Image

എത്ര മനോഹരമായ അരുവി

Published on 10 January, 2018
    എത്ര മനോഹരമായ അരുവി
നോക്കി നില്‍ക്കേ ഒരു ചെറിയ അരുവി ഇരുകരകളും കവിഞ്ഞ്‌ ആര്‍ത്തലച്ച്‌ ഒവുകുന്നതു പോലെയാണ്‌ അരുവി എന്ന സിനിമ. അരുണ്‍ പ്രഭു പുരുഷോത്തമന്‍ എന്ന നവാഗത സംവിധായകനില്‍ നിന്നും അമ്പരപ്പിക്കുന്ന ഒരു ചലച്ചിത്ര വിരുന്നാണ്‌ പ്രേക്ഷകര്‍ക്കു ലഭിച്ച ഈ ചിത്രമെന്നു പറയാതെ വയ്യ. 

വാണിജ്യഘടകങ്ങള്‍ ആവശ്യത്തിനു ചേര്‍ത്തിണക്കി രൂപപ്പെടുത്തുന്ന, തികച്ചും നായക കേന്ദ്രീകൃതമായ
തമിഴ്‌ സിനിമാ ലോകത്ത്‌ അരുവിയുടെ അപ്രതീക്ഷിത ഒഴുക്ക്‌ നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല. കാരണം, പരമ്പരാഗത തമിഴ്‌ സിനിമാ സമവാക്യങ്ങളെ അപ്പാടെ പിന്നാമ്പുറത്തേക്കു നീക്കി വച്ചു കൊണ്ടാണ്‌ ഈ ചിത്രം സംവിധായകന്‍ ഒരുക്കിയിട്ടുള്ളത്‌. 

അങ്ങനെ മാറ്റി വയ്‌ക്കപ്പെട്ട വാണിജ്യ സമവാക്യത്തില്‍ ആദ്യത്തേതാണ്‌ ധീരോദാത്തനും അതിപ്രതാപ ഗുണവാനുമായ ഒരു കഥാ നായകന്‍. ഇതില്‍ നായകന്‍ ഇല്ല. പകരം പ്രമേയത്തിന്റെയും സിനിമയുടെ തന്നെയും നട്ടെല്ല്‌ എന്നു പറയുന്നത്‌ പാതി മലയാളി കൂടിയായ അഥിതി അവതരിപ്പിക്കുന്ന നായികാ കഥാപാത്രമാണ്‌. 

ചിത്രം കണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ തോന്നും ഇതൊരു പക്കാ സ്‌ത്രീ പക്ഷ സിനിമയാമെന്ന്‌. ചിലപ്പോള്‍ കടുത്ത സാമൂഹ്യ വിമര്‍ശനത്തിലേക്കായിരിക്കും സിനിമ വിരല്‍ ചൂണ്ടുക. അതും കഴിഞ്ഞാല്‍ വൈകാരികതയോ, നഷ്‌ടബോധമോ, അടക്കിപ്പിടിച്ച പ്രതികാര
ഭാവമോ അങ്ങനെ പലതും കാണാം.

കുടുംബമുണ്ടായിട്ടും ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അനാഥയായി പോകുന്നവളാണ്‌ നായികാ കഥാപാത്രമായ അരുവി. തീവ്രവാദിയാണെന്ന നിലയ്‌ക്ക്‌ പോലീസ്‌ ഇരുട്ടു മുറിയില്‍ അവളെ ചോദ്യം ചെയ്യുകയാണ്‌. 

അവളുടെ കവിളിലും ചുണ്ടിലും ചോര പൊടിഞ്ഞിരിക്കുന്നു. ചോദ്യം ചെയ്യലിനിടയില്‍ അവര്‍ക്ക്‌ പോലീസിന്റെ താഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്‌ എന്ന്‌ മുഖം കണ്ടാല്‍ തന്നെ മനസിലാകും. അവള്‍ പോലീസിനോട്‌ തന്റെ കഥ പറയാന്‍ തുടങ്ങുന്നു. തന്റെ വീട്‌, ബാല്യം, കൂട്ടുകാരുമൊത്ത്‌ സ്‌കൂളില്‍ പോകുന്നത്‌, ചില കൊച്ചു കൊച്ചു പ്രണയങ്ങള്‍ അങ്ങനെ എല്ലാം.

കൂട്ടുകാരിക്കൊപ്പം സ്‌കൂട്ടറോടിച്ചു പോകവേ ഒരിക്കല്‍ അരുവിക്ക്‌ അപകടമുണ്ടാകുന്നു. ഇത്‌ അവളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാക്കുന്നു. ക്രമേണ അവള്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെടുന്നു. എല്ലാവരും അവളെ വെറുക്കുകയും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. നിലനില്‍പ്പിനായി അവള്‍ പലയിടങ്ങളിലേക്കും യാത്ര ചെയ്യുന്നു. 

പല തൊഴിലുകള്‍ ചെയ്യുന്നു. പുതിയ ഹോസ്റ്റലില്‍ അവളുടെ കൂട്ടുകാരി എമിലിയാണ്‌.അവള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറാണ്‌(അഞ്‌ജലി വരദന്‍). അവര്‍ തമ്മില്‍ സൗഹൃദത്തിലാകുന്നതോടെ ജീവിതത്തില്‍ ഒരിക്കല്‍ കൈവിട്ടു പോയ എല്ലാ സന്തോഷങ്ങളെയും വീണ്ടെടുക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഉറക്കെ ചിരിച്ചും രാപകല്‍ ഭേദമന്യേ യാത്രകള്‍ ചെയ്‌തും പാതിരാത്രിയില്‍ തീ കാഞ്ഞും അരുവിയില്‍ കുളിച്ചും അവരുടെ സൗഹൃദം സ്വാതന്ത്ര്യം നിശബ്‌ദം പ്രഖ്യാപിക്കുകയാണ്‌.

ജീവിതം സ്വന്തം സ്വാതന്ത്യത്തിനനുസരിച്ചു മുന്നോട്ടു പോകുമ്പോഴാണ്‌ തന്റെ അനാഥത്വവും ആശ്രയിക്കാന്‍ ആരുമില്ലാതിരുന്ന ജീവിത സൗഹചര്യത്തെയും മുതലെടുത്ത മൂന്നു പുരുഷന്‍മാരുടെ കപട മുഖം സമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കാന്‍ അവളാഗ്രഹിക്കുന്നത്‌. നടി ശോഭ പാര്‍ത്ഥസാരഥി( ലക്ഷ്‌മി ഗോപാല സ്വാമി) അവതാരകയായി എത്തുന്ന `ശൊല്‍വതെല്ലാം സത്യം' എന്ന ടി.വി റിയാലിറ്റി ഷോയിലേക്ക്‌ അവള്‍ എത്തുന്നു. 

ആ ടി.വി ഫ്‌ളോറില്‍ അരുവി ഞെട്ടിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. അവതാരകയും പ്രേക്ഷകരും ഒരു പോലെ സ്‌തബ്‌ധരാകുന്ന വെളിപ്പെടുത്തലുകള്‍. ഇതേ തുടര്‍ന്നുളള ഉദ്വേഗജനകമായ സംഭവ വികാസങ്ങളാണ്‌ പിന്നീട്‌ കഥയെ മുന്നോട്ടു നയിക്കുന്നത്‌.

അല്‍പമൊന്നു തെറ്റിയാല്‍ ആകെ പാളിപ്പോകുമായിരുന്ന ഒരു പ്രമേയത്തെ അസാധാരണമാം വിധം കൈയ്യടക്കത്തോടെ സംവിധായകന്‍ അരുണ്‍ പ്രഭു പുരുഷോത്തമന്‍ നിര്‍വഹിച്ചിട്ടുണ്ട്‌. ദൂരദര്‍ശന്‍ കാലത്തെ ടിവി ഷോകള്‍ മുതല്‍ ഇന്നത്തെ റിയാലിറ്റി ഷോ വരെയുള്ള കാലഘട്ടത്തെ ഭംഗിയായി തന്നെ ചുരുക്കം സീനുകളിലൂടെ അവതരിപ്പിച്ചുണ്ട്‌. പുതിയ കാലത്തെ ആശങ്കകള്‍ നായികയുടെ സമൂഹത്തിനു നേര്‍ക്കു തൊടുത്തു വിടുന്ന ചോദ്യങ്ങലിലൂടെ സംവിധായകന്‍ അവതരിപ്പിച്ച രീതിയും ഏറെ ഭംഗിയായി.

 സമൂഹത്തിലെ ജീര്‍ണതകള്‍ തുറന്നു കാട്ടുമ്പോള്‍ നായക കഥാപാത്രത്തിന്‌ പതിവായി അനുവദിച്ചു തരാറുളള നെടുങ്കന്‍ ഡയലോഗുകള്‍ കുറേയൊക്കെ ഈ ചിത്രത്തില്‍ അരുവിക്കും നല്‍കുന്നുണ്ട്‌. സമൂഹത്തില്‍ നിലവിലെ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയാണ്‌ അരുവി. ഒരു പക്ഷേ ആക്ഷേപഹാസ്യത്തിന്‌ ഏറ്റവും നല്ല ഉദാഹരണാണ്‌ അരുവിയുടെ ചോദ്യങ്ങള്‍. 

പക്ഷേ അതൊരിക്കലും പ്രേക്ഷകനെ മുഷിപ്പിക്കുന്നില്ല. മറിച്ച്‌ അവളുടെ അടുത്ത വാക്കുകള്‍ എന്ത്‌ എന്ന്‌ കാതോര്‍ക്കുകയാണ്‌ പ്രേക്ഷകര്‍. ആ ഉത്‌ക്കണ്‌ഠയും ആകാംക്ഷയുമാണ്‌ ചിത്രത്തിന്റെ വിജയം. ഓരോ നിമിഷവും പ്രേക്ഷകര്‍ ചിത്രത്തിനൊപ്പം സഞ്ചരിക്കുന്നു.

അരുവി മുന്നോട്ടു വയ്‌ക്കുന്ന ചോദ്യങ്ങളുടെ പ്രസക്തി നമുക്ക്‌ മാറ്റി നിര്‍ത്താന്‍ കഴിയില്ല. അതു പോലെ തന്നെ അരുവിയും കൂട്ടുകാരിയായ എമിലിയും തമ്മിലുളള സൗഹൃദം. രണ്ട്‌ സ്‌ത്രീകള്‍ക്ക്‌ ഇത്ര മനോഹരമായ സൗഹൃദം പങ്കിടാന്‍ കഴിയുമോ എന്ന്‌ നാം സംശയിച്ചു പോകും. 

അവരെ പോലെ കെട്ടുപാടുകളും വിലക്കുകളുമില്ലാതെ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ ഈ ചിത്രം കാണുന്ന സ്‌ത്രീകള്‍ ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചു പോകുമെന്നത്‌ തീര്‍ച്ചയാണ്‌.

അരുവിയായി എത്തിയ പാതി മലയാളി കൂടിയായ അതിഥി ബാലന്‍, എമിലിയായി എത്തിയ അഞ്‌ജന വരദന്‍ എന്നിവര്‍ മികച്ച അഭിനയം കാഴ്‌ച വച്ചു. മുഹമ്മദ്‌ അലി ബൈഗ്‌, കവിതാ ഭാരതി, തിരുനാവക്കരശ്‌, ശ്വേത ശേഖര്‍, മദന്‍ മോഹന്‍ എന്നിവരും തങ്ങളുടെ കഥാപാത്രത്തിനോട്‌ നീതി പുലര്‍ത്തി.

 ബിന്ദു മാലിനി-വേദാന്ത്‌ ഭരദ്വാജ്‌ കൂട്ടുകെട്ടില്‍ പിറന്ന സംഗീതവും ചിത്രത്തിനു മുതല്‍ക്കൂട്ടായി. മികച്ച ഒരു ദൃശ്യാനുഭവമായിരിക്കും അരുവിയെന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ മികച്ച ചിത്രങ്ങളുടെ ഗണത്തില്‍ മാത്രമാണ്‌ അരുവിയുടെ സ്ഥാനം.


























































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക