Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രവാസി ഭാരതീയ ദിവസ് ആചരിച്ചു

Published on 10 January, 2018
സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രവാസി ഭാരതീയ ദിവസ് ആചരിച്ചു

ബേണ്‍ : പ്രവാസി ഭാരതീയരെ ഇന്ത്യയുമായി കോര്‍ത്തിണക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വര്‍ഷംതോറും നടത്തി വരുന്ന പിബിഡി ജനുവരി ഒന്‍പതിന് സ്വിറ്റ്‌സര്‍ലന്‍ഡിലും നടന്നു.

പ്രവാസിയുടെ ഔദ്യാഗിക ജീവിതത്തിലൂടെ നേടിയെടുത്ത അറിവുകളും അനുഭവങ്ങളും ഭാരതത്തിന് വേണ്ടി വിനിയോഗിക്കുക, പുതുസംരംഭങ്ങള്‍ തുടങ്ങുവാന്‍ സഹായിക്കുക, പ്രവാസികള്‍ രാജ്യത്തിനു നല്‍കുന്ന സംഭാവനകള്‍ ഓര്‍മ്മിക്കുക തുടങ്ങിയവയാണ് പ്രവാസി ഭാരതീയ ദിനത്തിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. കൂടാതെ ഈ നെറ്റ്വര്‍ക്കിലൂടെ ലോകത്തിന്റെ ഇതര പ്രവാസികളുമായി ബന്ധപ്പെടുവാനുള്ള അവസരവും പ്രവാസിക്ക് ലഭിക്കുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തലസ്ഥാന നഗരിയായ ബേണിലെ ഇന്ത്യന്‍ ഹൗസില്‍ ജനുവരി ഒന്‍പതിന് വൈകിയിട്ട് അഞ്ചോടെ ആരംഭിച്ച വിപുലമായ ചടങ്ങില്‍ മലയാളി സമൂഹത്തിന്േറയും, മറ്റു സംഘടനാ പ്രതിനിധികളുടേയും നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

മലയാളി കൂടിയായ അംബാസഡര്‍ സിബി ജോര്‍ജ് പ്രവാസി ഭാരതീയ ദിവസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസിയിലെ സഹപ്രവര്‍ത്തകരെ സദസിന് പരിചയപ്പെടുത്തുകയും, ഇന്ത്യന്‍ ഹൗസ് സ്വന്തം ഗൃഹമായി കരുതണമെന്ന് അംബാസഡര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

പ്ലീനറി സെക്ഷനില്‍ പ്രവാസികളുടെ ചര്‍ച്ച ഫസ്റ്റ് സെക്രട്ടറി പിയൂഷ് സിംഗ് നയിച്ചു. സ്വിസിലെ പ്രവാസി സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികളും വ്യക്തികളും അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവച്ചു. രണ്ടാം സെക്ഷന്‍ സെക്കന്‍ഡ് സെക്രട്ടറിയും മലയാളിയുമായ റോഷിണി തോംസണ്‍ നയിച്ചു. 

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക