Image

ഓഖി ചുഴലിക്കാറ്റും മാധ്യമങ്ങളിലെ വിഷക്കാറ്റും(സി.കെ.ഭാഗ്യനാഥന്‍, പിറവം)

സി.കെ.ഭാഗ്യനാഥന്‍, പിറവം Published on 11 January, 2018
ഓഖി ചുഴലിക്കാറ്റും മാധ്യമങ്ങളിലെ വിഷക്കാറ്റും(സി.കെ.ഭാഗ്യനാഥന്‍, പിറവം)
കേരളത്തിന്റെ തെക്കന്‍തീരങ്ങളില്‍ അപ്രതീക്ഷിതമായി കനത്ത നാശം വിതച്ച് പിന്‍വാങ്ങിയ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് ഡിസംബര്‍ മാസത്തിലെ ആദ്യവാരങ്ങളില്‍ ചാനല്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. ഒരു സൈക്ലോണ്‍ രൂപം കൊള്ളുന്നതിന്റെയും അതിനെ നിലവിലുള്ള സാങ്കേതിക സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി തക്കസമയത്തുള്ള ആശയവിനിമയത്തിലൂടെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെയുമൊക്കെ സൂക്ഷമവശങ്ങള്‍ വലുതായൊന്നും അറിവില്ലാത്ത സാമാന്യജനങ്ങളെ ആഴത്തില്‍ സ്വാധീനിക്കുന്ന ഇത്തരം രാത്രിചര്‍ച്ചകളുടെ നിലവാരം അളക്കുവാനുള്ള അവസരം കൂടിയായിരുന്നു അത്.

പക്ഷെ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മലയാളികള്‍ ഏറെ മറക്കാനാഗ്രഹിക്കുന്ന ചാരക്കേസിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള തരംതാണ രാഷ്ട്രീയ മുതലെടുപ്പുകളും വ്യക്തിഹത്യാശ്രമങ്ങളും കൊണ്ട് കലുഷിതമായിരുന്നു അത്തരം ചര്‍ച്ചകളില്‍ ഭൂരിഭാഗവും എന്നു പറയാതെ വയ്യ. ഒരു ശാസ്ത്രജ്ഞന്‍ ചര്‍ച്ചാവേളകളില്‍ ചൂണ്ടിക്കാട്ടിയതുപോലെ ഭൂമധ്യരേഖയോട് സമീപമുള്ള പ്രദേശമായ അറബിക്കടലിലെ അടിത്തട്ടില്‍ പ്രത്യേകമായുണ്ടാവുന്ന പ്രതിഭാസമെന്ന് നിരീക്ഷിക്കപ്പെടുന്ന താപനിലകളില്‍ അടിക്കടിയുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളുടെ പ്രവചനാതീതസ്വഭാവമാണ്(unpredicability) ഇതിലെ യഥാര്‍ത്ഥവില്ലന്‍ എന്നിരിക്കെ നിക്ഷിപ്ത രാഷ്ട്രീയതാല്പര്യത്തോടെ വന്നിരിക്കുന്ന ചില അല്പജ്ഞാനികള്‍ ചില നിശ്ചിതകേന്ദ്രങ്ങളെയും വ്യക്തികളെയും പ്രത്യേകമായി ആക്രമിക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് കാണുവാനായത്.
പക്ഷെ ഒരാശ്വാസമുണ്ട്-ഏതു കാര്‍മേഘങ്ങള്‍ക്കിടയിലും ഒരു വെള്ളിരേഖയുണ്ടാവും എന്നു പറയുന്നതുപോലെ- വിഷലിപ്തമായ ഈ ആരോപണങ്ങള്‍ക്കിടയിലും വിഷയത്തില്‍ അവഗാഹമുള്ള ശാസ്ത്രസമൂഹം പൊതുവെ ഒന്നാകെത്തന്നെ സംസ്ഥാന സര്‍ക്കാരും സംസ്ഥാന ദുരന്തനിവാരണവകുപ്പും കൈക്കൊണ്ട നടപടികളെ മതിപ്പോടെ വിലയിരുത്തി.

സത്യത്തില്‍ പരോപകാരപ്രദമായ ജനാധിപത്യസംവാദങ്ങളായിത്തീരേണ്ട ഇത്തരം ചര്‍ച്ചകളില്‍ കൂടുതലായി പങ്കെടുപ്പിക്കേണ്ടത് നാക്കുകൊണ്ട് ഉപജീവനം നിര്‍വ്വഹിച്ചുപോരുന്ന കക്ഷിരാഷ്ട്രീയനേതാക്കളെയോ വര്‍ഷങ്ങളായി ദാരിദ്ര്യത്തില്‍ കഴിയുന്ന മുക്കുവര്‍ക്ക് കാലാകാലങ്ങളായി ചില ആനുകൂല്യങ്ങളുടെ അപ്പക്കഷണങ്ങള്‍  എറിഞ്ഞുകൊടുത്തിരുന്നതല്ലാതെ അവരുടെ നീറുന്ന ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഗണ്യമായ ഒരു സംഭാവനയും നല്‍കിയിട്ടില്ലാത്ത മതസംഘടനകളുടെ പ്രതിനിധികളെയോ അല്ല ദുരന്തം നേരിട്ടേറ്റുവാങ്ങിയ മുക്കുവസംഘങ്ങളുടെ പ്രതിനിധികളെയോ വിഷയത്തില്‍ ആധികാരികതയുള്ള ശാസ്ത്രജ്ഞരെയോ ആവേണ്ടതാണ്. പക്ഷെ വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ ശാസ്ത്രീയവിശലനങ്ങളെക്കാള്‍ പരസ്പരം പഴിചാരുമ്പോഴുള്ള വിലകുറഞ്ഞ സെന്‍സേഷനിലാണ്(റേറ്റിങ്ങ് കൂട്ടുവാനായി എത്രയെത്ര തന്ത്രങ്ങള്‍!)ദൃശ്യമാധ്യമങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധയെന്നു വരുമ്പോള്‍ റ്റി.വി.യുടെ മുന്‍പിലിരിക്കുന്നവര്‍ക്ക് നേര്‍ക്കാഴ്ച ലഭിക്കാതെ വരുന്നു.

മാത്രവുമല്ല സ്വന്തം വാഗ്‌ധോരണി കൊണ്ട് ആടിനെ പട്ടിയാക്കാനും തിരിച്ചാക്കാനും കെല്പുള്ള ചാനല്‍ചര്‍ച്ചാ തൊഴിലാളികളുടെ പ്രഫഷണലിസത്തിനു മുന്‍പില്‍ മിതഭാഷികളും കാര്യമാത്രപ്രസക്തരുമായ ശാസ്ത്രജ്ഞരുടെ ശബ്ദം ഇല്ലാതായിപ്പോവുന്നു എന്ന് ബൈബിളില്‍ പരാമര്‍ശമുള്ള മുള്ളിനിടയിലകപ്പെട്ട വിത്തുകളുടെ അവസ്ഥയാണ് അതോര്‍മ്മിപ്പിക്കുന്നത്. ആയതിനാല്‍ ഒരു ചാനലില്‍ ചര്‍ച്ചക്കു പങ്കെടുത്തതിനുശേഷം പിന്നീടൊരിടത്തും പോയില്ല എന്നു ഡോ.അഭിലാഷിനെപ്പോലുള്ള ഒരു വിദഗ്ദര്‍ പറയുമ്പോള്‍ നമ്മുടെ ചാനല്‍ചര്‍ച്ചകള്‍ എവിടെയെത്തിനില്‍ക്കുന്നു എന്നു വ്യക്തമാണല്ലോ.

സത്യത്തില്‍ ഓഖി വീശിയടിച്ചുതുടങ്ങിയ മൂന്നാം ദിവസം തന്നെ(ഡിസംബര്‍ 2) മാതൃഭൂമി ദിനപ്പത്രത്തില്‍ 'കാറ്റ് നമ്മോട് പറയുന്നത്' എന്ന ശീര്‍ഷകത്തില്‍ U.N.O യിലെ പരിസ്ഥിതിപദ്ധതിയില്‍ ദുരന്ത-അപകട സാദ്ധ്യതാ ലഘൂകരണവിഭാഗം തലവനും അന്താരാഷ്ട്രതലത്തില്‍ ആദരിക്കപ്പെടുന്ന ശാസ്ത്രജ്ഞനുമായ ഡോ.മുരളി തുമ്മാര്‍കുടി എഴുതിയ ലേഖനത്തില്‍ എന്തൊക്കെയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും മുന്‍കരുതലെന്നനിലയില്‍ ഭാവിയില്‍ എന്തൊക്കെയാണ് ചെയ്യാനുള്ളതെന്നും വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ട്. അദ്ദേഹം പറയുന്നതു ശ്രദ്ധിക്കുക- 'പക്ഷെ കുഴപ്പമെന്തെന്നു വെച്ചാല്‍ ഔദ്യോഗികസംവിധാനങ്ങള്‍ ഒന്നും പറയാതിരിക്കുമ്പോള്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ തട്ടിപ്പുവിദഗ്ധരോട് അഭിപ്രായം ചോദിക്കും. അവരുടെ അഭിപ്രായം നാട്ടില്‍ പരക്കുകയും ചെയ്യും.' നമ്മുടെ റ്റി.വി. ആങ്കര്‍മാര്‍ പ്രസ്തുതലേഖനം ഒരാവര്‍ത്തി വായിച്ചിരുന്നെങ്കില്‍ എത്രയോ വ്യര്‍ത്ഥജല്പനങ്ങള്‍ ഒഴിവാക്കാമായിരുന്നു!
പ്രസ്തുതലേഖനത്തിലെ ഡോ.തുമ്മാരകുടിയുടെ മറ്റൊരു നിരീക്ഷണം കൂടി പരാമര്‍ശനയോഗ്യമായുണ്ട്. അദ്ദേഹം പറയുന്നു. അറിയാവുന്നിടത്തോളം വളരെ നന്നായി  പ്രവര്‍ത്തിക്കുന്ന ഒരു ദുരന്തനിവാരണ അതോറിറ്റിയാണ് നമുക്കുള്ളത് മുന്നറിയിപ്പുകിട്ടി മണിക്കൂറുകള്‍ക്കകം അവര്‍ ഏറെ നടപടികളെടുത്തു. മുഖ്യമന്ത്രിതന്നെ നേരിട്ട് കാര്യത്തില്‍ ഇടപെടുകയും ചെയ്തു.

ഓഖി വിതച്ച നാശനഷ്ടങ്ങളുടെ പേരില്‍ ഏറ്റവും പഴികേട്ട രണ്ടുവ്യക്തികള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനദുരന്തനിവാരണവകുപ്പു സെക്രട്ടറി ഡോ.ശേഖര്‍ കുര്യാക്കോസുമാണ്. ആരോപണങ്ങള്‍ ദുഷ്ടലാക്കോടെയായിരുന്നു എന്നു വ്യക്തം. ആദ്യദിനങ്ങളില്‍ത്തന്നെ സ്വാന്തനവാക്കുകളുമായി കടല്‍ത്തീരത്തെത്തിയില്ല എന്നതായിരുന്നു മുഖ്യമന്ത്രിക്കെതിരായ ആരോപണമെങ്കില്‍ ചുഴലിക്കാറ്റിന്റെ സമയത്തും വിദേശത്തെവിടെയോ ഉല്ലാസയാത്ര നടത്തുകയായിരുന്നു എന്നതായിരുന്നു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെക്രട്ടറിക്കുമേലുള്ള ആക്ഷേപം. മുഖ്യമന്ത്രി ഈ സമയങ്ങളില്‍ ഔദ്യോഗികപദവിയിലിരുന്നുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിക്കുകയായിരുന്നു എന്ന വസ്തുത ഇവര്‍ സൗകര്യപൂര്‍വ്വം മറച്ചുവക്കുന്നു. അതുപോലെതന്നെ സര്‍ക്കാര്‍നിര്‍ദ്ദേശപ്രകാരം തായ്‌ലന്‍ഡില്‍ നടന്ന അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാവന്‍ പോയ സെക്രട്ടറി നവംബര്‍ 29 നു തന്നെ തിരിച്ചെത്തി ഔദ്യോഗികവൃത്തി പുനരാരംഭിച്ചതായി രേഖകളിലുണ്ട്. അപ്പോള്‍ അദ്ദേഹത്തിന്റെ ഔദ്യോഗികവിദേശയാത്രയും പിന്നീട് സംഭവിച്ച ചുഴലിക്കാറ്റും തമ്മില്‍ എന്താണ് ബന്ധം?

പക്ഷെ പ്രമുഖചാനലുകളിലൊന്നായ ഏഷ്യാനെറ്റില്‍ അന്തിമവിധിപ്രസ്താവങ്ങള്‍ നടത്തുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു അവതാരകന്‍(അദ്ദേഹം അതില്‍ അഭിമാനം കൊള്ളുന്നുണ്ടാവണം!) മാധ്യമമര്യാദകളെല്ലാം ഉല്ലാഘിച്ചുകൊണ്ട് ഈ ഉദ്യോഗസ്ഥനെ നിക്ഷിപ്തതാല്‍പര്യക്കാര്‍ക്കൊപ്പം ഒറ്റതിരിഞ്ഞാക്രമിക്കുകയായിരുന്നു. ഇനീഷ്യല്‍ വാല്യു കൊടുക്കുന്നതില്‍ തെറ്റി എന്ന് കേന്ദ്രഏജന്‍സിയായ IMD യുടെ ഡയറക്റ്റര്‍ ഡോ.മഹാപ്ത്ര പോലും(പിന്നീട് കേന്ദ്രമന്ത്രി രാജ്‌നാഥ്‌സിങും) സമ്മതിച്ചതിനുശേഷവും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്ന സംസ്ഥാനദുരന്തനിവാരണ അതോറിറ്റിയെ കല്ലെറിയുന്നതിന്റെ പിന്നില്‍ നിഷ്‌ക്കളങ്കമായ അജ്ഞത മാത്രമായിരിക്കാന്‍ വഴിയില്ല.

കേരളത്തില്‍ ഏറ്റവുമധികം നാശം വിതയ്ക്കുന്ന ഏജന്‍സി ഇവിടുത്തെ മാധ്യമങ്ങള്‍തന്നെയാണ് എന്ന് പ്രശസ്തസാഹിത്യകാരനും സാമൂഹ്യനിരീക്ഷകനുമായ സക്കറിയ ഒരിക്കല്‍ ആഴ്ചപതിപ്പിലെഴുതിയതോര്‍ക്കുന്നു(ഒരു കുരുവി ഒരു വസന്തം വിരിയിക്കുന്നില്ല) അപ്പോള്‍ അതൊരു അതിശയോക്തി പ്രസ്താവം പോലെ തോന്നിയെങ്കിലും ഇത്തരം ചാനല്‍ ചര്‍ച്ചകളുടെ അവസ്ഥ ആ നിരീക്ഷണത്തെ ശരിവയ്ക്കുന്നു.

മറ്റൊരു കാര്യം കൂടി ഓര്‍മ്മിക്കാം-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി മൂന്നുവര്‍ഷം മുന്‍പ് ഒരു പരിശീലനപരിപാടി സംഘടിപ്പിച്ചിരുന്നു. തണുത്ത പ്രതികരണമാണ് അന്ന് മാധ്യമങ്ങളില്‍ നിന്നുണ്ടായത്. തങ്ങള്‍ അറിവിന്റെ പരമാവസ്ഥയിലെത്തിക്കഴിഞ്ഞു എന്ന മിഥ്യാധാരണയില്‍നിന്ന് നമ്മുടെ മാധ്യമസുഹൃത്തുക്കള്‍(ചില അപവാദങ്ങളൊഴിച്ചാല്‍)എന്നാണാവോ മോചിതരാവുക!

സി.കെ.നാഥന്‍, പിറവം

ഓഖി ചുഴലിക്കാറ്റും മാധ്യമങ്ങളിലെ വിഷക്കാറ്റും(സി.കെ.ഭാഗ്യനാഥന്‍, പിറവം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക