‍ ഇറങ്ങി നടക്കാന്‍ പോലീസിന്റെ ആവശ്യമില്ലെന്നും തനിക്ക്‌ ജനപിന്തുണയുണ്ട്‌ ആ കരുത്തിലാണ്‌ മുന്നോട്ട്‌ പോകുന്നതെന്നും വി.ടി പറഞ്ഞു. അതേസമയം വാക്കില്‍ തിരുത്താന്‍ പാര്‍ട്ടിയ്‌ക്ക്‌ ഉത്തരവാദിത്തമുണ്ട്‌, അതില്‍ തനിക്ക്‌ വിരോധമില്ലെന്നും വി.ടി വ്യക്തമാക്കി. സി.പിഐഎമ്മിന്റെ ഹുങ്ക്‌ തന്റെ നേര്‍ക്ക്‌ എടുക്കേണ്ടതില്ലെന്നും വി.ടി ബല്‍റാം പറഞ്ഞു. കഴിഞ്ഞ ദിവസം വി.ടിയുടെ ഓഫീസ്‌ തല്ലി തകര്‍ത്തിരുന്നു. ഇതിനെതിരെയാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്‌.

`വാക്കുകളില്‍ വന്ന പിശക്‌ ആവര്‍ത്തിക്കേണ്ട എന്നത്‌ തന്നെയാണ്‌ തീരുമാനം. പക്ഷെ ആ തിരുത്ത്‌ സി.പി.ഐ.എം പറയേണ്ട. എനിക്ക്‌ എന്റെ ജനങ്ങളും പാര്‍ട്ടിയുമുണ്ട്‌ എന്നെ ഉപദേശിക്കാന്‍. എന്റെ മരിച്ചുപോയ അമ്മയെ അടക്കം തെറിവിളിക്കുകയാണ്‌. ഫെയ്‌സ്‌ബുക്കിലെ തെറിവിളിയില്‍ പേടിച്ച്‌ തിരിഞ്ഞോടില്ല. എന്നെ തിരുത്താന്‍ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ ജനങ്ങളും പാര്‍ട്ടിയുമാണ്‌. ഇന്ന്‌ ഇവിടെ വളരെ സമാധാനമായിട്ടുള്ള പ്രകടനമാണ്‌ നടക്കേണ്ടത്‌.' വി.ടി പറയുന്നു.

അമിതമായ വികാര പ്രകടനം ഉണ്ടാവരുത്‌. സി.പി.ഐ.എമ്മിന്റെ വിഗ്രഹം അടര്‍ന്നുവീഴുന്നത്‌ അവരുടെ വിധി. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പറയാനുള്ള പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക