Image

സിപി.ഐ.എം വിമര്‍ശനങ്ങള്‍ക്കെതിരെ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി

Published on 09 January, 2018
സിപി.ഐ.എം വിമര്‍ശനങ്ങള്‍ക്കെതിരെ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി

തൊടുപുഴ: സി.പി.ഐ.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക്‌ മറുപടിയുമായി സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. സി.പി.ഐ.എമ്മിന്റെ വീട്ടിലെ വാടകക്കാരല്ല സി.പി.ഐയെന്ന്‌ ശിവരാമന്‍ പറഞ്ഞു. സി.പി.ഐയെ മുന്നണിയില്‍ നിന്നു പുറത്താക്കണമെന്ന്‌ കഴിഞ്ഞദിവസം സി.പി.ഐ.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

സി.പി.ഐ.എം വിമര്‍ശനത്തോട്‌ പ്രതികരിച്ച ശിവരാമന്‍ സി.പി.ഐ.എമ്മിന്റെ വീട്ടിലെ വാടകക്കാരല്ല സി.പി.ഐയെന്നും വാടകക്കാരനാണെങ്കില്‍ നോട്ടീസ്‌ തരാതെ ഒഴിപ്പിക്കാമെന്നും പറഞ്ഞു.
'കെ.എം മാണിയെ മുന്നണിയില്‍ എടുക്കണമെന്നാണ്‌ സി.പി.ഐ.എമ്മിന്റെ മാര്‍ക്‌സിസ്റ്റ്‌ വീക്ഷണമെങ്കില്‍ നല്ല നമസ്‌കാരം എന്നേ പറയാനുള്ളൂ. മുന്നണി യോഗത്തിലെ തീരുമാനം അട്ടിമറിക്കുന്നത്‌ സി.പി.ഐ അല്ല. ഒരു തീരുമാനമെടുക്കുകയും അതിന്‌ ഘടകവിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ച്‌ അഭിപ്രായവ്യത്യാസം രൂപപ്പെടുത്തുന്നത്‌ സി.പി.ഐ അല്ല. എടുക്കുന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ്‌ സി.പി.ഐ.' അദ്ദേഹം പറഞ്ഞു.

നേരത്തെ സര്‍ക്കാര്‍ ഉത്തരവുകള്‍ സി.പി.ഐ സ്വാര്‍ത്ഥ താല്‍പര്യത്തിനായി അട്ടിമറിക്കുന്നുവെന്നും സി.പി.ഐയെ മുന്നണിയില്‍ നിന്ന്‌ പുറത്താക്കി കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കണമെന്നും സി.പി.ഐ.എം സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക