Image

അമ്മയുടെ പിറന്നാള്‍ (മധു വാസുദേവന്‍)

Published on 07 January, 2018
അമ്മയുടെ പിറന്നാള്‍ (മധു വാസുദേവന്‍)
ഇന്നലെ രാത്രിയില്‍ ഒരു പോളക്കണ്ണടച്ചിട്ടില്ല. എങ്ങനെയും നേരം വെളുത്താല്‍ മതിയെന്നായിരുന്നു. രാവിലെ ഇക്കാര്യം ഉണ്ണിയോടു പറഞ്ഞപ്പോള്‍ ഫോണിലെ വീഡിയോയില്‍നിന്നു മിഴിയെടുക്കാതെ അവന്‍ ചോദിച്ചു അച്ഛനെന്തു പറ്റി ഉറങ്ങാതിരിക്കാന്‍ ? ഭയങ്കര കൊതുകടിയായിരുന്നു എന്നു പറഞ്ഞപ്പോള്‍ എന്നെ കടിച്ചില്ലല്ലോ എന്നവന്‍ തിരിച്ചു ചോദിച്ചു. സത്യത്തില്‍ ഉറങ്ങാന്‍ പറ്റാതിരുന്നതിനു കാരണം കൊതുകായിരുന്നില്ല. രാവിലെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ഉറക്കത്തില്‍ ഒരു ഞെട്ടലായി കടന്നുവന്നു. അങ്ങനെയും ചില വാര്‍ത്തകളുണ്ട്. നമ്മുടെ സമാധാനം നശിപ്പിക്കും. സമനില തെറ്റിക്കും. ഉറക്കവും കളയും. അത്തരത്തില്‍ ഒന്നായിരുന്നു അമ്മയെ ടെറസ്സില്‍നിന്നു താഴേക്കു വലിച്ചെറിഞ്ഞു കൊന്ന മകനെപ്പറ്റിയുള്ള വാര്‍ത്ത. അയാളും എന്നെപ്പോലെ ഒരു അസി. പ്രൊഫസറാണെന്നതും അസ്വസ്ഥത പെരുകാന്‍ കാരണമായിട്ടുണ്ടാകാം.ഒരു തരത്തിലും ഉറങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ കുറേനേരം എഴുന്നേറ്റിരുന്നു. വല്ലതും വായിക്കണമെങ്കില്‍ ലൈറ്റിടണം. ലൈറ്റിട്ടാല്‍ നേരം വെളുത്തെന്നു കരുതി കുറിഞ്ഞന്‍ ചാടി എഴുന്നേറ്റു വരും. പിന്നെ പാല്‍ ചൂടാക്കിക്കൊടുക്കണം. ഉണക്കച്ചെമ്മീന്‍ പൊടിച്ചുചേര്‍ത്ത ചോറു കൊടുക്കണം. ഞാനിങ്ങനെ കണ്ണടക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന കാര്യം ആ മിണ്ടാപ്രാണി എങ്ങനെയറിയാന്‍ ?

എന്നാല്‍ ശരി കുറച്ചു പാട്ടുകേള്‍ക്കാം എന്നു കരുതി കഴിഞ്ഞ ദിവസം കേട്ടുകൊണ്ടിരുന്ന കാരുക്കുറിച്ചി അരുണാചലം വായിച്ച നാഗസ്വരക്കച്ചേരി ബാക്കി കേട്ടു നോക്കി. ഇന്നലെ മഹാപ്രവാഹമായി മനസ്സില്‍ നിറഞ്ഞൊഴുകിയ ഖരഹരപ്രിയ ഇന്നിപ്പോള്‍ വരണ്ടു കിടക്കുന്നു. വേഗം നിര്‍ത്തി. ബാല്‍ക്കണിയില്‍ ചെന്നുനിന്നു. എതിരെ ഇരുട്ടു പുതച്ചു കിടക്കുന്ന മൈതാനം. അതിനതിരായി നില്‍ക്കുന്ന ചെറുമരങ്ങളുടെ ഇലകളില്‍ നേര്‍ത്ത ധധുമാസ നിലാവു വീണു കിടക്കുന്നു. ധനു അമ്മയുടെ പിറന്നാള്‍ മാസം. കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചപ്പോള്‍ അമ്മ പറഞ്ഞു, അങ്ങനെ എഴുപത്തഞ്ചു വയസ്സു തികഞ്ഞു. ധനുമാസത്തിലെ മകം വളരെ കേമമാണെന്നു പല ജ്യോതിഷികളും പറഞ്ഞിട്ടുള്ള കാര്യം ഒരു നിശ്വാസത്തോടെ അമ്മ സൂചിപ്പിച്ചു. ഞാന്‍ കലണ്ടറില്‍ നോക്കി. രണ്ടുദിവസം മുമ്പായിരുന്നു മകം. ഓര്‍ത്തില്ല. മക്കളുടെ പിറന്നാളുകള്‍ ഉചിതമായി കൊണ്ടാടുന്ന ഞാന്‍ സ്വന്തം അമ്മയുടെ പിറന്നാള്‍ മറന്നുപോയി. ഞാന്‍ മാത്രമല്ല അമ്മയുടെ അഞ്ചു മക്കളും അതോര്‍ത്തില്ല. തിരുത്താന്‍ കഴിയാത്ത പാപം. ഹൃദയം വിണ്ടുപൊട്ടി. പക്ഷേ പുറത്തു കാണിച്ചില്ല. ജന്മം നല്‍കിയതും വളര്‍ത്തിയതും മാത്രമല്ല നല്ല ജീവിതസംസ്കാരം എന്നെ പഠിപ്പിച്ചതും ഈ അമ്മയായിരുന്നില്ലേ. അമ്മ നന്നായി വായിച്ചിരുന്നു, ഇപ്പഴും വായിക്കും. പത്രങ്ങളില്‍ പേരുവരുന്ന ചില പുസ്തകങ്ങള്‍ വേണമെന്നു പറയാറുണ്ടെങ്കിലും തിരക്കില്‍ ഞാന്‍ വിട്ടുപോകും. പക്ഷേ ഓര്‍ക്കുന്നു, സഹോദരന്‍ എം എ പഠിക്കുന്നതിനുവേണ്ടി കൊണ്ടുവന്ന നോവലുകളില്‍ പകുതിയും അമ്മ വായിച്ചിരുന്നു. വായനയിലൂടെ ലഭിച്ച സഹൃദയത്വവും വിശാലമനസ്സും അമ്മയുടെ ജീവിതരീതിയില്‍ കലര്‍ന്നിട്ടുണ്ട്.

മറ്റൊരു മതത്തിലുള്ളയാളെ ജീവിതപങ്കാളിയായി സ്വീകരിക്കാന്‍ നിശ്ചയിപ്പോള്‍ അമ്മ എതിരുപറഞ്ഞതേയില്ല. ചുറ്റുവട്ടത്തുള്ളവരുമായി അമ്മ പുലര്‍ത്തുന്ന മമതാബന്ധങ്ങളിലും രോഗികളും നിരാലംബരുമായ സഹജീവികളെ കയ്യിലുള്ളതു കൊടുത്തു സഹായിക്കുന്ന ദീനാനുകമ്പയിലും അമ്മയുടെ ഉദാരത കാണാം. വഴിയിലൂടെ പോകുന്ന മീന്‍കാരനും പാല്‍ക്കാരനും പച്ചക്കറിക്കാരനും ഗ്യാസുകാരനും അമ്മയുടെ നല്ല ചങ്ങാതിമാരാണ്. ഞങ്ങളില്ലാത്തപ്പോള്‍ അവരൊക്കെയല്ലേ അമ്മയുടെ നേരംകൊല്ലികള്‍. താനൂരില്‍ താമസിക്കുമ്പോള്‍ രണ്ടു മൂന്നു ദിവസം കുഞ്ഞുങ്ങളെ കാണാതെ കഴിയുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന മനോവ്യഥയേക്കാള്‍ പതിനായിരം ഇരട്ടി ദു:ഖം എന്നെ ഒന്നു കാണാന്‍കിട്ടാതെ അമ്മ അനുഭവിക്കുന്നുണ്ടാകും.

ഞാനല്ലേ ഏറ്റവും ഇളയവന്‍ ! അതൊന്നും അമ്മ പറഞ്ഞിട്ടില്ല. മാസാമാസം കയ്യില്‍ ഏല്‍പ്പിക്കുന്ന കുറച്ചു നോട്ടുകളില്‍ കടമകള്‍ തീര്‍ക്കുന്ന നീചനാണു ഞാനെന്ന ചിന്ത ഇടക്കൊക്കെ എന്നെ ആളുന്ന തീയില്‍ എടുത്തെറിയും. അതിനു പ്രായശ്ചിത്തമായി ദിവസവും മുടങ്ങാതെയുള്ള പ്രാര്‍ത്ഥനയില്‍ ഞാന്‍ അമ്മയോടു മാപ്പു ചോദിക്കും. അമ്മയുടെ മുഖം മുന്നില്‍ തെളിയുമ്പോള്‍ എന്തിനെന്നറിയാതെ രണ്ടു തുള്ളി കണ്ണീരും അതിനോടൊപ്പം ഇറ്റുവീഴും.

ഒരിക്കല്‍ അമ്പലപ്പുഴയിലേക്കു കാറോടിച്ചു പോയപ്പോള്‍ വീട്ടില്‍നിന്നു മെഡിക്കല്‍ കോളേജുവരെയുള്ള ദൂരം ഞാന്‍ കിലോമീറ്ററില്‍ അളന്നു നോക്കി. അതു കുറച്ചേറെ ഉണ്ടായിരുന്നു. കുഞ്ഞിലേ സ്ഥിരമായി അസുഖം വരുമായിരുന്ന മകനെയും തോളിലെടുത്ത് ഒരു സാധു സ്ത്രീ ഇക്കണ്ട ദൂരമത്രയും പൊരിവെയിലില്‍ ചെരിപ്പുപോലുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നുപോയിരുന്ന കാലം ഓര്‍ത്തപ്പോള്‍ മരിച്ചുപോകുന്ന വേദന തോന്നി. അന്നൊന്നും ഓട്ടോ റിക്ഷകള്‍ ഉണ്ടായിരുന്നില്ലല്ലോ. സൈക്കിള്‍ റിക്ഷക്കു കൊടുക്കാന്‍ അവരുടെ കയ്യില്‍ എവിടെ പൈസ ?

അമ്മക്കിപ്പോള്‍ വയ്യാതായി. അമ്മ ഉണ്ടാക്കിത്തന്ന സ്വാദേറിയ വിഭവങ്ങള്‍ ഓര്‍മകളിലേ ഉള്ളൂ. പരിപ്പും ഉള്ളിയും വറുത്തരച്ച തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന കറിയുടെ രുചി ലോകത്തെങ്ങും കിട്ടുന്നതല്ല. രാവിലെ എല്ലാവരും കഴിച്ചുപോയശേഷം മിച്ചംവരുന്ന മാവില്‍ വേറെന്തൊക്കെയോകൂടിച്ചേര്‍ത്ത് അമ്മ ഒരു പലഹാരം ഉണ്ടാക്കും. അതും കൊതിയന്‍മാര്‍ക്കു വീതിച്ചുനല്‍കി അമ്മ പട്ടിണിയിരിക്കും. അമ്മയെ കളര്‍സാരി ഉടുത്തു കണ്ട ഓര്‍മ എനിക്കില്ല. അന്നും ഇന്നും ഒരേ വേഷം. പണ്ടെപ്പോഴോ വാങ്ങിയ ഒരു സാരി മുണ്ടുപെട്ടിയില്‍ സൂക്ഷിച്ചിരുന്നു. പിന്നെ ചേച്ചിക്കു കൊടുത്തു. അതു കീറുന്നതുവരെ ചേച്ചിക്കും വേറൊരു സാരി ഉണ്ടായിരുന്നില്ല. ഇങ്ങനെ വിളറിയ ഒരു ഭൂതകാലം അച്ഛനുണ്ടെന്നറിയാതെ ഇവിടെ മക്കള്‍ വളരുന്നു. അവരുടെ അമ്മയുടെ ബര്‍ത്‌ഡേ ഫെബ്രുവരി അഞ്ചിനാണെന്ന ഓര്‍മ അവര്‍ക്കുണ്ട്. എന്തോ എനിക്കതില്ലാതെ പോയി. തുടച്ചു വെടിപ്പാക്കിയ തൂശനിലയിട്ട് പാല്‍പ്പായസമടക്കം എല്ലാ വിഭവങ്ങളും നിറയെ വിളമ്പി മക്കളോടൊപ്പം പിറന്നാള്‍ ഉണ്ണുന്ന സ്വപ്നം എന്റെ അമ്മയും കണ്ടിട്ടുണ്ടാവില്ലേ? സത്യത്തില്‍ ഈ എഴുപത്തഞ്ചുവയസ്സിനിടയില്‍ അമ്മയുടെ പിറന്നാള്‍ ഒരിക്കലെങ്കിലും ആഘോഷിച്ചു കാണുമോ ? ഒരു സാധ്യതയുമില്ല. അമ്മ എന്നും ഇങ്ങനെയായിരുന്നു. എല്ലാവരുടെയും പക്കപ്പിറന്നാളും ആണ്ടുപിറന്നാളും കൃത്യമായി ഓര്‍ക്കും. സ്വന്തം ജന്മദിനം ആരെയും ഓര്‍മിപ്പിക്കുകയുമില്ല. രണ്ടു മാസം കഴിഞ്ഞു വരാനിരിക്കുന്ന ജന്മനാളിനെപ്പറ്റി അമ്മ കഴിഞ്ഞ ദിവസവും എന്നോടു പറഞ്ഞു, മോനേ ഓര്‍ത്തു വച്ചോണേ ഗുരുവായൂരമ്പലത്തില്‍ കൊടിയേറ്റു ദിവസം. പറ്റിയാല്‍ ഒന്നു പോണം.

ഇപ്പോള്‍ നിറംമങ്ങിയ നേര്യതുപോലുള്ള ഈ ധനുമാസ നിലാവില്‍ അമ്മയെ ഞാന്‍ കാണുന്നു. എല്ലാ അമ്മമാരും ഇതുപോലെയാണോ? എനിക്കറിഞ്ഞൂടാ. പക്ഷേ ഒന്നറിയാം എല്ലാ മക്കളും എന്നെപ്പോലെ മറവിദീനം പിടിച്ചവരല്ല. കൃതഘ്‌നരല്ല. അമ്മേ, എനിക്കു പൊക്കിള്‍ കഠിനമായി വേദനിക്കുന്നു. അവിടെ ചോര കിനിയുന്നതുപോലെ തോന്നുന്നു. ഞാന്‍ വരും അമ്മേ. ഭൂമിയില്‍ ജീവനോടെ ഉണ്ടെങ്കില്‍. അടുത്ത ധനുമാസത്തിലെ മകംനാളില്‍. ഓര്‍ക്കാതെപോയ എഴുപത്തഞ്ചു പിറന്നാളുകള്‍ ഒന്നിച്ചാഘോഷിക്കാന്‍. ഞാന്‍ മറക്കാതെ വരും. എനിക്കിനി അതല്ലേ സാധിക്കൂ!

(കവിയും,അധ്യാപകനുമായ മധുവാസുദേവന്റെ ഫേസ് ബുക്ക് കുറിപ്പാണിത് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക