Image

അശ്ലീലാരോപണങ്ങളും ഒളിഞ്ഞുനോട്ടവും വിഎസിന്റെ ദൗര്‍ബല്യമാണെന്ന് വി.ടി. ബല്‍റാം എംഎല്‍എ.

Published on 09 January, 2018
അശ്ലീലാരോപണങ്ങളും ഒളിഞ്ഞുനോട്ടവും വിഎസിന്റെ ദൗര്‍ബല്യമാണെന്ന് വി.ടി. ബല്‍റാം എംഎല്‍എ.
ബല്‍റാമിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

'വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് ഞാന്‍ ആശിക്കുന്നത്.'

സിപിഎമ്മിന്റെ സമുന്നത നേതാവും മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍ ദേശാഭിമാനിയിലടക്കം എഴുതിയ ലേഖനത്തിലെ വാക്കുകളാണിത്. സാധാരണ സൈബര്‍ സഖാക്കള്‍ കഴിഞ്ഞ മൂന്നു നാല് ദിവസങ്ങളായി എന്നോടുള്ള ചോദ്യം എന്ന നിലയില്‍ ഉയര്‍ത്തുന്ന അതേ കാര്യമാണ് ഏറ്റവും സീനിയറായ സിപിഎം നേതാവിനും ചോദിക്കാനുള്ളത് എന്നതില്‍ നിന്ന് ആ പാര്‍ട്ടിയുടെ പൊതുചിന്താഗതി വ്യക്തമാവുന്നു. എന്താണ് ശ്രീ അച്യുതാനന്ദനും കൂട്ടരും ഉദ്ദേശിക്കുന്നത്? ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കണമെന്നോ? ഒരുഭാഗത്ത് എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച് പറഞ്ഞത് ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും എന്നാല്‍ മറുഭാഗത്ത് മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തില്‍ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ് ശ്രീ. അച്യുതാനന്ദന്‍?

താങ്കള്‍ താരതമ്യപ്പെടുത്താനാഗ്രഹിക്കുന്ന ഏതു വലിയ നേതാവിനേക്കാളും എത്രയോ ഇരട്ടി വലുപ്പമുള്ള മഹാമേരുവാണ് ലോകമാദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവ്. തന്റെ പൊതുജീവിതത്തിലെ മാത്രമല്ല, വ്യക്തിജീവിതത്തിലേയും ഓരോ നിസ്സാര കാര്യങ്ങളും അങ്ങേയറ്റം സത്യസന്ധമായി പൊതുസമൂഹത്തോടു തുറന്നുപറഞ്ഞ സുതാര്യതയുടെ ഉടമ. അന്നത്തെ നാട്ടാചാരമനുസരിച്ചു സമപ്രായക്കാരിയായ ഒരാളുമായുണ്ടായ അദ്ദേഹത്തിന്റെ വിവാഹത്തെയും മറ്റ് ആരുടേതെങ്കിലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് അതും വേറെന്തെങ്കിലും തമ്മില്‍ കൂട്ടിക്കെട്ടാനുള്ള താങ്കളുടെ ആശ കയ്യില്‍ത്തന്നെ വച്ചോളൂ, അല്ലെങ്കില്‍ പതിവുപോലെ സ്വന്തം നിലയ്ക്കു തന്നെ ആയിക്കോളൂ, എന്നെയതിനു പ്രതീക്ഷിക്കണ്ട.

രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്നെസാണെന്നു കേരളീയ സമൂഹത്തിന് എത്രയോ കാലമായി നേരിട്ടറിയാം. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ധീര സൈനികന്റെ കുടുംബത്തേക്കുറിച്ചും മത്സ്യത്തൊഴിലാളി പശ്ചാത്തലത്തില്‍ നിന്നുയര്‍ന്നുവന്ന പാര്‍ട്ടിയിലെ യുവനേതാവിനേക്കുറിച്ചും മലമ്പുഴയില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതാ നേതാവിനെക്കുറിച്ചുമൊക്കെ താങ്കളുടെ വായില്‍നിന്നു പുറത്തുവന്ന മൊഴിമുത്തുകള്‍ മലയാള സാഹിത്യത്തിനു വലിയ മുതല്‍ക്കൂട്ടാണ്.

കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ കസേരയിലിരുന്ന് അന്നത്തെ മുഖ്യമന്ത്രിയേക്കുറിച്ചു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേക്കുറിച്ചൊക്കെ നിയമസഭയില്‍ അങ്ങു നടത്തിയ ഹീനമായ അധിക്ഷേപങ്ങള്‍ സഭാരേഖാകളില്‍ ഉണ്ടോ എന്നറിയില്ല, എന്നാല്‍ ഇപ്പുറത്തിരുന്നു നേരില്‍ കേട്ട ഞങ്ങളുടെയൊക്കെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അന്ന് അശ്ലീലാഭാസച്ചിരിയോടെ അതു കേട്ട് ഡെസ്‌ക്കിലടിച്ച് പ്രോത്സാഹിപ്പിച്ച അങ്ങയുടെ പാര്‍ട്ടിക്കാരുടെ മുഖങ്ങളും ഞങ്ങള്‍ക്കോര്‍മ്മയുണ്ട്. പെട്ടെന്നുള്ള ഒരു പ്രകോപനത്താലല്ല, മറിച്ച് സര്‍ക്കാര്‍ ചെലവില്‍ നിയമിക്കപ്പെട്ട പഴ്‌സനല്‍ സ്റ്റാഫിനെക്കൊണ്ട് എഴുതിത്തയാറാക്കി കൊണ്ടുവന്നു നിയമസഭയില്‍ നോക്കി വായിച്ച, നീട്ടിയും കുറുക്കിയും ആവര്‍ത്തിച്ച, പ്രസംഗത്തിലായിരുന്നു ഈ ആഭാസ ഘോഷയാത്ര എന്നതും ഈ നാട് മറന്നുപോയിട്ടില്ല.

എന്നെ അമൂല്‍ ബേബിയെന്ന് വിളിച്ചതില്‍ ഒരു വിരോധവുമില്ല, കാരണം കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അഖിലേന്ത്യാ അധ്യക്ഷനെ അങ്ങനെ വിളിച്ചതിന്റെ തുടര്‍ച്ചയായാണ് എന്നെയും വിളിക്കുന്നതെന്ന് അങ്ങു തന്നെ പറയുന്നുണ്ടല്ലോ. എനിക്കത് അഭിമാനമാണ്. എന്നാല്‍ ശ്രീ. അച്യുതാനന്ദന്‍ ഒന്നോര്‍ക്കുക, സര്‍ക്കാര്‍ ചെലവില്‍ കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ് റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത് മാത്രമല്ല, ഞങ്ങള്‍ ചെറുപ്പക്കാരുടേത് കൂടിയാണ് ഈ ലോകം. അമൂല്‍ ബേബിമാരെ കയര്‍ഫെഡ് എംഡി മുതല്‍ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ വരെയുള്ള ഉന്നതപദവിയിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന അധികാര സാമീപ്യത്തിന്റെ ആനുകൂല്യമൊന്നും എല്ലാവര്‍ക്കും ഇല്ലെങ്കിലും ഇന്നാട്ടിലെ ചെറുപ്പക്കാര്‍ അവരവരുടെ മേഖലയില്‍ മുന്നോട്ടുപോയിക്കൊണ്ടേയിരിക്കും. കാലം മാറുന്നത് ദയവായി തിരിച്ചറിയുക.

താങ്കളേപ്പോലുള്ളവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കളെ മുഴുവന്‍ ലൈംഗികാരോപണങ്ങളാല്‍ അടച്ചാക്ഷേപിക്കുന്ന സോഷ്യല്‍ മീഡിയയിലെ ന്യൂജെന്‍ ഗോപാലസേനക്കാരിലൊരാള്‍ക്ക് ഞാന്‍ അതേ നാണയത്തില്‍ നല്‍കിയ മറുപടിയിലെ രാഷ്ട്രീയ ശരിതെറ്റുകളേക്കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും നടക്കട്ടെ. എന്നെ തിരുത്താന്‍ എന്റെ പാര്‍ട്ടിക്കും കേരളീയ പൊതുസമൂഹത്തിനും അര്‍ഹതയുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ മറ്റാരില്‍നിന്ന് പാഠമുള്‍ക്കൊണ്ടാലും താങ്കളില്‍നിന്നോ സിപിഎമ്മില്‍നിന്നോ അത് സാധ്യമാവുമെന്ന് തോന്നുന്നില്ല.
Join WhatsApp News
ഡോ.ശശിധരൻ 2018-01-09 13:34:32

ബലറാം  നിയമ സഭാംഗമെന്ന നിലയിൽ ഉയർന്നു പ്രവർത്തിക്കേണ്ടതും ചിന്തിക്കേണ്ടത്‌മുണ്ട്.നിയമ നിർമാണ സഭയിലെ അംഗമെന്ന നിലക്ക് മറ്റു മഹത് വ്യക്തികളുടെ ആത്മകഥകളും , ജീവിതചരിത്രവും വായിച്ചു ഗവേഷണം ചെയ്തു അറിവ് വർദ്ധിപ്പിക്കുന്നതിനോടൊപ്പംതന്നെ ബുദ്ധിയും വർദ്ധിപ്പിക്കേണ്ടതുണ്ട്.അറിവിനോടൊപ്പം തന്നെ ബുദ്ധി വളരുന്നില്ലെങ്കിൽ , അറിവിന്റെ വർദ്ധന സമൂഹത്തിൽ ദുഃഖം പരത്തും എന്നുള്ളതിന്റെ തെളിവാണ് താങ്കളുടെ വർത്തമാനകാലത്തിലെ പ്രസ്താവനകുളും പ്രവർത്തികളും .കേരളത്തിലെ ഇപ്പോഴുള്ള എല്ലാ അധാർമിക സംഘര്ഷങ്ങള്ക്കും കാരണക്കാരൻ താങ്കൾ തന്നെയാണ്.ഇതൊക്കെയാണോ താങ്കളിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്?ബുദ്ധി ഉപയോഗിക്കാതെയുള്ള  മനുഷ്യ അറിവ് സമൂഹത്തിനും വ്യക്തിക്കും ദുഖത്തിന് കാരണമാകുന്നു എന്ന് ഓർത്താൽ നല്ലതു തന്നെ .അറിവിൽനിന്നുമുള്ള മൃഗീയ സാമർഥ്യം തൃത്താലയിലെ ജനങ്ങൾ  അല്പം പോലും താങ്കളിൽ നിന്നും പ്രതിക്ഷിക്കുമെന്നു തോന്നുന്നുമില്ല.

അടുത്ത തവണ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ നിന്നും നിയമസഭ താങ്കൾ കണ്ടാൽ അത് താങ്കുളുടെ ഭാഗ്യം.

(ഡോ.ശശിധരൻ)

Amerikkan Mollaakka 2018-01-09 11:07:25
ഞമ്മക്ക് പുടി കിട്ടുന്നില്ല. എ കെ ജി ഉള്ള കാര്യം പറഞ്ഞതിന് ഈ ബലരാമന്റെ മെക്കട്ട് ആളുകൾ കയറുന്നത് എന്താണപ്പാ.  എ കെ ജി പന്ത്രണ്ട് വയസ്സായ പെൺകുട്ടിയുമായി  മൊഹബത്തിലായി. അങ്ങേരു അപ്പോൾ ഒന്ന് കെട്ടിയിരിക്കുണു, വയസ്സും പത്ത് നാല്പതായി. ഞമ്മടെ ഇന്ത്യയിലെ ഭരണഘടനാ അനുസരിച്ച് പെൺകുട്ടി മൈനർ ആയിരുന്നപ്പോഴാണ് എ കെ ജി പ്രേമിച്ചത്.  ഗാന്ധിയെ എ കെ ജിയോട് താരതമ്യം ചെയുന്ന അച്ച്യുതാന്ദന്റെ ആനന്ദം നില നിൽക്കില്ല. കസ്തുർബയെ വിട്ട്  ഗാന്ധി മറ്റു പെണ്ണുങ്ങളുടെ കൂടെ പോയില്ല. ആ ബലരാമന് അമേരിക്കൻ മലയാളികൾ കൂട്ട് നിൽക്കണം.
asuya 2018-01-09 11:19:40
എ.കെ.ജി. എന്തോ തെറ്റു ചെയ്തു എന്ന രീതിയിലാണു ബലറാം പറയുന്നത്. അങ്ങനെ ഇന്നെ വരെ ആരും പറഞ്ഞു കേട്ടിട്ടില്ല. ആ കാലത്തും അത് എതിര്‍പ്പ് ഉണ്ടാക്കിയില്ല. അവര്‍ വിവാഹം കഴിച്ചത് സുശീലക്ക് 22 വയസുള്ളപ്പോഴാണ്. അതിനു മുന്‍പ് പ്രേമിച്ചിട്ടുണേങ്കില്‍ അത് അവരുടെ കാര്യം. ബല്‍റാമിനു എന്തു കാര്യം. അസൂയ നല്ലതല്ല, ബലറാമെ , ഒന്നു ശ്രമിച്ചു നോക്കൂ വല്ലതും തടയുമോ എന്ന്. യൂത്തന്മാരുടെ സ്വഭാവമാണു അസൂയ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക