Image

തലൈവര്‍ക്ക് ഇനി കനല്‍വഴി ( ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 08 January, 2018
തലൈവര്‍ക്ക് ഇനി കനല്‍വഴി ( ദല്‍ഹികത്ത് : പി.വി.തോമസ്)
ഒടുവില്‍ തലൈവര്‍ രജനികാന്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം വിളംബരം ചെയ്തു.
ഞാന്‍ അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ അല്ലെങ്കിലും രാഷ്ട്രീയമായി ഇത് വലിയ ഒരു സംഭവവികാസമാണ് എന്ന് വിലയിരുത്തുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ആരാധകന്‍ അല്ലാത്തതിന് കാരണം ഞാന്‍ താരാരാധനയില്‍ വിശ്വസിക്കുന്നില്ല എന്നത് മാത്രം അല്ല. എന്റെ കല-സിനിമ-അഭിനയ സങ്കല്പം ഇതൊന്നും അല്ല. ചുണ്ടില്‍ നിന്നും സിഗററ്റ് ഊതിതെറുപ്പിച്ച് അതിനെ അന്തരീക്ഷത്തില്‍ നിറുത്തി കൈത്തോക്കിലെ തീയുണ്ട ഉതിര്‍ത്ത് കത്തിച്ച് വലിച്ച് വലിയ വലിയ ഡയലോഗ് പറഞ്ഞ് അമാനുഷികത്വം വരിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വെറും ബാലിശം ആണ്. അതുപോലെ തന്നെ മഞ്ഞപാന്റ്‌സും ചുവന്നഷര്‍ട്ടും നീലഹാറ്റും കറുത്ത കണ്ണടയും ധരിച്ച് നായകവേഷം ആടുന്നതും. ഇതൊക്കെ സംവിധായകന്റെ കൂടെ കയ്യാങ്കളിയുടെ ഭാഗം ആയിരിക്കാം. പക്ഷേ, എനിക്ക് ഇതൊന്നും ഒട്ടും പഥ്യം അല്ല തന്നെ. കാരണം ഞാന്‍ താരാധനയില്‍ വിശ്വസിക്കുന്നില്ല. ശരി, ഞാന്‍ ഒറ്റപ്പെടുവാന്‍ തയ്യാര്‍ ആണ്. പക്ഷേ, ലക്ഷങ്ങള്‍ അല്ല കോടികള്‍ തന്നെ രജനികാന്തിന്റെ ആരാധകര്‍ ആയിട്ടുണ്ട് ഇന്‍ഡ്യയിലും ലോകം എമ്പാടും. അവര്‍ക്ക് അദ്ദേഹം പുതുവത്സര ദിനത്തിന്റെ തലേന്ന് നടത്തിയ ആ പ്രഖ്യാപനം ഹര്‍ഷോന്മദം ആയിരുന്നുവെന്ന കാര്യത്തില്‍ യാതൊരു സംശയവും ലഭിച്ചാല്‍ ഭരണവും? വിലയിരുത്തുവാനോ വിധികല്പിക്കുവാനോ സമയം ആയിട്ടില്ല.

22 വര്‍ഷത്തെ നീണ്ട കാത്തിരുപ്പിന് വിരാമം ഇട്ടുകൊണ്ടാണ് രജനികാന്ത് പുതുവര്‍ഷദിനത്തിന്റെ തലേന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ രംഗപ്രവേശനം പ്രഖ്യാപിച്ചത്. അത് തമിഴ്‌നാടും ഇന്‍ഡ്യ ഒട്ടാകെയും വളരെ ശ്രദ്ധയോടെയും കൗതുകത്തോടെയും ആണ് ശ്രവിച്ചത്. അദ്ദേഹം തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുക ഉണ്ടായില്ല. അതിന് ഇനിയും സമയം ഉണ്ടല്ലോ. പക്ഷേ, 2021 ല്‍ നടക്കുവാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി 234, സീറ്റുകളില്‍ 234 ലിലും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞത് ശ്രദ്ധേയം ആണ്. അതായത് മറ്റ് യാതൊരു പാര്‍ട്ടിയും ആയി സഖ്യമോ സീറ്റ് പങ്കുവയ്ക്കലോ ഉണ്ടാവുകയില്ലെന്ന് സാരം. ഈ നിലപാടും സന്ദര്‍ഭോചിതം മാറ്റാവുന്നതാണ് എന്നത് മറ്റൊരു കാര്യം. തമിഴ്‌നാട്ടില്‍ അടുത്ത് നടക്കുവാനിരിക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നില്ല എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സമയകുറവ് ആണ് കാരണമായി ചൂണ്ടികാട്ടിയത്. അതും ശരിയാണ്. 2019- ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യവും അദ്ദേഹം വ്യക്തമാക്കിയില്ല. സമയം ആകുമ്പോള്‍ തക്കതായ തീരുമാനം എടുക്കും എന്ന് പറഞ്ഞ് ഒഴിവായി. തീര്‍ച്ചയായും അത് വലിയ ഒരു തീരുമാനം ആണ്. അങ്ങനെ എളുപ്പത്തില്‍ എടുക്കാവുന്നതോ വെളിപ്പെടുത്താവുന്നതോ ആയ ഒരു തീരുമാനം അല്ല അത്. പോരെങ്കില്‍ 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിലേക്ക് ഇനി ചുരുങ്ങിയത് ഒരു വര്‍ഷവും മൂന്നുമാസവും ദൂരം ഉണ്ട്. രാഷ്ട്രീയത്തില്‍ ഇത് വലിയ ഒരു കാലദൈര്‍ഘ്യം ആണ്. പക്ഷേ, ഒരു കാര്യം തീര്‍ച്ചയാണ് 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ രജനികാന്തും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നല്ല ഒരു പങ്ക് വഹിക്കും. അദ്ദേഹത്തിന് നിഷ്‌ക്രിയനായി ഇരിക്കുവാന്‍ സാധിക്കുകയില്ല. അപ്പോള്‍ അടുത്ത തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് ആണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ കലണ്ടറിലെ പ്രധാന ഇനം എന്ന് സാരം. അദ്ദേഹത്തിന്റെ പ്രധാന ശക്തി ആയി ഊന്നി പറഞ്ഞത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എണ്ണൂറിലേറെ രജിസ്റ്റര്‍ ചെയ്ത ആരാധന സംഘങ്ങളും അതിലേറെയുള്ള രജിസ്റ്റര്‍ ചെയ്യാത്ത സംഘങ്ങളും ലക്ഷക്കണക്കിന് ആരാധകരും ആണ്. ഇവരുടെ പിന്തുണയില്‍ അദ്ദേഹത്തിന് അന്ധമായി വിശ്വസിക്കാമോ? ഇവരെല്ലാം തന്നെ രാഷ്ട്രീയമായി ഇതുവരെയും മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട്‌ചെയ്യുന്നവരും പിന്തുണക്കുന്നവരും ആണ്. അതെല്ലാം വെടിഞ്ഞ് അവര്‍ ഒന്നടങ്കം തലൈവരുടെ പിന്നാലെ വരുമോ? അതുമാത്രവും അല്ല അടുത്ത നിയമസഭ തെരഞ്ഞെടുപ്പു വരെ(2021) രജനികാന്തിന്റെ ഈ മൂവ്‌മെന്റ് ഇതേ ചൂടും ശുഷ്‌ക്കാന്തിയോടെയും നിലനിര്‍ത്തിക്കൊണ്ട് പോകുവാന്‍ സാധിക്കുമോ? ഇടപ്പാടി പഴനിസ്വാമിയുടെ എ.ഡി.എം.കെ. ഗവണ്‍മെന്റിനെ ഒരു അട്ടിമറിയിലൂടെ വിമതന്‍ റ്റി.റ്റി.വി.ദിനകരനും ഡി.എം.കെ.യും വീഴില്‍ സംസ്ഥാനം കേന്ദ്രഭരണത്തിന് കീഴിലാവും. അപ്പോള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് 2019-ല്‍ ആയാലും 2021 ല്‍ ആയാലും ഈ കാലം കൊണ്ട് ശക്തമായ ഒരു സംഘടനയെയും അണികളെയും കെട്ടിപ്പടുക്കുവാന്‍ രജനിക്ക് കഴിയുമോ? കാത്തിരുന്ന് കാണേണ്ടത് ആണ്. രജനിയുടെ ആഗമനത്തിന്റെ ചൂടും ചൂരും ചുവടും കാണുമ്പോള്‍ ഇത് അദ്ദേഹത്തിന് അപ്രാപ്യം ആണെന്ന് തോന്നുകയില്ല.

ഇനി എന്താണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം? അതാണ് വളരെ പ്രധാനപ്പെട്ടത്. അദ്ദേഹം അഴിമതിക്ക് വിരുദ്ധമായ ആത്മീയ രാഷ്ട്രീയത്തിന് ആണ് ഊന്നല്‍ നല്‍കുന്നത്. അതുപോലെ തന്നെ ജനങ്ങള്‍ക്ക് അധികാരം തിരിച്ച് നല്‍കുന്നതും. പരസ്പരം പുലഭ്യം പറയുന്ന രാഷ്ട്രീയത്തില്‍ അദ്ദേഹം വിശ്വസിക്കുന്നില്ല. അഴിമതി വിരുദ്ധത വളരെ നല്ലതുതന്നെ, തമിഴ്‌നാടിന്റെയും ഇന്‍ഡ്യയുടെയും തന്നെ മൊത്തം രാഷ്ട്രീയ അന്തരീക്ഷത്തിലും. തമിഴ്‌നാട്ടില്‍ ഡി.എം.കെ.യും അണ്ണ ഡി.എം.കെ.യും അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. അതിന് ഒരു പ്രതിവിധി കാണുവാന്‍ രജനികാന്തിന് സാധിക്കുമെങ്കില്‍ അത് വളരെ നല്ലതു തന്നെ. പക്ഷേ, എന്താണ് ഈ ആത്മീയ രാഷ്ട്രീയം? ബി.ജെ.പി.യുടേതുപോലെ മതരാഷ്ട്രീയം ആണോ? അദ്ദേഹം ദഗവദ്ഗീതയെ ഉദ്ധരിച്ചുകൊണ്ട് സംഭവാമിയുഗേയുഗേ എന്ന് സ്വന്തം രാഷ്ട്രീയ വരവിനെ വിശേഷിപ്പിക്കുകയുണ്ടായി. അതായത് നല്ലവരെ രക്ഷിക്കുവാനും ദുഷ്ടന്മാരെ ശിക്ഷിക്കുവാനും ധര്‍മ്മസംസ്ഥാനത്തിനുമായി ഭഗവാന്‍ യുഗങ്ങള്‍ തോറും അവതരിക്കുന്നുവെന്ന്. അതുപോലെ തന്നെ അദ്ദേഹം ഗീതയെ ഉദ്ധരിച്ചുകൊണ്ട് പറയുകയുണ്ടായി കാര്യലാഭം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുകയാണ് മനുഷ്യന്റെ ധര്‍മ്മം എന്നും. ഇതിനെ മതരാഷ്ട്രീയവുമായി ബന്ധിക്കുവാന്‍ ചില വൃത്തങ്ങള്‍ ശ്രമിച്ചപ്പോള്‍ പിന്നീട് രജനിതന്നെ വിശദീകരണവും ആയി രംഗത്ത് വരുകയുണ്ടായി. ആത്മീയ രാഷ്ട്രീയം എന്നാല്‍ സത്യസന്ധതയുടെ രാഷ്ട്രീയം ആണ്. അത് ജാതി മതങ്ങള്‍ക്ക് ഉപരിയാണ്. ആ വിശദീകരണം സത്യസന്ധം ആണെങ്കില്‍ തികച്ചും സ്വീകാര്യം ആണ്.

ഇവിടെ രണ്ട് സംശയങ്ങള്‍ ഉണ്ട്. ഒന്ന് തമിഴ്‌നാട് രാഷ്ട്രീയം ഈ.വി.രാമസ്വാമി നായ്ക്കര്‍, പെരിയാര്‍, അണ്ണാദുരെ, കരുണാനിധി തുടങ്ങിയവര്‍ ഉള്‍പ്പടെ നിരീശ്വരവാദത്തിന്റെ രാഷ്ട്രീയം ആണ്. അത് ജാതിമതങ്ങള്‍ക്ക് വിരുദ്ധം ആണെന്നതും ശരി തന്നെ. കാരണം ഉപരിവര്‍ഗ്ഗത്തിന്റെ അത്രമാത്രം അടിച്ചമര്‍ത്തല്‍ ഏറ്റാണ് ദ്രവീഡിയന്‍ രാഷ്ട്രീയം രൂപം കൊണ്ടതും വളര്‍ന്നതും. രജനിയെ പോലെ തന്നെ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറായി നില്‍ക്കുന്ന കമലഹാസന്‍ ഒരു സ്വയം പ്രഖ്യാപിത നിരീശ്വരവാദി ആണ്. രണ്ടാമത്തെ സംശയം രാഷ്ട്രീയവൃത്തങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു ഊഹാപോഹം ആണ്. രജനിയുടെ ആത്മീയ രാഷ്ട്രീയം ബി.ജെ.പി. സംഘപരിവാറിന്റെ ഹിന്ദുത്വയുമായി കൈകോര്‍ക്കുമോ? കാരണം മോഡിയും രജനിയും സുഹൃത്തുക്കള്‍ ആണ്. മോഡി രജനിയെ അഭിസംബോധന ചെയ്യുന്നത് ഒരു നല്ല സുഹൃത്ത് എന്ന് ആണ്. മോഡിയും ഷായും തമിഴ്‌നാട്ടില്‍ ഒന്ന് കാല്‍കുത്തുവാന്‍ വെമ്പി നില്‍ക്കുകയും ആണ്. രജനി അവരുടെ ഒരു ഉപകരണം ആയി നിന്നുകൊടുക്കുമോ? രജനി അങ്ങനെ ചെയ്താല്‍ അത് തികച്ചും ആത്മഹത്യാപരം ആയിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നതില്‍ ഇപ്പോള്‍ തെറ്റില്ല. കാരണം ദ്രവീഡിയന്‍ രാഷ്ട്രീയത്തില്‍ തല്‍ക്കാലം സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഇടം ഇല്ല. കാരണം ഇതിന്റെ രണ്ടിന്റെയും ഉത്ഭവവും വിചാരധാരയും രണ്ടാണ്. രജനിക്ക് അതിനെ മറികടക്കുവാന്‍ സാധിക്കുമോ അദ്ദേഹത്തിന്റെ താരപ്രഭകൊണ്ട്? മഹാരാഷ്ട്രക്കാരനും കര്‍ണ്ണാടക സംസ്ഥാന ബസ് സര്‍വ്വീസില്‍ കണ്ടക്ടറും ആയിരുന്ന ശിവാജി റാവു ഗയ്ക്ക് വാഡിന്റെ തമിഴ്-ദ്രാവിഡ വേരുകള്‍ ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. തമിഴ്, ദേശീയതയുടെ പ്രതിരൂപമായ നാം തമിഴര്‍ ആണ് അത് ആദ്യം ചോദ്യം ചെയ്തത്. മഹാരാഷ്ട്ര-കര്‍ണ്ണാടക-ദ്രവിഡേതര പശ്ചാത്തലങ്ങള്‍ എല്ലാം ഉണ്ടെങ്കിലും രജനി തമിഴര്‍ക്ക് ദൈവതുല്യനായ ഒരു വെള്ളിത്തരബിംബം ആണ്. ഇതില്‍ സംശയം ഇല്ല. പക്ഷേ, ദ്രവീഡിയന്‍ രാഷ്ട്രീയം സംഘപരിവാര്‍ രാഷ്ട്രീയവും ആയി ഒന്നുചേര്‍ന്ന് പോകുമോ? എം.ജി.ആറും, ജയലളിതയും തമിഴ്മണ്ണുമായി അത്ര യോജിച്ചവര്‍ അല്ലായിരുന്നു. പക്ഷേ, അവരെ തമിഴ് ജനത അംഗീകരിച്ചതാണ്. പക്ഷേ അവിടെ സംഘപരിവാര്‍ രാഷ്ട്രീയം വരുന്നില്ല. ഏതായാലും രജനിയെയും രജനിയുടെ രാഷ്ട്രീയത്തെയും അദ്ദേഹത്തിന് സംഘപരിവാര്‍ ബന്ധം ഉണ്ടായാല്‍ അതിനെയും തമിഴ്ജനത അംഗീകരിക്കുമോ എന്നത് കാത്തിരുന്ന് കാണാം.

സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന്റെയും രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിന്റെയും ഭരണകര്‍ത്താക്കള്‍ ആകുന്നതിന്റെയും നൈതികത ആണ് മറ്റൊരു വിഷയം. അവരും പൗരന്മാര്‍ ആണ്. എന്തുകൊണ്ട് അവര്‍ക്കും രാഷ്ട്രീയത്തില്‍ പ്രവേശിച്ചുകൂട? ശരിയാണ്. അവര്‍ക്കും അതിനുള്ള മൗലീകാവകാശം ഉണ്ട്. പക്ഷേ, ഒരു സിനിമ താരത്തിന്റെ പ്രശസ്തിയുടെയും പണത്തിന്റെയും അവര്‍ അവതരിപ്പിച്ച വെള്ളിത്തിരയിലെ കഥാപാത്രങ്ങളുടെയും അടിസ്ഥാനത്തില്‍ അവര്‍ക്ക് ഭരണാധികാരി ആകുവാനുള്ള രാഷ്ട്രീയവും ധാര്‍മ്മികവും ആയ യോഗ്യതയും അവകാശവും ഉണ്ടോ? ശ്രീരാമനോ യേശുക്രിസ്തുവോ കൂലിപ്പണിക്കാരനോ ആയിട്ട്, അഭിനയിക്കുന്ന ഒരു സിനിമാനടന് ആ ഗുണങ്ങള്‍ എല്ലാം നല്‍കി അവര്‍ക്ക് വോട്ട് ചെയ്ത് അധികാരത്തില്‍ ഏറ്റുന്നത് എന്ത് ജനാധിപത്യ മര്യാദ അനുസരിച്ച് ആണ്? ഇത് ഒരു തരം വിഭ്രാന്തി അല്ലേ? യാതൊരുവിധ അടിസ്ഥാനവും ഇല്ലാത്ത ഒരു രാഷ്ട്രീയജ്വരയുടെ സൃഷ്ടി അല്ലേ? തമിഴ്‌നാട് ഒരിക്കല്‍ കൂടെ ഈവക രാഷ്ട്രീയ പേക്കൂത്തിന് ഇര ആവുകയാണോ?
രജനികാന്തിന്റെ പ്രഖ്യാപനം ഏതായാലും, വളരെ ഉചിതമായ സന്ദര്‍ഭത്തില്‍ തന്നെ ആണ്. ജയലളിതയുടെ കാലം കഴിഞ്ഞു. അണ്ണ ഡി.എം.കെ. പിളര്‍ന്ന് തകര്‍ച്ചയുടെ വക്കില്‍ ആണ്. കരുണാനിധിയുടെ രാഷ്ട്രീയ കാലം കഴിഞ്ഞു. അങ്ങനെ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ ശൂന്യത നിലനില്‍ക്കുന്നുണ്ട്. അതിലേക്ക് ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്റെ പ്രതീകമായി തമിഴകത്തിന്റെ പ്രത്യാശ ആയി പ്രവേശിക്കുവാന്‍ രജനിക്ക് സാധിക്കുമോ?

തലൈവര്‍ക്ക് ഇനി കനല്‍വഴി ( ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക