Image

സിനിമ എ ടേല്‍ ഓഫ് ഫോര്‍ സിറ്റീസ് മുതല്‍ 'പദ്മാവത്' വരെ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 10 January, 2018
സിനിമ എ ടേല്‍ ഓഫ് ഫോര്‍ സിറ്റീസ് മുതല്‍ 'പദ്മാവത്' വരെ (ഏബ്രഹാം തോമസ്)
നീണ്ട ആറു മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ പദ്മാവതി എന്ന ചിത്രം ചില മാറ്റങ്ങളോടെ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുവാന്‍ അനുമതിനല്‍കി. ജനുവരി 25 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ആരംഭിക്കുമെന്ന് ചിത്രവുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. എന്നാല്‍ ചിത്രം ഒരു കാരണവശാലും പ്രദര്‍ശിപ്പിക്കുവാന്‍ അനുവദിക്കുകയില്ലെന്ന് രാജസ്ഥാനിലെ കര്‍ണിസേന പറഞ്ഞു.

രാജസ്ഥാനിലെ(ഇന്‍ഡ്യയിലെയും) ഐതിഹ്യ രാജ്ഞിയാണ് റാണി പദ്മാവതി. 13-ാം നൂറ്റാണ്ടിലും 14-ാം നൂറ്റാണ്ടിലും മേവാറിലെ രാജാവായിരുന്ന രത്തന്‍ സിംഗി(രത്തന്‍സെന്‍) ന്റെ രണ്ടാമത്ത റാണി ആയിരുന്നു റാണി പദ്മാവതി എന്ന് ഐതീഹ്യം പറയുന്നു. എഡി 1303 ല്‍ ടര്‍ക്കി-അഫ്ഘാന്‍ ഭരണത്തിന്റെ ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജി രാജ്പുട്ടാണയിലെ ചിറ്റോര്‍ കോട്ട വളഞ്ഞു. പദ്മാവതിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി അവരെ സ്വന്തമാക്കാനാണ് ആക്രമണം നടത്തിയതെന്ന് ഐതീഹ്യം പറയുന്നു. പദ്മാവതിയും മറ്റ് സ്ത്രീകളും ബന്ദികളാക്കപ്പെടുമെന്ന് ഭയന്ന് ജൗഹര്‍(ആത്മഹൂതി)നടത്തിയെന്ന് ഐതീഹ്യം തുടരുന്നു. ഇന്ത്യന്‍ സ്ത്രീകളുടെ വീരതയ്ക്ക് ഉദാഹരണമായി റാണി പത്മിനിയെ ഉയര്‍ത്തിക്കാട്ടാറുണ്ട്. സൂഫി കവിയായിരുന്ന മാലിക്ക് മുഹമ്മദ് ജയാസി 1540 ല്‍ എഴുതിയ കവിതയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് സംവിധായകന്‍ സന്‍ജയ്‌ലീല ബന്‍സാലി പത്മാവത് നിര്‍മ്മിച്ചത്. പത്മാവത് എന്ന പേരില്‍ എഴുതിയ കവിതയുടെ അന്ത്യത്തില്‍ കവി ജയാസി ഈ കഥ ഞാന്‍ സ്വയം ഉണ്ടാക്കി(പത്മാവതിയുമായി) ബന്ധപ്പെടുത്തിയതാണ്, എന്ന് പറഞ്ഞിട്ടുണ്ട്.

രജപുത്ര സമൂഹത്തിന്റെ അഭിമാനത്തിന് ക്ഷതം വരുത്തുന്നു, ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കുന്നു എന്നാരോപിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ പലപ്പോഴും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായത്. ചിത്രത്തിന്റെ സെറ്റുകള്‍ രണ്ടു തവണ തീയിടുകയും ബന്‍സാലിയെ ആക്രമിക്കുകയും ബന്‍സാലിയെ വധിക്കുന്നവര്‍ക്ക് ഒന്‍പതുകോടി വാഗ്ദാനം ചെയ്യുകയും പ്രതിഷേധക്കാര്‍ ചെയ്തു. ചിത്രം പൂര്‍ത്തിയായപ്പോള്‍ പ്രതിഷേധം ഉച്ചസ്ഥായിയിലെത്തി. ചിത്രത്തെ ന്യായീകരിച്ച് നായികയായി പ്രത്യക്ഷപ്പെടുന്ന ദീപിക പാദുകോണ്‍ രംഗത്തെത്തി. ഒരു റിയാലിറ്റി ഷോയില്‍ തനിക്കും അലാവുദീന്‍ ഖില്‍ജിയായി അഭിനയിക്കുന്ന രണ്‍വീര്‍ സിംഗിനും ഒന്നിച്ച് ഒരു രംഗം പോലും ഇല്ല എന്ന് പറഞ്ഞ് പ്രതിഷേധക്കാരെ തണുപ്പിക്കുവാന്‍ ദീപിക ശ്രമിച്ചെങ്കിലും പ്രതിഷേധം കടുക്കുകയാണ് ഉണ്ടായത്;ദീപികയ്ക്ക് എതിരെയും വധഭീഷണി നിലനില്‍ക്കുന്നു. പ്രധാനമായും അഞ്ച് മാറ്റങ്ങളാണ് ഇന്ത്യന്‍ സെന്‍സര്‍ ഉപദേശകസമിതി നിര്‍ദേശിച്ചത്. ഒന്ന് പദ്മാവതി എന്ന പേര് മാറ്റി പദ്മാവത് എന്നാക്കണം. രണ്ട്, മൂന്ന് സ്ഥലത്ത് ഈ കഥ സാങ്കല്പികമാണെന്ന് എഴുതിക്കാണിക്കണം. മറ്റ് മൂന്ന് മാററങ്ങള്‍ കൂടി സമിതി നിര്‍ദേശിച്ചു. ഇവയെല്ലാം പാലിച്ച്‌സമര്‍പ്പിച്ച ചിത്രത്തിനാണ് 2017 ഡിസംബര്‍ അവസാനം പ്രദര്‍ശനാനുമതി ലഭിച്ചത്.

വളരെ ധാരാളിത്തത്തില്‍ ചിത്രം സംവിധാനം ചെയ്യുന്ന ബന്‍സാലി പദ്മാവതിനെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ചെലവുകൂടിയ ചിത്രങ്ങളില്‍ ഒന്നാക്കി മാറ്റിയിട്ടുണ്ട്. 200 കോടിരൂപയിലധികമാണ് നിര്‍മ്മാണ ചെലവ് അവകാശപ്പെടുന്നത്. ദേവദാസില്‍ മാധുരി ദീക്ഷിതിന്റെ ഭാരമേറിയ സാരിയെക്കുറിച്ചും അതിന്റെ വിലയെക്കുറിച്ചും ചര്‍ച്ച ഉണ്ടായി. പദ്മാവതില്‍ ദീപിക ഗുമര്‍ ഗൂമര്‍ നൃത്തരംഗത്ത് മൂന്ന് കിലോഗ്രാം തൂക്കം വരുന്ന ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്.

ഇന്ത്യന്‍ സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നിഷേധിക്കുകയോ പ്രദര്‍ശനത്തിന് മുമ്പ് വിവാദം ഉണ്ടാവുകയോ ചെയ്യുന്നത് ഇതാദ്യമല്ല. എഴുപതുകളുടെ ആരംഭത്തില്‍ പ്രസിദ്ധ പത്രപ്രവര്‍ത്തകനും തിരക്കഥാകൃത്തും സംവിധായകനുമായ ഖ്വാജാ അഹമ്മദ് അബ്ബാസിന്റെ എ ടേല്‍ ഓഫ് ഫോര്‍ സിറ്റീസ് വിലക്ക് നേരിട്ടു. ഇന്ത്യയിലെ നാല് മഹാനഗരങ്ങളുടെ പരിതാപകരമായ അവസ്ഥ അബ്ബാസ് ഈ ഡോക്യുമെന്ററിയിലൂടെ തുറന്നു കാട്ടിയതാണ് സെന്‍സര്‍ ബോര്‍ഡിന് തലവേദന സൃഷ്ടിച്ചത്.
അടിയന്തിരാവസ്ഥക്കാലത്ത് അമൃത്‌നഹാത എടുത്ത കിസ്സാകുര്‍സികായുടെ നെഗറ്റീവ് പോലും സന്‍ജയ് ഗാന്ധിയുടെ നിര്‍ദേശം അനുസരിച്ച് കത്തിച്ചു കളഞ്ഞു എന്നാരോപണം ഉണ്ടായി. 1978 ല്‍ എമര്‍ജന്‍സിക്ക്‌ശേഷം ചിത്രം വീണ്ടും നിര്‍മ്മിക്കപ്പെട്ടു. 1981ലെ മേരി ആവാസ് സുനോ നിരോധിക്കപ്പെടും എന്ന് ശക്തമായ ശ്രുതി ഉണ്ടായി. ചിത്രത്തിലെ അക്രമരംഗങ്ങളായിരുന്നു കാരണം. ചിത്രം നിരോധിക്കപ്പെടുന്നതിന് മുമ്പ് കണ്ടേ മതിയാകൂ എന്ന പ്രേക്ഷക താല്‍പര്യം മുതലെടുത്ത് തിയേറ്റര്‍ ഉടമകള്‍ ദിനം പ്രതി നാലും അഞ്ചും പ്രദര്‍ശനങ്ങള്‍ നടത്തി പണപ്പെട്ടികള്‍ നിറച്ചു.
1988 ല്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുവാനെത്തിയ ഗോവിന്ദ് നിഹലാനി സീരിയലിന്റെ ആപ്തവാക്യം ചരിത്രത്തില്‍ നിന്ന് പഠിക്കാത്തവര്‍ അത് വീണ്ടും അനുഭവിക്കുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു. പ്രദര്‍ശനാനുമതി നേടാന്‍ ഈ ചിത്രത്തിന് നീണ്ട നിയമയുദ്ധം വേണ്ടി വന്നു.ബോംബെ(1995) നേരിട്ടത് പദ്മാവത് നേരിടുന്നത് പോലെ സാമൂഹ്യ സംഘങ്ങളില്‍ നിന്നുള്ള എതിര്‍പ്പായിരുന്നു.

പ്രതിഷേധവും നിരോധ ഭീഷണിയും തുടര്‍ക്കഥകളാണ്. ഒരു ഗാനത്തിലെ ഒരു വരിപോലും മാറ്റേണ്ടി വന്നിട്ടുണ്ട്. മലയാളത്തില്‍ ചെങ്കൊടി പൊന്‍കൊടി ആയത് പഴയകഥ. പാകിസ്ഥാനില്‍ ഗുലാം അലിയുടെ ഗാനത്തിലെ വോ തേരാ നംഗേ പാവ് ആനാ യാദ് ഹൈ(നഗ്നപാദയായി നീ നടന്നു വരുന്നത് ഓര്‍മ്മയുണ്ട്) എന്ന വരികള്‍ സൃഷ്ടിച്ച പ്രതിഷേധം മറക്കാനാവില്ല. ഭരണം മാറി വന്നാലും സെന്‍സര്‍ ഉപദേശകസമിതി ചെയര്‍മാന്‍ മാറിയാലും സെന്‍സര്‍ വിവാദം തുടരും. കര്‍ണിസേന പോലെയുള്ള സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന നിരോധം മറ്റൊരു ഭീഷണിയാവുമോ എന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്.

സിനിമ എ ടേല്‍ ഓഫ് ഫോര്‍ സിറ്റീസ് മുതല്‍ 'പദ്മാവത്' വരെ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക