Image

മത സ്‌പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; സെന്‍കുമാറിനെതിരെ തെളിവുകളില്ലെന്ന്‌ ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌

Published on 10 January, 2018
മത സ്‌പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; സെന്‍കുമാറിനെതിരെ തെളിവുകളില്ലെന്ന്‌ ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌
തിരുവനന്തപുരം: മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ അഭിമുഖം നടത്തിയെന്ന കേസില്‍ മുന്‍ ഡി.ജി.പി ടിപി സെന്‍കുമാറിനെതിരെ തെളിവില്ലെന്ന്‌ ഫോറന്‍സിക്‌ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്‌. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌.

അഭിമുഖം എടുത്ത ലേഖകന്‍ ഹാജരാക്കിയ മൊബൈല്‍ ഫോണിലും ലാപ്‌ടോപിലും സെന്‍കുമാറിന്റെ വിവാദമായ ശബ്ദരേഖയില്ലെന്നും ഹാജരാക്കിയ സിഡിയില്‍ എഡിറ്റിങ്ങുകള്‍ നടന്നിട്ടുണ്ടെന്നും ഫോറന്‍സിക്‌ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.താന്‍ പറയാത്ത കാര്യങ്ങളാണ്‌ ലേഖനത്തില്‍ പ്രസിദ്ധീകരിച്ചതെന്നായിരുന്നു സെന്‍കുമാറിന്റെ വാദം.


എന്നാല്‍ സെന്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയിട്ടുണ്ടെന്നും അതിനു തെളിവുണ്ടെന്നും അഭിമുഖം എടുത്ത ലേഖകന്‍ മൊഴി നല്‍കി. തുടര്‍ന്ന്‌ ആരോപണം തെളിയിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ലേഖകനോട്‌ കോടതി ആവശ്യപ്പെടുകയായിരുന്നു.

ടി.പി സെന്‍കുമാര്‍ വിരമിച്ചതിനു പിന്നാലെ ജൂലൈ എട്ടിന്‌ സമകാലിക മലയാളം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ടി.പി സെന്‍കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ്‌ വിവാദമായത്‌.കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42ഉം മുസ്ലിം കുട്ടികളാണെന്നായിരുന്നു അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞത്‌. സംസ്ഥാനത്ത്‌ മുസ്ലീങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഐ.എസും ആര്‍.എസ്‌.എസും തമ്മില്‍ ഒരു താരതമ്യവുമില്ല. ഒരു മുസ്ലീമിന്‌ സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ്‌ നടത്തിയേ പറ്റൂ എന്ന്‌ പഠിപ്പിക്കുകയും ആ ജിഹാദ്‌ എന്നത്‌ മറ്റുള്ള മതക്കാരെ മുസ്ലീമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ്‌ എന്നും പറയുന്നിടത്താണ്‌ പ്രശ്‌നം വരുന്നതെന്നുമാണ്‌ സെന്‍കുമാര്‍ പറഞ്ഞത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക